| Sunday, 30th July 2023, 10:40 pm

നോളന്‍ മാജിക്ക് തുടരുന്നു; ഓപ്പണ്‍ഹൈമര്‍ ഇതുവരെ നേടിയത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹൈമറും ഗ്രെറ്റ ഗെര്‍വിഗിന്റെ ബാര്‍ബിയും ക്ലാഷ് റിലീസായി എത്തിയത് ജൂലൈ 21നായിരുന്നു. മികച്ച പ്രതികരണമാണ് ഇരു ചിത്രങ്ങള്‍ക്കും ആഗോളതലത്തില്‍ ലഭിച്ചത്.

ആഗോളതലത്തില്‍ ബാര്‍ബിയാണ് ഏറ്റവും കൂടുതല്‍ പണം വാരുന്നതെങ്കില്‍ ഇന്ത്യയില്‍ നോളന്‍ ചിത്രത്തിനാണ് കളക്ഷന്‍ കൂടുതല്‍. ചില വിവാദങ്ങള്‍ കൂടി പുറത്തുവന്നതോടെ ഓപ്പണ്‍ഹൈമറിന്റെ ഹൈപ്പ് കൂടിയിട്ടുമുണ്ട്.

അണുബോംബിന്റെ സൃഷ്ടാവ് റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ബയോപിക് ആണ് നോളന്‍ ചിത്രം. സിനിമയിലെ ഒരു രംഗമാണ് ഇന്ത്യയില്‍ വിവാദങ്ങള്‍ക്ക് കാരണമായത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഓപ്പണ്‍ഹൈമര്‍ ഭഗവദ്ഗീതയിലെ രണ്ടു വരികള്‍ വായിക്കുന്നതാണ് സംഘപരിവാര്‍ ഏറ്റെടുത്തത്.

എന്തായാലും വിവാദങ്ങളില്‍ ഓപ്പണ്‍ഹൈമറിന്റെ കളക്ഷന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. മികച്ച കളക്ഷന്‍ തന്നെയാണ് ചിത്രത്തിന് ലഭിക്കുന്നത്.

രണ്ടാം ശനിയാഴ്ചയോടെ ചിത്രത്തിന്റെ മുഴുവന്‍ ഇന്ത്യന്‍ കളക്ഷന്‍ 84.8 കോടിയായി. ഓപ്പണ്‍ഹെയ്മറും ബാര്‍ബിയും ചേര്‍ന്ന് അതിന്റെ ഓപ്പണിംഗ് വാരത്തില്‍ 100 കോടി നേട്ടം ഇന്ത്യയില്‍ നിന്ന് കൈവരിച്ചിട്ടുണ്ട്. ആദ്യവാരത്തില്‍ ഓപ്പണ്‍ഹെയ്മര്‍ ഒറ്റയ്ക്ക് 73.20 കോടിയാണ് നേടിയത്.
തുടര്‍ന്ന് വന്ന രണ്ടാം വെള്ളിയാഴ്ച ചിത്രം 4.35 കോടി നേടി. തുടര്‍ന്ന് വന്ന ശനിയാഴ്ച ചിത്രം 7.25 കോടി നേടി. ഇതോടെ ചിത്രത്തിന്റെ ടോട്ടല്‍ കളക്ഷന്‍ ഇതുവരെ 84.80 കോടിയായി. ഞായറാഴ്ചയും ചിത്രം മികച്ച കളക്ഷന്‍ പ്രതീക്ഷിക്കുന്നുണ്ട്. ചിത്രം നൂറുകോടി ക്ലബില്‍ എത്തും എന്നാണ് വിതരണക്കാരെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്റേര്‍ഡിന്റെ റിപ്പോര്‍ട്ട് പറയുന്നത്.

അതേസമയം ആഗോളതലത്തിലെ കളക്ഷന്‍ പരിശോധിച്ചാല്‍ 69 രാജ്യങ്ങളില്‍ നിന്നായി ബാര്‍ബി ഇതുവരെ 774 മില്ല്യണ്‍ ഡോളറാണ് നേടിയത്. ഓപ്പണ്‍ഹൈമറിന്റേത് ആകട്ടെ 400 മില്യണും.

കിലിയന്‍ മര്‍ഫിയാണ് ചിത്രത്തില്‍ ഓപ്പണ്‍ഹൈമര്‍ എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലെത്തിയത്. രണ്ടാം ലോകമഹായുദ്ധവും ആദ്യമായി ആറ്റംബോംബ് കണ്ടുപിടിച്ചതുമാണ് ഓപ്പണ്‍ഹൈമറിന്റെ കഥാപശ്ചാത്തലം.

ആറ്റംബോംബ് കണ്ടെത്തിയ മാന്‍ഹാട്ടന്‍ പ്രൊജക്ടിലെ പ്രധാന ശാസ്ത്രഞ്ജനായിരുന്നു ഓപ്പന്‍ഹൈമര്‍. അദ്ദേഹത്തിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

ഹോളിവുഡ് സൂപ്പര്‍ താരം റോബര്‍ട്ട് ഡൗണി ജൂനിയര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പൂര്‍ണ്ണമായും 70 mm ഐമാക്‌സ് ക്യാമറയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമ എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

Content Highlight: Oppenhemier movie box office collection

We use cookies to give you the best possible experience. Learn more