| Thursday, 20th July 2023, 8:50 pm

ഓഗസ്റ്റ് 23 വരെയുള്ള എല്ലാ ടിക്കറ്റും വിറ്റ് പോയി; ഐ മാക്സ് മെല്‍ബണില്‍ ഓപ്പണ്‍ഹൈമര്‍ ആറാട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രം ഓപ്പണ്‍ഹൈമര്‍ ജൂലൈ 21നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ലോകമെമ്പാടും ചിത്രത്തിന്റെ പ്രീ ബുക്കിങ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ തുടങ്ങിയിരുന്നു.

ഇപ്പോഴിതാ ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള ഐ മാക്സ് തിയേറ്ററില്‍ ഓഗസ്റ്റ് 23 വരെ ഓപ്പണ്‍ഹൈമറിന്റെ ഒരു ടിക്കറ്റ് പോലും അവശേഷിക്കുന്നില്ല എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

ടിക്കറ്റ് ബുക്ക് ചെയ്യാനായി മെല്‍ബണ്‍ ഐ മാക്സ് തിയേറ്ററിന്റെ വെബ്സൈറ്റില്‍ പ്രവേശിക്കുന്നതിനായി മുപ്പത്തി അയ്യായിരത്തോളം പേര്‍ കാത്തുനില്‍ക്കുന്നുവെന്നുള്ള സ്‌ക്രീന്‍ഷോട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ലോകത്തെ എണ്ണം പറഞ്ഞ ഐ മാക്‌സുകളില്‍ ഒന്നാണ് മെല്‍ബണിലേത്. അത്യാധുനിക ഐ മാക്സ് സംവിധാനങള്‍ എല്ലാം അടങ്ങിയ ലോകത്തെ മികച്ച ഐ മാക്സ് ആയത് കൊണ്ടാണ് അവിടെ തന്നെ ചിത്രം കാണാന്‍ സിനിമ പ്രേമികളുടെ കുത്തൊഴുക്ക് ഉണ്ടാകുന്നത്.

വലിയ റിലീസായിട്ടാണ് ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്തുക ഇന്ത്യയിലും ചിത്രത്തിന് വമ്പന്‍ വരവേല്‍പ്പാകും ലഭിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. 21ന് രാത്രി 12 മണിക്ക് തന്നെ ഇന്ത്യയിലെ വലിയ നഗരങ്ങളില്‍ ചിത്രത്തിന്റെ ഷോ ആരംഭിക്കുന്നുണ്ട്.

ഇന്ത്യയിലെ എല്ലാ ഐ മാക്സ് കേന്ദ്രങ്ങളിലും ചിത്രത്തിന്റെ ടിക്കറ്റിന് വലിയ ഡിമാന്റ് അനുഭവപ്പെടുന്നുണ്ട്. കേരളത്തിലും ചിത്രത്തിന് മികച്ച പ്രീ ബുക്കിങ് തന്നെയാണ് ലഭിക്കുന്നത്.

കൊച്ചിയിലും തിരുവനന്തപുരത്തും സിനിമയുടെ ഷോകളുടെ ടിക്കറ്റുകള്‍ ഫാസ്റ്റ് ഫില്ലിങാണ്. ഇന്ത്യയില്‍ നിന്നും പ്രീ ബുക്കിങ് ഇനത്തില്‍ തന്നെ വലിയ തുക സ്വന്തമാക്കാന്‍ ഓപ്പണ്‍ഹൈമറിന് സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഓപ്പണ്‍ഹൈമറിന്റെ അഞ്ച് മിനിറ്റ് നീണ്ടുനില്‍ക്കുന്ന വിഷ്വല്‍സ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ‘ഓപ്പണിങ് ലുക്ക്’ എന്ന പേരില്‍ യൂണിവേഴ്സല്‍ പിക്‌ചേഴ്സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴിയാണ് വീഡിയോ റിലീസ് ചെയ്തിരുന്നത്.

ചിത്രത്തിന്റെ എഡിറ്ററായ ജെന്നിഫര്‍ ലാം തന്നെ കട്ട് ചെയ്ത വിഷ്വല്‍സാണ് റിലീസ് ചെയ്തത്. നേരത്തെ ചിത്രത്തില്‍ സി.ജി.ഐ ഷോട്ടുകള്‍ ഒന്നും തന്നെ ഇല്ലെന്ന് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ യു.എസ് എന്റര്‍ടൈയിന്‍മെന്റ് പോര്‍ട്ടലായ കൊളൈഡറിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

കിലിയന്‍ മര്‍ഫിയാണ് ചിത്രത്തില്‍ ഓപ്പണ്‍ഹൈമര്‍ എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലെത്തുക. ബി.ബി.സി സീരിസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലൂടെ ശ്രദ്ധയനായ നടനാണ് കിലിയന്‍ മര്‍ഫി.

വിഷയത്തിലെയും മേക്കിങ്ങിലെയും സങ്കീര്‍ണതകള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച നോളന്‍ ഇത്തവണയും ഞെട്ടിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രഞ്ജന്‍ ജെ. റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ കഥയാണ് ചിത്രത്തില്‍ നോളന്‍ പറയുന്നത്.

രണ്ടാം ലോകമഹായുദ്ധവും ആദ്യമായി ആറ്റംബോംബ് കണ്ടുപിടിച്ചതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലമെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ആറ്റംബോംബ് കണ്ടെത്തിയ മാന്‍ഹാട്ടന്‍ പ്രൊജക്ടിലെ പ്രധാന ശാസ്ത്രഞ്ജനായിരുന്നു ഓപ്പന്‍ഹൈമര്‍. അദ്ദേഹത്തിന്റെ ജീവിതം പ്രധാന പ്രമേയമാക്കിയാണ് ചിത്രമെത്തുന്നത്.

ഹോളിവുഡ് സൂപ്പര്‍ താരം റോബര്‍ട്ട് ഡൗണി ജൂനിയര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പൂര്‍ണ്ണമായും 70 ാാ ഐമാക്‌സ് ക്യാമറയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമ എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

Content Highlight: Oppenheimer tickets sold out at melbourne imax till august 23

We use cookies to give you the best possible experience. Learn more