തമിഴന്റെ മണ്ണില്‍ ചുവന്ന തുരുത്തുകള്‍ തേടുകയാണ് ഇടത് പാര്‍ട്ടികള്‍. തൊഴിലാളികളും കര്‍ഷകരും ദളിതരുമെല്ലാം ഏറെയുള്ള നാട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ദൃഢമായ വേരുകളില്ല. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ആദ്യവര്‍ഷങ്ങളില്‍ കോയമ്പത്തൂരിലും മധുരയിലും തിരുപ്പൂരും ശിവകാശിയിലുമെല്ലാം പാര്‍ട്ടി വളര്‍ന്നിരുന്നു. പിന്നീട് തമിഴ്നാട്ടിലെ പോരാട്ടം ദ്രാവിഡപ്പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലായതോടെ ചിത്രത്തില്‍ നിന്ന് പതിയെ മാഞ്ഞ് തുടങ്ങി. അതുകഴിഞ്ഞ് ദ്രാവിഡപ്പാര്‍ട്ടി രണ്ടായി പിളര്‍ന്ന് പരസ്പരം പോരടിച്ചു തുടങ്ങിയതോടെ വളര്‍ച്ച വീണ്ടും കുറഞ്ഞു. പല തവണയായി രണ്ട് ദ്രാവിഡപ്പാര്‍ട്ടികളോടൊപ്പം നിന്നാണ് പിന്നീട് നിയമസഭയിലേക്കും ലോക്സഭയിലേക്കും ജയിച്ച് കയറിയത്. തൊണ്ണൂറുകള്‍ മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുക ഡി.എം.കെയോടും അല്ലെങ്കില്‍ അണ്ണാ ഡി.എം.കെയോടും ഒപ്പം നിന്നപ്പോഴൊക്കെ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട് എന്നതാണ്.
ഇത്തവണ അതിനുള്ള സാധ്യതയാണ് സി.പി.ഐ.എമ്മും സി.പി.ഐയും തിരഞ്ഞെടുത്തത്. ഡി.എം.കെ നയിക്കുന്ന കോണ്‍ഗ്രസും മുസ്‌ലിം ലീഗും എല്ലാം ഉള്‍പ്പെടുന്ന മുന്നണിയിലാണ് മത്സരം. 2014ല്‍ ജയലളിതയോട് സീറ്റ് വിഭജനത്തില്‍ പിണങ്ങി പുറത്തിറങ്ങിയതാണ് സി.പി.ഐ.എമ്മും സി.പി.ഐയും. ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും ഒരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും കാര്യമായ നേട്ടമുണ്ടായില്ല. ജയലളിത വീണ്ടും അധികാരത്തിലെത്തിയതോടെ ഇടത് പാര്‍ട്ടികള്‍ ഡി.എം.കെയുമായി അടുത്തു. കരുണാനിധിയില്‍ നിന്ന് പാര്‍ട്ടിയുടെ അധികാരം സ്റ്റാലിനിലേക്ക് മാറിക്കൊണ്ടിരിക്കുന്നു സമയം. ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് തമിഴ്നാട്ടില്‍ പ്രതിപക്ഷ കൂട്ടായ്മ ശക്തമായി. ഇടയ്ക്ക് ജയലളിതയുടെ മരണത്തോടെ അണ്ണാ ഡി.എം.കെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. അഴിമതിയും മറ്റ് വിഷയങ്ങളും ഉയര്‍ത്തി തെരുവിലിറങ്ങിയതോടെ പ്രതിപക്ഷ സഖ്യത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം തമിഴ്നാട്ടില്‍ ഉരിത്തിരിയുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെക്കൂടിയുള്ള സമരങ്ങള്‍ പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിച്ചു. അങ്ങനെയാണ് കാവേരി ജലവിനിയോഗ ബോര്‍ഡും നീറ്റും ചെന്നൈ-സേലം റോഡ് പദ്ധതിയും തൂത്തുക്കുടി വെടിവെപ്പുമെല്ലാം സജീവ ചര്‍ച്ചയായത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് തന്നെ തമിഴ്നാട്ടില്‍ പ്രതിപക്ഷ സഖ്യം രൂപപ്പെട്ടതാണ്. സീറ്റ് വിഭജനത്തില്‍ മാന്യത കാണിച്ച് സ്റ്റാലിന്‍ സമാന മനസ്‌കരെ ചേര്‍ത്തു നിര്‍ത്തി. ആ പങ്കുവെക്കലില്‍ നാല് സീറ്റാണ് ഇടത് പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. സി.പി.ഐ.എമ്മിനും സി.പി.ഐയ്ക്കും രണ്ട് വീതം. കോയമ്പത്തൂരിലും മധുരയിലും സി.പി.ഐ.എം. തിരുപ്പൂരും നാഗപ്പട്ടണത്തും സി.പി.ഐ. ജീവിക്കാനായി വ്യാവസായിക മേഖലയെ ജനം പ്രധാനമായും ആശ്രയിക്കുന്ന സ്ഥലങ്ങളാണ് കോയമ്പത്തൂരും തിരുപ്പൂരും. മധുരയലും നാഗപ്പട്ടണത്തും കര്‍ഷകരാണ് കൂടുതല്‍. ഈ നാല് സീറ്റിലും ഇടത് പാര്‍ട്ടികളുടെ വിജയ സാധ്യത പരിശോധിക്കാം.
കോയമ്പത്തൂര്‍
ആറ് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് കോയമ്പത്തൂര്‍ ലോക്സഭാ മണ്ഡലം. കേരളത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അതിര്‍ത്തി ജില്ല. സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിലാണ് ഇവിടെ മത്സരം. ഏഴ് തവണ കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളെയും രണ്ട് തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെയും ലോക്സഭയില്‍ എത്തിച്ച ചരിത്രമുണ്ട് കോയമ്പത്തൂരിന്. ഡി.എം.കെ-കോണ്‍ഗ്രസ്-ഇടത് സഖ്യ സ്ഥാനാര്‍ത്ഥിയായി മുന്‍ എംപി സി.പി.ഐ.എമ്മിലെ പി.ആര്‍ നടരാജനാണ് മത്സരിക്കുന്നത്. അണ്ണാ ഡി.എം.കെ – ബി.ജെ.പി സഖ്യത്തിനായി ബി.ജെ.പിയിലെ സി.പി രാധാകൃഷ്ണന്‍. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഇരു പാര്‍ട്ടികള്‍ക്കും വിജയത്തിന്റെ ഏഴഴലത്ത് എത്താന്‍ കഴിയാത്ത മണ്ഡലമാണിത്. ഡി.എം.കെ,അണ്ണാ ഡി.എം.കെ എന്നീ ദ്രാവിഡപ്പാര്‍ട്ടികളില്‍ ആരെയാണ് ജനം ഇത്തവണ സ്വീകരിക്കുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയാകും ഫലം നിശ്ചയിക്കപ്പെടുക. അതിനപ്പുറത്ത് വോട്ടിനെ സ്വാധീനിക്കുന്ന ഒരു പാട് ഘടകങ്ങളും കോയമ്പത്തൂരിലുണ്ട്.
ഏതാണ്ട് പത്ത് ലക്ഷത്തോളം പേര്‍ കോയമ്പത്തൂരിലെ വ്യാവസായിക മേഖലയില്‍ പണിയെടുക്കുന്നുവെന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്. ഈ കണക്ക് അനുലരിച്ച് ചെറുകിട വ്യാവസായിക മേഖലയില്‍ ലക്ഷങ്ങള്‍ തൊഴിലെടുക്കുന്നു. മിക്കവരും കോയമ്പത്തൂരില്‍ തന്നെ വോട്ടുള്ളവരാണ്. കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി നടപ്പിലാക്കിയതോടെ നിരവധി ചെറുകിട വ്യവസായങ്ങള്‍ പ്രതിസന്ധിയിലായി. പലതും പൂട്ടി. നോട്ട് നിരോധനവും വ്യാവസായിക രംഗത്തെ മന്ദഗതിയിലാക്കിയെന്ന് തൊഴിലാളികള്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിനെതിരായ വികാരം ഈ തൊഴിലാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്നു. കഴിഞ്ഞ തവണ ഇവിടെനിന്ന് വിജയിച്ച അണ്ണാ ഡി.എം.കെ എം.പിയെക്കുറിച്ച് മികച്ച അഭിപ്രായം ജനങ്ങളിലില്ല. ഒപ്പം പൊള്ളാച്ചി പീഡനം സംസ്ഥാന സര്‍ക്കാരിനെതിരായ വികാരം സംസ്ഥാനത്താകെയും കോയമ്പത്തൂരില്‍ പ്രത്യേകിച്ചും ഉയര്‍ത്തിവിട്ടു. കേസുമായി അണ്ണാ ഡി.എം.കെ പ്രാദേശിക നേതാക്കള്‍ക്കും മന്ത്രിയുടേയും ഡെപ്യൂട്ടി സ്പീക്കറുടേയും മക്കള്‍ക്ക് ബന്ധമുണ്ട് എന്നുമായിരുന്നു ആരോപണം. കേസ് സി.ബി.ഐയ്ക്ക് വിടേണ്ടിവരുന്ന തരത്തിലേക്ക് പ്രതിരോധത്തിലായി സംസ്ഥാന സര്‍ക്കാര്‍.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ ബി.ജെ.പിയ്ക്ക് അനുകൂമാണ്. ഒന്നാമതെത്തിയ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥി പി നാഗരാജന്‍ 36.6 ശതമാനം വോട്ട് നേടിയപ്പോള്‍ രണ്ടാമതെത്തിയത് 33.1 ശതമാനം വോട്ടോടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ്. അണ്ണാ ഡി.എം.കെ ഒറ്റയ്ക്കും ബി.ജെ.പി ഏഴ് പാര്‍ട്ടികളുമായി സഖ്യത്തിലുമാണ് മത്സരിച്ചത്. ഡി.എം.കെ മൂന്നാമതും കോണ്‍ഗ്രസ് നാലാമതുമെത്തി. സി.പി.ഐ.എം അഞ്ചാമത്. ഈ കണക്ക് പ്രകാരം ബി.ജെ.പി സുഖമായി ജയിച്ച് വരേണ്ടതാണ്. പക്ഷേ നേരത്തെ സൂചിപ്പിച്ച സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ വികാരവും പ്രാദേശിക പ്രശ്നങ്ങളും വിലങ്ങ്തടിയായി മുന്നിലുണ്ട്. അതിനുമപ്പുറത്ത് ബി.ജെ.പിയിലെയും അണ്ണാ ഡി.എം.കെയിലെയും ഗ്രൂപ്പ് തര്‍ക്കവും. കോയമ്പത്തൂര്‍ സീറ്റിനായി അവസാനം വരെ ശ്രമിച്ചയാളാണ് ബി.ജെ.പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ വാനതി ശ്രീനിവാസന്‍. എന്നാല്‍ നറുക്ക് വീണത് മുന്‍ എം.പി കൂടിയായ രാധാകൃഷ്ണന്. തുടക്കത്തിലെ അതൃപ്തിയ്ക്ക് ശേഷം വാനതി പ്രചാരണത്തില്‍ സജീവമാണ്. ഇവിടെ വലിയ വോട്ട് ബാങ്കില്ലാത്ത ബി.ജെ.പിയില്‍ ഗ്രൂപ്പ് പോര് കൂടി മൂര്‍ഛിച്ചാല്‍ പ്രതിസന്ധിയാവും. ഏറ്റവും നിര്‍ണായകമാവുക ടി.ടി.വി ദിനകരന്റെ അമ്മാ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ സ്വാധീനമാകും. ജയലളിതയ്ക്ക് വോട്ട് വാരിക്കോരി നല്‍കിയ കോയമ്പത്തൂരുകാര്‍ ദിനകരനോട് സ്നേഹം പ്രകടിപ്പിച്ചാല്‍ അത് ബി.ജെ.പിയ്ക്ക് തിരിച്ചടിയാകും. ശക്തമായ പ്രചാരണ പരിപാടികളുമായി ദിനകരന്‍ തിരക്കിലാണ്. കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യവും കോയമ്പത്തൂരില്‍ സജീവമായുണ്ട്. കമല്‍ പിടിക്കുന്ന ഭരണ വിരുദ്ധ വികാരമുള്ളവരുടെ വോട്ടുകളും മതേതര വോട്ടുകളും സി.പി.ഐ.എമ്മിന്റെ സ്വപ്നങ്ങളെ തല്ലിക്കെടുത്തും. എങ്ങനെ പരിശോധിച്ചാലും തമിഴ്നാട്ടില്‍ ഏറ്റവും കടുത്ത മത്സരം നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഒന്നാണ് കോയമ്പത്തൂര്‍.
തിരുപ്പൂര്‍
തൊഴിലാളികളുടെ കേന്ദ്രമാണ് തിരുപ്പൂര്‍. യന്ത്രങ്ങളില്‍ തുണി നെയ്ത് ബനിയന്‍ ഉണ്ടാക്കലാണ് പ്രധാന തൊഴില്‍. ഒന്‍പത് ലക്ഷം തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുവെന്ന് അനൗദ്യോഗിക കണക്ക്. ആറ് നിയമസഭാ മണ്ഡലങ്ങളുണ്ട് തിരുപ്പൂരില്‍. കഴിഞ്ഞ തവണ ആറിലും അണ്ണാ ഡി.എം.കെ വിജയിച്ചു. കഴിഞ്ഞ രണ്ട് തവണയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തിനാണ് അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് കയറിയത്. ഇത്തവണ പ്രധാന മത്സരം സി.പി.ഐയിലെ കെ.സുബ്ബരായനും അണ്ണാ ഡി.എം.കെയിലെ എം.എസ്.എം ആനന്ദും തമ്മില്‍. കഴിഞ്ഞ തവണത്തെ വോട്ട് നില പരിശോധിച്ചാല്‍ ഇത്തവണയും കൃത്യമായ മുന്‍തൂക്കം അണ്ണാ ഡി.എം.കെയ്ക്കാണ്. കാരണം കഴിഞ്ഞ തവണ ഒന്നാമതെത്തിയ അണ്ണാ ഡി.എം.കെയും രണ്ടാമതെത്തിയ ഡി.എം.ഡി.കെയും ഇത്തവണ ഒന്നിച്ച് മത്സരിക്കുന്നു. ഇരുവരുടേയും 2014ലെ വോട്ട് ശതമാനം പരിശോധിച്ചാല്‍ 68 ശതമാനത്തോളം വരും. ഇപ്പുറത്ത് ഡി.എം.കെ കോണ്‍ഗ്രസ് ഇടത് വോട്ടുകള്‍ കഴിഞ്ഞ തവണ ആകെ കൂട്ടിയാല്‍ 28 ശതമാനം മാത്രം. തമിഴ്നാട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക്് കുറച്ചെങ്കിലും സ്വാധീനുമുള്ള ഒരു സ്ഥലമാണ് തിരുപ്പൂര്‍. കഴിഞ്ഞ തവണ മുപ്പത്തി നാലായിരത്തോളം വോട്ടാണ് സി.പി.ഐ സ്ഥാനാര്‍ത്ഥി നേടിയത്. തമിഴ്നാട്ടില്‍ പ്രതിപക്ഷത്തിനുള്ള അനുകൂല സാഹചര്യം വോട്ടാകും എന്ന പ്രതീക്ഷയാണ് സി.പി.ഐയ്ക്ക്. തൊഴിലാളി വോട്ടുകള്‍ ഇവിടെ നിര്‍ണായകമാകും. പലരും നടത്തിയ സര്‍വ്വേ ഫലങ്ങള്‍ പരിശോധിച്ചാല്‍ തിരുപ്പൂരില്‍ ഇരു മുന്നണികള്‍ക്കും മാറി മാറി സാധ്യത പ്രവചിക്കുന്നു. സി.പി.ഐയ്ക്കായി കെ സുബ്ബരായനും അണ്ണാ ഡിഎംകെയ്ക്കായി എം.എസ്.എം ആനന്ദനുമാണ് മത്സരിക്കുന്നത്.
തൊഴിലാളിയായ തിരുനെല്‍വേലിക്കാരന്‍ നാരായണനൊപ്പമാണ് മില്ലുകള്‍ കയറിയിറങ്ങിയത്. ഒന്‍പത് മണിക്കൂര്‍ തൊഴിലെടുത്താല്‍ 400 രൂപയാണ് ഒരു തൊഴിലാളിക്ക് ലഭിക്കുന്ന ശരാശരി കൂലി. ഒരു ഷിഫ്്റ്റ് കൂടി തുടര്‍ന്നാല്‍ 900 കിട്ടും. പലരും 18 മണിക്കൂറോളം തൊഴിലെടുക്കുന്നു. കുറച്ച് കഴിഞ്ഞ് നാരായണന്‍ അവന്റെ പഴയ മുതലാളിയെ പരിചയപ്പെടുത്തിത്തന്നു. 20 തൊഴിലാളികളുള്ള സമാന്യം മോശമല്ലാത്ത ഒരു മില്ല് നടത്തുകയായിരുന്നു അദ്ദേഹം. ആദ്യം നോട്ട് നിരോധനം തളര്‍ത്തി പിന്നെ ജിഎസ്ടി പാടേ തകര്‍ത്തു. ആ 20 തൊഴിലാളികളെയും പറഞ്ഞുവിട്ട് മറ്റൊരു വലിയ മില്ലില്‍ ഇടനിലക്കാരനായി തൊഴിലെടുക്കുകയാണ് അദ്ദേഹം. ചെറുകിട മില്ലുകളാകെ പ്രതിസന്ധിയിലായെന്നാണ് തൊഴിലാളികളും നാരായണന്റെ പഴയ മുതലാളിയെപ്പോലുള്ളവരും അര്‍ത്ഥശങ്കക്കിടയില്ലാതെ പറയുന്നത്. വോട്ടിനെ അവരെല്ലാം ആയുധമാക്കിയാല്‍ മാത്രം സിപിഐയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.
മധുര
വൈഗൈ നദിക്കരയിലെ പൗരാണിക നഗരം. പാണ്ഡ്യരാജാക്കന്‍മാരുടെ പടയോട്ടത്തിനും വീഴ്ചകള്‍ക്കുമെല്ലാം സാക്ഷിയായ തലസ്ഥാനം. വാസ്തു ശില്‍പ ചാരുതയാല്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട് മധുര മീനാക്ഷി ക്ഷേത്രം. നഗരം പക്ഷേ തിരഞ്ഞെടുപ്പ് ചൂടിലാണ്. മുന്‍പ് നാല് തവണ കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളെ ലോക്‌സഭയിലേക്ക് അയച്ച പാരമ്പര്യമുണ്ട് മധുരയ്ക്ക്. ഇത്തവണ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് സി.പി.ഐ.എമ്മിലെ എസ് വെങ്കിടേഷാണ് ജനവിധി തേടുന്നത്. മധുരയെക്കുറിച്ചെഴുതി കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ എഴുത്തുകാരനാണ് വെങ്കിടേഷന്‍. അണ്ണാ ഡി.എം.കെയിലെ വി.വി.ആര്‍ രാജ് സത്യനാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. ഇടതുപാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും നിര്‍ണായക സ്വാധീനമുള്ള മധുരയില്‍ ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഓരോ തവണ മാത്രമേ വിജയിച്ചിട്ടുള്ളു. 99ലും 2004ലും സി.പി.ഐ.എമ്മിലെ പി. മോഹന്‍ വിജയിച്ചു. 2009ല്‍ എം.കെ അഴഗിരിയിലൂടെ ഡി.എം.കെ മധുര പിടിച്ചു. കഴിഞ്ഞ തവണ രണ്ട് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അണ്ണാ ഡി.എം.കെ നേതാവ് ആര്‍ ഗോപാലകൃഷ്ണന്‍ വിജയിച്ച് കയറിയത്. ഇത്തവണ കമലിന്റെ മക്കള്‍ നീതിമയ്യവും ടി.ടി.വി ദിനകരന്റെ അമ്മാ മക്കള്‍ മുന്നേറ്റ കഴകവും പോരിനിറങ്ങുന്നുണ്ട്. പക്ഷേ രണ്ട് പാര്‍ട്ടികള്‍ക്കും വലിയ വോട്ട് വിഹിതം ഇവിടെ നിന്ന് കിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഭൂരിപക്ഷം മാറിമറിയാറുണ്ട് മധുരയില്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ നിര്‍ണായകമാകും.
ആറ് നിയമസഭാ മണ്ഡലങ്ങളാണ് മധുര ലോക്സഭാ മണ്ഡലത്തിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാലിടത്ത് അണ്ണാ ഡി.എം.കെയും വിജയക്കൊടിനാട്ടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 46.4 ശതമാനം വോട്ടാണ് അണ്ണാ ഡി.എം.കെയുടെ ആര്‍ ഗോപാലകൃഷ്ണന്‍ നേടിയത്. ഡി.എം.കെ സ്ഥാനാര്‍ത്ഥിക്ക് 26.2 ശതമാനം. ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ് മുപ്പത്തിരണ്ടായിരവും സി.പി.ഐ.എം മുപ്പതിനായിരവും വോട്ട് നേടി. ഡി.എം.കെ വിമതനും കരുണാനിധിയുടെ മൂത്ത മകനുമായ അഴഗിരിയുടെ തട്ടകമാണ് മധുര. പാര്‍ട്ടിയില്‍ തനിക്കോ മകനോ സ്ഥാനം നല്‍കണം എന്ന് അഴഗിരി ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ അതൊന്നും സ്റ്റാലിന്‍ ഗൗനിച്ചിട്ടില്ല. എങ്കിലും ഈ ദിവസംവരെ അഴഗിരി സ്ഥാനാര്‍ത്ഥിക്കെതിരെ ഒരു പരസ്യപ്രസ്താവനയും നടത്തിയിട്ടില്ല എന്നത് സി.പി.ഐ.എമ്മിന് ആശ്വാസമാണ്. ഡി.എം പ്രവര്‍ത്തകരെല്ലാം സജീവമായി രംഗത്തുണ്ട്. പക്ഷേ പ്രചാരണത്തില്‍ ഇപ്പോഴും മുന്നില്‍ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥി രാജ് സത്യന്‍ തന്നെയാണ്.
നാഗപ്പട്ടണം
മണ്ഡലത്തിന്റെ ചരിത്രം നോക്കിയാല്‍ ഏറ്റവും കൂടുതല്‍ തവണ വിജയിച്ചത് സി.പി.ഐയാണ്. ആറ് തവണ നാഗപ്പട്ടണത്ത് ചെങ്കൊടി പാറി. തൊണ്ണൂറുകളുടെ അവസാനം മുതല്‍ മൂന്ന് തവണ ഡി.എം.കെ തുടര്‍ച്ചയായി വിജയിച്ച മണ്ഡലത്തില്‍ കഴിഞ്ഞ തവണ അണ്ണാ ഡി.എം.കെ ഒരു ലക്ഷത്തോളം വോട്ടിന് മണ്ഡലം പിടിച്ചു. സി.പി.ഐ.എമ്മും സി.പി.ഐയും ചേര്‍ന്ന്് മത്സരിച്ച മണ്ഡലത്തില്‍ 90,313 വോട്ട് നേടി മൂന്നാമതെത്താന്‍ കഴിഞ്ഞു സി.പി.ഐ സ്ഥാനാര്‍ത്ഥിക്ക്. കഴിഞ്ഞ തവണത്തെ വോട്ടിങ്ങ് ശതമാനം പരിശോധിച്ചാല്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് വിജയം ഉറപ്പ്. കാരണം ഡി.എം.കെയുടെ 34.8 ശതമാനത്തിനൊപ്പം ഇടതിന്റെ 9.5 ഉം കോണ്‍ഗ്രസിന്റെ 2.5 ഉം കൂടിയാല്‍ അണ്ണാ ഡി.എം.കെയെ മറികടക്കുക എളുപ്പം. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ നില കുറച്ചു കൂടി മെച്ചപ്പെടുത്തി. മൂന്നിടത്ത് ഡി.എം.കെയും മൂന്നിടത്ത് അണ്ണാ ഡി.എം.കെയും വിജയിച്ചു. ഇത്തവണ എം സെല്‍വരാജാണ് സി.പി.ഐ സ്ഥാനാര്‍ത്ഥി. അണ്ണാ ഡി.എം.കെയിലെ എം ശരവണന്‍ മറുഭാഗത്തും.
കരുണാനിധിയുടെ ജന്‍മസ്ഥലമായ തിരുവാരൂര്‍ കൂടി ഉള്‍പ്പെടുന്ന നാഗപ്പട്ടണത്ത് സ്റ്റാലിന്‍ തന്നെ നേരിട്ടെത്തി പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച കാഴ്ചയുണ്ടായിരുന്നു. പതിനായിരങ്ങളാണ് റാലിയിലേക്ക് ഒഴുകിവന്നത്. ഗജാ ചുഴലിക്കാറ്റ് വീശി കര്‍ഷകന്റെ നടുവൊടിച്ച സ്ഥലം കൂടിയാണ് നാഗപ്പട്ടണം. സര്‍ക്കാര്‍ വേണ്ട ഇടപെടലൊന്നും നടത്തിയില്ല എന്ന് കര്‍ഷകര്‍ക്ക് പരാതിയുണ്ട്. വോട്ട് പളനിസ്വാമിക്കും പനീര്‍സെല്‍വത്തിനും എതിരായി തിരിയാന്‍ ഇതും കാരണമാകും. ഇതെല്ലാം കൊണ്ട് മത്സരിക്കുന്ന രണ്ട് സീറ്റുകളില്‍ സി.പി.ഐയ്ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന മണ്ഡലം നാഗപ്പട്ടണമാണ്.
നേരത്തെ 2004ലാണ് ഡി.എം.കെയും കോണ്‍ഗ്രസും ഇടത്പക്ഷവും വൈക്കോയുടെ എം.ഡി.എം.കെയും എല്ലാം ചേര്‍ന്ന് മത്സരിച്ചത്. അന്ന് എല്ലാവരേയും ഞെട്ടിച്ച് തമിഴ്നാട്ടിലെ മുപ്പത്തി ഒമ്പതും പുതുച്ചേരിയിലെ ഒന്നും സീറ്റ് സഖ്യം തൂത്തുവാരി. ഇത്തവണ ദളിത് നേതാവ് തിരുമാവളവന്റെ വിടുതലൈ ചിരുതൈ കക്ഷികളും ഡി.എം.കെ സഖ്യത്തിനൊപ്പമാണ്. അന്നും ഇന്നും മറുഭാഗത്ത് അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യം. ചരിത്രം ആവര്‍ത്തിക്കുമെന്നാണ് ഡി.എം.കെ സഖ്യത്തിന്റെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ നാല് ചുവന്ന തുരുത്തുകളുണ്ടാകും തമിഴകത്ത്.