നെഹ്‌റു പേടി
ഫാറൂഖ്
Monday, 8th April 2019, 1:48 pm
‘ഈ റേഡിയോ ഒക്കെ നമ്മുടെ പുരാണങ്ങളില്‍ ഉണ്ടായിരുന്നു, കേട്ടിട്ടില്ലേ – അശരീരി !’, പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞതാണ്. പിന്നീട് ഒരു അധ്യാപകനും ഏകദേശം സമാനമായ ഒരഭിപ്രായം പറഞ്ഞിരുന്നു – ‘കൊച്ചു ശ്രീകൃഷ്ണന്റെ വായ തുറന്നു നോക്കിയപ്പോള്‍ യശോദ പ്രപഞ്ചം മുഴുവന്‍ കണ്ടില്ലേ, അതെന്താ, ഇന്ന് നാം കാണുന്ന ടെലിവിഷന്റെ അന്നത്തെ രൂപം !’. കുട്ടികളായിരിക്കുമ്പോള്‍ മാത്രമല്ല, കുറച്ചൊക്കെ മുതിര്‍ന്ന സമയത്തും ഇത്തരം നിരീക്ഷണങ്ങള്‍ നമ്മള്‍ കേള്‍ക്കും, എല്ലാ മതക്കാരില്‍ നിന്നും.
സമദാനി കുറച്ചു കാലം മുമ്പ് മതവും ശാസ്ത്രവും എന്ന പേരില്‍ ഒരു പ്രഭാഷണ പരമ്പര നടത്തിയിരുന്നു കോഴിക്കോട് ബീച്ചില്‍. ഇപ്പോള്‍ നിലവിലുള്ള എല്ലാ ശാസ്ത്രീയ സിദ്ധാന്തങ്ങളും കണ്ടുപിടുത്തങ്ങളും മതവുമായി ബന്ധിപ്പിക്കുന്ന ദീര്‍ഘമായ പ്രസംഗങ്ങള്‍. മിക്കവാറും ഒന്നും ഓര്‍മയിലില്ല, ഇതൊഴിച്ചു ‘നമ്മള്‍ ഏഴാകാശം എന്ന് പണ്ട് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും പുച്ഛം, ഇപ്പൊ ശാസ്ത്രം കണ്ടു പിടിച്ചതോ – ട്രോപോസഫീര്‍, സ്റ്റേറ്റോസ്ഫിര്‍, മെസോസ്‌ഫെര്‍, തെര്‍മോസ്‌ഫെര്‍, എസൊസഫീര്‍, അയോണോസ്‌ഫെര്‍ !’. എണ്ണിയത് ആറെ ഉണ്ടായിരുന്നുവെങ്കിലും കടപ്പുറത്തു പ്രഭാഷണം കേട്ടു കൊണ്ടിരുന്ന ലക്ഷങ്ങള്‍ക്ക് സന്തോഷം. സമദാനി മാത്രമല്ല നിരവധി മത പ്രഭാഷകര്‍, പ്രത്യേകിച്ച് എം എം അക്ബറിനെ പോലുള്ളവര്‍ ഇത്തരം സിദ്ധാന്തങ്ങള്‍ കൊണ്ട് സാമ്രാജ്യങ്ങള്‍ തന്നെ കെട്ടിപ്പടുത്തു .
കുട്ടികളായിരിക്കുമ്പോള്‍ ഇതൊക്കെ നമ്മളെ അത്ഭുതപ്പെടുത്തും, കുറച്ചു മുതിര്‍ന്നു കോളേജ് കാലമാവുമ്പോള്‍ ഇത്തരക്കാരോട് തര്‍ക്കിക്കും, പിന്നെ പിന്നെ ഒരു പുഞ്ചിരിയോട് കൂടെ ഇതൊക്കെ അവഗണിക്കും. ഇപ്പോഴൊക്കെയാണെങ്കില്‍ കേശവമാമന്‍ എന്ന കാറ്റഗറിയിലേക്ക് തട്ടും. ഭൂരിഭാഗം സാധാരണ മനുഷ്യരും ഇങ്ങനെയൊക്കെയാണെങ്കിലും ചിലരൊക്കെ ഇതൊക്കെ വളരെ ഗൗരവമായെടുക്കും, എപ്പോഴും ഭൂതകാലത്തെ കുറിച്ച് ചിന്തിക്കും, ഭൂതകാലം അവരെ ഭ്രമിപ്പിക്കും. ഇത്രയ്ക്കു പ്രമാദമായ ഒരു ഭൂതകാലം നമുക്കുണ്ടെങ്കില്‍ പിന്നെ ആ ഭൂതകാലം തിരിച്ചെടുക്കുകയല്ലേ നമ്മള്‍ ചെയ്യേണ്ടത് എന്ന് ന്യായമായും സംശയിക്കും, അതിനു വേണ്ടി പ്രവര്‍ത്തിക്കും, അത്തരക്കാര്‍ ആര്‍.എസ്.എസ്, ജമാഅത്തെ ഇസ്‌ലാമി എന്നൊക്കെയുള്ള സംഘടനകളില്‍ പോയി ചേരും. അതില്‍ ചിലര്‍ എം.എല്‍.എ അല്ലെങ്കില്‍ എം.പി ഒക്കെയാവും, ചിലപ്പോള്‍ പ്രധാന മന്ത്രിയും. ഉദാഹരണം – മോഡി
ഇതിന്റെ നേരെ എതിര്‍ ദിശയിലുള്ളവരും ഉണ്ടാവും. അവര്‍ എപ്പോഴും ഭാവിയെ പറ്റി ചിന്തിക്കും, നമ്മുടെ പൂര്‍വികര്‍ ജീവിച്ചതിനേക്കാള്‍ നന്നായാണ് നമ്മള്‍ ജീവിക്കുന്നതെന്നു വിശ്വസിക്കും, നമ്മള്‍ ജീവിച്ചതിനേക്കാള്‍ നന്നായി നമ്മുടെ ഭാവിതലമുറ ജീവിക്കണമെന്നു ആഗ്രഹിക്കും. അങ്ങനെയുള്ള ചിലരും എം.എല്‍.എ യും എം.പിയും ഒക്കെയാവും, ചിലപ്പോള്‍ പ്രധാനമന്ത്രിയും. ഉദാഹരണം – നെഹ്റു.
ഇവര്‍ രണ്ടു പേരും എങ്ങനെ ഒരേ രാജ്യത്തിന്റെ പ്രധാനമന്ത്രിമാരായി എന്ന് പലരും അത്ഭുതപ്പെടും, ചിലര്‍ ഇത് രാജ്യത്തിന്റെ പുരോഗതിയായും മറ്റു ചിലര്‍ അധോഗതിയായും വിലയിരുത്തും. നമ്മുടേത് തുച്ഛമായ ആയുസ്സും നമ്മള്‍ ജീവിക്കുന്നത് പരിമിതമായ കാലത്തായതും കൊണ്ടുമുള്ള പ്രശ്‌നങ്ങളാണത്, ഒരു രാജ്യത്തിന്റെ ആയുസ്സു നൂറ്റാണ്ടുകളായതിനാല്‍ അതിലൊന്നും അത്ഭുതപ്പെടാനില്ല. എബ്രഹാം ലിങ്കണും, ഒബാമയും, ട്രംപും ഒരേ രാജ്യത്തിന്റെ പ്രസിഡന്റുമാരായിരുന്നു , അതെ പോലെ തന്നെ ചര്‍ച്ചിലും താച്ചറും തെരേസാമേയും അല്ലെങ്കില്‍ ഹിറ്റ്‌ലറും അഞ്ചേല മെര്‍ക്കലും.
ഇക്കഴിഞ്ഞ ആഴ്ച വിക്കിപീഡിയ പേജില്‍ നൂറു കണക്കിന് എഡിറ്റ് ശ്രമങ്ങളാണ് നടന്നത്, നെഹ്റുവാണു ഐ.എസ്.ആര്‍.ഓ സ്ഥാപകന്‍ എന്ന നിലയിലുള്ള എല്ലാ റെഫെറെന്‍സുകളും നശിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു ഇന്റര്‍നെറ്റില്‍ മുഴുവന്‍. 1962 ല്‍ നെഹ്റു സ്ഥാപിച്ച ഇന്‍കോസ്പര്‍ എന്ന സ്ഥാപനം 1969 ല്‍ പേര് മാറ്റിയാണ് ഐ.എസ്.ആര്‍.ഓ ആയത്, അത് കൊണ്ട് തന്നെ ഐ.എസ്.ആര്‍.ഓ സ്ഥാപിച്ചത് 1969 ലാണെന്നും അപ്പോള്‍ നെഹ്റു ജീവിച്ചിരിപ്പില്ലായിരുന്നു എന്നുമുള്ള സാങ്കേതികതയില്‍ പിടിച്ചായിരുന്നു ഈ ശ്രമങ്ങള്‍ മുഴുവനും. നൂറുകണക്കിന് ഇന്റര്‍നെറ്റ് പേജുകള്‍, ആയിരക്കണക്കിന് ട്വീറ്റുകള്‍, ഫേസ്ബുക് പോസ്റ്റുകള്‍ തുടങ്ങിയവയൊക്കെ ഒറ്റ ദിവസം കൊണ്ട് റെഡിയായി.
ഇതാദ്യത്തേതല്ല, ആയിരക്കണക്കിന് നെഹ്റു വിരുദ്ധ ലേഖനങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. പ്രധാനമന്ത്രി തന്നെ നിരവധി അവസരങ്ങളില്‍ നെഹ്റുവിനെ അവഹേളിച്ചു സംസാരിച്ചു, പാര്‍ട്ടിയിലെ മുഴുവന്‍ നേതാക്കളും ഒരനുഷ്ടാനം പോലെ അത് അനുകരിച്ചു. പാഠപുസ്തകങ്ങളില്‍ നിന്ന് നെഹ്റുവിനെ നീക്കി, നെഹ്റു മെമ്മോറിയല്‍ ഉള്‍പ്പടെയുള്ള നെഹ്രുവിന്റെ പേരുള്ള മുഴുവന്‍ സ്ഥാപനങ്ങളും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നു. ഇതിനൊക്ക നേതൃത്വം കൊടുക്കുന്നത് പ്രധാനമന്ത്രി നേരിട്ടും അദ്ദേഹത്തിന്റെ ഓഫീസും. എന്ത് കാരണം കൊണ്ടായിരിക്കണം നെഹ്രുവിന്റെ ഓര്‍മകളെ മോഡി ഇത്രയും ഭയക്കുന്നത് – ഇ.എം.എസ് ഒരിക്കല്‍ വേറൊരു സാഹചര്യത്തിലാണെങ്കിലും ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ടുണ്ട് – ചരിത്രബോധം.
മോദിക്ക് ഇപ്പോള്‍ തന്നെ എഴുപത് വയസ്സായി. ഈ തിരഞ്ഞെടുപ്പ് ജയിച്ചാല്‍ അഞ്ചു കൊല്ലം കഴിയുമ്പോള്‍, അല്ലെങ്കില്‍ ഇക്കൊല്ലം തന്നെ, മാര്‍ഗ്ഗ ദര്‍ശക മണ്ഡല്‍ എന്ന വൃദ്ധ സദനത്തിലേക്ക് പോകേണ്ടയാളാണ് താനെന്നു മോദിക്ക് തന്നെ നന്നായറിയാം. അദ്വാനിയെ പോലെ ആരാലും മാനിക്കപ്പെടാതെ, സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തീണ്ടാപാടകലത്തില്‍ നിര്‍ത്തുന്ന ജീവിതമാണ് വരാനുള്ളത്. ഇത്തരം ഒരവസരത്തില്‍ ഏതൊരാളെയും അലട്ടുന്ന ഒരു കാര്യം തന്നെയേ മോദിയെയും അലട്ടുന്നുള്ളു – ചരിത്രത്തിലെ തന്റെ സ്ഥാനം. അമ്പതോ നൂറോ കൊല്ലം കഴിയുമ്പോള്‍, ഇപ്പോഴുള്ള ആരാധക വൃന്ദം മുഴുവന്‍ മരിച്ചു കഴിയുമ്പോള്‍, വില കൊടുത്തു വാങ്ങാന്‍ കഴിയുന്ന മുഴുവന്‍ സ്തുതിപാഠകരും ഇല്ലാതാവുമ്പോള്‍ , അന്ന് ജീവിക്കുന്ന ആളുകള്‍ തന്നെ പറ്റി ഓര്‍ക്കുന്നത് എങ്ങനെയാവും, അല്ലെങ്കില്‍ താന്‍ നല്‍കിയ ഏതു സംഭാവനകളുടെ പേരിലാവും ?
ഇന്ത്യ ഭരിച്ച ചില പ്രധാനമന്ത്രിമാരെങ്കിലും ചരിത്രത്തിലെ തങ്ങളുടെ സ്ഥാനം ഓര്‍മിക്കപ്പെടാന്‍ പാകത്തില്‍ ചിലതെങ്കിലും ചെയ്തു വച്ചിട്ടുണ്ട്. ചിലതൊക്കെ പതിറ്റാണ്ടുകള്‍ ഓര്‍മിക്കപെടുന്നതാണെങ്കില്‍ മറ്റു പലതും നൂറ്റാണ്ടുകള്‍, മറ്റു ചിലത് രാജ്യം നില നില്‍ക്കുന്നിടത്തോളം കാലം. ഇന്ദിരാഗാന്ധി കാര്‍ഷിക വിപ്ലവത്തിന്റെയും ബംഗ്ലാദേശ് യുദ്ധത്തിന്റെയും ഇന്ത്യയെ ആണവ ശക്തിയാക്കിയതിന്റെയും പേരിലാണെങ്കില്‍, മന്‍മോഹന്‍ സിങ് ഇന്ത്യയെ വന്‍ സാമ്പത്തിക ശക്തിയാക്കിയതിന്റെയും ആര്‍.ടീ.ഐ , ആധാര്‍ തുടങ്ങിയ വിപ്ലവകരമായ നിയമ നിര്‍മാണങ്ങളുടെ പേരിലും ഓര്‍ക്കപെടും. വീ.പീ സിങ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരിലും രാജീവ് ഗാന്ധി സാങ്കേതിക വിപ്ലവത്തിന്റെ പേരിലും ഒക്കെയായിരിക്കും ഓര്‍മിക്കപ്പെടുക. ക്വിസ് പ്രോഗ്രാമുകളില്‍ മാത്രം പരാമര്‍ശിക്കപെടാനായി ശാസ്ത്രി, ഗൗഡ, വാജ്‌പേയി തുടങ്ങിയവരുമുണ്ട്. പക്ഷെ ഇവര്‍ക്കാര്‍ക്കും അരികില്‍ പോലും എത്താന്‍ കഴിയാത്ത വിധത്തില്‍ രാജ്യം നിലനില്‍ക്കുന്ന കാലം വരെ ഓര്‍മിക്കപെടുന്ന സംഭവനകളുമായി ചരിത്രത്തില്‍ ഒരാള്‍ നില്‍ക്കുന്നുണ്ട് – നെഹ്റു.
ഐ.ഐ.ടി, ഇന്‍കോസ്പര്‍ ( ഐ.എസ്.ആര്‍.ഓ ), ഡീ.ആര്‍.ഡീ.ഓ, ബാര്‍ക്, സീ.എസ്.ഐ ആര്‍, എയിംസ്, പ്ലാനിംഗ് കമ്മിഷന്‍ തുടങ്ങി നൂറു കണക്കിന് സ്ഥാപനങ്ങളും , ഭക്രാനംഗല്‍ തുടങ്ങിയ അണക്കെട്ടുകളും ജലസേചന പദ്ധതികളും, റൂര്‍ക്കേല, ബക്കറോ തുടങ്ങിയ വ്യവസായ ശാലകളും നെഹ്രുവിന്റെ സംഭാവനകളില്‍ രണ്ടാമതോ മൂന്നാമതോ ആയി മാത്രമേ വരൂ. ഒന്നാമത്തേത് നമ്മളീ കാണുന്ന രൂപത്തിലുള്ള ഇന്ത്യ തന്നെയാണ്, ഇന്ത്യ എന്ന ഭൂമിശാസ്ത്ര മേഖലയല്ല, ഇന്ത്യ എന്ന ആധുനിക റിപ്പബ്ലിക്ക്. ആധുനിക ഇന്ത്യയുടെ ശില്പി എന്ന് നെഹ്റുവിനെ വിളിക്കുന്നത് വെറുതെയല്ല, ജനാധിപത്യം, ഫെഡറലിസം, ശാസ്ത്രബോധം തുടങ്ങി ഒരു ആധുനിക രാജ്യത്തിന് വേണ്ട എല്ലാം ഇന്ത്യയുടെ ഭാഗമാക്കിയതില്‍ പ്രധാനി നെഹ്റു തന്നെയാണ്. ഇന്ത്യ അതിന്റെ ഭാവിയെ പറ്റി ചിന്തിക്കുകയും അതിനു വേണ്ടി വിത്തിറക്കുകയും ചെയ്തത് നെഹ്രുവിന്റെ കാലത്താണ്.
മോദിയുടെ ചരിത്രബോധത്തിന് ഏറ്റവും വലിയ തെളിവാണ് അദ്വാനി എന്ന് രാമചന്ദ്ര ഗുഹ നിരീക്ഷിക്കുന്നുണ്ട്. ബി.ജെ.പിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ നേതാവായി കാലങ്ങളോളം അറിയപ്പെടണം എന്നതായിരുന്നു മോദിയുടെ ആഗ്രഹം. അദ്വാനി രാഷ്ട്രപതിയായാല്‍ അത് ഒരു പക്ഷെ നടന്നേക്കില്ല എന്ന തോന്നലില്‍ നിന്നാണ് ബി.ജെ.പി അണികളുടെ മുഴുവന്‍ ആഗ്രഹങ്ങള്‍ക്കും എതിരായി അദ്വാനിക്ക് രാഷ്ട്രപതിയാകാനുള്ള അവസരം നിഷേധിക്കപ്പെടുന്നത്.
വാജ്പേയിയെ എന്നും ഒരു ദുര്‍ബലനായിട്ടെ മോദി കണ്ടിട്ടുള്ളു. വാജ്പേയിയെ മാത്രമല്ല, തന്റെ മുന്‍ഗാമികളായ മന്‍മോഹന്‍ സിങ് മുതല്‍ നെഹ്റു വരെയുള്ളവര്‍ ചരിത്രത്തില്‍ തന്റെ കീഴെ മാത്രമേ വരുവുള്ളു എന്ന് മോദി സത്യത്തില്‍ വിചാരിച്ചിരുന്നു. അതിനനുസരിച്ചുള്ള പല പദ്ധതികളും വിഭാവനം ചെയ്യുകയും ചെയ്തിരുന്നു.- സ്വച്ഛ് ഭാരത്, മെയ്ക് ഇന്‍ ഇന്ത്യ, സ്മാര്‍ട്ട് സിറ്റീസ്, ബുള്ളറ്റ് ട്രെയിന്‍, നീതി ആയോഗ്, ഗ്രാമങ്ങള്‍ ദത്തെടുക്കല്‍, നോട്ടു നിരോധനം, ജി.എസ്.ടി, പട്ടേല്‍ പ്രതിമ തുടങ്ങി പലതും.
ഇതില്‍ മിക്കതും തുടക്കത്തില്‍ തന്നെ പാളി, ഉദാഹരണം ഗ്രാമങ്ങള്‍ ദത്തെടുക്കല്‍, ആദ്യത്തെ ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ എം.പി മാരും എം.എല്‍.എ മാരും ദത്തെടുക്കല്‍ നിര്‍ത്തി. സ്മാര്‍ട്ട് സിറ്റിസ് പദ്ധതിക്ക് കുറെ നഗരങ്ങള്‍ തിരഞ്ഞെടുത്തെങ്കിലും ഒരു നല്ല ഓവര്‍ബ്രിഡ്ജ് ഉണ്ടാക്കാനുള്ള ബജറ്റ് പോലും വിലയിരുത്താന്‍ കഴിയാതെ അതും നിര്‍ത്തിയ പോലായി. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പൂര്‍ത്തിയാവുമോ എന്നുറപ്പില്ലാതെ നില്‍ക്കുന്നു. സ്വച്ഛ് ഭാരത് ഒരു വിധം ചര്‍ച്ച ചെയ്യപ്പെടുകയും പരിമിതമായ തോതിലെങ്കിലും നടപ്പാക്കപ്പെടുകയും ചെയ്ത പദ്ധതിയാണെന്നു പറയാം, ഉത്തരേന്ത്യയില്‍ നിര്‍മിക്കപ്പെട്ട കക്കൂസുകള്‍ നില നില്‍ക്കുന്നിടത്തോളം കാലം ഒരു പക്ഷെ സ്വച്ഛ് ഭാരത് ഓര്‍മിക്കപ്പെട്ടേക്കാം.
മോദി തുടങ്ങിയ ഒരേ ഒരു സ്ഥാപനമായ നീതി ആയോഗ് പേര് പോലെ തന്നെ എന്തിനാണെന്നോ ഏതിനാണെന്നോ അറിയാതെ നില്‍ക്കുന്നു, പ്ലാനിംഗ് കമ്മീഷന്റെ തെളിച്ചമില്ലാത്ത ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പി. അടുത്ത സര്‍ക്കാര്‍ വരെയേ അതിന് നില നില്‍പ്പുള്ളൂ, അവര്‍ നെഹ്രുവിന്റെ പ്ലാനിംഗ് കമ്മിഷന്‍ തന്നെ പുനഃസ്ഥാപിക്കും. നോട്ടു നിരോധനവും ജി.എസ്.ടീയും മോദി തന്നെ മറക്കാനാഗ്രഹിക്കുന്ന വിധത്തില്‍ പരാജങ്ങളായി, മോദിയുള്‍പ്പടെ ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ അതൊന്നും തിരഞ്ഞെടുപ്പ് റാലികളില്‍ പോലും പരാമര്‍ശിക്കാറില്ല. കാലത്തെ അതിജീവിക്കുന്ന മോദിയുടെ ഒരേയൊരു സംഭാവന ഒരു പക്ഷെ പട്ടേല്‍ പ്രതിമയായിരിക്കും.
എന്ത് കൊണ്ടായിരിക്കും മരിച്ചു അര നൂറ്റാണ്ടിനു ശേഷവും ചരിത്രത്തിലെ സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മോദി നെഹ്രുവിനു മുമ്പില്‍ ദയനീയമായി പരാജയപ്പെടുന്നത്? അതിന്റെ ഉത്തരമാണ് നമ്മള്‍ തുടക്കത്തില്‍ പറഞ്ഞത്. ജീവിതം മുഴുവന്‍ മോദി പ്രവര്‍ത്തിച്ചത് ഒരു പിന്നോട്ട് നോക്കി പ്രസ്ഥാനത്തിലാണ് – ആര്‍.എസ്.എസ്സ്. ഭൂതകാലത്തെ ഗ്ലോറിഫൈ ചെയ്യുകയും ആ ഭൂതകാല പ്രതാപങ്ങളെ തിരിച്ചു കൊണ്ട് വരാന്‍ വേണ്ടി പ്രവര്‍ത്തിക്കാന്‍ അണികള്‍ക്ക് പരിശീലനം നല്‍കുകയുമാണ് അവരുടെ പ്രധാന പരിപാടി. ശാസ്ത്ര ബോധം വര്‍ധിപ്പിക്കുക, ഭാവിയിലേക്ക് വേണ്ട വിദ്യാഭ്യാസ, ശാസ്ത്ര സ്ഥാപനങ്ങള്‍ ഉണ്ടാക്കുക, ശാസ്ത്രജ്ഞരെയും ധിഷണാശാലികളെയും അംഗീകരിക്കുക തുടങ്ങിയവയൊന്നും ആര്‍.എസ്.എസ്സുമായി ഒത്തു പോകുന്ന കാര്യങ്ങളല്ല.
സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഗണപതിയുടെ തല പ്‌ളാസ്റ്റിക് സര്‍ജറി നടത്തിയതാണെന്നും, രാമസേതു ഹനുമാന്‍ നിര്‍മിച്ചതാണെന്നും, കൗരവന്മാര്‍ ടെസ്റ്റ്ട്യൂബ് ശിശുക്കളാണെന്നും, ചാണകത്തില്‍ പ്ലൂട്ടോണിയം ഉണ്ടെന്നും, ഗോമൂത്രത്തിലെ സ്വര്‍ണം വേര്‍തിരിച്ചാല്‍ ഇന്ത്യ ലോകത്തിലെ വന്‍ശക്തിയാകുമെന്നും ഒക്കെയാണ് ശാഖയില്‍ പഠിപ്പിക്കുന്നത്. മോദി പഠിച്ചത് മുഴുവന്‍ ശാഖയിലാണ്, നെഹ്‌റുവാണെങ്കില്‍ കേംബ്രിഡ്ജ് യൂണിവര്‍സിറ്റിയിലും. അതിനനുസരിച്ചേ അവര്‍ക്കു പ്രവര്‍ത്തിക്കാനാവൂ, വിക്കിപീഡിയ തിരുത്തിയാലൊന്നും ആരും ചരിത്രപുരുഷനാകില്ല.
പിന്‍കുറിപ്പ് – തിരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച് വലിയ ഓളങ്ങളൊന്നും ഉണ്ടാക്കാന്‍ സാധ്യതയില്ലാത്ത റാഫേല്‍ അഴിമതി രാഹുല്‍ ഗാന്ധി വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതെന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതേ ചരിത്രബോധമായിരിക്കും കാരണം. രാജീവ് ഗാന്ധിക്ക് ബൊഫോഴ്സ്, വാജ്പേയിക്ക് ശവപ്പെട്ടി കുംഭകോണം, മന്മോഹന്‍സിംഗിന് 2 ജി. മോദി മാത്രം പ്രത്യേകിച്ച് ആരോപണങ്ങളൊന്നും ഇല്ലാതെ പരാമര്‍ശിക്കപ്പെടേണ്ട എന്ന ഒരു വാശിയുണ്ടാകും രാഹുല്‍ ഗാന്ധിക്ക്, അതിലദ്ദേഹം വിജയിച്ചു എന്നാണ് തോന്നുന്നത്.