പൊലീസ് ക്രൂരതകള്‍ക്കെതിരെ ഇന്ത്യക്കാര്‍ എന്തുകൊണ്ട് തെരുവിലിറങ്ങുന്നില്ല
Opinion
പൊലീസ് ക്രൂരതകള്‍ക്കെതിരെ ഇന്ത്യക്കാര്‍ എന്തുകൊണ്ട് തെരുവിലിറങ്ങുന്നില്ല
സിദ്ധാര്‍ഥ് ഭാട്ടിയ
Monday, 8th June 2020, 11:07 am

കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയിഡിനെ മിനെസോട്ട പൊലീസ് കഴുത്തുഞെരിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് പതിനായിരങ്ങളാണ് ലോക് ഡൗണിണിനിടയിലും അമേരിക്കന്‍ തെരുവുകളില്‍ പ്രതിഷേധാഗ്‌നിയായത്.

സാമൂഹിക അകലവും സമ്പര്‍ക്ക വിലക്കും കാര്യമാക്കാതെ കറുത്തവരും, വെളുത്തവരും, ഏഷ്യക്കാരും ഉള്‍പ്പടെ നിരവധിയാളുകള്‍ പൊലീസ് അതിക്രമത്തിനെതിരെയുള്ള തങ്ങളുടെ ദേഷ്യവും പ്രതിഷേധവും പ്രകടിപ്പിച്ച് മാര്‍ച്ച് ചെയ്തു.

അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസുകാരന്‍ കാലുകൊണ്ട് നിലത്തേക്ക് ഞെരിച്ചമര്‍ത്തിയതുവഴിയാണ് മിനിയപൊളിസില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന ഫ്‌ലോയിഡ് കൊല്ലപ്പെട്ടത്.പൊലീസുകാരന്‍ കാല്‍മുട്ടുകൊണ്ട് കഴുത്തുഞെരിക്കുന്നതിന്റെയും ‘എനിക്ക് ശ്വാസംമുട്ടുന്നു’ എന്ന് ഫ്‌ലോയിഡ് നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ത്തിയത്.

‘അറസ്റ്റിനെ എതിര്‍ത്തു’ എന്നുവാദിച്ച് നാല് പൊലീസ് ഉദ്യോഗസ്ഥരാണ് ഫ്‌ലോയിഡിനെ കായികമായി കീഴ്‌പെടുത്താനെത്തിയത്. അദ്ദേഹത്തെ കാലുകൊണ്ട് ഞെരിച്ച ഡെറിക് ഷൊവാന്‍ എന്ന പൊലീസുകാകാരനെ അറസ്റ്റ് ചെയ്തു. എന്നാല്‍ കൃത്യം സാകൂതം നോക്കിനിന്ന മറ്റുമൂന്നു പൊലീസുകാര്‍ക്കുനേരെ കുറ്റമൊന്നും ചാര്‍ത്തിയിട്ടില്ല.

വലിയ അളവിലുള്ള അക്രമങ്ങളും പൊതുമുതല്‍ നശിപ്പിക്കലും മറുവശത്തു പ്രതിഷേധക്കാര്‍ക്കുനേരെയുള്ള പൊലീസ് ആക്രമണങ്ങളും അമേരിക്കയില്‍ ഒട്ടാകെ അരങ്ങേറുകയാണ്. സര്‍വായുധധാരികളായ പൊലീസുകാരുടെ ചിത്രങ്ങളാണ് മാധ്യമങ്ങള്‍ നിറയെ. കലാപം തടയുന്നതിനായി മിനിയപൊളിസില്‍ ‘നാഷണല്‍ ഗാര്‍ഡുകളെയും’ നിയോഗിച്ചിട്ടുണ്ട്.

ഫ്‌ലോയിഡിന്റെ കൊലപാതകത്തോടെ യു.എസ്സിന്റെ വിവിധ ഭാഗങ്ങളില്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കെതിരെ വ്യവസ്ഥാപിതമായി കാലങ്ങളായി നടന്നുവരുന്ന വംശീയ അക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടേറിയിരിയ്ക്കുകയാണ്.

‘എനിക്ക്ശ്വാസംമുട്ടുന്നു’ എന്ന ഹാഷ്ടാഗ് ലോകമൊട്ടാകെ വൈറല്‍ ആയി. അതിനിടയില്‍ പ്രതിഷേധക്കാരെ ‘കൊള്ളക്കാരെന്ന്’ വിളിച്ചും വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയും ഡൊണാള്‍ഡ് ട്രംപ് ട്വീറ്റുമായി രംഗത്തുവന്നു.

ഇന്ത്യയിലെ പൊലീസ് അതിക്രമങ്ങളുടെയും കസ്റ്റോഡിയല്‍ മരണങ്ങളുടെയും, ഈ ഭരണകൂട ക്രൂരതകള്‍ക്കുനേരെയുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ നിസ്സംഗതയും നമുക്കെല്ലാവര്‍ക്കുമറിയാം. രാജ്യത്തെ പൗരന്മാര്‍ക്കുനേരെയുള്ള പൊലീസ് അതിക്രമങ്ങളുടെ നിരവധി വീഡിയോ ദൃശ്യങ്ങളാണ് ഈ അടുത്തകാലങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമാകുകയും ചെയ്തത്. ജോര്‍ജ് ഫ്‌ലോയിഡിനെ പൊലീസ് കൈകാര്യം ചെയ്ത രീതി ഇന്ത്യക്ക് സുപരിചിതമാണ്.

വലിയ വ്യത്യാസം കാണാന്‍ സാധിക്കുന്നത് അതിനോടുള്ള പ്രതികരണങ്ങളിലാണ്. യു.എസ്സിന്റെ വിവിധ നഗരങ്ങളില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങുമ്പോള്‍, ഇന്ത്യയില്‍ നിസ്സഹായനായ ഒരു മനുഷ്യനെ പൊലീസ് ക്രൂരമായി തല്ലി ചതച്ചാലും യാതൊരു പ്രകോപനവും ഉണ്ടാകില്ല.

പൊതു ഇടങ്ങളിലെ പരസ്യ പ്രതിഷേധങ്ങളിലേക്ക് അത് നയിക്കാറുമില്ല. കോണ്‍സ്റ്റബിളോ ഓഫീസര്‍മാരോ ആകട്ടെ, ശിക്ഷിക്കപ്പെടുമെന്ന യാതൊരു ഭയവുമില്ലാതെ, നിയമങ്ങള്‍ക്കു പുല്ലുവില നല്‍കിക്കൊണ്ട് ആളുകളെ മര്‍ദിക്കുന്നതാണ് കാണുന്നത്. ഒരു ഉന്നത ഉദ്യോഗസ്ഥരും അവരെ ചോദ്യം ചെയ്യില്ല. ഒരു രാഷ്ട്രീയക്കാരും വിശദീകരണം ആവശ്യപ്പെടില്ല. ജനങ്ങളും ഇതൊക്കെ സ്വീകരിച്ചു മുന്നോട്ടുപോകും.

എന്നാല്‍, ഇന്ത്യയില്‍ വലിയൊരു വിഭാഗം പൊലീസ് വാദങ്ങള്‍ അംഗീകരിക്കുകയും അവര്‍ക്ക് കയ്യടിക്കുകയും ചെയ്യുന്നവരാണ്. അമേരിക്കയിലേതുപോലെ പൊലീസ് അതിക്രമം ഒരു ഗൗരവ വിഷയമായി ഇന്ത്യയില്‍ ഇതുവരെയും ഉരുത്തിരിഞ്ഞിട്ടില്ല.

പൊലീസ് സേനയെ ശുദ്ധീകരിക്കുവാനുള്ള ശ്രമങ്ങള്‍ മാറ്റങ്ങളുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും, കസ്റ്റഡിയില്‍ ഒരു വ്യക്തി കൊല്ലപ്പെടുന്നതിനെ അവിടെ പൊതുജനങ്ങള്‍ പ്രശംസിക്കില്ല.

കാലങ്ങളോളമെടുത്ത് പൂര്‍ത്തിയാകുന്ന നിയമപ്രകിയകള്‍ക്ക് വിട്ടുകൊടുക്കാതെ 1980കളില്‍ മുബൈ നഗരത്തിലെ ക്രിമിനലുകളെ വെടിവെച്ചുകൊന്ന ‘ഏറ്റുമുട്ടല്‍ വിദഗ്ദ്ധര്‍ക്ക്’ താര പരിവേഷമായിരുന്നു കല്‍പിക്കപ്പെട്ടത്.

നക്സലുകള്‍ എന്ന് സംശയിക്കുന്നവരെ വെടിവെച്ചുകൊല്ലുന്ന സംഭവങ്ങള്‍ ജനങ്ങളെ യാതൊരുതരത്തിലും ബാധിക്കുന്നില്ല, പ്രത്യേകിച്ച് നഗരങ്ങളില്‍.

‘ജയില്‍ ചാടി’ എന്നാരോപിച്ച് മദ്യപ്രദേശ് പൊലീസ് എട്ടു സിമി അംഗങ്ങള്‍ എന്ന് സംശയിക്കുന്നവരെ വെടിവെച്ചു കൊല്ലുകയും, അത് വ്യാജ ഏറ്റുമുട്ടല്‍ ആണെന്ന് കനത്ത ആരോപണവും നിരവധി ചോദ്യങ്ങളും ഉയരുകയും ചെയ്തിട്ടും സംസ്ഥന ആഭ്യന്തര മന്ത്രി പൊലീസുകാരെ വാഴ്ത്തിപ്പാടുകകയാണ് ചെയ്തത്.

ജനപ്രിയ സംസ്‌കാരവും ഇതില്‍ വലിയ പങ്കിവഹിക്കുന്നുണ്ട്. നിയമ വിരുദ്ധമായി, എന്നാല്‍ സംവിധാനങ്ങളുടെ സമ്മതത്തോടെയെന്നവണ്ണം, പൊലീസുകാര്‍ പ്രതികളെ ക്രൂരമായി മര്‍ദിക്കുന്നതു പ്രദര്‍ശിപ്പിക്കതിനു ഇന്ത്യന്‍ സിനിമകള്‍ക്ക് യാതൊരു മടിയുമില്ല. എന്നാല്‍ ഹോളിവുഡില്‍ ഇത് അത്ര എളുപ്പത്തില്‍ കാണിക്കുക സാധ്യമല്ല, യഥാര്‍ത്ഥ ജീവിത പരിസരങ്ങളില്‍ അങ്ങനെ സംഭവിക്കപ്പെടുന്നുണ്ടെങ്കില്‍കൂടി.

ഇന്ത്യയിലെ മധ്യവര്‍ഗത്തിന്, പ്രത്യേകിച്ച് നഗരവാസികള്‍ക്ക്, ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും അപേക്ഷിച്ച് വ്യത്യസ്തമായ പൊലീസ് അനുഭവമാണുള്ളത്. ഏതെങ്കിലും തരത്തില്‍ സ്വാധീനമുള്ളവരാണെന്നുകണ്ടാല്‍ മയത്തിലായിരിക്കും പൊലീസ് ഇടപെടല്‍. എന്നാല്‍ സാമ്പത്തികമായി പിന്നാക്കമുള്ള ജനങ്ങള്‍ക്ക് ഇതല്ല സ്ഥിതി.

അതിനാല്‍ തന്നെ, പൊലീസ് അതിക്രമത്തിനെതിരെ തെരുവിലിറങ്ങേണ്ട സ്ഥിതി മധ്യവര്‍ഗത്തിനില്ല. എന്നാല്‍ പാവങ്ങള്‍ തെരുവിലിറങ്ങുകയാണെങ്കില്‍ – നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്കുള്ള വലിയ കുടിയേറ്റങ്ങളില്‍ നമ്മള്‍ കണ്ടതുപോലെ – പൊലീസ് അവരെ തല്ലിച്ചതക്കും.

അമേരിക്കയിലെ പൊലീസ് അതിക്രമങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ വാര്‍ത്തയാകുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ ചാനലുകള്‍ പ്രതിഷേധക്കാരെ രാജ്യദ്രോഹികളാക്കും. നമ്മള്‍ ഇത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ കണ്ടതാണ്.

യുവാക്കളായ ഇന്ത്യക്കാര്‍ കാര്യങ്ങളെ വ്യത്യസ്തമായി കാണുന്നുണ്ടാകാം. പൗരത്വ പ്രക്ഷോഭത്തിലെ യുവ പങ്കാളിത്തം അത് കാണിക്കുന്നുണ്ട്. അമേരിക്കയിലും പ്രതിഷേധക്കാര്‍ കറുത്തവര്‍ഗക്കാരും, വെള്ളക്കാരും ലാറ്റിനോകളുമായ യുവാക്കള്‍ തന്നെയായിരുന്നു. പൗരത്വ നിയമ ഭേദഗതി മുസ്ലിംകളെ മാത്രമല്ല, എല്ലാവരെയും ബാധിക്കുന്ന ഒന്നായാണ് നമ്മള്‍ മനസിലാക്കിയത്.

അതുപോലെ പൊലീസ് അതിക്രമങ്ങളും നമ്മളെ എല്ലാവരെയും ഒരുപോലെ പിടിച്ചുലക്കേണ്ടതാണ്, നമ്മള്‍ വ്യക്തിപരമായി അത് അനുഭവിച്ചിട്ടില്ലെങ്കില്‍കൂടി. നമ്മുടെ സാമൂഹിക സംവിധാനങ്ങളില്‍ വലിയ മാറ്റങ്ങള്‍ അനിവാര്യമാണ്. സമൂഹത്തില്‍ സമ്മര്‍ദം ചെലുത്താന്‍ കെല്‍പുള്ള കൂട്ടായ പൊതുജനാഭിപ്രായത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ.

ഡൂള്‍ന്യൂസിനെ നിങ്ങള്‍ക്കും സാമ്പത്തികമായി പിന്തുണയ്ക്കാം. ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

കടപ്പാട്: ദി വയര്‍
മൊഴിമാറ്റം: അജ്മല്‍ ആരാമം

 

സിദ്ധാര്‍ഥ് ഭാട്ടിയ
മാധ്യമപ്രവര്‍ത്തകന്‍ എഴുത്തുകാരന്‍