തനിക്ക് ശേഷം പ്രധാനമന്ത്രിയായി മകള്‍ ഇന്ദിരയെയാണ് ജവഹര്‍ലാല്‍ നെഹ്റു പരിഗണിച്ചിരുന്നത് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അച്ഛനും മകളുമായി അടുത്ത ബന്ധമുണ്ടായിരുന്നവരുടെ വിവരണങ്ങള്‍ പ്രകാരം ഈ വാദത്തിന് വസ്തുതയുടെ പിന്‍ബലമില്ല എന്നതാണ് വെളിവാകുന്നത്.
പിന്‍ഗാമികളെ നിശ്ചയിക്കുന്ന വിഷയത്തില്‍ സ്വാതന്ത്ര്യപൂര്‍വ കാലത്ത് തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി ജാഗ്രത്തായിരുന്നു. മിക്കപ്പോഴും ചെറുപ്പക്കാരായ പാര്‍ട്ടി അധ്യക്ഷന്മാരെയായിരുന്നു തെരഞ്ഞെടുത്തിരുന്നത്. അക്കാലത്തെ കോണ്‍ഗ്രസ് പ്രസിഡന്റുമാരില്‍ ഭൂരിഭാഗവും നാല്‍പതുകളില്‍ ഉള്ളവരായിരുന്നു. (1929ല്‍ ആദ്യമായി പ്രസിഡന്റ് ആയപ്പോള്‍ നെഹ്റുവിന് നാല്‍പതു വയസ്സായിരുന്നു) ഗോപാല കൃഷ്ണ ഗോഖലെ, സുഭാഷ് ചന്ദ്ര ബോസ്, മൗലാന ആസാദ് തുടങ്ങിയ ചില നേതാക്കള്‍ അവരുടെ മുപ്പതുകളില്‍ ആണ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.
1947-ല്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിനെ മാറ്റി നിര്‍ത്തി നെഹ്റുവിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കാന്‍ ഒരു പ്രധാന കാരണമായി പരിഗണിച്ചിരുന്നത് നെഹ്റുവിന്റെ പ്രായക്കുറവും ആരോഗ്യവും കൂടിയായിരുന്നു. നെഹ്റുവിന് 58 വയസ്സ് മാത്രം ഉണ്ടായിരുന്നപ്പോള്‍ 72 കാരനായിരുന്നു പട്ടേല്‍.
പട്ടേലിന്റെ മരണശേഷം 1950-ല്‍ ഉയര്‍ന്നുവന്ന രണ്ട് പ്രധാന രാഷ്ട്രീയ സമസ്യകള്‍ ഇവയായിരുന്നു: കാബിനറ്റിലെ രണ്ടാമന്‍ ആരാകും. നെഹ്‌റുവിന് ശേഷം ആരാണ് പ്രധാനമന്ത്രി?
നെഹ്‌റുവിന് ആദ്യ പരിഗണന
മികച്ച സംഘടനാ പാടവവും ചുറുചുറുക്കും സ്വാതന്ത്ര്യ സമര കാലത്തെ പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തി, ജെ.പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന, ജയപ്രകാശ് നാരായണനെ തന്റെ പിന്‍ഗാമിയായി പരിഗണിക്കുന്നതില്‍ നെഹ്റു തല്പരനായിരുന്നു. ഒരു ബുദ്ധിജീവി കൂടിയായിരിക്കുന്ന നെഹ്റു അമേരിക്കന്‍ വിദ്യാഭ്യാസം നേടിയിരുന്ന ജെ.പിയെ ആദരിക്കുകയും ചെയ്തിരുന്നു.
‘ജെ.പി ക്ക് ഒരിക്കലും പിഴയ്ക്കാറില്ല’ എന്ന് നെഹ്റു പലപ്രാവശ്യം അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. തന്റെ മന്ത്രിസഭയിലെ മറ്റംഗങ്ങള്‍ എതിരഭിപ്രായം പ്രകടിപ്പിക്കാന്‍ ഭയപ്പെട്ടിരുന്നു എന്നും നെഹ്റുവിന് അറിയാമായിരുന്നു. അഭിപ്രായങ്ങള്‍ സധൈര്യം പ്രകടിപ്പിക്കാന്‍ ത്രാണിയില്ലാത്തവരെന്ന് എന്ന തരത്തില്‍ നെഹ്റുവിന് മന്ത്രിസഭയിലെ മിക്ക അംഗങ്ങളോടും അവമതിപ്പുണ്ടായിരുന്നു. മഹാത്മാ ഗാന്ധിയും ഈ വിഷയം നിരീക്ഷിച്ചിട്ടുണ്ട്.
1952-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയം നേടിയതിനു ശേഷം തന്റെ ഡെപ്യൂട്ടി ആയും, മനസാക്ഷി സൂക്ഷിപ്പുകാരനായും, തെറ്റുകള്‍ സംഭവിക്കുമ്പോള്‍ ഒരു തിരുത്തുകാരനായും ഗവണ്മെന്റിന്റെ ഭാഗമാകാന്‍ നെഹ്റു ജെ.പിയെ ക്ഷണിച്ചിരുന്നു. ജെ.പിയുടെ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും തമ്മിലുള്ള ഒരു ലയനം പോലും നെഹ്റു മുന്നോട്ടുവെച്ചിരുന്നു.
നെഹ്റുവിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാം ജെ.പി തള്ളുകയായിരുന്നു. ഗാന്ധിയുടെ പിന്‍ഗാമിയായും രാഷ്ട്രീയ വിശുദ്ധനായും സ്വയം കണ്ടിരുന്ന ജെ.പി അധികാര സ്ഥാനങ്ങളുടെ മോഹന വാഗ്ദാനങ്ങളില്‍ വീഴുമായിരുന്നില്ല. എന്നാല്‍ ഭരണനിര്‍വഹണത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ ജെ.പി തയാറല്ല എന്നാണ് ഈ സമീപനത്തെ നെഹ്റു വായിച്ചത്. തന്റെ പിന്‍ഗാമിയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആഗ്രഹിച്ച, ദുര്‍ഘടമായ ഈ രാജ്യത്തെ നയിക്കാന്‍ തനിക്ക് സഹായയാകുമെന്നു കരുതിയ വ്യക്തി തദ്വിഷയത്തില്‍ യാതൊരു താല്പര്യവും കാണിക്കാതിരുന്നതും നെഹ്റുവിനെ നിരാശനാക്കി.
‘തെരഞ്ഞെടുപ്പിലെ അദ്ദേഹത്തിന്റെ വന്‍ വിജയത്തില്‍ പ്രധാനമന്ത്രി സ്വാഭാവികമായും ആഹ്‌ളാദ ഭരിതനായിരുന്നു. പുരോഗമനപരമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുവാനും ക്രിയാത്മകമായി ഇടപെടാനും ഒരു പ്രതിപക്ഷം ഇല്ലാത്തതില്‍ അദ്ദേഹം അസന്തുഷ്ട്ടനായിരുന്നു. താന്‍ സര്‍വ്വജ്ഞാനിയല്ലെന്നും തനിക്ക് തെറ്റുപറ്റുമ്പോള്‍ തിരുത്താനും, ലക്ഷ്യസ്ഥാനം കരസ്ഥമാകുവാന്‍ പുരോഗമനപരമായ ബദല്‍മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും ഒരാളെ ആവശ്യമുണ്ടെന്ന് നെഹ്റു നാരായണനോട് പറഞ്ഞു. ചങ്കൂറ്റമില്ലാത്തവരുടെ കൂട്ടമായിരുന്നു അദ്ദേഹത്തിന്റെ കാബിനറ്റ്. ഉള്ളില്‍ എന്തൊക്കെയായിരുന്നാലും ഗവണ്മെന്റിന്റെ വീഴ്ച്ചകളെപ്പറ്റി അവര്‍ ഒരക്ഷരം ഉരിയാടില്ല. തന്റെ മന്ത്രിസഭക്ക് ഉള്ളില്‍ തന്നെ അത്തരത്തില്‍ ഒരു ക്രിയാത്മക പ്രതിപക്ഷം എന്ന നിലക്കായിരുന്നു നെഹ്റു നാരായണനെ ക്ഷണിച്ചത്.’
‘പ്രധാനമന്ത്രി നാരായണനോട് നേരിട്ട് ചോദിച്ചു, പുകഴ്ത്തി വശീകരിക്കുവാന്‍ നോക്കി, പിന്നെ അപേക്ഷിച്ചു, പിന്നെ നേര്‍വഴിക്ക് നടത്തുവാന്‍ ഒരാള്‍ എന്ന നിലക്ക് വരണമെന്ന് പ്രേരിപ്പിച്ചു. എന്നാല്‍ നാരായണന്റെ ഉത്തരം ‘ഇല്ല’ എന്ന് മാത്രമായിരുന്നു.’
‘നാരായണന്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ക്രിയാത്മകമായിരുന്നില്ല. അദ്ദേഹം വിമര്‍ശിക്കും, സമരം ചെയ്യും, അക്രമം പ്രോത്സാഹിപ്പിക്കും എന്നാല്‍ പുരോഗമനപരമായി, ക്രിയാത്മകമായി താന്‍ ചെയ്യണം എന്ന് ഉദ്ദേശിക്കുന്നത് നേടുന്നതിനുള്ള പാതയില്‍ ഒന്നും ചെയ്യില്ല. എന്തൊക്കെ ചെയ്യണം എന്ന് ബോധ്യമുണ്ടായിരുന്നിട്ടും അദ്ദേഹം ഒന്നും ചെയ്തില്ല.’
മന്ത്രിസഭയിലേക്കുള്ള നെഹ്‌റുവിന്റെ ക്ഷണവും ജെ.പിയുടെ ഉടനടിയുള്ള നിരാകരണവും 1952 ലും 1953-ലും തുടര്‍ന്നു. ജെ.പിയും ആചാര്യ കൃപലാനിയും നെഹ്റുവിന്റെ കഷ്ണം സ്വീകരിച്ച് മന്ത്രിസഭയില്‍ ചേരുന്നതിനെക്കുറിച്ച് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സുദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മന്ത്രിസഭയില്‍ ചേരണം എന്ന നിലപാടായിരുന്ന് അശോക് മേത്തക്ക് ഉണ്ടായിരുന്നത്. എന്നാല്‍ താനോ ജെ.പിയോ ക്യാബിനറ്റ് സ്ഥാനം സ്വീകരിക്കേണ്ടതില്ലെന്നും സര്‍ക്കാരിനെ പുറമെ നിന്ന് പിന്തുണച്ചാല്‍ മതി എന്നുമാണ് ആചാര്യ കൃപലാനി അഭിപ്രായപ്പെട്ടത്. എന്നാല്‍ രാം മനോഹര്‍ ലോഹിയയും ആചാര്യ നരേന്ദ്ര ദേവും ഒരു തരത്തിലുള്ള പിന്തുണയും നെഹ്റുവിന് കൊടുക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു.
നെഹ്റുവിന്റെ അടുത്ത ഉപദേഷ്ടാവും പിന്നീട് ഇന്ദിര ഗാന്ധിയുടെ വക്താവുമായിരുന്ന, എന്റെ പിതാവ് കൂടിയായ എച്ച്. വൈ ശാരദ പ്രസാദ് അന്ന് രേഖപ്പെടുത്തിയത് ഇങ്ങനെയാണ്:
‘നിരന്തരമായ ജെ.പിയുടെ വിസമ്മതം യാഥാര്‍ത്ഥത്തില്‍ ബഹുലമായ ദേശീയ വിഭവങ്ങളുടെ ദുര്‍വ്യയമാണ്. കടുത്ത ബൗദ്ധിക അരാജകവാദിയാണ് ജെ.പി. ഭരണകൂടത്തിന്റെ അന്യായങ്ങള്‍ക്കെതിരെ പോരാടാന്‍ സദാ തയാറാണ്, എന്നാല്‍ ഉത്തരവാദിത്വപൂര്‍ണമായ ഒരു സ്ഥാനം ഏറ്റെടുക്കാന്‍ തയാറല്ല.’
ഇന്ദിരയെ പ്രചോദിപ്പിച്ചത് ആര്?
ജെ.പിയുടെ നിലപ്പാട് മുതലെടുത്ത് ഗോവിന്ദ് ബല്ലഭ് പന്തും ഉച്ചരണ്‍ഗ്രയ് നവല്‍ശങ്കര്‍ ധേബാറും ഇന്ദിര ഗാന്ധിയെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയും അവരെ സ്വാധീനിച്ച് വലതുപക്ഷ നയങ്ങള്‍ നടപ്പിലാക്കുകയും ചെയ്തതെങ്ങനെ എന്ന് ‘I won’t be Writing & Other Essays ‘ എന്ന പുസ്തകത്തില്‍ എച്ച്. വൈ ശാരദ പ്രസാദ് പ്രതിപാദിക്കുന്നു.
നെഹ്റുവിന് ഭരണതലത്തില്‍ പൂര്‍ണമായി ആശ്രയിക്കാന്‍ ആരുമില്ലെന്നും നെഹ്റുവിനെ സഹായിക്കേണ്ടത് ഇന്ദിരയുടെ കടമയാണെന്നും, ജെ.പിയെപ്പോലെ മറ്റുള്ളവരും നെഹ്റുവിനെ കൈവെടിയുകയേ ഉള്ളു എന്നും അവര്‍ ഇന്ദിരാഗാന്ധിയെ ധരിപ്പിച്ചു.
ജെ.ബി പന്തും യു.എന്‍ ധേബാറും താങ്കളുടെ ജീവിതത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു. രാഷ്ട്രീയപരമായി കടുത്ത യാഥാസ്ഥിതികരും നെഹ്റുവിനേക്കാള്‍ വലതുപക്ഷവാദികളും ആയിരുന്നു അവര്‍.
നെഹ്‌റുവിന്റെ കമ്യൂണിസ്റ്റുകാരോടുള്ള അടുപ്പം അവസാനിപ്പിക്കുകയായിരുന്നു അവരുടെ പദ്ധതി. ഇന്ദിരയെ രാഷ്ട്രീയത്തില്‍ എത്തിക്കുക വഴി ഭാവി രാഷ്ട്രീയത്തില്‍ നിഷ്പ്രയാസം ഇടപെടാന്‍ കഴിയുമെന്നും തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാന്‍ സാധിക്കുമെന്നും അവര്‍ കണക്കുകൂട്ടി.
ഇന്ദിരയെ കോണ്‍ഗ്രസ്സിന്റെ സുപ്രധാനമായ വിവിധ കമ്മിറ്റികളില്‍ അംഗമാക്കുന്നതില്‍ ജി.ബി പന്ത് പങ്കുവഹിച്ചു. 1955 മുതല്‍ 1959 വരെ അഞ്ചുവര്‍ഷക്കാലം പാര്‍ട്ടി പ്രസിഡന്റായിരുന്ന യു.എന്‍ ധേബാര്‍ തന്റെ പിന്‍ഗാമിയായി ഇന്ദിര ഗാന്ധി അധികാരമേല്‍ക്കുന്ന തരത്തില്‍ 1959 ലെ പാര്‍ട്ടി തെരഞ്ഞെടുപ്പ് ക്രമീകരിച്ചു. ഇന്ദിരയുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് നെഹ്റുവും നിസ്സന്ദേഹനായിരുന്നില്ല. ഇന്ദിരയെ പ്രോത്സാഹിപ്പിച്ചിരുന്നില്ല നെഹ്റു, എന്നാല്‍ മകളെയോ അവരെ പിന്താങ്ങുന്നവരെയോ നെഹ്റു പിന്തിരിപ്പിക്കുകയും ചെയ്തിരുന്നില്ല.
താന്‍ പ്രധാനമന്ത്രിയായിരിക്കെ ഇന്ദിര കോണ്‍ഗ്രസ് പ്രസിഡണ്ട് ആകുന്നത് ഔചിത്യപൂര്‍ണമാകില്ല എന്ന് നെഹ്റു പരസ്യമായി അഭിപ്രായപ്രകടനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ എപ്പോഴൊക്കെ ഇന്ദിരയെ ഉത്തരവാദിത്വം ഏല്‍പിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അവര്‍ അത് ഭംഗിയായി നിറവേറ്റിയിട്ടുണ്ട് എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. നയതന്ത്രത്തിലും വിദേശകാര്യങ്ങളിലും ഇന്ദിര മികവ് പുലര്‍ത്തിയ സന്ദര്‍ഭങ്ങള്‍ നെഹ്റു എടുത്തുപറയുകയും ചെയ്തിരുന്നു.
1958-ല്‍ തന്റെ എഴുപതാം വയസില്‍ വിരമിക്കണമെന്ന് നെഹ്റു ആഗ്രഹിച്ചിരുന്നു. എന്നാല്‍ അനുയോജ്യമായ ഒരു പിന്‍ഗാമിയെ കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ജി.ബി പന്തും മൗലാന ആസാദും നെഹ്റുവിനേക്കാള്‍ പ്രായമേറിയവരും ആരോഗ്യം ക്ഷയിച്ചവരും ആയിരുന്നു.
വി.കെ കൃഷ്ണമേനോനും മൊറാര്‍ജി ദേശായിയും തങ്ങളുടെ അപ്രിയ വ്യക്തിത്വങ്ങളും ശത്രുക്കള്‍ ഏറെയുള്ളവരും ആയിരുന്നു. ഗുല്‍സാരിലാല്‍ നന്ദയും ലാല്‍ബഹാദൂര്‍ ശാസ്ത്രിയുമാകട്ടെ ഇന്ത്യയുടെ കൗ ബെല്‍റ്റിനപ്പുറം അറിയപ്പെടാത്തവരും ആയിരുന്നു.
ജഗ്ജീവന്‍ റാമിന് നേരെ അഴിമതിയാരോപണം ഉണ്ടായിരുന്നു, രാജ്യത്തെ വലിയൊരു ജനവിഭാഗത്തിന് അനഭിമതനും ആയിരുന്നു. കെ. കാമരാജ് നാടാരും വൈ.ബി ചവാനും പ്രാദേശിക നേതാക്കള്‍ മാത്രമായിരുന്നു.
നെഹ്റുവിന്റെ അറിവില്ലാതെ, 1959-ല്‍ ജി.ബി പന്തും ഇന്ദിര ഗാന്ധിയും ചേര്‍ന്ന് കലാപം ആസ്രൂത്രണം ചെയ്ത്, ശേഷം സംസ്ഥാനത്ത് നിയമവാഴ്ച പരാജയമാണെന്ന് വാദിച്ച് കേരളത്തിലെ കമ്യുണിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കി. ഈ വിഷയത്തില്‍ ഇന്ദിരയുമായി കടുത്ത വിരോധത്തിലായിരുന്നു നെഹ്റു.
ഒരുവര്‍ഷം കോണ്‍ഗ്രസ് പ്രസിഡണ്ട് ആയതിനു ശേഷം വീണ്ടും തലസ്ഥാനത്തേക്ക് വരുന്നതില്‍ നിന്നും ഇന്ദിര പിന്മാറി. പ്രത്യക്ഷ രാഷ്ട്രീയത്തില്‍ നിന്നും മാറി നെഹ്‌റുവിന്റെ ഓഫീസുമായി ബന്ധപ്പെട്ട് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നെഹ്‌റുവിന്റെ ഔദ്യോഗിക കാര്യകര്‍ത്താവായി നില്‍ക്കുകയും, പ്രധാനമന്ത്രിയുടെ വീട് നിയന്ത്രിക്കുകയും ചെയ്തിരുന്നെങ്കിലും അച്ഛനും മകളും വിരളമായേ സംസാരിച്ചിരുന്നുള്ളു. കേരള സംഭവമായിരുന്നു ഈ അകലത്തിനു കാരണം.
വിയന്നയിലെ ഒരു പൊതു പരിപാടിയില്‍ വെച്ച് 1984-ല്‍ എച്ച്.വൈ ശാരദ പ്രസാദ് പ്രസംഗിച്ചത് ഇപ്രകാരമായിരുന്നു: ‘തന്റെ പിതാവല്ല, ഗോവിന്ദ് ബല്ലഭ് പന്തും യു.എന്‍ ധേബാറുമാണ് പാര്‍ട്ടി രംഗത്ത് സജീവമാകുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഒന്നിലധികം തവണ ഇന്ദിര എന്നോട് പറഞ്ഞിട്ടുണ്ട്. എന്നെങ്കിലുമൊരിക്കല്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം അലങ്കരിക്കേണ്ടിവരുമെന്ന് താന്‍ ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല എന്ന അവരുടെ വാദത്തെ സാധൂകരിക്കാന്‍ ഒരു തെളിവുമുണ്ടായിരുന്നു.
അതായത്, തന്റെ പിതാവിന്റെ ഔദ്യോഗികവും രാഷ്ട്രീയവുമായ രേഖകള്‍ അങ്ങേയറ്റം സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിരുന്ന ഇന്ദിര, സ്വന്തം രേഖകളും കത്തുകളും പ്രസംഗങ്ങളും സൂക്ഷിക്കുന്നതില്‍ ഈ ശ്രദ്ധ പുലര്‍ത്തിയിരുന്നില്ല. താന്‍ കോണ്‍ഗ്രസ് അധ്യക്ഷ ആയിരുന്ന കാലത്തുണ്ടായിരുന്ന സ്വന്തമായ ഒരു രേഖപോലും ഇന്ദിരയുടെ കൈവശം ഉണ്ടായിരുന്നില്ല. സ്വകാര്യ ജീവിതം സ്വീകരിക്കണമോ പൊതുമുഖമായി മാറണമോ എന്ന ധര്‍മ്മസങ്കടത്തില്‍ ആയിരുന്നു ഇന്ദിര.’
അധികാര വടംവലി
1961 മാര്‍ച്ചില്‍ ജി.ബി പന്തിന്റെ മരണശേഷം മൊറാര്‍ജി ദേശായിയും ജഗ്ജീവന്‍ റാമുമായിരുന്നു മന്ത്രിസഭയില്‍ രണ്ടാമനാകാനുള്ള ചരടുവലികള്‍ നടത്തിയത്. ജഗ്ജിവന്‍ റാം യഥാര്‍ത്ഥത്തില്‍ ഇതിന് ഇന്ദിര ഗാന്ധിയുടെയും വി.കെ കൃഷ്ണമേനോന്റെയും പിന്തുണയും തേടിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിളര്‍പ്പിലേക്ക് തന്നെ നയിക്കാവുമായിരുന്ന ദേശായിയും ജഗ്ജിവന്‍ റാമും തമ്മിലുള്ള അസ്വാരസ്യം പരിഹരിക്കാന്‍ നെഹ്‌റു മുന്നിട്ടിറങ്ങേണ്ടി വന്നു.
ഇന്ദിരാ ഗാന്ധിയെ തന്റെ വിദേശകാര്യ മന്ത്രിയായി പ്രഖ്യാപിക്കാനും തന്റെ പിന്‍ഗാമിയായി അവരോധിക്കുവാനും നെഹ്റുവിനോട് ബിജു പട്‌നായിക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു പിന്‍ഗാമിയെ പ്രഖ്യാപിച്ചാല്‍ അത് അയാള്‍ക്ക് നിരവധി ശത്രുക്കളെ സമ്മാനിക്കുന്നതിന് കാരണമാകുമെന്നും അത് ആ വ്യക്തിയുടെ നാശത്തിലേക്ക് നയിക്കുമെന്നും വാദിച്ച് ഈ നിര്‍ദേശത്തെയും നെഹ്റു തള്ളുകയായിരുന്നു.
മൊറാര്‍ജി ദേശായിയെക്കുറിച്ചും നെഹ്റുവിന് അത്ര മികച്ച അഭിപ്രായമായിരുന്നില്ല. തന്റെ പിന്‍ഗാമിയായി മൊറാര്‍ജി ദേശായി വന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ദുരന്തസമാനമായിരിക്കുമെന്നും നെഹ്റു കരുതി. മന്ത്രിസഭയിലെ മികച്ച അംഗമായിരുന്നെങ്കിലും കര്‍ക്കശമായ കാഴ്ചപ്പാടുകളാല്‍ പൊതുവില്‍ അനഭിമതനായിരുന്നു ദേശായി. മാത്രമല്ല തെരഞ്ഞെടുപ്പുകള്‍ വിജയിക്കുവാന്‍ മാത്രം വ്യക്തിപ്രഭാവവുമുള്ള നേതാവുമായിരുന്നില്ല ദേശായി.
1959 മുതല്‍ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്റെ ദല്‍ഹി കറസ്പോണ്ടന്റ് ആയിരുന്ന അമേരിക്കന്‍ പൊളിറ്റിക്കല്‍ ജേര്‍ണലിസ്റ്റ് പുട്‌നാം വെല്‍സ് ഹാന്‍ഗെന്‍ തന്റെ ‘നെഹ്റുവിന് ശേഷം ആര്?’ എന്ന പുസ്തകത്തില്‍ പ്രധാനമന്തിയുടെ പിന്‍ഗാമികളാകാന്‍ സാധ്യതയുള്ളവരെ പട്ടികപ്പെടുത്തിയത് ഇങ്ങനെയാണ്:
1. മൊറാര്‍ജി ദേശായി, ധനകാര്യ മന്ത്രി
2 . ഇന്ദിര ഗാന്ധി
3. ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ആഭ്യന്തര മന്ത്രി
4 . വൈ.ബി ചവാന്‍, പ്രതിരോധ മന്ത്രി
5 . ജയപ്രകാശ് നാരായണന്‍
6 . എസ്.കെ പാട്ടീല്‍, ഭക്ഷ്യ കൃഷി മന്ത്രി
7. ജനറല്‍ ബ്രിജ് മോഹന്‍ കൗള്‍, സൈനിക മേധാവി
8 . വി.കെ കൃഷ്ണമേനോന്‍, ചൈന യുദ്ധത്തിന് ശേഷം സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ പ്രതിരോധ മന്ത്രി.
ഹാന്‍ഗെനുമായി സംസാരിച്ചതിന്റെ പേരില്‍ ഇന്ദിരയെ നെഹ്റു കര്‍ക്കശമായി ശാസിക്കുകയും ചെയ്തു. ഇതില്‍ അസ്വസ്ഥയായ ഇന്ദിര ‘അത് ലാല്‍ ബഹദൂര്‍ ശാസ്ത്രിയായിരിക്കും എന്നതില്‍ സംശയമില്ല’ എന്ന് ശാരദ പ്രസാദിനോട് പറഞ്ഞിരുന്നു.
1964ന്റെ തുടക്കത്തില്‍ നെഹ്റുവിന് സ്‌ട്രോക്ക് വന്ന് ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുവാന്‍ പ്രയാസമായ അവസ്ഥയില്‍ ശാസ്ത്രിയായിരുന്നു പ്രധാനമന്തിയുടെ ജോലികള്‍ നിര്‍വഹിച്ചിരുന്നത്. ശാസ്ത്രിയായിരിക്കും നെഹ്റുവിന്റെ പിന്‍ഗാമി എന്നതിന്റെ വ്യകതമായ സൂചനയായിരുന്നു ഇത്. ഇന്ദിര ഗാന്ധിയെ കാബിനറ്റില്‍ ഉള്‍പ്പെടുത്താന്‍ ബിജു പട്‌നായിക്കും കെ.ഡി മാളവ്യയും നെഹ്റുവില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു, എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ ഒക്കെയും നെഹ്റു തഴയുകയായിരുന്നു.
ശാരദ പ്രസാദ് എഴുതുന്നു: ‘വളരെ സാമര്‍ഥ്യത്തോടെ കാമരാജ് പ്ലാന്‍ വഴി തന്റെ പിന്‍ഗാമിയെ നിശ്ചയിക്കാനായിരുന്നു നെഹ്‌റുവിന്റെ പദ്ധതി. നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളവരില്‍ പ്രധാനിയായ മൊറാര്‍ജി ദേശായി വിശ്വസിച്ചിരുന്നത് നെഹ്റുവിന് തന്റെ കടമയൊഴിയുന്നതിനായുള്ള പദ്ധതിയാണ് കാമരാജ് പ്ലാന്‍ എന്നായിരുന്നു.
തല്‍സ്ഥാനത്തേക്ക് സാധ്യതയുണ്ടായിരുന്ന മറ്റൊരു വ്യക്തിയായിരുന്നു ലാല്‍ ബഹദൂര്‍ ശാസ്ത്രി. ഈ രണ്ട് വ്യക്തികളുടെയും സ്വഭാവഗുണങ്ങള്‍ ഒത്തുചേര്‍ന്ന ഒരു നേതാവുണ്ടായിരുന്നെങ്കില്‍ അതായിരുന്നു രാജ്യത്തിന് ഏറ്റവും ഉചിതമാകുക.
എന്നാല്‍ അങ്ങനെ ഒന്നുണ്ടായില്ല. ശാസ്ത്രിയും ദേശായിയും രണ്ട് ധ്രുവങ്ങളിലായിരുന്നു. കാമരാജ് പദ്ധതി പ്രകാരം ഇരുവരെയും സര്‍ക്കാര്‍ ചുമതലകളില്‍ നിന്നും ഒഴിവാകുകയും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ നിയോഗിക്കുകയും ചെയ്തു. അങ്ങനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തങ്ങളുടെ പാടവം കൊണ്ട് ആരായിരിക്കും സമ്മതി നേടുക എന്നും പ്രശ്‌നപരിഹാരത്തിനായി ആരെ സമീപിക്കും എന്നും പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചു. സൗഹൃദാലുവും വിനയശീലനുമായിരുന്ന ശാസ്ത്രിയെയാണ് ഗൗരവക്കാരനും അകന്നുനില്‍ക്കുന്നവനുമായ മൊറാര്‍ജിയെക്കാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.’
കുല്‍ദീപ് നയാര്‍ അഭിപ്രായപ്പെടുന്നത്
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജി.ബി പന്തിന്റെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും പ്രസ് സെക്രട്ടറി കൂടിയായിരുന്ന കുല്‍ദീപ് നയാര്‍ അഭിപ്രായപ്പെടുന്നത് ‘അദ്ദേഹം ഒരിക്കലും തുറന്ന് പറഞ്ഞിരുന്നില്ലെങ്കില്‍ കൂടി’ നെഹ്റു തനിക്ക് ശേഷം പ്രധാനമന്ത്രിയായി ഇന്ദിരയെ പരിഗണിച്ചിരുന്നു എന്നാണ്. ‘On Leaders and Icons: From Jinnah to Modi’ എന്ന തന്റെ പുസ്തകത്തില്‍ വിവിധ നേതാക്കളുമായി സംസാരിച്ച് ഈ വാദം നയാര്‍ വിശദമാക്കുന്നുണ്ട്.
തന്റെ അഭിപ്രായത്തെ സാധൂകരിക്കുവാന്‍ ചില സംഭവങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. തനിക്ക് തിരികെ അലഹാബാദിലേക്ക് പോകണമെന്ന് ലാല്‍ ബഹദൂര്‍ ശാസ്ത്രി ഒരിക്കല്‍ നയാരോട് പറഞ്ഞിരുന്നു. തദവസരത്തില്‍ നെഹ്റു കണ്ടുവെച്ചിരിക്കുന്ന പിന്‍ഗാമി താങ്കളാണെന്ന് നയാര്‍ ശാസ്ത്രിയോട് ഓര്‍മ്മിപ്പിച്ചു. എന്നാല്‍ നെഹ്റുവിന്റെ മനസ്സ് മകള്‍ക്കായി ഉറപ്പിച്ചിരിക്കുകയായെന്നാണ് ശാസ്ത്രി മറുപടി പറഞ്ഞത്. എന്നാല്‍ ഇന്ദിരക്ക് പ്രധാനമന്ത്രി പദത്തിലെത്തുക അത്ര അനായാസമായിരിക്കില്ല എന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
സംഭവവികാസങ്ങളില്‍ അസ്വസ്ഥനായ ശാസ്ത്രിയുടെ പ്രതികരണമായിരിക്കാം ഇത്.
എന്നാല്‍ കുല്‍ദീപ് നായാറുടെ തന്നെ എഴുത്തുകള്‍ അദ്ദേഹത്തിന്റെ തന്നെ മേല്‍വാദങ്ങള്‍ക്ക് വിരുദ്ധമായാണ് വന്നിട്ടുള്ളത്. ‘കാമരാജ് പദ്ധതി പ്രകാരം മൊറാര്‍ജി ഉള്‍പ്പടെ എല്ലാ മന്ത്രിമാരും രാജിവെച്ച ശേഷം പ്രത്യേക വകുപ്പില്ലാത്ത മന്ത്രിയായി ശാസ്ത്രിയെ നിയോഗിച്ച അവസരത്തില്‍ നെഹ്റു തന്റെ പിന്‍ഗാമിയായി ശാസ്ത്രിയെ പരിഗണിക്കുന്നുവെന്ന സൂചന നല്‍കിയിരുന്നുവെന്നു കാമരാജ് എന്നോട് പറഞ്ഞിരുന്നു,’ നയാര്‍ രേഖപ്പെടുത്തുന്നു.
‘ഭരണത്തുടര്‍ച്ചയുടെ വിഷയം കാമരാജ് നെഹ്റുവിനോട് കൂടിയാലോചിച്ച അവസരത്തില്‍ ബോധപൂര്‍വമായ ഒരു അവ്യക്തതയായിരുന്നു നെഹ്റു പ്രകടിപ്പിച്ചിരുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളാണ് മികച്ച വിധികര്‍ത്താക്കള്‍ എന്നാണ് അദ്ദേഹം (നെഹ്റു) പറഞ്ഞത്.
എന്നിരുന്നാലും ശാസ്ത്രിയുടെയും ഇന്ദിരയുടെയും പേരുകള്‍ ചര്‍ച്ചക്കിടയില്‍ നെഹ്റു പ്രതിപാദിക്കുകയും ചെയ്തിരുന്നു. വിശ്വസ്ഥനായ അനുയായി എന്ന നിലയില്‍ കാമരാജിന്റെ മനസ്സില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആദ്യം ശാസ്ത്രിയും രണ്ടാമതായി ഇന്ദിരയും എന്നതായിരുന്നു. ഇരുവരുടെയും തെരഞ്ഞെടുപ്പില്‍ കാമരാജ് വലിയ പങ്കുവഹിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മുഖ്യധാരയുടെ പ്രതിനിധിയായിരുന്നു കാമരാജ് എന്നതിനാല്‍ തന്നെ മൊറാര്‍ജിയെ എല്ലായിപ്പോഴും തഴയുകയുമായിരുന്നു. വ്യക്തിപരമായും കാമരാജിന് മൊറാര്‍ജിയോട് അതൃപ്തിയുണ്ടായിരുന്നു,’ കുല്‍ദീപ് നയാര്‍ നിരീക്ഷിക്കുന്നു.
എന്നാല്‍ മറ്റൊരിക്കല്‍, ശാസ്ത്രിയുടെ മരണശേഷം, നയാര്‍ ഇങ്ങനെ എഴുതി: ‘നെഹ്റുവിന് ശേഷം അധികാരത്തിലേറുവാനുള്ള ആഗ്രഹം ശാസ്ത്രിയുടെ ഉള്ളില്‍ ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഞങ്ങള്‍ക്കൊക്കെയും മനസിലാക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആകുക എന്നതിനപ്പുറം ശാസ്ത്രിക്ക് മറ്റൊന്നും ഉണ്ടായിരുന്നില്ല എന്നാണ്.’
മറ്റൊരവസരത്തില്‍ നയാര്‍ എഴുതുന്നു: ‘ശാസ്ത്രി ദേഷ്യത്തോടെ എന്നോട് ചോദിച്ചു: ‘പ്രധാനമന്ത്രി ആകാന്‍ ആഗ്രഹമില്ലാത്ത ഒരു പരിശുദ്ധാത്മാവാണ് ഞാനെന്ന് കരുതുന്നുണ്ടോ?’. നയാരുടെ ഈ വാദങ്ങള്‍ക്കെതിരെ ശാസ്ത്രിയുടെ മക്കള്‍ രംഗത്തുവന്നിരുന്നു.
അധികാരമാറ്റത്തെ പറ്റി കുല്‍ദീപ് നയാര്‍ തുടരുന്നു: ശാസ്ത്രി രണ്ട് പേരുകളാണ് മുന്നോട്ട് വെച്ചത്. ജയപ്രകാശ് നാരായണന്‍, ഇന്ദിരാഗാന്ധി എന്ന ക്രമത്തിലായിരുന്നു അത്.
മുതിര്‍ന്ന നേതാക്കളുമായി ഞാന്‍ നടത്തിയ അന്വേഷണങ്ങളില്‍ മനസിലായത് നെഹ്‌റുവിന്റെ പിന്‍ഗാമിയാകുവാന്‍ മൂന്ന് സാധ്യതകളാണ് ശാസ്ത്രി തന്റെ വിശ്വസ്തരുമായി പങ്കുവെച്ചിരുന്നത്.
1. ശാസ്ത്രിയുടെ അഭിപ്രായത്തില്‍ ഏറ്റവും സാധ്യത ഏറിയത് താനും മൊറാര്‍ജി ദേശായിയും തമ്മിലുള്ള ഒരു മത്സരത്തിനായിരിക്കും. മൊറാര്‍ജി പലര്‍ക്കും അപ്രിയനായിരുന്നതിനാല്‍ എളുപ്പത്തില്‍ വിജയിക്കാന്‍ കഴിയും. ‘മൊറാര്‍ജി ഒഴികെ മറ്റാരും’ എന്ന അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്.
2. ഇന്ദിരാഗാന്ധി ദുഖാചരണത്തില്‍ ആകുമെന്നതിനാല്‍ തനിക്കെതിരെ മത്സരിക്കാന്‍ സാധ്യതയില്ലെന്ന് ശാസ്ത്രി കണക്കുകൂട്ടി. എന്നാല്‍ അങ്ങനെ ഒരു മത്സരം ഉണ്ടാകുന്ന സാഹചര്യത്തില്‍ തന്നെയും, കാമരാജിന്റെ പിന്തുണ ഉണ്ടായിരുന്നതിനാല്‍, ഇന്ദിരക്ക് മുകളില്‍ മേല്‍ക്കൈ ലഭിക്കുമെന്നും ശാസ്ത്രി കരുതിയിരുന്നു.
3. രാജ്യത്തെ നയിക്കാന്‍ ഏറ്റവും ഏറ്റവും ഉചിതനായ വ്യക്തി ജെ.പിയാണെന്നും ശാസ്ത്രി പ്രഖ്യാപിച്ചു. ജെ.പി ചെറിയ ഒരു താത്പര്യമെങ്കിലും കാണിച്ചിരുന്നെകില്‍ താന്‍ അദ്ദേഹത്തിനായി മാറിനില്‍ക്കും എന്നും ശാസ്ത്രി പറഞ്ഞു. എന്നാല്‍ ജെ.പി തയ്യാറാകില്ല എന്ന് ശാസ്ത്രി കരുതിയിരുന്നു.
മൊറാര്‍ജി പരാജയപ്പെട്ടതെങ്ങനെ
1964 മേയ് മാസത്തില്‍ നെഹ്റുവിന്റെ മരണ ശേഷം ആഭ്യന്തര മന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലെ ശക്തരായ അഞ്ചുപേര്‍, മദ്രാസിലെ കെ കാമരാജ്, ആന്ധ്രയില്‍ നിന്നുള്ള നീലം സഞ്ജീവ റെഡ്ഡി, മൈസൂരിലെ നിജലിംഗപ്പ, ബോംബയില്‍ നിന്നും എസ്. കെ പാടീല്‍, ബംഗാളില്‍ നിന്നുള്ള അതുല്യ ഘോഷ് എന്നിവരൊക്കെയും മൊറാര്‍ജിക്കെതിരായിരുന്നു.
മൊറാര്‍ജിയുടെ സാദ്ധ്യതകള്‍ ഇല്ലാതാക്കുന്നതില്‍ കുല്‍ദീപ് നയാര്‍ വലിയ പങ്കുവഹിച്ചിരുന്നു. ‘ഞങ്ങള്‍ക്കാണ് കൂടുതല്‍ പിന്തുണയുള്ളത് എന്ന് താങ്കള്‍ക്ക് ശാസ്ത്രിയെ അറിയിക്കാം’ എന്ന് മൊറാര്‍ജിയുടെ മകന്‍ കാന്തി ദേശായി നെഹ്‌റുവിന്റെ ശവസംസ്‌കാരം കഴിഞ്ഞയുടന്‍ തന്നെ പറഞ്ഞതായി കുല്‍ദീപ് നയാര്‍ തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.
നെഹ്റുവിന്റെ ചിത അണയും മുമ്പ് തന്നെ മൊറാര്‍ജി അധികാരത്തിനായി അവകാശമുയര്‍ത്തുന്നു എന്ന് ഉടന്‍ തന്നെ നയാര്‍ യൂണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയില്‍ വാര്‍ത്ത ചെയ്തു. ‘തങ്ങളെ പിന്തുണക്കുന്നവരുടെ പട്ടിക ഒത്തുനോക്കുന്ന തിരക്കിലാണ് മൊറാര്‍ജിയുടെ മകന്‍ കാന്തി. അങ്ങേയറ്റം യാഥാസ്ഥിതിക സമൂഹമായ ഇന്ത്യയില്‍ ഇത് ദൈവനിന്ദാപരമാണ്. എന്നാല്‍ മറുവശത്തു, ശാസ്ത്രിയാകട്ടെ നെഹ്റുവിന്റെ മരണാന്തര ചടങ്ങുകളുടെ തിരക്കിലാണ്. ശാസ്ത്രി എത്രമാത്രം ആത്മാര്‍ത്ഥമായാണ് നെഹ്റുവിന്റെ സ്‌നേഹിച്ചതെന്ന് ജനങ്ങള്‍ മറക്കില്ല,’ നയാര്‍ എഴുതി.
അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അന്തരഫലം എന്തായിരുന്നു എന്ന് നയാര്‍ രേഖപ്പെടുത്തുന്നുണ്ട്: ‘എന്റെ വാര്‍ത്ത പുറത്തുവന്നതോടെ മൊറാര്‍ജിയുടെ സ്ഥാനമോഹനത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ അതൃപ്തി രേഖപ്പെടുത്തി. ഏതാണ്ട് നൂറിനടുത്ത് എം.പിമാര്‍ ശാസ്ത്രിയുടെ പക്ഷത്തേക്ക് മാറി.
‘ ശാസ്ത്രിയെ പ്രധാനമന്ത്രിയാക്കാന്‍ സഹായിച്ചതിന് കാമരാജ് വ്യക്തിപരമായി തന്നെ നന്ദി രേഖപ്പെടുത്തിയിരുന്നു എന്ന് നയാര്‍ പറയുന്നു. തന്റെ സാദ്ധ്യതകള്‍ എല്ലാം ഇല്ലാതാക്കിയത് നയാര്‍ ആണെന്ന് മൊറാര്‍ജിയും അഭിപ്രായപ്പെട്ടിരുന്നു.
ഇന്ദിരയോ ജെ.പിയോ അധികാരത്തിന് അവകാശം ഉന്നയിക്കില്ല എന്ന ശാസ്ത്രിയുടെ നിഗമനം ശെരിയായിരുന്നു. ശാസ്ത്രിയെ ഒരു ഐകകണ്ഠ വ്യക്തിയായി ഉറപ്പിക്കുന്നതില്‍ നയാരുടെ ലേഖനം സഹായിച്ചു.
ഇന്ദിര ഗവണ്മെന്റില്‍ ചേരുന്നു
ഇന്ദിരയെ കാബിനറ്റില്‍ ഉള്‍പ്പെടുത്താന്‍ ബിജു പട്‌നായിക്കും കെ.ഡി മാളവ്യയും പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു എന്ന് 1944 മുതല്‍ നെഹ്റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന, തന്റെ ജനിക്കാതെ പോയ മകന്‍ എന്ന് നെഹ്റു തന്നെ വിശേഷിപ്പിച്ച, എന്‍.കെ ശേഷന്‍ രേഖപ്പെടുത്തുന്നു.
എന്നാല്‍ ശാസ്ത്രി ഇന്ദിരയെ സമീപിച്ചപ്പോള്‍ താന്‍ ദുഃഖാചരണത്തില്‍ ആണെന്നും ഇപ്പോള്‍ ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കുന്നത് തന്നെ അനവസരത്തിലാണെന്നും പറഞ്ഞു ശാസ്ത്രിയോട് കയര്‍ക്കുകയായിരുന്നു, ശേഷന്‍ എച്ച്. വൈ ശാരദ പ്രസാദിനോട് പറഞ്ഞു.
നെഹ്റു കുടുംബത്തില്‍ നിന്നും ഒരാളെയെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണെമെന്ന് ശാസ്ത്രിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇന്ദിര സ്വീകരിച്ചില്ലായിരുന്നെങ്കില്‍ നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനെ മന്ത്രിസഭയിലേക്ക് പരിഗണിക്കുമായിരുന്നു.
ഇന്ദിരയും പിതൃസഹോദരിയായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റും തമ്മില്‍ ചെറുപ്പകാലം മുതല്‍ തന്നെ അസ്വാരസ്യത്തിലായിരുന്നു. അവര്‍ കാബിനറ്റില്‍ ഉള്‍പ്പെട്ടാല്‍ തന്റെ ജീവിതം ദുരിതപൂര്‍ണമായിരിക്കുമെന്നും ഇന്ദിര കരുതിയിരുന്നു. എന്നാല്‍ ഇന്ദിരയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനുള്ള ശാസ്ത്രിയുടെ തന്ത്രമായിരുന്നോ വിജയലക്ഷ്മി പണ്ഡിറ്റിന് അവസരം നല്‍കുമെന്ന വാദം എന്നത് ശേഷന്‍ രേഖപ്പെടുത്തുന്നതില്‍ നിന്നും അവ്യക്തമാണ്.
ശാസ്ത്രിയുടെ ക്ഷണം ഇന്ദിര സ്വീകരിച്ചു. മധ്യനിര വകുപ്പായിരുന്ന വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ചുമതലയും ലഭിച്ചു. ഉയര്‍ന്ന വകുപ്പ് ആയിരുന്നില്ലെങ്കിലും ഇന്ദിരയെ സംതൃപ്തിപ്പെടുത്തുന്നതായിരുന്നു അത്.
ശാസ്ത്രിയുടെ മരണവും ഇന്ദിരയുടെ വരവും
താഷ്‌കന്റില്‍ വെച്ച് ശാസ്ത്രി മരണപ്പെട്ടതിന് തൊട്ടുടനെ ‘സ്വരണ്‍ സിങ് എന്നോട് ചോദിച്ചു, ‘കുല്‍ദീപ്, അടുത്ത പ്രധാനമന്ത്രി ആരാകും എന്നാണ് താങ്കള്‍ കരുതുന്നത്?’. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ശാസ്ത്രി തന്നെ എന്നോട് പറഞ്ഞത് ‘അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ മരണപ്പെടുകയാണെങ്കില്‍ എന്റെ പിന്‍ഗാമി ഇന്ദിരാഗാന്ധി ആയിരിക്കും. ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ അത് വൈ.ബി ചവാന്‍ ആയിരിക്കും,’ എന്ന് ഞാന്‍ ആവര്‍ത്തിച്ചു. അന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ചവാന്‍ എന്നോട് പറഞ്ഞു ‘കുല്‍ദീപ്, തങ്ങള്‍ ഇത് എന്തായാലും എഴുതണം.’ നയാറിന്റെ ഈ വിവരണം കൃത്യമാണെന്ന് എന്റെ വൃത്തങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്യുന്നു.
ആഭ്യന്തര മന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റു. മൊറാര്‍ജി ദേശായി ഉടന്‍ തന്നെ തന്റെ സ്ഥാനാര്‍ത്ഥിത്വം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടുവന്നു. നന്ദ ഇന്ദിരാഗാന്ധിയെ സമീപിക്കുകയും സ്ഥാനാര്‍ത്ഥിയാകുവാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്ന് എന്‍.കെ ശേഷന്‍ രേഖപ്പെടുത്തുന്നു. എന്നാല്‍ ഇന്ദിര ഒഴിഞ്ഞുമാറുകയാണുണ്ടായത്.
ശേഷം, 1967 ലെ തെരഞ്ഞെടുപ്പുവരെ തല്‍സ്ഥാനത്തു തുടരാന്‍ തന്നെ പിന്തുണക്കണമെന്ന് നന്ദ ഇന്ദിരയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ദിര, പാര്‍ട്ടി എന്ത് പറയുന്നോ അതിനൊപ്പം ഞാന്‍ നില്‍ക്കും എന്ന് മറുപടി നല്‍കി. എന്നാല്‍ ഇത് തനിക്കുള്ള പിന്തുണയാണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹം കാമരാജിനെ സമീപിക്കുകയും 1967 വരെ പ്രധാനമന്ത്രി സ്ഥാനത്തു തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു എന്ന് ശേഷന്‍ ശാരദ പ്രസാദിനോട് പറഞ്ഞു.
എന്നാല്‍ കാമരാജ് അതിനോടകം തന്നെ മൊറാര്‍ജിയെ തോല്‍പിക്കുവാനുള്ള വ്യക്തിപ്രഭാവമുള്ള ആളായി ഇന്ദിര ഗാന്ധിയെ മനസ്സില്‍ പരിഗണിച്ചിരുന്നു. കാബിനറ്റിലെ മറ്റ് നാലുപേര്‍ക്ക് കാമരാജ് തന്നെ പ്രധാനമന്ത്രി ആകണം എന്ന അഭിപ്രായക്കാരായിരുന്നു. എന്നാല്‍ കാമരാജ് അദ്ദേഹത്തിന്റെ പ്രശസ്തമായ മറുപടി കൊണ്ട് അത് തഴഞ്ഞു. ‘ഇംഗ്ലീഷുമില്ല, ഹിന്ദിയുമില്ല, പിന്നെങ്ങനെ?’. ഇന്ദിരക്ക് പിന്തുണ ഉറപ്പാക്കുന്നതില്‍ കാമരാജ് മുഴുകി.
‘അവര്‍ക്ക് ലോകത്തെ നേതാക്കളെയൊക്കെ അറിയാം, അച്ഛനോടൊപ്പം ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്, സ്വാതന്ത്യ സമര പോരാട്ടത്തിലെ അതികായകരോടൊപ്പം വളര്‍ന്നവരാണ് അവര്‍, യുക്തിസഹിതമായ ആധുനിക ചിന്താഗതിയുണ്ട്, ജാതി-മത ദേശ ചിന്തകള്‍ക്ക് അതീതയാണ് അവര്‍. പിതാവിന്റെ ശാസ്ത്രീയ ചിന്ത മകള്‍ക്കും ലഭിച്ചിട്ടുണ്ട്. സര്‍വോപരി 1967 ലെ തെരഞ്ഞെടുപ്പ് ജയിക്കുകയും ചെയ്യും,’ കാമരാജ് പറഞ്ഞു.
355-169 വോട്ടുകള്‍ക്ക് ഇന്ദിര നിഷ്പ്രയാസം മൊറാര്‍ജിയെ തോല്‍പിച്ചു.
നെഹ്റു ആഗ്രഹിച്ചത് ജെ.പിയെ, ലഭിച്ചത് ഇന്ദിരയെ
ഇന്ദിരക്ക് ‘നല്ല നയതന്ത്ര പാടവമുണ്ട്’ എന്ന രീതിയില്‍ ചിലപ്പോള്‍ സൂചിപ്പിച്ചിരുന്നതൊഴിച്ചാല്‍ ഇന്ദിരാഗാന്ധി തന്റെ പിന്‍ഗാമിയായി പ്രധാനമന്ത്രി ആകണം എന്ന് നെഹ്റു ഒരിക്കലും അഭിപ്രായപ്പെട്ടിരുന്നില്ല.
നെഹ്‌റുവിന്റെ ഓഫീസ് കൈകാര്യകര്‍ത്താവായി നിന്നിരുന്നപ്പോള്‍ ഇന്ദിര രാഷ്ട്രീയത്തിലെ ഉന്നതരുമായി അടുത്തിടപഴകുകയും ആദ്യപാഠങ്ങള്‍ ഉറപ്പിക്കുകയും ചെയ്തു എന്നത് വാസ്തവമാണ്. എന്നാല്‍ കാബിനറ്റ് രേഖകളോ ഗവണ്മെന്റ് ഫയലുകളോ മനസിലാകുകയോ ഇന്റലിജന്‍സ്-സൈനിക വിവരങ്ങള്‍ ലഭിക്കുകയോ ചെയ്തിരുന്നില്ല.
എന്റെ കുല്‍ദീപ് നയാറുമായുള്ള ചര്‍ച്ചകളിലും നെഹ്റു മകളെ പ്രോത്സാഹിപ്പിച്ചിരുന്നതായി മൂര്‍ത്തമായ വാദങ്ങള്‍ ഒന്നും അദ്ദേഹവും മുന്നോട്ടുവെച്ചില്ല. എന്റെ പിതാവ് ശാരദ പ്രസാദിനോട് ധനകാര്യമന്ത്രിയായിരുന്ന ടി.ടി കൃഷ്ണമാചാരി പറഞ്ഞത് പ്രകാരം തന്റെ മകള്‍ ശാസ്ത്രി കാബിനറ്റില്‍ ഒരു വിദേശകാര്യമന്ത്രി വരെ പരമാവധി ആയേക്കാം എന്നാണ് നെഹ്റു കരുതിയത്.
ജെ.പി നെഹ്‌റുവിന്റെ ക്ഷണം സ്വീകരിക്കുകയും കാബിനറ്റില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു.
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ പിള്ളയാണ് അധികാരകൈമാറ്റം കൃത്യമായി വരച്ചിട്ട ഒരേയൊരാള്‍ എന്ന് പറയാം. ശങ്കര്‍ വീക്കിലിയില്‍ വരച്ച കാര്‍ട്ടൂണില്‍ ഒരു മാരത്തണ്‍ ഓട്ടത്തില്‍ ഒന്നാമതായി ലാല്‍ ബഹദൂര്‍ ശാസ്ത്രി എത്തുന്നു, രണ്ടാമതായി ഇന്ദിരാഗാന്ധിയും മൂന്നാമതായി മൊറാര്‍ജി ദേശായിയും. മറ്റ് മത്സരാര്‍ത്ഥികള്‍ ഒക്കെ ട്രാക്കില്‍ കുഴഞ്ഞുവീഴുന്നു.