ഭരണഘടനാ തത്വങ്ങള്‍ക്കാനുസൃതമായ സമഗ്ര വിവരസംരക്ഷണ/സ്വകാര്യതാ നിയമവ്യവവസ്ഥ ഒരുക്കുന്ന നിയമനിര്‍മാണം നടത്തുന്നതുവരെ കെനിയന്‍ #ആധാര്‍ ആയ #ഹിഡുമ്പ നമ്പ നിര്‍ത്തിവയ്ക്കാന്‍ കെനിയന്‍ ഹൈക്കോടതി ഉത്തരവ്.
കെനിയയിലെ ആധാര്‍ എന്നു വിശേഷിപ്പിക്കാവുന്ന NIIIMS(നാഷണല്‍ ഇന്റഗ്രെറ്റഡ് ഐഡന്റിറ്റി മാനേജ്മെന്റ് സിസ്റ്റം) അഥവാ ‘ഹിടുമ്പ നമ്പ’ക്കാണ് താത്കാലിക സ്റ്റേ. ഭരണഘടനാ തത്വങ്ങള്‍ക്ക് അനുസരിച്ചുള്ള സമഗ്രമായ വിവരസംരക്ഷണ ചട്ടക്കൂടും നിയമവും നിലവില്‍ വന്നതിനു ശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ പാടുള്ളു എന്ന് കെനിയന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ഇന്ത്യന്‍ സുപ്രീംകോടതിയുടെ ആധാര്‍ വിധിയ്ക്ക് ശേഷം സമാനമായ ഐ.ഡി. പദ്ധതികളിന്മേല്‍ കോടതി വിധി പറയുന്ന രണ്ടാമത്തെ രാജ്യമാണ് കെനിയ. കഴിഞ്ഞ ജൂണില്‍ ജമൈക്കന്‍ സുപ്രീംകോടതി അവിടുത്തെ ബയോമെട്രിക്ക് പദ്ധതി ഭരണഘടനാവിരുദ്ധമാണ് എന്ന് വിധി എഴുതിയിരുന്നു.
ഇന്ത്യന്‍ സുപ്രീം കോടതിയുടെ വിധിന്യായം വിശദമായി പരിശോധിച്ച ജമൈക്കന്‍ കോടതി, ആധാര്‍ ശരിവെച്ച ഭൂരിപക്ഷവിധിയില്‍ നിരവധി പിഴവുകള്‍ ഉണ്ട് എന്ന് കാണുകയും ആധാര്‍ ഭരണഘടനാവിരുദ്ധമാണ് എന്നു പ്രഖ്യാപിച്ച ജസ്റ്റിസ്. ഡി. വൈ. ചന്ദ്രചൂഡിന്റെ വിധിന്യായമാണ് യുക്തിഭദ്രം എന്ന് അഭിപ്രായപ്പെടുകയുമുണ്ടായി. അങ്ങനെ ജമൈക്കന്‍ സുപ്രീംകോടതി പദ്ധതി റദ്ദാക്കുകയായിരുന്നു.
കെനിയന്‍ കോടതി ഒരു മധ്യമാര്‍ഗ്ഗമാണ് സ്വീകരിച്ചിരിക്കുന്നത്. ഹിഡുമ്പ നമ്പ പൂര്‍ണമായും ഭരണഘടനാവിരുദ്ധം ആണെന്ന് പറയാന്‍ കോടതി തയ്യാറായില്ല. പക്ഷെ പദ്ധതിയിലെ പ്രധാനപ്രശ്‌നങ്ങള്‍ കണ്ടെത്തുകയും അവ ഉപേക്ഷിക്കണം എന്നു സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
പൊതു പങ്കാളിത്തം, സ്വകാര്യത, ന്യൂബിയന്‍ വിഭാഗത്തില്‍ പെട്ടവരുടെ അരികുവത്കരണം, എല്ലാ അവശ വിഭാഗങ്ങളുടെയും രേഖകള്‍ സംഘടിപ്പിക്കാന്‍ കഴിയാത്തവരുടെയും പ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രധാന ആശങ്കകള്‍
500 പേജുള്ള വിധിന്യായത്തില്‍ കോടതി പ്രധാനമായും പരിശോധിച്ചത് 3 കാര്യങ്ങളാണ്.
1. ഹിഡുമ്പ നമ്പ നടപ്പിലാക്കുന്നതിന് കൊണ്ടുവന്ന മിസല്ലേനിയസ് അമെന്‍ഡ്‌മെന്റ് നിയമം ഭരണഘടനാപരമാണോ? അതു പാസാക്കുന്നതിനു മുന്‍പ് പൊതുജന അഭിപ്രായ രൂപീകരണം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ ശരിയാംവിധം പാലിച്ചിട്ടുണ്ടോ?
2. ഈ നിയമം സ്വകാര്യതയുടെ ലംഘനം ആണോ? (അനാവശ്യമായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടോ? ബാലാവകാശ ലംഘനം ഉണ്ടോ? വിവരസംരക്ഷണ തത്വങ്ങള്‍ പാലിക്കുന്നുണ്ടോ? സ്വകാര്യതാ ലംഘനം നീതിയുക്തമാണോ?)
3. ന്യൂബിയന്‍സ് ഉള്‍പ്പടെയുള്ള അവശ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം സമത്വം ലംഘിക്കപ്പെടുന്നുണ്ടോ
ഇതില്‍ പൊതു പങ്കാളിത്തത്തെക്കുറിച്ച് ഗവണ്മെന്റിന്റെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു. 2018 മുതല്‍ ഇത് പൊതു സമൂഹത്തിന് മുന്നില്‍ ഉണ്ടായിരുന്നു. ഹിയറിംഗിന് ആവശ്യത്തിന് സമയം ഗവണ്മെന്റ് നല്‍കിയിട്ടുണ്ട്. ഒരുപാട് നിയമഭേദഗതികള്‍ ഒരേസമയം കുത്തിനിറച്ച ‘ഓമ്‌നിബസ് ബില്ല്’ ആണ് ഇത് എന്ന ആരോപണം ഉയര്‍ന്നു വന്നിരുന്നു.
ഇത്രയധികം കാര്യങ്ങള്‍ ഒരൊറ്റ ബില്ലിന് കീഴില്‍ വന്നാല്‍ പൊതു സമൂഹത്തിന് ഓരോ വിഷയവും പഠിച്ചു പ്രതികരിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഓമ്‌നിബസ് ബില്ലുകള്‍ ചെറു ഭേദഗതികള്‍ക്ക് മാത്രമേ കൊണ്ടുവരാന്‍ പാടുള്ളൂ. പക്ഷെ ജനപങ്കാളിത്തം ആവശ്യത്തിന് സാധ്യമായിരുന്നു എന്നു തെളിഞ്ഞു കഴിഞ്ഞാല്‍ പിന്നെ കോടതിക്ക് പക്ഷെ ഇതിനെതിരെ വിധിക്കാന്‍ ആകില്ല. ഏതു ബില്ല് വേണം എന്നു തീരുമാനിക്കേണ്ടത് പാര്‍ലമെന്റ് ആണ്.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ കൗണ്ടികളുടെ അധികാരപരിധിയിലല്ല. എന്നതുകൊണ്ട് കൗണ്ടികളെ ബാധിക്കുന്ന വിഷയമാണ് എന്ന വാദവും അംഗീകരിക്കപ്പെട്ടില്ല. സെനറ്റിന്റെ അംഗീകാരം ആവശ്യമില്ല. നാഷണല്‍ അസംബ്ലി തീരുമാനിച്ചാല്‍ മതി. ഈ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നതുകൊണ്ട് നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നു പ്രഖ്യാപിക്കണം എന്ന വാദം നിലനില്‍ക്കില്ല.
അടുത്ത പ്രശ്‌നം ശേഖരിക്കുന്ന വിവരങ്ങള്‍ അനുപാതികമാണോ എന്നതായിരുന്നു. ആര്‍ട്ടിക്കിള്‍ 31 സ്വകാര്യതാ ഉറപ്പുനല്‍കുന്നു. സ്വകാര്യ വിവരങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം പ്രധാനമാണ്. ബയോമെട്രിക്ക് വിവരങ്ങളും ജി.പി.എസ്. കോര്‍ഡിനെറ്റുകളും സ്വീകരിക്കുന്നത് ആനുപതികമാണോ എന്നതാണ് ചോദ്യം.
ബയോമെട്രിക്ക് വിവരങ്ങള്‍ ഇപ്പോള്‍ തന്നെ മറ്റു നിയമങ്ങള്‍ക്ക് കീഴില്‍ ശേഖരിക്കപ്പെടുന്നുണ്ട് എന്നും ഡി.എന്‍.എ. യും ജി.പി.എസ്. ഉം ശേഖരിക്കുന്നില്ല എന്നും ഗവണ്മെന്റ് കോടതിയില്‍ വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബയോമെട്രിക്ക് വിവരങ്ങള്‍ സ്വതവേ സ്വകാര്യ വിവരങ്ങള്‍ ആണ്. പേരോ നമ്പറോ ഉപയോഗിച്ച് വ്യക്തികളെ തിരിച്ചറിയാനും കഴിയും. അതുകൊണ്ട് നിശ്ചയമായും ഇത് സുപ്രധാന വിവരങ്ങളുമാണ്.
പേര്, പങ്കാളിയുടെ പേര്, കുട്ടികളുടെ പേര്, ജനിതക വിവരങ്ങള്‍ എന്നിവയെല്ലാം പ്രധാനം തന്നെ. അവ പുറത്തായാല്‍ പ്രശ്നമാണ് അതുകൊണ്ട് ആവശ്യമായ വിവരസംരക്ഷണ സംവിധാനങ്ങള്‍ ആവശ്യമാണ്.
ഈ വിവരങ്ങള്‍ വ്യക്തികളുടെ സമ്മതമില്ലാതെതന്നെ ശേഖരിക്കപ്പെടുന്നുണ്ട് എന്നു ഹര്‍ജിക്കാര്‍ പറയുന്നു. എന്നാല്‍ വിവരശേഖരണ രേഖകളില്‍ നിന്ന് ‘നിര്‍ബന്ധിതം’ എന്ന വാക്ക് ഒഴിവാക്കിയിട്ടുണ്ട് എന്ന് ഗവണ്മെന്റ അറിയിച്ചു. സമ്മതമില്ലാതെ വിവരങ്ങള്‍ നല്‍കുവാന്‍ നിര്‍ബന്ധിതമാകുന്നു എന്നതിന് തെളിവൊന്നും ഹര്‍ജിക്കാര്‍ ഹാജരാകിയിട്ടില്ല.
ജി.പി. എസ്. സാങ്കേതികവിദ്യ ഉപഗ്രഹസഹായതാല്‍ ഉള്ളതാണ്. അത് കാറുകളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ആളുകളുടെ അറിവില്ലാതെ അവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനാകും എന്നാണ് ഇതിന്റെ പ്രത്യേകത. ബയോമെട്രിക്ക്/ജി.പി. എസ്. വിവരങ്ങള്‍ വ്യക്തിപരവും, സെന്‌സിറ്റീവും ആണ്. അവിടെ സ്വകാര്യതാ ലംഘനം ഉണ്ടോ എന്ന് അറിയണമെങ്കില്‍ നിലവിലുള്ള വിവരസംരക്ഷണ വ്യവസ്ഥിതി പരിശോധിക്കേണ്ടതുണ്ട്.
ബയോമെട്രിക്ക് വിവരങ്ങള്‍ ശേഖരിച്ചത് ആവശ്യമാണോ എന്ന് നോക്കാം:
ഈ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്തിനെന്ന് വ്യക്തമല്ല എന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. കൃഷി സംബന്ധിയായ വിവരങ്ങള്‍ വരെ ശേഖരിക്കപ്പെടുന്നുണ്ട് എന്ന്. വിരലടയാളം അധിഷ്ടിതമായ തിരിച്ചറിയല്‍ സംവിധാനം ‘സാധ്യതകളുടെ’ അടിസ്ഥാനത്തില്‍ ആണെന്നും തെറ്റാനുള്ള സാധ്യത ഉണ്ടെന്നും സാക്ഷി മൊഴി ഉണ്ട്.
സ്വകാര്യത അനിയന്ത്രിതമായ അവകാശമല്ല എന്നാണ് ഗവണ്മെന്റ് വാദിച്ചത്. സേവനങ്ങള്‍ക്കും സുരക്ഷക്കും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാം. കൃത്യമായ ഒരൊറ്റ വിവര സ്രോതസ്സ് ആയ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഉണ്ടാക്കാന്‍ ബയോമെട്രിക്ക് വിവരങ്ങള്‍ ആവശ്യമാണ് എന്നും പറയുന്നു. പൂര്‍ണമായ കൃത്യതയുള്ള ഒരു മള്‍ട്ടി മോഡല്‍ ബയോമെട്രിക്ക് സംവിധാനം ആണ് ആണ് NIIMS ന് ഉപയോഗിക്കുന്നത് എന്ന് സാക്ഷികള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ പ്രക്രിയയ്ക്ക് വേണ്ടിയാണ് ബയോമെട്രിക്ക് വിവരം ഉപയോഗിക്കുന്നത്. അതുകൊണ്ട് ആവശ്യവുമാണ്.
കോടതി പ്രശ്‌നമുള്ളതായി കണ്ടെത്തിയത് ഡി.എന്‍.എ. മാത്രമാണ്. കാരണം അത് താരതമ്യം വഴിയാണ് പരിശോധിക്കുന്നത്. അതിനൊരു വിദഗ്ധ സഹായവും ആവശ്യമാണ്. അതിന്റെ ഉപയോഗം അനാവശ്യമാണ്. ജി.പി.എസ്. അതിലേറെ അനാവശ്യവും.
ബയോമെട്രിക്ക് വിവരം സര്‍വത്രികം ആണെന്ന് പറയാമെങ്കിലും എല്ലാവര്‍ക്കും അതുണ്ടാകണം എന്നില്ല. എന്നാല്‍ പല ബയോമെട്രിക്സ് കൂട്ടിയിണക്കി കൃത്യതയുള്ള സംവിധാനം ഉണ്ടാക്കാന്‍ കഴിയും. രജിസ്ട്രേഷന്‍ ഓഫ് പീപ്പിള്‍ ആക്ട് സെക്ഷന്‍ 9 എ-യ്ക്കു കീഴില്‍ ഒരു ജനസംഖ്യാ രജിസ്റ്റര്‍ ഉണ്ടാക്കി അനന്യമായ ഒരു നമ്പര്‍ നല്‍കുകയാണ്. ഒരു തിരിച്ചറിയല്‍ സംവിധാനം എന്ന നിലയ്ക്ക് ഒരു ഡാറ്റാബേസ് ആവശ്യമാണ്. കേന്ദ്രീകൃതമോ, വികേന്ദ്രീകൃതമോ ആയത്. ആ അര്‍ത്ഥത്തില്‍ ബയോമെട്രിക്സ് വിവരങ്ങള്‍ ഹിഡുംബ നമ്പയ്ക്ക് ആവശ്യമാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കുട്ടികകുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കപ്പെട്ടിരുന്നു. കുട്ടികളുടെ നന്മക്കു വേണ്ടിയാണ് NIIMS എന്നു ഗവണ്മെന്റ് പറയുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയുവാന്‍ ഇത് ഉപകരിക്കും. ആരോഗ്യം, പാര്‍പ്പിടം ഒക്കെ ഒരുക്കാന്‍ സഹായിക്കും. പക്ഷെ കുട്ടികളുടെ സ്വാകാര്യത അവകാശങ്ങള്‍ കൂടുതല്‍ പ്രാധാന്യമുള്ളതാണ്. കുട്ടിയുടെയും മാതാപിതാക്കളുടെയും അറിവും സമ്മതവും പ്രധാനമാണ്. ഇക്കാര്യങ്ങള്‍ നിയമത്തില്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നു കോടതിക്ക് തോന്നുന്നില്ല.
കോടതിയുടെ ഏറ്റവും സുപ്രധാനമായ കണ്ടെത്തല്‍ 2019-ലെ വിവരസംരക്ഷണ നിയമപ്രകാരം ഉള്ള സംരക്ഷണങ്ങള്‍ ഹിഡുമ്പ നമ്പയില്‍ ഇല്ല എന്നതാണ്.
കേന്ദ്രീകൃത ഡാറ്റാബേസ് വേണോ, ഓപ്പണ്‍/ക്‌ളോസ്ഡ് ഡിസൈന്‍ വേണോ എന്നതായിരുന്നു മറ്റൊരു പ്രശ്നം. അതു പക്ഷെ കോടതിക്ക് തീരുമാനിക്കാവുന്ന കാര്യങ്ങള്‍ അല്ല. പക്ഷേ ഇതു സ്വകാര്യതയെ ബാധിക്കുന്നുവോ എന്നതാണ് കോടതിയുടെ മുന്നിലുള്ള പ്രശ്‌നം. ദുരുപയോഗം അത് കേന്ദ്രീകൃത ഡാറ്റാബേസില്‍ ആണെങ്കിലും വികേന്ദ്രീകൃത ഡാറ്റാബേസില്‍ ആണെങ്കിലും നടക്കും.
അന്താരാഷ്ട്ര തലത്തില്‍ ഉള്ള റെഗുലേഷന്‍സ് അതിന് ആവശ്യമാണ്. (ആധാറും പരാമര്‍ശിക്കപ്പെടുന്നുണ്ട് ഇവിടെ). അതുകൊണ്ടു തന്നെ വിവര സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തമാണ് എന്നല്ല ഒട്ടും തന്നെയില്ല എന്നു കോടതി കാണുന്നു. നിയന്ത്രണ വ്യവസ്ഥകളും ചട്ടങ്ങളും ഇല്ലാതെ വന്നത് എന്തുകൊണ്ട് എന്നു വിശദീകരിക്കാന്‍ ഗവണ്മെന്റിന് കഴിഞ്ഞിട്ടില്ല. ഈ പദ്ധതി വളരെ തിടുക്കപ്പെട്ടാണ് നടപ്പിലാക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ഭരണഘടനാതത്വങ്ങള്‍ പാലിക്കുന്ന സമഗ്രമായ വിവരസംരക്ഷണ നിയമ ചട്ടക്കൂട് പാസ്സ് ആക്കിയത്തിന് ശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാവൂ.
സ്വകാര്യതയ്ക്ക് ആര്‍ട്ടിക്കിള്‍ 24(1) അനുസരിച്ചുള്ള നിയന്ത്രണം സാധ്യമാണെങ്കിലും ഡി. എന്‍.എ./ജി.പി.എസ്. വിവരങ്ങള്‍, അതിന്റെ ശേഖരണവും ഉപയോഗവും സംബന്ധിച്ച നിയമം ഇല്ലാതെ, ശേഖരിക്കുന്നത് ന്യായീകരിക്കത്തക്കതല്ല. അത് സ്വകാര്യതാ ലംഘനം ആണ്.
NIIIMS നിര്‍ബന്ധിതം ആകുന്നതുകൊണ്ട് വിവേചനം ഉണ്ടോ എന്ന കാര്യവും കോടതി പരിശോധിച്ചു. രണ്ടു വശങ്ങളാണ് ഇവിടെ ഉള്ളത്. ഒന്ന് ഹര്‍ജിക്കാര്‍ പറയുംപോലെ ഈ നമ്പര്‍ കാരണം ഒഴിവാക്കപ്പെടുന്നവര്‍. അവകാശങ്ങള്‍ നിഷേധികപ്പെടുന്നവര്‍. മറ്റൊന്ന് ഗവണ്മെന്റ് പറയുന്ന കാര്യക്ഷമതയുടെയും എളുപ്പത്തില്‍ കുത്താല്‍ ആളുകള്‍ക് സേവനങ്ങള്‍ എത്തിക്കുന്നതിന്റെയും ചിത്രമാണ്.
രേഖകള്‍ ഇല്ലാത്തതുകൊണ്ടോ ബയോമെട്രിക് പ്രശ്‌നങ്ങള്‍ ഏതാനും പേര്‍ ഒഴിവാക്കപ്പെടാന്‍ സാധ്യത ഉണ്ട് എന്നതുകൊണ്ട് നിയമം ആകെ ഭരണഘടനാ വിരുദ്ധമെന്ന് കരുതാനാവില്ല. എന്നാല്‍ എല്ലാവര്‍ക്കും രേഖകളും സേവനങ്ങളും ലഭ്യമാകാണുള റെഗുലേറ്ററി സംവിധാനം ഒരുക്കുകയാണ് വേണ്ടത് എന്ന് കോടതി പറഞ്ഞു.
റെഗുലേഷനുകള്‍ വന്നതുകൊണ്ട് ഒഴിവാക്കലുകള്‍ എങ്ങനെ ഇല്ലാതാകുമെന്നാണ് കോടതി കരുതുന്നത് എന്ന ചോദ്യം ബാക്കിയാവുന്നു. സാങ്കേതികമായി പരിഹരിക്കാനാകാത്ത കാര്യം നിയമം കൊണ്ടു പരിഹരിക്കാന്‍ കഴിയില്ല എന്ന പ്രാഥമിക തത്വം കോടതികള്‍ മനസിലാക്കാതെ പോകുന്നതിന്റെ ദുരവസ്ഥയാണിത്.
വിധി ആകെ പരിശോധിക്കുമ്പോള്‍ ഹര്‍ജിക്കാര്‍ക്ക് ഭാഗിക വിജയം എന്നു പറയാം. ആവശ്യമായ വിവര സംരക്ഷണ സംവിധാനങ്ങള്‍ ഒരുങ്ങുന്നത് വരെ NIIMS നിര്‍ത്തി വക്കേണ്ടി വരും. പദ്ധതി മൂലം ഒഴിവാക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്ന ചട്ടങ്ങളും രൂപീകരിക്കേണ്ടതുണ്ട്. കെനിയന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷനും, കെനിയന്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും, ന്യൂബിയന്‍ റൈറ്റ്സ് ഫോറവുമായിരുന്നു പദ്ധതിക്കെതിരെ കോടതിയെ സമീപിച്ചത്.