വാരാണസി: തന്റെ മരണത്തിനായി എതിരാളികള്‍ പ്രാര്‍ത്ഥിച്ച് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ മരിക്കാന്‍ വേണ്ടി കാശിയില്‍ പ്രാര്‍ത്ഥന നടത്തിയതില്‍ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആളുകള്‍ എത്രത്തോളം താരംതാഴ്ന്നുവെന്ന് താന്‍ കണ്ടെന്ന് വാരണാസിയിലെ ഒരു റാലിയില്‍ അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
‘കാശിയില്‍ പ്രാര്‍ത്ഥന നടത്തിയതില്‍ സന്തോഷമുണ്ട്. അതിന്റെ അര്‍ത്ഥം എന്റെ മരണം വരെ ഞാന്‍ കാശി വിടുകയോ അവിടുത്തെ ആളുകള്‍ എന്നെ ഉപേക്ഷിക്കുകയോ ചെയ്യില്ല എന്നാണ്,’ മോദി പറഞ്ഞു.
പ്രധാനമന്ത്രി മോദി ഉള്‍പ്പെടുന്ന സംഘം ഒരു മാസം ബാനാറസില്‍ തങ്ങിയ വിഷയത്തില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രതികരിച്ചിരുന്നു.
”ഇത് നല്ലതാണ്, അവര്‍ക്ക് ഒരു മാസമല്ല, രണ്ടോ മൂന്നോ മാസം അവിടെ താമസിക്കാം. അതാണ് താമസിക്കാന്‍ പറ്റിയ സ്ഥലം. ആളുകള്‍ അവരുടെ അവസാന നാളുകള്‍ ബനാറസില്‍ (വാരണാസി) ചിലവഴിക്കണം,’എന്ന് അഖിലേഷ് പറഞ്ഞിരുന്നു.
പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിയുടെ ഭരണകാലത്ത് ഭീകരര്‍ യാതൊരു ഭയവുമില്ലാതെ പ്രവര്‍ത്തിച്ചുവെന്നും മോദി ആരോപിച്ചു.
‘സമാജ്‌വാദി പാര്‍ട്ടിയിലേയും കോണ്‍ഗ്രസലേയും നേതാക്കളുടെ മനോഭാവം ഭയാനകമാണ്. ഒസാമയെപ്പോലുള്ള ഒരു ഭീകരനെ ഇക്കൂട്ടര്‍ ‘ജി’ എന്നാണ് വിളിക്കുന്നത്. ബട്‌ല ഹൗസ് ഏറ്റുമുട്ടലിലൂടെ തീവ്രവാദികളെ ഉന്മൂലനം ചെയ്തതില്‍ ഈ ആളുകള്‍ കണ്ണീരൊഴുക്കുന്നു,’ എന്നായിരുന്നു മോദി പറഞ്ഞിരുന്നത്.
2014 മുതല്‍ പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം മാര്‍ച്ച് 7 ന് നടക്കും. വാരാണസി നോര്‍ത്ത്, വാരാണസി സൗത്ത്, വാരാണസി കന്റോണ്‍മെന്റ്, സേവാപുരി, രോഹാനിയ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.