| Monday, 20th December 2021, 5:54 pm

'നിയോ-ലിബറലസത്തിന്റെ തൊട്ടില്‍ ചിലിയാണെങ്കില്‍ അതിന്റെ ശവക്കല്ലറയും ചിലി തന്നെയായിരിക്കും; ചിലിയുടെ ചരിത്രം തിരുത്താന്‍ ഗബ്രിയേല്‍ ബോറിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്റിയാഗോ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ നേതാവ് ഗബ്രിയേല്‍ ബോറിക്കിന്റെ തെരഞ്ഞെടുപ്പ് സമയത്തെ പ്രചാരണവാചകങ്ങളും ചിലിയുടെ പരമ്പരാഗത വഴികളില്‍ നിന്നും മാറിനടക്കുന്ന രീതിയുള്ള ചിന്തകളുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ചിലിയുടെ നിയോലിബറല്‍ സാമ്പത്തിക മോഡലിനെ എന്നെന്നേക്കുമായി കുഴിച്ചുമൂടും എന്ന് വാഗ്ദാനം ചെയ്തായിരുന്നു അദ്ദേഹം തീവ്രവലതുപക്ഷ നേതാവായ ഹൊസെ അന്റോണിയോ കാസ്റ്റിനെതിരെ മത്സരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

”നിയോലിബറലിസത്തിന്റെ ഉദയം ചിലിയിലായിരുന്നെങ്കില്‍ അതിന്റെ അന്ത്യം കുറിക്കുന്ന ശവക്കല്ലറയും ചിലിയില്‍ തന്നെയായിരിക്കും,” എന്നായിരുന്നു മുന്‍ നിയമവിദ്യാര്‍ത്ഥിയായ ബോറിക് പ്രചാരണവേളയില്‍ പറഞ്ഞത്.

മാര്‍ക്കറ്റ് കേന്ദ്രീകൃതമായ പോളിസികളില്‍ അധിഷ്ഠിതമായ ചിലിയുടെ നിയോ-ലിബറല്‍ നയങ്ങള്‍, പതിറ്റാണ്ടുകളോളം രാജ്യത്ത് സാമ്പത്തിക മുന്നേറ്റത്തിനും വളര്‍ച്ചക്കും വഴിയൊരുക്കിയെങ്കിലും സാമ്പത്തിക അസമത്വത്തിന് പ്രധാന കാരണമായി ഭവിക്കുക കൂടി ചെയ്തു എന്നാണ് ബോറിക്കിന്റെ നിരീക്ഷണം.

ചിലിയിലെ സാമ്പത്തിക അസമത്വങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അതിനെ നേരിടുന്നതിന് നൂതനമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുമെന്നുമായിരുന്നു വിജയത്തിന് ശേഷം ബോറിക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞത്.

10 വര്‍ഷത്തോളം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ നിരവധി സമരങ്ങളുടെ ഭാഗമായതിന് ശേഷമാണ് ബോറിക് മുഖ്യധാരാ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നതും ഇപ്പോള്‍ രാജ്യത്തിന്റെ പ്രസിഡന്റായിരിക്കുന്നതും.

”നിങ്ങള്‍ എനിക്ക് വോട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ചിലിയിലെ എല്ലാ ജനങ്ങളുടെയും പ്രസിഡന്റായിരിക്കും ഞാന്‍.

ഈ വലിയ വെല്ലുവിളി നേരിടുന്നതിന് വേണ്ടി ഞാന്‍ എനിക്ക് പറ്റാവുന്നതെല്ലാം ഏറ്റവും മികച്ച രീതിയില്‍ തന്നെ ചെയ്യും,” എന്ന് ഞായറാഴ്ച ചിലിയില്‍ ഇപ്പോള്‍ അധികാരത്തില്‍ നിന്നിറങ്ങിയ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേരയുമൊത്തുള്ള സംഭാഷണത്തില്‍ ബോറിക് പറയുകയുണ്ടായി.

ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ കണ്‍വേര്‍ജെന്‍സ് പാര്‍ട്ടിയുടെ നേതാവാണ് ബോറിക്. പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഔദ്യോഗിക മത്സരാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ‘യുവജനങ്ങള്‍ ഈ രാജ്യത്തെ മാറ്റിമറിക്കുന്നതില്‍ ഭയപ്പെട്ടിട്ട് കാര്യമില്ല’ എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭൂരിപക്ഷം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ഗബ്രിയേല്‍ ബോറിക്കിന് 56 ശതമാനം വോട്ടുകളും അന്റോണിയോ കാസ്റ്റിന് 44 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.

35 വയസ് മാത്രം പ്രായമുള്ള ബോറിക് ചിലിയിലെ മുന്‍ വിദ്യര്‍ത്ഥി നേതാവ് കൂടിയാണ്. ചിലിയിലെ മുന്‍കാല പട്ടാള ഏകാധിപത്യ ഭരണങ്ങളെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു.

തെരഞ്ഞെടുപ്പ് വിജയത്തോടെ ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി മാറിയിരിക്കുകയാണ് ഗബ്രിയേല്‍ ബോറിക്. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ലോകനേതാക്കളിലൊരാളാവാനൊരുങ്ങുകയാണ് ബോറിക്.

2019ലും 2020ലും ചിലിയില്‍ അഴിമതിക്കും അസമത്വത്തിനും എതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്ന വിദ്യാര്‍ത്ഥി നേതാവായിരുന്നു ബോറിക്.

2022 മാര്‍ച്ചിലായിരിക്കും ബോറിക് ഔദ്യോഗികമായി പ്രസിഡന്റ് സ്ഥാനമേറ്റെടുക്കുക.

”എനിക്ക് വിശ്വാസമുള്ള, ഉറപ്പുള്ള ഒരു കാര്യമെന്താണെന്ന് വച്ചാല്‍, രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ നമ്മള്‍ സംഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കേണ്ടതുണ്ട് എന്നാണ്.

പ്രത്യേകിച്ചും നിങ്ങളുമായി വിരുദ്ധാഭിപ്രായമുള്ള ആളുകളുമൊത്ത്. കാരണം സമാന അഭിപ്രായങ്ങളുള്ളവരുമായി സംസാരിക്കുന്നത് നമ്മുടെ കംഫര്‍ട്ട് സോണിനുള്ളില്‍ നിന്നുകൊണ്ടായിരിക്കുമെങ്കിലും അത് ഒരിക്കലും മാറ്റങ്ങള്‍ക്ക് വഴിവെക്കില്ല,”

എന്ന് 2019ല്‍ ഒരു ചിലിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ബോറിക് പറഞ്ഞതുപോലെ, ഇനിയങ്ങോട്ട് വ്യത്യസ്ത അഭിപ്രായങ്ങളുളള ഏതൊരാള്‍ക്കും സ്വാതന്ത്ര്യത്തോടെ തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള ഇടം ചിലിയില്‍ ഉണ്ടായിരിക്കുമെന്ന് തന്നെയാണ് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പ്രതീക്ഷ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Opinions of Chile’s newly elected president Gabriel Boric

We use cookies to give you the best possible experience. Learn more