ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു... അവാര്‍ഡുകള്‍ വാരിക്കൂട്ടി ഓപ്പന്‍ ഹൈമറും പുവര്‍ തിങ്‌സും
96ാമത് ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങ് സമാപിച്ചു. ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പന്‍ഹൈമറും, യോര്‍ഗോസ് ലാന്തിമോസ് ചിത്രം പുവര്‍ തിങ്‌സും ഇഞ്ചോടിഞ്ച് മത്സരമാണ് കാഴ്ചവെക്കുന്നത്. നാല് അവാര്‍ഡുകള്‍ പുവര്‍ തിങ്‌സും, മികച്ച ചിത്രം ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകള്‍ ഓപ്പന്‍ഹൈമറിനും ലഭിച്ചു.
മികച്ച നടി (എമ്മ സ്‌റ്റോണ്‍), മേക്കപ്പ് (നാഡിയ സ്റ്റേസി, മാര്‍ക്ക് കൗളിയര്‍, ജോണ്‍ വെസ്റ്റന്‍), പ്രൊഡക്ഷന്‍ ഡിസൈന്‍, വസ്ത്രാലങ്കാരം(ഹോളി വാഡിങ്ടണ്‍) എന്നീ വിഭാഗങ്ങളിലാണ് പുവര്‍ തിങ്‌സ് പുരസ്‌കാരം നേടിയത്. മികച്ച ചിത്രം, സംവിധായകന്‍ (ക്രിസ്റ്റഫര്‍ നോളന്‍), നടന്‍ (കിലിയന്‍ മര്‍ഫി), എഡിറ്റിങ്( ജെനിഫര്‍ ലേം), സംഗീതം (ലുഡ്‌വിഗ് ഗോറാന്‍സന്‍), സഹനടന്‍ (റോബര്‍ട്ട് ഡൗണി ജൂനിയര്‍), ഛായാഗ്രഹണം (ഹോയ്‌ടെ വാന്‍ ഹോയ്‌ടെമ), എന്നീ വിഭാഗങ്ങളിലാണ് ഓപ്പന്‍ഹൈമര്‍ അവാര്‍ഡ് നേടിയത്.
അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന റോബര്‍ട്ട് ഓപ്പന്‍ഹൈമറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് ഓപ്പന്‍ഹൈമര്‍. ഒറിജിനല്‍ ഐമാക്‌സ് ക്യാമറയില്‍ ചിത്രീകരിച്ച ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു. കിലിയന്‍ മര്‍ഫിയുടെയും റോബര്‍ട്ട് ഡൗണിയുടെയും പ്രകടനത്തിന് ഗംഭീര പ്രശംസ ലഭിച്ചിരുന്നു. നാല് തവണ നോമിനേഷന്‍ ലഭിച്ച ക്രിസ്റ്റഫര്‍ നോളന്റെ ആദ്യ അവാര്‍ഡാണിത്.
1992ല്‍ പുറത്തുവന്ന അലെസ്ഡര്‍ ഗ്രേയുടെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് പുവര്‍ തിങ്‌സ്. ബ്രെയിന്‍ മാറ്റിവെക്കലിന് ശേഷം ഒരു യുവതിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ബ്ലാക്ക് കോമഡി ചിത്രമാണ് പുവര്‍ തിങ്‌സ്. എമ്മ സ്റ്റോണിന്റെ പ്രകടനം വാക്കുകള്‍ക്കതീതമായിരുന്നു. അഞ്ച് തവണ നോമിനേഷന്‍ ലഭിച്ച എമ്മയുടെ രണ്ടാം ഓസ്‌കര്‍ അവാര്‍ഡാണിത്
മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്‌കാരം ബ്രീട്ടീഷ് ചിത്രമായ സോണ്‍ ഓഫ് ഇന്‍ട്രെസ്റ്റിനും, വിഷ്വല്‍ ഇഫക്ട്‌സിനുള്ള അവാര്‍ഡ് ഗോഡ്‌സില്ല മൈനസ് വണ്ണിനും ലഭിച്ചു. തിരക്കഥക്കുള്ള പുരസ്‌കാരം ഫ്രഞ്ച് ചിത്രം അനാട്ടമി ഓഫ് ഫാളിനും, അവലംബിത തിരക്കഥക്കുള്ള പുരസ്‌കാരം അമേരിക്കന്‍ ഫിക്ഷനും നേടി.
ദ ബോയ് ആന്‍ഡ് ഹോറോണിന് മികച്ച ആനിമേഷന്‍ ചിത്രത്തിനും, 20 ഡേയ്‌സ് ഇന്‍ മരിയുപോള്‍ മികച്ച ഡോക്യുമെന്ററിക്കുമുള്ള അവാര്‍ഡുകള്‍ നേടി.
ബാര്‍ബിയിലെ ‘വാട്ട് വാസ് ഐ മേഡ് ഫോര്‍’ മികച്ച ഗാനമായപ്പോള്‍, ഹോള്‍ഡോവേഴ്‌സിലെ അഭിനയത്തിന് ഡോ വിന്‍ ജോയ് റാന്‍ഡോള്‍ഫ് മികച്ച സഹനടിക്കുള്ള പുരസ്‌കാരവും നേടി.
Content Highlight: Oppenheimer and Poor Things bagged main awards in 96th Academy Award Ceremony