| Friday, 11th October 2019, 4:56 pm

കൂട്ടുകാരിയുടേതല്ല, എന്റെ തന്നെ അനുഭവം; പാത്രബാക്കി / എച്ചില്‍ കഴിക്കാന്‍ വിധിക്കപ്പെട്ട ഒരു ഭാര്യയുടെ കഥ

രാജശ്രീ ആര്‍

മുന്‍കുറിപ്പ്: ഇതൊരു കൂട്ടുകാരിയുടെ അനുഭവമാണെന്ന് എനിക്ക് നൈസായി എഴുതിവയ്ക്കാവുന്നതേ ഉള്ളൂ. പക്ഷേ അതല്ല. ഇതു വായിക്കുന്ന തല്‍പരകക്ഷികള്‍ ‘എന്റെ / ഞങ്ങളുടെ നിര്‍ദ്ദോഷമായ സ്‌നേഹപ്രകടനങ്ങള്‍ നീ ഇങ്ങനെ വായിച്ചല്ലോ ‘ എന്ന് അമ്പരക്കുന്നത് കാണാനാവുന്നുണ്ട്. എന്നാലും സാരമില്ല. ഈ ടൈപ്പ് നീന്തല്‍ വെള്ളത്തിലിറങ്ങിത്തന്നെ പഠിക്കുന്നതാണ് നന്നാവുക.

രണ്ടു പെണ്‍മക്കളുള്ള കുടുംബത്തില്‍ നിന്ന് കൊല്ലം ജില്ലയിലേക്ക് സജീവ ഇടത് അനുഭാവിയായ ഒരു അദ്ധ്യാപകന്റെ ജീവിത പങ്കാളിയായി അദ്ധ്യാപികയായ ഞാന്‍ എത്തുന്നത് പതിനാറു വര്‍ഷം മുമ്പാണ്. (കല്പന ചൗളയടക്കം ഏഴ് ബഹിരാകാശ സഞ്ചാരികളുമായി കൊളമ്പിയ തകര്‍ന്നിട്ട് രണ്ടു മാസവും പതിനഞ്ചു ദിവസവുമായിരുന്നു. )

വിവാഹപ്പിറ്റേന്ന് ഞാന്‍ പുതിയ അടുക്കളയില്‍ കയറി. പാചകം അന്നും ഇന്നും ഇഷ്ടമാണ്, അത്യാവശ്യം നല്ലതുമാണ്. എന്താണ് പതിവെന്ന് അമ്മ പറഞ്ഞു തന്നു. പുളിശ്ശേരി, പപ്പടം, മീന്‍ കറി, മീന്‍ വറുത്തത്, തോരന്‍ / അവിയല്‍/ തീയല്‍ ഇതാണ് മെനു. ഒരറ്റത്തു നിന്നു തുടങ്ങി.
മറ്റേയറ്റത്തു തീര്‍ന്നു.

പരിചിതമായ രുചി -ഗന്ധങ്ങളാണ്. തനിയെ ഉണ്ടാക്കിയതിനാല്‍ അന്യമായവയുമായി പടവെട്ടണ്ടല്ലോ എന്ന് ആശ്വസിച്ചു. (കല്യാണം കഴിഞ്ഞാല്‍ അങ്ങനെയാണ്, നമ്മള്‍ വേണ്ടിടത്തും വേണ്ടാത്തിടത്തും ആശ്വസിച്ചു കൊണ്ടിരിക്കും.) വിളമ്പാന്‍ നേരമായപ്പോള്‍ അമ്മ നാലു വീതം കുഴികളുള്ള പരന്ന രണ്ടു പാത്രങ്ങള്‍ എടുത്തു തന്നു. അതില്‍ വിളമ്പണം. അച്ഛനും മകനുമാണ്. അടുത്തു നിന്ന് വിളമ്പിക്കൊടുക്കണം.

അമ്മയുടെ മേല്‍നോട്ടത്തില്‍ ആ ഐറ്റം ഞാന്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. മകന്റെ രുചി നിര്‍ബന്ധങ്ങളെക്കുറിച്ച് അമ്മയുടെ ഒരു ക്രാഷ് കോഴ്‌സ് ഉണ്ടായിരുന്നു. ഭാര്യയുടെ കൈപ്പുണ്യത്തിന് ഭര്‍ത്താവ് അഭിമാനപൂര്‍വം പത്തില്‍ ഏഴു മാര്‍ക്ക് തന്നു. അമ്മയ്ക്ക് എട്ട്. ജംഗ്ഷനിലെ സ്റ്റാര്‍ (പേരാണ്. തെറ്റിദ്ധരിക്കരുത് ) ഹോട്ടലിന് ഒമ്പത്. സ്‌കൂളില്‍ ഭക്ഷണം സപ്ലൈ ചെയ്യുന്ന ചേച്ചിക്ക് പത്ത്. എന്നാലും കൊള്ളാമെടീ, കൊള്ളാം എന്നു പറഞ്ഞല്ലോ. ശരി, സന്തോഷം.

ആദ്യത്തെ ട്രിപ്പ് കഴിഞ്ഞ് അച്ഛനും മകനും എഴുന്നേറ്റു. പാത്രങ്ങള്‍ എടുക്കാന്‍ തുനിഞ്ഞ എന്നെ തടഞ്ഞു കൊണ്ട് അമ്മ പറഞ്ഞു.

‘പാത്രബാക്കി കഴിക്കണം മോളേ ‘. അവര്‍ അച്ഛന്റെ എച്ചില്‍ പാത്രത്തിനു മുന്നിലിരുന്നു. എന്റെ മുന്നില്‍ മകന്റെ എച്ചില്‍ പാത്രമുണ്ട്. ഒരു മൂലയ്ക്ക് ഒരു സ്പൂണ്‍ ചോറ് ബാക്കിയുണ്ട്. എല്ലാ കുഴികളിലും എല്ലാ കറി കളുടെയും അവശിഷ്ടമുണ്ട്.

മീന്‍കറി, അമരപ്പയര്‍തോരന്‍ എന്നിവ വിശേഷിച്ച്. പരന്ന പാത്രത്തില്‍ പുളിശ്ശേരിയില്‍ കുതിര്‍ന്ന മഞ്ഞ വറ്റുകളുടെ പ്രതലത്തില്‍ അമ്മ എനിക്ക് പുതിയ ചോറ് സ്‌നേഹത്തോടെ വിളമ്പിത്തന്നു. എത്രയോ കാലമായുള്ള പതിവുപോലെ മറ്റേ പാത്രത്തിലേക്ക് വിളമ്പി അവരും കഴിച്ചു തുടങ്ങി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഏതു നിമിഷവും ഛര്‍ദ്ദിക്കുമെന്ന ഭയം എന്റെ കഴുത്തിനു കുത്തിപ്പിടിച്ചു. അന്നു മുതല്‍ ഞാന്‍ സ്‌നേഹിക്കേണ്ട മനുഷ്യനാണല്ലോ എന്ന് അടുത്ത ട്രിപ്പ് ആശ്വസിച്ചു കൊണ്ട് ഞാന്‍ ആഹാരം കഴിക്കാന്‍ ശ്രമിച്ചു. കണ്ണുകള്‍ നിറഞ്ഞു പണ്ടാരമടങ്ങിയതു കാരണം ഒന്നും കാണാന്‍ വയ്യ. ഞാന്‍ ചോറിന്റെ ക്രീമിലെയര്‍ മാത്രം കൈവശപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോഴാണ് അമ്മ കഴിച്ചെഴുന്നേല്‍ക്കുന്നത്. അവരുടെ കയ്യിലെ പാത്രത്തില്‍ ബാക്കിയുണ്ടായിരുന്ന തോരന്‍ കൂടി എച്ചില്‍ക്കൈകൊണ്ടു തന്നെ വാരി എന്റെ പാത്രത്തിലേക്കിട്ടു തന്നു.

‘മോള് കഴിക്ക്.’ തൃപ്തിയായി. നിറഞ്ഞു. (ഇപ്പോഴും മൂന്നു കാര്യങ്ങളാണ് ജീവിതത്തില്‍ എനിക്ക് അനിഷ്ടമുള്ളത്. ഒന്ന് -അമരപ്പയര്‍ തോരന്‍, രണ്ട് – കുഴികളുള്ള പാത്രം, മൂന്ന് – ഹമാം സോപ്പിന്റെ മണമുള്ള വാഷ്‌ബേസിന്‍. സത്യമായും ഛര്‍ദ്ദിക്കാന്‍ തോന്നും.)

പിന്നീടൊരിക്കല്‍ ഒരു വട്ടമേശ നടക്കുമ്പോള്‍ ഭര്‍ത്തൃ സഹോദരി തന്റെ ഭര്‍ത്താവിന് ഈ ശീലം ഇഷ്ടമല്ലെന്ന് സൂചിപ്പിച്ചു. താന്‍ കഴിച്ച പാത്രത്തില്‍ മറ്റാരും കഴിക്കാതിരിക്കാന്‍ അദ്ദേഹം വെള്ളമൊഴിച്ചുകളയുകയാണ് പതിവ്.

‘എന്റെ ഭാര്യയ്ക്ക് പക്ഷേ പാത്രബാക്കി വേണം അല്യോടി?’ എന്ന പ്രാണനാഥന്റെ സാഭിമാനമുള്ള തല്‍സമയ ചോദ്യത്തിന്, ‘വേണ്ട, എനിക്കതിഷ്ടമില്ല’ എന്നു പറയാതിരുന്നതിന് സ്‌നേഹമെന്നല്ല അടിമത്തം എന്നാണു പേരെന്നും അത്തരം ചോദ്യങ്ങള്‍ക്കൊപ്പമുണ്ടാവുന്ന സമസ്ത ഭാവഹാവാദികളും അശ്ലീലമാണെന്നും തിരിച്ചറിയാന്‍ ഒരു വ്യാഴവട്ടം കൂടി വേണ്ടിവന്നു.

ജനാധിപത്യം എന്നത് വളരെ നല്ല ഒരാശയമാണ് ; പക്ഷേ കുടുംബത്തിനകത്ത് അതിനെ കയറ്റുന്നത് പിഞ്ഞാണക്കടയില്‍ കാളക്കൂറ്റനെ കയറ്റുന്നതിനു തുല്യമാണ് എന്നു നിരീക്ഷിച്ച ന്യായാധിപരുണ്ട് നമുക്ക്. ഏത് തീവ്ര വിപ്ലവകാരിയും ചെരിപ്പഴിച്ചിട്ടു മാത്രം കയറുന്ന പുണ്യസ്ഥലങ്ങളായി കുടുംബങ്ങള്‍ തുടരുന്നതിന്റെ ഒരു കാരണം ഭരണകൂടവും നിയമ വ്യവസ്ഥയും അതിനു നല്കിയ അമിത പ്രാധാന്യമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കുടുംബത്തിന്റെ തകര്‍ച്ച സംസ്‌കാരത്തിന്റെ തകര്‍ച്ചയുമായി നേരിട്ടു ബന്ധപ്പെടുത്തുകയാണ് പതിവ്. ഉഭയലിംഗ -പിതൃമേധാവിത്വ കുടുംബസ്വരൂപങ്ങള്‍ മാത്രമേ ഈ ചൊല്‍ക്കൊണ്ട സംസ്‌കാരത്തെ നിലനിര്‍ത്തുകയും പൊലിപ്പിക്കുകയും ചെയ്യുകയുള്ളൂ എന്നതു വേറെ കാര്യം.

അതല്ലാത്ത ഘടനകള്‍ കുടുംബങ്ങള്‍ക്കുണ്ട് എന്നത് സമൂഹത്തിന്റെ അവസാന പരിഗണനയില്‍ പോലും വന്നില്ലെന്നു വരാം. നിലവില്‍ ആദര്‍ശമാതൃകയായി വ്യവഹരിക്കപ്പെടുന്ന കുടുംബത്തിനകത്ത് ജനാധിപത്യം കയറിയാലുള്ള അവസ്ഥയെക്കുറിച്ചാണ് പറഞ്ഞത്. അതെന്തെങ്കിലും ആവട്ടെ, കുടുംബത്തിനകത്ത് സ്‌നേഹമുണ്ടെങ്കില്‍ പിന്നെ ജനാധിപത്യത്തിന്റെ പ്രസക്തിയെന്താണെന്ന ചോദ്യത്തിന് രണ്ടും രണ്ടാണ് എന്നാണുത്തരം.

വെണ്ണയുണ്ടെങ്കില്‍ നറുനെയ് വേറിട്ടു കരുതേണമോ എന്ന് ഇവ രണ്ടിനെയും മുന്‍നിര്‍ത്തി അത്രയെളുപ്പം ചോദിച്ചുകൂടാ. ഞങ്ങള്‍ പരസ്പരം കയ്യിട്ടുവാരി കഴിക്കാറുണ്ടല്ലോ എന്ന ചോദ്യവും പ്രതീക്ഷിക്കുന്നുണ്ട്. അത്തരം ശുദ്ധാത്മാക്കള്‍ പൊരിച്ച മീനിലും വഴുതനയിലും ഇനിയും വഴുതിക്കൊണ്ടിരിക്കും. അവര്‍ക്കുള്ളതാണ് ഈ കുറിപ്പ്.

തിരിച്ചറിവുകള്‍ വൈകിയായാലും ഉണ്ടാവുന്നതാണ് നല്ലത്.’പണ്ടൊരിക്കല്‍ ഒരു കൂട്ടുകാരിയുടെ’ എന്ന് തുടങ്ങാതിരുന്നതിനാല്‍ ഉണ്ടാകാവുന്ന
മുറിവുകള്‍ക്ക് ഖേദം.

പിന്‍കുറിപ്പ്: പൊന്നുപോലെ വളര്‍ത്തിക്കൊണ്ടു വരുന്ന മകള്‍ ഏതു സാഹചര്യത്തിലായാലും എച്ചില്‍ പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നതു കണ്ടാല്‍ എനിക്ക് ചങ്കുകടയും. അവള്‍ക്കത് ഇഷ്ടമല്ല, ഞാനത് പൊറുക്കുകയുമില്ല.

രാജശ്രീ ആര്‍

Latest Stories

We use cookies to give you the best possible experience. Learn more