| Friday, 21st July 2023, 11:59 pm

'നോളന്‍ ദി ബ്രാന്‍ഡ്'; ഇന്ത്യയില്‍ റെക്കോഡ് ആദ്യ ദിന കളക്ഷന്‍ ഉറപ്പിച്ച് ഓപ്പണ്‍ഹൈമര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രം ഓപ്പണ്‍ഹൈമര്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണം നേടിയാണ് ചിത്രം ആദ്യ ദിനം പ്രദര്‍ശനം തുടരുന്നത്. പ്രതീക്ഷിച്ച പോലെ തന്നെ ദൃശ്യ വിസ്മയം തിയേറ്ററില്‍ കാണാനായ ആവേശത്തിലാണ് ചിത്രം കണ്ടവര്‍.

ഇപ്പോഴിതാ ചിത്രത്തിന് ഇന്ത്യയില്‍ നിന്നും റെക്കോഡ് ആദ്യ ദിന കളക്ഷന്‍ സ്വന്തമാക്കി കഴിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്.

ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം ആദ്യ ദിനത്തില്‍ 16 കോടിക്കും-18 കോടിക്കും ഇടയില്‍ കളക്ഷന്‍ സ്വന്തമാക്കി കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്. രാത്രി നടക്കുന്ന സ്പെഷ്യല്‍ ഷോകള്‍ കൂടി കൂട്ടി വരുമ്പോള്‍ മികച്ച കളക്ഷന്‍ തന്നെ ചിത്രത്തിന് ലഭിക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ ചിത്രത്തിന് 13 കോടിയോളം രൂപ ഇന്ത്യയില്‍ നിന്നും ലഭിച്ചു എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ നഗരങ്ങളിലെ സ്‌ക്രീനുകളിലെ കണക്കുകള്‍ എന്ന നിലയിലാണ് ഈ കണക്ക് വന്നതെന്നും നഗരത്തിന് പുറത്തുള്ള സ്‌ക്രീനുകള്‍ കൂടി കൂട്ടുമ്പോള്‍ കണക്കുകള്‍ മാറുമെന്നും പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സിനിമക്ക് കേരളത്തില്‍ നിന്ന് മാത്രം 1.5 കോടി രൂപയോളം നേടാനായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  അതേസമയം ഇന്ത്യയില്‍ വലിയ റിലീസായിട്ടാണ് ചിത്രം എത്തിയത്. 21ന് രാത്രി 12 മണിക്ക് തന്നെ ഇന്ത്യയിലെ വലിയ നഗരങ്ങളില്‍ ചിത്രത്തിന്റെ ഷോ ആരംഭിച്ചിരുന്നു.

ഇന്ത്യയിലെ എല്ലാ ഐ മാക്സ് കേന്ദ്രങ്ങളിലും ചിത്രത്തിന്റെ ടിക്കറ്റിന് വലിയ ഡിമാന്റ് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. കേരളത്തിലും ചിത്രത്തിന് മികച്ച പ്രീ ബുക്കിങ് ആയിരുന്നു ലഭിച്ചത്.

കിലിയന്‍ മര്‍ഫിയാണ് ചിത്രത്തില്‍ ഓപ്പണ്‍ഹൈമര്‍ എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലെത്തിയത്. ബി.ബി.സി സീരിസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലൂടെ ശ്രദ്ധയേനായ നടനാണ് കിലിയന്‍ മര്‍ഫി.

രണ്ടാം ലോകമഹായുദ്ധവും ആദ്യമായി ആറ്റംബോംബ് കണ്ടുപിടിച്ചതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം

ആറ്റംബോംബ് കണ്ടെത്തിയ മാന്‍ഹാട്ടന്‍ പ്രൊജക്ടിലെ പ്രധാന ശാസ്ത്രഞ്ജനായിരുന്നു ഓപ്പന്‍ഹൈമര്‍. അദ്ദേഹത്തിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

ഹോളിവുഡ് സൂപ്പര്‍ താരം റോബര്‍ട്ട് ഡൗണി ജൂനിയര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പൂര്‍ണ്ണമായും 70 mm ഐമാക്‌സ് ക്യാമറയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമ എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

Content Highlight: Oppenheimer first day collection
We use cookies to give you the best possible experience. Learn more