കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ ഓപ്പൺഹൈമർ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
മികച്ച പ്രതികരണമാണ് ലോകമെമ്പാടുനിന്നും ചിത്രത്തിന് ലഭിക്കുന്നത്. നോളൻ സിനിമകൾക്ക് വലിയ ആരാധകരുള്ള കേരളത്തിലും ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ തന്നെയാണ് ലഭിച്ചത്.
ഇപ്പോഴിതാ ഓപ്പണ്‍ഹെയ്‍മർ രണ്ട് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് നേടിയ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. റിലീസ് ദിനമായ വെള്ളിയാഴ്ച 1.3 കോടി നേടിയ ചിത്രം ശനിയാഴ്ചയും സമാന കളക്ഷനാണ് നേടിയിരിക്കുന്നതെന്നാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാർ പറയുന്നത്.
ആദ്യ രണ്ട് ദിനങ്ങളില്‍ കേരള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 2.6 കോടിയാണെന്നാണ് ലഭ്യമാവുന്ന കണക്ക്.
മാര്‍വല്‍, ഡിസി സ്റ്റുഡിയോകളില്‍ നിന്നല്ലാതെ എത്തുന്ന ഒരു ഹോളിവുഡ് ചിത്രത്തെ സംബന്ധിച്ച് കേരളത്തില്‍ ലഭിക്കുന്ന മികച്ച കളക്ഷനാണിത്. അതേസമയം രാജ്യത്ത് നിന്ന് ആകെ നിന്ന് രണ്ട് ദിവസം കൊണ്ട് ചിത്രം 38 കോടി നേടിയെന്നും കണക്കുകളുണ്ട്.
ഇന്ത്യ, യു.എസ് അടക്കമുള്ള ചില മാര്‍ക്കറ്റുകളില്‍ വെള്ളിയാഴ്ചയാണ് ചിത്രങ്ങൾ റിലീസ് ചെയ്തതെങ്കിലും മറ്റ് നിരവധി രാജ്യാന്തര മാർക്കറ്റുകളിൽ ഇരുചിത്രങ്ങളും വ്യാഴാഴ്ച തന്നെ പ്രദര്‍ശനം ആരംഭിച്ചിരുന്നു.
അതേസമയം ആഗോളതലത്തിൽ ഓപ്പണ്‍ഹെയ്‍മറിനേക്കാൾ കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത് അതേ ദിവസം തന്നെ റിലീസ് ചെയ്ത ബാർബിയാണ്.
വ്യാഴാഴ്ചത്തെ പ്രീമിയർ ഷോകളുടെ കളക്ഷൻ ഉൾപ്പെടെ പുറത്തുവരുമ്പോൾ ബാർബി ഓപ്പൺഹൈമറിനേക്കാൾ ബഹുദൂരം മുന്നിലായിരുന്നു.
ഡെഡ്ലൈന്റെ റിപ്പോർട്ടുകൾ പ്രകാരം 51 രാജ്യങ്ങളിൽ നിന്ന് ബാർബി 41 മില്യൺ യുഎസ് ഡോളർ(ഏകദേശം 335 കോടി ഇന്ത്യൻ രൂപ) ആദ്യ ദിനം സ്വന്തമാക്കിയത്.
ഓപ്പൺഹൈമറിന് ആവട്ടെ 57 രാജ്യങ്ങളിൽ നിന്നായി 15.7 മില്യൺ(ഏകദേശം 129 കോടി ഇന്ത്യൻ രൂപ) മാത്രമാണ് സ്വന്തമാക്കാനായത്.
വാരാന്ത്യ കണക്കുകളിൽ മികച്ച കളക്ഷൻ തന്നെയാണ് ചിത്രത്തിന് മൂവി ട്രാക്കേഴ്സ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ എല്ലാ ഐ മാക്‌സ് കേന്ദ്രങ്ങളിലും ഓപ്പൺഹൈമർ ടിക്കറ്റിന് വലിയ ഡിമാന്റ് റിലീസിന് ശേഷവും അനുഭവപ്പെടുന്നുണ്ട്.
കിലിയൻ മർഫിയാണ് ചിത്രത്തിൽ ഓപ്പൺഹൈമർ എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലെത്തിയത്. ബി.ബി.സി സീരിസ് പീക്കി ബ്ലൈൻഡേഴ്സിലൂടെ ശ്രദ്ധയേനായ നടനാണ് കിലിയൻ മർഫി.
രണ്ടാം ലോകമഹായുദ്ധവും ആദ്യമായി ആറ്റംബോംബ് കണ്ടുപിടിച്ചതുമാണ് ഓപ്പൺഹൈമറിന്റെ കഥാപശ്ചാത്തലം.
ആറ്റംബോംബ് കണ്ടെത്തിയ മാൻഹാട്ടൻ പ്രൊജക്ടിലെ പ്രധാന ശാസ്ത്രഞ്ജനായിരുന്നു ഓപ്പൻഹൈമർ. അദ്ദേഹത്തിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.
ഹോളിവുഡ് സൂപ്പർ താരം റോബർട്ട് ഡൗണി ജൂനിയർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പൂർണ്ണമായും 70 mm ഐമാക്സ് ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമ എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.