| Monday, 11th March 2024, 9:13 am

നാമ ജയിച്ചിട്ടോം നോളാ.... ഓസ്‌കറില്‍ തിളങ്ങി ഓപ്പന്‍ഹൈമര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമേരിക്കന്‍ പ്രോമിത്യൂസ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ക്രിസ്റ്റഫര്‍ നോളന്‍ അണിയിച്ചൊരുക്കിയ സിനിമയാണ് ഓപ്പന്‍ഹൈമര്‍. അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന റോബര്‍ട്ട് ഓപ്പന്‍ഹൈമറിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. രണ്ടാംലോക മഹായുദ്ധകാലത്ത് കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഓപ്പന്‍ഹൈമര്‍ യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടി ന്യൂക്ലിയര്‍ ബോംബ് നിര്‍മിക്കുകയും, അമേരിക്ക അത് ജപ്പാനുമേല്‍ വര്‍ഷിച്ച ശേഷം ഓപ്പന്‍ഹൈമറിന്റെ മാനസികാവസ്ഥയുമാണ് ചിത്രം പറയുന്നത്.

ഐമാക്‌സ് 70 എം.എം ഫിലിം ക്യാമറയില്‍ ഷൂട്ട് ചെയ്ത ചിത്രം കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമാമുഭവങ്ങളിലൊന്നായിരുന്നു. ബോക്‌സ് ഓഫീസ് കളക്ഷന് പിന്നാലെ ഓസ്‌കര്‍ വേദിയിലും തിളങ്ങിയിരിക്കുകയാണ്. മികച്ച ചിത്രം, സംവിധായകന്‍, നടന്‍ എന്നീ വിഭാഗങ്ങളിലുള്‍പ്പെടെ ഏഴ് അവാര്‍ഡുകളാണ് 96ാമത് അക്കാഡമി അവാര്‍ഡ് വേദിയില്‍ ചിത്രം നേടിയത്.

ഈ തലമുറയിലെ മികച്ച സംവിധായകരിലൊരാളായ ക്രിസ്റ്റഫര്‍ നോളന്‍ തന്റെ വിഷനിലൂടെ പ്രേകഷകര്‍ക്ക് എപ്പോഴും മികച്ച സിനിമാനുഭവങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ ഡാര്‍ക്ക് നൈറ്റ് ട്രിലോജിയും, സ്വപ്‌നങ്ങളിലൂടെ സഞ്ചരിക്കുന്ന ഇന്‍സെപ്ഷനും, സയന്‍സ് ഫിക്ഷന്‍ ചിത്രമായ ഇന്റര്‍സ്റ്റെല്ലാറും, ടെനറ്റുമെല്ലാം ലോകോത്തര സിനിമാനുഭവങ്ങളാണെന്നതില്‍ തര്‍ക്കമില്ല. എങ്കിലും മികച്ച സംവിധായകനുള്ള ഓസ്‌കര്‍ എന്നത് നോളന് ലഭിച്ചിരുന്നില്ല. നാല് തവണ അവസാന റൗണ്ട് വരെയെത്തിയ നോളന്‍ ഇത്തവണ അവാര്‍ഡില്‍ മുത്തമിട്ടിരിക്കുകയാണ്.

ബാറ്റ്മാന്‍ ബിഗിന്‍സ് മുതല്‍ നോളന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് കിലിയന്‍ മര്‍ഫി. ഡാര്‍ക്ക് നൈറ്റ് ട്രിലോജി, ഇന്‍സെപ്ഷന്‍, ഡണ്‍കിര്‍ക്ക് എന്നീ സിനിമകളില്‍ സഹനടനായ കിലിയനെ ഓപ്പന്‍ഹൈമറിന്റെ വേഷം നോളന്‍ നല്‍കിയത് വെറുതേയായില്ലെന്ന് തെളിയിച്ചു. ഓപ്പന്‍ഹൈമറിന്റെ മാനസികാവസ്ഥകള്‍ തന്റെ കണ്ണിലൂടെ വരെ കിലിയന്‍ പ്രതിഫലിപ്പിച്ചു. രൂപത്തിലും പെരുമാറ്റത്തിലും ചലനത്തിലും വരെ കഥാപാത്രത്തിലേക്ക് കൂടുമാറിയ കിലിയന്റെ കൈകളില്‍ അവാര്‍ഡ് എത്തിയപ്പോള്‍ സിനിമാലോകം കൈയടിച്ചു.

തന്റെ സിനിമകളിലെ സംഗീതത്തിന് ഹാന്‍സ് സിമ്മറിനെ മാത്രമായിരുന്നു നോളന്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഡ്യൂണ്‍ സിനിമയുടെ തിരക്കിലേക്ക് സിമ്മര്‍ മാറിയപ്പോള്‍ നോളന്‍ തെരഞ്ഞെടുത്ത സംഗീതജ്ഞനായിരുന്നു ലുഡ്‌വിഗ് ഗൊറാന്‍സന്‍. ടെനറ്റിലെ സംഗീതത്തിലൂടെ നോളന്‍-ലുഡ്‌വിഗ് കോമ്പോയ്ക്ക് തുടക്കമായി. ഇരുവരുമൊന്നിച്ച രണ്ടാം ചിത്രത്തില്‍ ലുഡ്‌വിഗ് തന്റെ രണ്ടാം ഓസ്‌കര്‍ സ്വന്തമാക്കി. 2019ല്‍ ബ്ലാക്ക് പാന്തര്‍ എന്ന ചിത്രത്തിലെ സംഗീതത്തിന് ലുഡ്‌വിഗ് പുരസ്‌കാരാര്‍ഹനായിരുന്നു.

അയണ്‍മാനായി പ്രേക്ഷകര്‍ക്ക് പരിചിതനായ റോബര്‍ട്ട് ഡൗണി ജൂനിയര്‍ ഓപ്പന്‍ഹൈമറില്‍ വേഷപ്പകര്‍ച്ചയിലൂടെ ഞെട്ടിച്ചു. അമേരിക്കയുടെ അറ്റോമിക് കമ്മീഷന്‍ മേധാവിയായ ലൂയിസ് സ്‌ട്രോസിലേക്ക് വേഷത്തിലും നടപ്പിലും പരകായപ്രവേശം നടത്തിയ റോബര്‍ട്ട് ഡൗണിയുടെ ആദ്യ ഓസ്‌കര്‍
അവാര്‍ഡാണിത്.

ഐമാക്‌സ് 70 എം.എം ഫിലിം ക്യാമറയില്‍ കളറിലും ബ്ലാക്ക് ആന്‍ഡ് വൈറ്റിലും ഷൂട്ട് ചെയ്യുക. കേട്ടുകേള്‍വി പോലുമില്ലാത്ത ഈയൊരു വെല്ലുവിളി ഏറ്റെടുത്ത ഹോയ്‌ടെ വാന്‍ ഹോയ്‌ടെമയുടെ വര്‍ക്കിന് ലഭിച്ച അംഗീകാരം തന്നെയായിരുന്നു ഇത്തവണത്തെ അവാര്‍ഡ്. ലീനിയര്‍ രീതിയില്‍ പോകുന്ന ഫിഷന്‍, നോണ്‍ ലീനിയറായി പോകുന്ന ഫ്യൂഷന്‍. ഈ രണ്ട് കഥപറച്ചിലുകളും മനോഹരമയി സംയോജിപ്പിച്ചതിനാണ് ജെനിഫര്‍ ലേം അവാര്‍ഡ് നേടിയത്.

Content Highlight: Oppenheimer bagged seven Oscars in 96th Academy Awards

We use cookies to give you the best possible experience. Learn more