മെസിക്കെതിരെ കളിക്കുന്നത് പ്രചോദനം; കളിക്ക് മുന്നേ പ്രശംസയുമായി എതിർ ടീം പ്ലെയെർ
യു.എസ് ഓപ്പൺ കപ്പ് ഫൈനലിൽ ഇന്റർ മയാമി ഹൂസ്റ്റൺ ഡൈനാമോയെ നേരിടും. ഇന്റർ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി.ആർ.വി പി.എൻ.കെ സ്റ്റേഡിയത്തിൽ സെപ്റ്റംബർ 28നാണ് ആവേശകരമായ മത്സരം നടക്കുക.
ഫൈനൽ നടക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഡൈനാമോ എഫ്.സി മധ്യനിര താരം ഹെക്ടർ ഹരേര ലയണൽ മെസിയെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുകയാണ്. ഫൈനലിൽ മെസിയുടെ ഇന്റർ മയാമിയെ നേരിടുന്നത് വലിയ പ്രചോദനം ആണെന്നാണ് ഹെരേര പറഞ്ഞത്.
‘ഇന്റർ മയാമിക്കെതിരെയുള്ള മത്സരം വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും എന്ന് ഞങ്ങൾക്കറിയാം. ഇന്റർ മയാമിയെ തോൽപിച്ച് കിരീടം നേടാൻ കഴിയുമെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസിക്കെതിരെ കളിക്കുന്നത് ശക്തമായ വെല്ലുവിളി ആയിരിക്കും. അതിനാൽ ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു എക്സ്ട്രാ മോട്ടിവേഷൻ ആയിരിക്കും,’ ഹെരേര പറഞ്ഞു.
പരിക്കിന്റെ പിടിയിലായ സൂപ്പർ താരം ഫൈനലിൽ കളിക്കുമോ എന്നതിന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ചൊവ്വാഴ്ച നടന്ന പരിശീലനത്തിൽ മെസി പങ്കെടുത്തിരുന്നില്ല. എന്നാലും ഫൈനലിൽ ഡൈനാമോക്കെതിരെ താരം കളിക്കുമെന്നാണ് കോച്ച് മാർട്ടീനോ പ്രതീക്ഷിക്കുന്നത്.
മെസിയുടെ വരവോട് കൂടി ഇന്റർ മയാമി വിജയകുതിപ്പാണ് നടത്തിയത്. ഇന്റർ മയാമിക്കായി 12 മത്സരങ്ങളിൽ നിന്നും 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും മെസി നേടിയിട്ടുണ്ട്.
മെസിയുടെ വരവോട് കൂടി ഇതിന് മുമ്പ് ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് നേടാനും ഇന്റർ മയാമിക്ക് സാധിച്ചു. സീസണിലെ രണ്ടാം കിരീടം ലക്ഷ്യമിട്ട് ആയിരിക്കും മെസ്സിയും സംഘവും കളത്തിൽ ഇറങ്ങുക. ഫൈനലിലും സൂപ്പർതാരം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Content Highlight: Opposing team player praises Messi before US Open Cup final