അഗര്‍ത്തല: ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഭരണം നിലനിര്‍ത്താനായി എന്നത് മാത്രമാണ് ബി.ജെ.പിയുടെ ആശ്വാസം. അതിനപ്പുറത്തേക്ക് ബി.ജെ.പിക്ക് പ്രതീക്ഷിച്ച വിജയം ഈ തെരഞ്ഞെടുപ്പില്‍ കൈവരിക്കാനായില്ല. കഴിഞ്ഞ തവണ 36 സീറ്റ് വിജയിച്ച ബി.ജെ.പി സഖ്യം ഇത്തവണ 33 സ്ഥലത്ത് മാത്രം വിജയിച്ച് കേവല ഭൂരിപക്ഷം നേടാന്‍ മാത്രമേ സാധിച്ചുള്ളു.
എന്നാല്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ സഖ്യത്തിന് വലിയ സാധ്യതയുണ്ടെന്ന് ഈ തെരഞ്ഞെടുപ്പിലെ ഫലം സൂചിപ്പിക്കുന്നു. അത് എത്ര സീറ്റ് ലഭിച്ചു എന്നതിനപ്പുറത്തേക്ക് നിവര്‍ന്ന് നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പോലും പറ്റാതിരുന്ന ഒരിടത്ത് വലിയ പോരാട്ടം നടത്താനായി എന്നതാണ്.
2018ല്‍ ബി.ജെപി അധികാരത്തില്‍ വന്നതിന് ശേഷം തികച്ചും ഏകാധിപത്യ രീതിയിലുള്ള നടപടികളായിരുന്നു അവിടുത്തെ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഭരണകക്ഷി പാര്‍ട്ടിയായ ബി.ജെ.പിയുടെ ഭാഗത്തു നിന്നുണ്ടായിരുന്നത്.
അധികാരത്തില്‍ വന്നയുടന്‍ ലെനിന്റെ പ്രതിമ തകര്‍ത്തായിരുന്നു ബി.ജെ.പി അവരുടെ ഭരണ നേട്ടം ആഘോഷിച്ചത്. അവിടുന്നിങ്ങോട്ട് സി.പി.ഐ.എമ്മിന്റെയും കോണ്‍ഗ്രസിന്റെയുമടക്കം പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തും, പിടിച്ചടക്കിയും പ്രവര്‍ത്തകരെ മര്‍ദ്ദിച്ചും കൊലപ്പെടുത്തിയും ബി.ജെ.പി ത്രിപുരയില്‍ ജനാധിപത്യ ധ്വസനം തുടര്‍ന്നു കൊണ്ടിരുന്നു.
ഈ തെരഞ്ഞെടുപ്പ് കാലത്തും ബി.ജെ.പി ആക്രമണങ്ങള്‍ നടത്തിയ ഒരുപാട് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നോമിനേഷന്‍ നല്‍കാന്‍ പോയവരുടെ വീടുകള്‍ക്ക് തീവെച്ചും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും ബി.ജെ.പി ത്രിപുരയില്‍ അഴിഞ്ഞാടി. സി.പി.ഐ.എമ്മില്‍ നിന്ന് മാത്രം 65 പേരെ 2018ന് ശേഷം ബി.ജെ.പി കൊലപ്പെടുത്തി.
ഇത്തരത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പോലും പറ്റാതിരുന്ന ഒരിടത്താണ് ഒട്ടും മോശമല്ലാത്ത പോരാട്ടം ഇടത്- കോണ്‍ഗ്രസ് സഖ്യം സാധ്യമാക്കിയത്. സി.പി.ഐ.എം-കോണ്‍ഗ്രസ് സഖ്യത്തിന് 14 സീറ്റുകളില്‍ മുന്‍തൂക്കമുണ്ട്.
ഒരു ഘട്ടത്തില്‍ ബി.ജെ.പിയുടെ ആക്രമണങ്ങളില്‍ പേടിച്ച് പ്രവര്‍ത്തനം മതിയാക്കി പിന്നോട്ട് പോയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജവും ധൈര്യവും നല്‍കിയത് ഇടത്- കോണ്‍ഗ്രസ് സഖ്യത്തിന്റെ സാന്നിധ്യമായിരുന്നു.
അഞ്ച് വര്‍ഷം മുമ്പ് ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ തകര്‍ക്കപ്പെട്ട പാര്‍ട്ടി ഓഫീസുകള്‍ പിന്നീട് പുതുക്കിപ്പണിയുകയും തിരിച്ചു പിടിക്കുകയുമൊക്കെ ചെയ്യുന്ന കാഴ്ചകള്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് കണ്ടു. ഈ രീതിയില്‍ കൊലപാതകങ്ങളെയും ആക്രമണങ്ങളെയും ഭയക്കാതെ പ്രവര്‍ത്തിക്കാന്‍ സാധാരണക്കാരായ സി.പി.ഐ.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ധൈര്യം പകരാന്‍ സഖ്യത്തിനായി
സഖ്യം കൊണ്ട് പ്രത്യക്ഷമായൊരു ഗുണമുണ്ടായത് കോണ്‍ഗ്രസിനാണ്. കഴിഞ്ഞ തവണ ത്രിപുര നിയമസഭയില്‍ പൂജ്യം സീറ്റായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത് എങ്കില്‍ ഇത്തവണ അത് മൂന്നായി ഉയര്‍ത്താനായി എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഗുണകരമായ സംഗതിയാണ്.
സി.പി.ഐ.എമ്മിനെ സംബന്ധിച്ചും വോട്ട് ശതമാനത്തില്‍ വലിയ നേട്ടമാണ് ത്രിപുരയില്‍ ഉണ്ടായിരിക്കുന്നത്. എല്ലാ മേഖലയിലും സി.പി.ഐ.എം വലിയ മുന്നേറ്റം മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ കാഴ്ചവെച്ചിട്ടുണ്ട്. ഇത്തരമൊരു പോരാട്ടം നടത്താന്‍ ഇരു പാര്‍ട്ടികള്‍ക്കുമായത് സഖ്യം നല്‍കിയ ആത്മവിശ്വാസം തന്നെയാണ്.