| Monday, 21st February 2022, 8:42 am

മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടി, കര്‍ഷകര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യും: യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരെഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ മണ്ഡലമായ ഖോരഗ്പൂര്‍ സീറ്റിനെ പറ്റി ഒരു ആശങ്കയുമില്ലെന്നും പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യോഗി പറഞ്ഞു.

2022 ലെ തെരഞ്ഞെടുപ്പില്‍ ആരാണ് മുഖ്യ എതിരാളി എന്ന ചോദ്യത്തിനാണ് തങ്ങള്‍ക്കെതിരെ മത്സരമില്ലെന്നും രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നതെന്നും യോഗി മറുപടി പറഞ്ഞത്.

പ്രധാനമന്ത്രി പദം ലക്ഷ്യമാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ പാര്‍ട്ടി ഏല്‍പിക്കുന്ന ദൗത്യങ്ങള്‍ ചെയ്യുന്ന സാധാരണ പ്രവര്‍ത്തകനാണെന്നും ഒരു കസേരക്ക് പിന്നാലെയും ഓടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കും തീവ്രവാദികളെ സഹായിക്കുന്നവര്‍ക്കും സീറ്റ് നല്‍കുന്നതിലൂടെ തങ്ങള്‍ക്ക് ഒരു മാറ്റവുമില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി വ്യക്തമാക്കുന്നുവെന്നും യോഗി പറഞ്ഞു.

‘എസ്.പിക്ക് ഒരു മാറ്റവുമില്ല. പഴയതുപോലെ തന്നെ അഴിക്കുള്ളിലുള്ളവര്‍ക്കും മാഫിയകള്‍ക്കും തീവ്രവാദത്തെ സാഹായിക്കുന്നവര്‍ക്കുമാണ് അവര്‍ സീറ്റ് നല്‍കുന്നത്,’ അദ്ദേഹം പറഞ്ഞു.

നിയമം ലംഘിക്കുന്നവര്‍ തനിക്ക് വോട്ട് ചെയ്യേണ്ടതില്ലെന്ന അഖിലേഷ് യാദവിന്റെ റാലികളിലെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ട് പഴയ ഭരണം തിരികെ കൊണ്ടുവരാന്‍ നിയമം ലംഘിക്കുന്നവരോടും സാമൂഹിക വിരുദ്ധരോടും കൂട്ടംകൂടാന്‍ അദ്ദേഹം ആവശ്യപ്പെടുന്നുവെന്നും യോഗി പറഞ്ഞു.

ലഖീംപൂര്‍ഖേരിയില്‍ കര്‍ഷകരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തെ ബ്രിട്ടീഷ് ഭരണകാലത്തെ ജാലിയന്‍വാലാബാഗിനോട് ഉപമിച്ച അഖിലേഷിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് നിയമം അതിന്റേതായ വഴിക്ക് നീങ്ങുമെന്നും സംസ്ഥാനസര്‍ക്കാരിന് ഇതിലൊന്നും ചെയ്യാനില്ലെന്നുമാണ് യോഗി പറഞ്ഞത്.

‘ലഖീംപൂര്‍ഖേരി സംഭവത്തില്‍നിന്നും രാഷ്ട്രീയലാഭം ഉണ്ടാക്കാനാണ് പ്രതിപക്ഷം നോക്കുന്നത്. എന്നാല്‍ കര്‍ഷകര്‍ ബി.ജെ.പിയെ പിന്തുണയ്ക്കും. കാരണം അവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ഞങ്ങള്‍ കൊണ്ടുവന്നത്,’ യോഗി പറഞ്ഞു.

ഖൊരഗ്പൂര്‍ പാരമ്പര്യമായി ബി.ജെ.പിയുടെ സീറ്റാണെന്നും ജനങ്ങള്‍ തന്നെ ഞങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും യോഗി അവകാശപ്പെട്ടു. അന്തരിച്ച മുന്‍ ബി.ജെ.പി നേതാവിന്റെ വിധവയെയാണ് എസ്.പി ഖൊരഗ്പൂരില്‍ മത്സരിപ്പിക്കുന്നത്.


Content Highlight: oppn-parties-fighting-for-second-position-in-up-no-change-in-sp-since-2017-adityanath

Latest Stories

We use cookies to give you the best possible experience. Learn more