| Saturday, 22nd July 2023, 7:04 pm

ആഗോളതലത്തില്‍ നേട്ടമുണ്ടാക്കി ബാര്‍ബി; ഇന്ത്യയില്‍ നേട്ടം കൊയ്ത് ഓപ്പണ്‍ഹൈമര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റഫര്‍ നോളന്റെ സംവിധാനത്തില്‍ ഓപ്പണ്‍ഹൈമര്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഇതിനൊപ്പം തന്നെ ഗ്രെറ്റ ഗെര്‍വിഗിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഫാന്റസി കോമഡി ചിത്രം ബാര്‍ബിയും റിലീസ് ചെയ്തിരുന്നു.

രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലോകമെമ്പാടും ലഭിക്കുന്നത്.

ഇപ്പോഴിതാ സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന റിലീസില്‍ ആരാണ് ആദ്യ ദിനം കൂടുതല്‍ നേട്ടം കൊയ്തത് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രണ്ട് ചിത്രങ്ങളുടെയും ആദ്യ ദിന ബോക്‌സ്ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത് ബാര്‍ബിയാണ്.

ഇന്ത്യ, യു.എസ് അടക്കമുള്ള ചില മാര്‍ക്കറ്റുകളില്‍ വെള്ളിയാഴ്ചയാണ് ചിത്രങ്ങള്‍ റിലീസ് ചെയ്തതെങ്കിലും മറ്റ് നിരവധി രാജ്യാന്തര മാര്‍ക്കറ്റുകളില്‍ ഇരുചിത്രങ്ങളും വ്യാഴാഴ്ച തന്നെ പ്രദര്‍ശനം ആരംഭിച്ചിരുന്നു.

വ്യാഴാഴ്ചത്തെ പ്രീമിയര്‍ ഷോകളുടെ കളക്ഷന്‍ ഉള്‍പ്പെടെ പുറത്തുവരുമ്പോള്‍ ബാര്‍ബി ഓപ്പണ്‍ഹൈമറിനേക്കാള്‍ ബഹുദൂരം മുന്നിലാണ്.

ഡെഡ്‌ലൈന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 51 രാജ്യങ്ങളില്‍ നിന്ന് ബാര്‍ബി 41 മില്യണ്‍ യുഎസ് ഡോളര്‍(ഏകദേശം 335 കോടി ഇന്ത്യന്‍ രൂപ) ആദ്യ ദിനം സ്വന്തമാക്കി.

ഓപ്പണ്‍ഹൈമറിന് ആവട്ടെ 57 രാജ്യങ്ങളില്‍ നിന്നായി 15.7 മില്യണ്‍(ഏകദേശം 129 കോടി ഇന്ത്യന്‍ രൂപ) മാത്രമാണ് സ്വന്തമാക്കാനായത്. പക്ഷെ ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ഓപ്പണ്‍ഹൈമറിനാണ് മുന്‍തൂക്കം. ഇന്ത്യയില്‍ ഓപ്പണ്‍ഹൈമര്‍ ആദ്യ ദിനത്തില്‍ 16 കോടിയോളം സ്വന്തമാക്കിയപ്പോള്‍ ബാര്‍ബിക്ക് നേടാനയത് 6.5 കോടി രൂപയാണ്.

കേരളത്തില്‍ ഓപ്പണ്‍ഹൈമറിന് 1.5 കോടിയോളം രൂപയും ആദ്യ ദിനത്തില്‍ കളക്ഷന്‍ ലഭിച്ചു എന്ന് മറ്റ് റിപ്പോര്‍ട്ടുകളും പറയുന്നു.

എന്തായാലും രണ്ട് ചിത്രങ്ങളുടെയും വാരാന്ത്യ കണക്കുകള്‍ മികച്ചതായി വരുമെന്നാണ് മൂവി ട്രാക്കേഴ്‌സ് പറയുന്നത്.

ഇന്ത്യയിലെ എല്ലാ ഐ മാക്സ് കേന്ദ്രങ്ങളിലും ഓപ്പണ്‍ഹൈമര്‍ ടിക്കറ്റിന് വലിയ ഡിമാന്റ് റിലീസിന് ശേഷവും അനുഭവപ്പെടുന്നുണ്ട്.

കിലിയന്‍ മര്‍ഫിയാണ് ചിത്രത്തില്‍ ഓപ്പണ്‍ഹൈമര്‍ എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലെത്തിയത്. ബി.ബി.സി സീരിസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലൂടെ ശ്രദ്ധയേനായ നടനാണ് കിലിയന്‍ മര്‍ഫി.

രണ്ടാം ലോകമഹായുദ്ധവും ആദ്യമായി ആറ്റംബോംബ് കണ്ടുപിടിച്ചതുമാണ് ഓപ്പണ്‍ഹൈമറിന്റെ കഥാപശ്ചാത്തലം.

ആറ്റംബോംബ് കണ്ടെത്തിയ മാന്‍ഹാട്ടന്‍ പ്രൊജക്ടിലെ പ്രധാന ശാസ്ത്രഞ്ജനായിരുന്നു ഓപ്പന്‍ഹൈമര്‍. അദ്ദേഹത്തിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

ഹോളിവുഡ് സൂപ്പര്‍ താരം റോബര്‍ട്ട് ഡൗണി ജൂനിയര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പൂര്‍ണ്ണമായും 70 mm ഐമാക്‌സ് ക്യാമറയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമ എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

Content Highlight: Oppenheimer and Barbie’s day one box office collection reports are out

We use cookies to give you the best possible experience. Learn more