ചായയുണ്ടാക്കാനായി പാത്രത്തില്‍ വെള്ളമെടുത്ത് അടുപ്പത്ത് വെക്കുന്നു. അടുപ്പ് കത്തിക്കുന്നു. ആ വെള്ളത്തിലേക്ക് നോക്കിയാല്‍ ഇത്തിരി കഴിയുമ്പോഴേക്ക് ജലത്തില്‍ കുടുങ്ങിപ്പോയ വായു കുമിളകളായി മുകളിലേക്ക് എത്തുന്നത് കാണാം. ആ സമയത്തൊക്കെ ജലത്തിലെ ഓരോ തന്മാത്രയുടേയും യാത്രാപഥം നമുക്ക് പ്രവചിക്കാനാവും.
താഴെ നിന്നു ചൂടേറ്റു വാങ്ങി അവയോരോന്നും മുകളിലേക്ക് യാത്ര ചെയ്യും. മുകളിലെ ചൂടുകുറഞ്ഞ തന്മാത്രകള്‍ താഴേക്കിറങ്ങും. അവയും ചൂടേല്‍ക്കുന്നതോടെ മുകളിലേക്ക് ഉയരും. ഈ കണ്‍വെക്ഷന്‍ കറന്റ് നമുക്ക് പ്രവചിക്കാവുന്നതാണ്. കുറച്ചു കഴിഞ്ഞാല്‍ വെള്ളം തിളക്കാന്‍ തുടങ്ങും. അവിടെ നിന്നങ്ങോട്ട് ആ ജലത്തിലെ ഒരു തന്മാത്രയുടേയും സഞ്ചാരപഥം പ്രവചിക്കാനാവില്ല. ദീര്‍ഘകാലം ക്രമം തെറ്റാതെ വന്നിരുന്ന കാലവര്‍ഷത്തിന്റെ സമയങ്ങളിലും പെയ്യുന്ന മഴയിലും വന്ന പ്രവചിക്കാനാവാത്ത മാറ്റം ഇത്തരത്തില്‍ വന്നുചേര്‍ന്നതാണ്.
ഭൂമിയുടെ ചൂട് കൂടുന്നു. അതിനൊപ്പം മഴയുടേയും വെയിലിന്റേയും വരവും പോക്കും മുന്നേ പ്രവചിക്കാനാവാതെ ആയിരിക്കുന്നു.
എന്തുകൊണ്ട് ഭൂമിയില്‍ മാത്രം ജീവന്‍ എന്ന ചോദ്യത്തിന്റെ ആദ്യ ഉത്തരം ഭൂമി സൂര്യനില്‍ നിന്നും കൃത്യമായ അകലത്തില്‍ നില്‍ക്കുന്നു എന്നതാണ്. കുറച്ചുകൂടി അടുത്തായിരുന്നെങ്കില്‍ ജീവന്റെ നിലനില്‍പ്പിന് ആധാരമായ ജലം നീരാവിയായി പോയേനെ. കുറച്ചുകൂടി അകലത്തിലാണെങ്കില്‍ അതത്രയും ഐസായി ഉറഞ്ഞു പോയേനെ.
ഇത്തരത്തില്‍ സ്ഥാനം കാരണം ചൂട് ക്രമീകരിക്കപ്പെട്ടത് കഴിഞ്ഞാല്‍ രണ്ടാമതായി ചൂടിന്റെ സൂക്ഷ്മ നിയന്ത്രണം നടത്തുന്നത് അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡും കാര്‍ബണ്‍ മോണോക്സൈഡും നൈട്രസ് ഓക്സൈഡും സള്‍ഫര്‍ ഡൈ ഓക്സൈഡും നീരാവിയുമെല്ലാമാണ് ഹരിത ഗൃഹവാതകങ്ങള്‍. ഇവ സൂര്യനില്‍ നിന്നു വരുന്ന ചൂടിനെ ഭൂമിയില്‍ എത്തുന്ന വിധം കടത്തിവിടുകയും എന്നാല്‍ ഭൂമിയില്‍ നിന്നു പ്രതിഫലിക്കുന്ന ചൂടിനെ തടഞ്ഞുനിര്‍ത്തി വീണ്ടും ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്യും.
വ്യാവസായിക വിപ്ലവത്തിനു ശേഷം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ധിച്ചത് നാല്‍പത് ശതമാനത്തോളമാണ്. അതിനൊപ്പം ആളുകളുടെ ശരാശരി താപനിലയില്‍ വന്ന വര്‍ധനവ് 0.8 ശതമാനവും. ഭൂമിയുടെ ചൂട് കൂടാതിരിക്കാനുള്ള അന്താരാഷ്ട ശ്രമങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. വ്യവസായിക വിപ്ലവ കാലത്തേതില്‍ നിന്നും ഭൂമിയുടെ താപനില വര്‍ധനവ് 1.5 ഡിഗ്രി സെന്റിഗ്രേഡിന് അപ്പുറം പോകാതിരിക്കാന്‍ ലക്ഷ്യംവെച്ചുകൊണ്ടാണ് പാരീസ് ഉടമ്പടി ഉണ്ടായത്. ഓരോ രാജ്യവും സ്വമേധയാ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ കുറവു വരുത്താനായിരുന്നു ലക്ഷ്യം.
അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ അയക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അമേരിക്ക ഉടമ്പടിയില്‍ നിന്നു പിന്നോട്ട് പോയെങ്കിലും യൂറോപ്യന്‍ രാജ്യങ്ങള്‍ ഉടമ്പടിയെ പിന്‍പറ്റി വേണ്ടി മാറ്റങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നുണ്ട്. ഇതാണ് ആഗോളതലത്തിലെ അവസ്ഥ. എന്നാല്‍ ഇപ്പോള്‍ത്തന്നെ എത്തിപ്പെട്ടിരിക്കുന്ന ഉയര്‍ന്ന താപനില സൃഷ്ടിക്കുന്ന കമ്പനങ്ങള്‍ ഗുരുതരമായി തുടരുകയും ചെയ്യുന്നു.
ഭൂമിയുടെ ശരാശരി താപനില വര്‍ധിക്കുമ്പോള്‍ സംഭവിക്കുന്ന പ്രശ്നങ്ങളില്‍ ആദ്യത്തേത് ഭൂമിയുടെ ഇരുധ്രുവങ്ങളിലുമുള്ള മഞ്ഞുപാളികള്‍ അലിഞ്ഞുപോവുക എന്നതാണ്. അങ്ങനെയുണ്ടാകുന്ന ജലം സമുദ്രനിരപ്പ് ഉയര്‍ത്തും. പസഫിക് സമുദ്രത്തിലെ പല ദ്വീപുകളും മുങ്ങിക്കഴിഞ്ഞു. നമ്മുടെ അയല്‍രാജ്യമായ മാലിദ്വീപിലെ ആളുകള്‍ ശ്രീലങ്കയിലും ആസ്ട്രേലിയയിലും സ്ഥലം വാങ്ങാന്‍ തുടങ്ങിക്കഴിഞ്ഞു. തീരദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. ഇന്ത്യയിലെ സുന്ദര്‍ബന്‍സും നമ്മുടെ കുട്ടനാടുമൊക്കെ സമുദ്രനിരപ്പിനേക്കാള്‍ താഴ്ന്ന പ്രദേശങ്ങള്‍ എന്ന നിലയ്ക്ക് നേരിടേണ്ടിവരുന്ന ഭീഷണി വലുതാണ്.
താപനില കൂടുമ്പോഴുള്ള രണ്ടാമത്തെ പ്രശ്നം ജീവജാലങ്ങള്‍ മാറിത്താമസിക്കും എന്നതാണ്. ഭൂമധ്യരേഖാ പ്രദേശത്തു നിന്ന് ധ്രുവങ്ങളിലേക്കും താഴെ ഭാഗങ്ങളില്‍ നിന്ന് മലമുകളിലേക്കും ആണ് അവര്‍ മാറുക. ഇങ്ങനെ ഒരു ആവാസവ്യവസ്ഥയിലെ ജീവജാലങ്ങള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് പല സമയങ്ങളിലായി മാറുമ്പോള്‍ പരസ്പരബന്ധിതമായി ജീവിച്ച ആവാസവ്യവസ്ഥയാണ് തകരുക. പാരിസ്ഥിതിക ധര്‍മങ്ങള്‍ നിറവേറ്റാനാകാതെ ആവാസ വ്യവസ്ഥ ശുഷ്‌കമാവും.
കേരളത്തില്‍ കുട്ടനാട്ടിലെ ജീവജാലങ്ങള്‍ സഹ്യനു മുകളിലേക്ക് ചൂടുകുറഞ്ഞ ഇടം തേടി പലായനം ചെയ്യുമ്പോള്‍ ഇപ്പോള്‍ തന്നെ സഹ്യന്റെ ഏറ്റവും മുകളിലുള്ള ചോലക്കാടുകളിലും പുല്‍മേടുകളിലും അധിവസിക്കുന്ന ജീവജാലങ്ങള്‍ എങ്ങോട്ട് പോകും? പ്രാദേശികമായ വംശനാശമാവും അവരുടെ വിധി.
ആഗോളതാപനവുമായി ബന്ധപ്പെട്ട മൂന്നാമത്തെ പ്രശ്നം പ്രകൃതിദുരന്തങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയം പലരും കണ്ടത് ഒറ്റപ്പെട്ട സംഭവമായാണ്. അങ്ങനെയായിരുന്നില്ലത്. അതിവൃഷ്ടി മൂലമുണ്ടായ പ്രളയം കുറച്ചുവര്‍ഷം മുന്നേ ഉത്തരാഖണ്ഡില്‍ നമ്മള്‍ കണ്ടതാണ്. അതിനുശേഷം അയല്‍ സംസ്ഥാനമായ തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയും പ്രളയത്തില്‍ മുങ്ങി. മലയാളികള്‍ക്ക് പരിചിതമല്ലാത്ത കൊടുങ്കാറ്റ് രണ്ടുവട്ടം- ഓഖി എന്നും ഗജ എന്നും പേരുകളില്‍- കേരളത്തിലെത്തി.
അതില്‍ ഗജ എന്ന കൊടുങ്കാറ്റ് പശ്ചിമഘട്ട മലനിരകളെ മുറിച്ചുകടക്കുകയും ചെയ്തു. ഈ സീക്വന്‍സിനിടയിലാണ് 2018ലെ പ്രളയം സംഭവിക്കുന്നത്. ആഗോളതലത്തില്‍ തന്നെ പ്രകൃതിദുരന്തങ്ങളുടെ എണ്ണത്തിലുള്ള വര്‍ധന പ്രവചിച്ചിരുന്നതുമാണ്. ഇത്തരത്തില്‍ നമ്മുടെ നിയന്ത്രണത്തിലല്ലാത്ത പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ എന്താണ് ചെയ്യാന്‍ കഴിയുക? ഈ ചോദ്യം അത്രമേല്‍ പ്രസക്തമാകുന്നത് 2018ലെ പ്രളയം ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് തിരിച്ചറിയുമ്പോഴാണ്.
ഇന്ന് ശാസ്ത്രസമൂഹം തിരിച്ചറിയുന്നത് ഏതൊരു പ്രകൃതിക്ഷോഭത്തിനും എതിരെയുള്ള മുന്‍കരുതല്‍ പ്രാദേശിക ആവാസവ്യവസ്ഥകളുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ്. ഓരോ പ്രകൃതിക്ഷോഭവും നമുക്കൊരു അപകടം സംഭവിക്കുന്ന പോലെയാണ്. നിരത്തിലൂടെ നടക്കുമ്പോള്‍ വണ്ടിയിടിച്ചു വീണ് പരിക്ക് പറ്റിയാല്‍ എത്ര പെട്ടെന്ന് സുഖം പ്രാപിക്കും എന്നത് അപകടം നടക്കുന്ന സമയത്തെ നമ്മുടെ ആരോഗ്യസ്ഥിതി അനുസരിച്ചായിരിക്കും.
പൂര്‍ണ ആരോഗ്യത്തിലാണെങ്കില്‍ പെട്ടെന്ന് സുഖം പ്രാപിക്കാനാകും. അപകടസമയത്ത് തന്നെ നിരവധി അസുഖങ്ങളുണ്ടെങ്കില്‍ ഏറെ സമയമെടുക്കും സുഖം പ്രാപിക്കാന്‍. ഇത്തരത്തില്‍ വരാന്‍ പോകുന്ന പാരിസ്ഥിതിക അപകടങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് പശ്ചിമഘട്ട പ്രദേശത്തെ മനുഷ്യരുടെ അതിജീവനം സാധ്യമാക്കാനായി ശാസ്ത്രീയ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കപ്പെട്ട രേഖയാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്.
കേരളം എത്തിനില്‍ക്കുന്ന പാരിസ്ഥിതിക പ്രതിസന്ധിക്ക് പരിഹാരം മുന്നേ പറഞ്ഞപോലെ പ്രാദേശിക ആവാസ വ്യവസ്ഥകളുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ്. അതിനുള്ള രീതിശാസ്ത്രമാണ് ഗാഡ്ഗില്‍ കമ്മിറ്റി മുന്നോട്ടുവെച്ചത്.
എന്താണ് ഇവര്‍ക്ക് സംഭവിച്ചത്?
കുറച്ചുനാള്‍ മുമ്പ്, ഞാന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന് സമീപത്തുള്ള പാണ്ടിപ്പറമ്പ് എന്ന സ്ഥലത്തെ ജനങ്ങള്‍ അവിടെയുള്ള
പാറമടകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നാവശ്യപ്പെട്ട് ഓഫീസില്‍ വന്നിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അതൊരു ചെറിയ പാറമടയായിരുന്നു. ഇന്ന്, എപ്പോള്‍ വേണമെങ്കിലും ആരുടെയും വീട്ടില്‍ പാറക്കല്ല് തെറിച്ചുവീഴുന്ന അവസ്ഥയാണുള്ളത്. പലരും നാടുവിട്ടുപോയി. പകല്‍ സമയത്ത് പോലും ഒരു മണിക്കൂറിനുള്ളില്‍ അറുപതില്‍പരം ലോറികളാണ് വീടുകള്‍ക്ക് മുന്നിലൂടെ കടന്നുപോകുന്നത്. പഞ്ചായത്തുമെമ്പര്‍മാര്‍ മുതല്‍ മന്ത്രിമാര്‍ക്കും കളക്ടര്‍ക്കും വരെ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും ഒന്നും സംഭവിച്ചില്ല.
എന്തുകൊണ്ടാണ് ജനങ്ങളെ സഹായിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള സംവിധാനങ്ങളൊന്നും അവരുടെ സഹായത്തിനെത്താത്തത്? നമ്മുടെ കൈയില്‍ നിന്നും പണം പിരിച്ച് പ്രവര്‍ത്തിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ കാലം കഴിഞ്ഞു എന്നതാണ് പ്രധാന കാരണം. അവര്‍ക്ക് ജനങ്ങളുടെ സഹായം ഇന്നാവശ്യമില്ല. ക്വാറി മുതലാളിയെ വിളിച്ചുപറഞ്ഞാല്‍ പണം പാര്‍ട്ടി ഓഫീസിലെത്തും. അയാള്‍ക്ക് അതിനുള്ള ഉപകാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്തുകൊടുക്കും.
പാണ്ടിപ്പറമ്പുകാര്‍ പാറമടയ്ക്കെതിരെ നാട്ടിലുള്ള ജനങ്ങളെയെല്ലാം വിളിച്ചുചേര്‍ത്ത് വിപുലമായ ഒരു കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചപ്പോള്‍ അതേ ദിവസം തന്നെ എല്ലാ മുഖ്യപാര്‍ട്ടികളും അവരുടെ കുടുംബയോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് അതിനെ പൊളിച്ചു. വിഭവങ്ങള്‍ അന്യമാകുന്ന ജനതയ്ക്ക് രാഷ്ട്രീയപാര്‍ട്ടികളെ വിശ്വസിക്കാന്‍ കഴിയാത്ത സ്ഥിതി വന്നിരിക്കുന്നു. വിഭവചൂഷണം നടത്തുന്നവരുടെ സാമ്പത്തികപിന്തുണകൊണ്ടാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കിടയില്‍ ജനങ്ങള്‍ അനാഥരായിമാറുന്നു. കേരളത്തിലെ ജനങ്ങള്‍ ശരിക്കും ഇന്നൊരു അനാഥാലയത്തിലാണ് കഴിയുന്നതെന്ന് പറയാം.
നമുക്കൊരു പ്രശ്നമുണ്ടായാല്‍ അത് കേള്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥ. ഈ അനാഥത്വത്തില്‍ നിന്നും പുറത്തുകടക്കാനുള്ള ഒരു സാധ്യതയായിരുന്നു ജനാധിപത്യത്തിന്റെ ഏറ്റവും വിശാലാര്‍ത്ഥത്തിലുള്ള പ്രയോഗത്തിലൂടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തുറന്നുതന്നത്. അതുകൊണ്ടാണ്, കേവലം പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഒരു റിപ്പോര്‍ട്ട് എന്നതിനപ്പുറം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഒരു രാഷ്ട്രീയരേഖയായി മാറുന്നത്.
ജനങ്ങളുടെ പങ്കാളിത്തവും പൂര്‍ണമായ സഹകരണവുമില്ലാതെ പരിസ്ഥിതി സംരക്ഷിക്കാന്‍ കഴിയില്ലെന്നുപറഞ്ഞ ഗാഡ്ഗിലിനെ പ്രതിഷേധക്കാരെല്ലാം ചേര്‍ന്ന് ജനവിരുദ്ധനാക്കി. ജനങ്ങളുടെ തീരുമാനങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിനായി ഗ്രാമസഭകളെ കൂടുതല്‍ സമ്പന്നമാക്കണമെന്നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പറഞ്ഞത്. പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്വം സാധാരണക്കാരായ ജനങ്ങളെയും അക്ഷരാഭ്യാസമില്ലാത്ത ആദിവാസികളെയും എങ്ങനെ ഏല്‍പ്പിക്കാന്‍ കഴിയും എന്നാണ് ഇതേ കാര്യത്തെക്കുറിച്ച് കസ്തൂരിരംഗന്‍ കമ്മിറ്റി ചോദിക്കുന്നത്. അതാണ് ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാന വ്യത്യാസം.
പശ്ചിമഘട്ടം സംരക്ഷിക്കേണ്ടത് ആരാണെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന് കസ്തൂരിരംഗന്‍ കമ്മിറ്റി പറയുമ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പറയുന്നു, പശ്ചിമഘട്ട മേഖലയില്‍ സംരക്ഷിക്കപ്പെടേണ്ട പ്രദേശങ്ങളുണ്ട്. അവയുടെ അതിര്‍ത്തി ഏതെന്നും സംരക്ഷണരീതി എന്തെന്നും ആ നാട്ടില്‍ ജീവിക്കുന്ന ജനങ്ങള്‍ തന്നെ തീരുമാനിക്കണം.
പശ്ചിമഘട്ട സംരക്ഷണം അട്ടിമറിക്കപ്പെടുന്നതിലൂടെ നഷ്ടപ്പെടാന്‍ പോകുന്നത് മലയാളം എന്നൊരുവാക്കാണ്. മലയും ആഴവും ചേര്‍ന്നുള്ള ഭൂപ്രദേശമാണ് മലയാഴവും പിന്നീട് മലയാളവുമായി മാറിയത്. ഇവിടെ ജെ.സി.ബികള്‍ ഇന്ന് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഡിറ്റണേറ്ററുകള്‍ നന്നായി പൊട്ടിത്തെറിക്കുന്നുണ്ട്. മലകളെല്ലാം കുഴികളായി മാറിക്കഴിഞ്ഞു. മലപൊട്ടിച്ചെടുക്കുന്ന കല്ലിന് നാം കൊടുക്കുന്ന വില ഒരിക്കലും ആ കല്ലിന്റെ വിലയല്ല.
കല്ല് പൊട്ടിക്കാനുപയോഗിക്കുന്ന ഡിറ്റണേറ്ററിന്റെയും അത് കൊണ്ടുപോകാനുള്ള ലോറി ഓടുന്നതിന്റെയും വിലവെച്ചാണ് കല്ലിന്റെ വിലയെ
നാം ഇന്നളക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ പാറയില്‍ നിന്നും നേരിട്ട് മണലുണ്ടാക്കുന്ന രീതിയിലേക്ക് കേരളം മാറിയതോടെയാണ് ഇവിടെ പാറപൊട്ടിക്കല്‍ വ്യാപകമാകുന്നത്. അതിനുമപ്പുറം പാറയില്‍ നിന്നും പെട്രോളിയം ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള സാധ്യതകളെക്കുറിച്ച് ലോകത്ത് പലയിടങ്ങളിലും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്.
അതുകൂടി യാഥാര്‍ത്ഥ്യമായാല്‍ എന്താകും നമ്മുടെ സ്ഥിതി. ഭൂമിയെ ഉഴുതുമറിക്കാനുള്ള സര്‍വവിധ സാധ്യതകളും അന്വേഷിക്കപ്പെടുന്ന കാലത്താണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞത് എന്നതാണ് നമുക്ക് മുന്നിലുള്ള ഭീഷണികളെ കൂടുതല്‍ ഭീതിജനകമാക്കുന്നത്.
ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതിഷേധങ്ങളും സംശയങ്ങളും വ്യാപകമായ കാലത്താണ് ഞങ്ങളുടെ ഓഫീസില്‍ ജനങ്ങളുടെ സംശയനിവാരണത്തിനായി ഒരു ഹെല്‍പ്ഡസ്‌ക് പ്രവര്‍ത്തനമാരംഭിച്ചത്. ആദ്യരണ്ട് ദിവസങ്ങളില്‍ ഫോണെടുത്താല്‍ തെറിവിളികള്‍ മാത്രമാണ് കേള്‍ക്കാന്‍ കഴിഞ്ഞത്.
പതിയെ കാര്യങ്ങളറിയാനുള്ള സത്യസന്ധമായ വിളികള്‍ വന്നുതുടങ്ങി. സ്ഥലം വില്‍ക്കാന്‍ പറ്റുമോ, വീടിന് പച്ച പെയിന്റടിക്കേണ്ടിവരുമോ തുടങ്ങിയ രണ്ട് റിപ്പോര്‍ട്ടുകളിലും പറയാത്ത കാര്യങ്ങളാണ് സംശയങ്ങളായി ഏറെയും ഉന്നയിക്കപ്പെട്ടത്. കേരളം പോലെ ഇത്രയേറെ സാക്ഷരരായ ജനങ്ങള്‍ ജീവിക്കുന്ന ഒരു സംസ്ഥാനത്ത് പ്രസിദ്ധീകരിക്കപ്പെട്ട രണ്ട് റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍ എങ്ങനെയാണ് ഇത്രയേറെ നുണകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കപ്പെട്ടത്.
ജനങ്ങളെ ആശങ്കയിലാഴ്ത്തിയ നുണകള്‍ പ്രചരിക്കപ്പെട്ടതിന്റെ പ്രധാന ഉത്തരവാദി കത്തോലിക്കാസഭ തന്നെയായിരുന്നു. അവര്‍ പുറത്തിറക്കിയ മൂന്ന് ഇടയലേഖനങ്ങളാണ് ഈ നുണകള്‍ക്ക് അടിത്തറയൊരുക്കിയത്. നുണകള്‍ ഇടയലേഖനമായിറക്കുന്ന സാഹചര്യത്തിലേക്ക് സഭ എന്തുകൊണ്ടാണ് എത്തിച്ചേര്‍ന്നത്? ആരുടെ താത്പര്യമാണ് പള്ളികള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? എതിര്‍വാദമുന്നയിച്ചവര്‍ക്ക് സംസാരിക്കാന്‍ പോലും അവസരം തരാത്തവിധമുള്ള ഫാഷിസ്റ്റ് സംസ്‌കാരത്തിലേക്ക് കത്തോലിക്കാസഭ തീര്‍ത്തും വഴുതിവീണത് അപലപനീയമായ കാര്യമാണ്.
ഞാന്‍ പരിചയപ്പെട്ട ബൈബിളിലെ ക്രിസ്തു ഇവരെ പള്ളികളില്‍ നിന്നും അടിച്ചോടിക്കുമായിരുന്നു. ക്രിസ്തുവിന്റെ സാന്നിധ്യം ഒട്ടുമില്ലാത്ത കുറേ സ്ഥാപനങ്ങള്‍ മാത്രമാണ് സഭയെന്ന് ബോധ്യമായ നാളുകളാണിത്.
നഗരമാണ് കാടിന്റെ ശത്രു ഒരുകാര്യം ഉറപ്പിച്ചുപറയാം. കാട്ടിനുള്ളില്‍ താമസിക്കുന്ന ആദിവാസികളോ, കാടിന്റെ അതിരില്‍ താസിക്കുന്ന കര്‍ഷകരോ അല്ല കാടിന്റെ ശത്രുക്കള്‍. കാട്ടില്‍ നിന്നും ഏറെ അകലെയുള്ള നഗരങ്ങളാണ് കാടിനെ ഇല്ലാതാക്കുന്നത്. കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും പോലെയുള്ള വന്‍ നഗരങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജോപഭോഗത്തിന് വേ@ിയാണ് കാടിന്റെ വലിയ ശതമാനം നശിപ്പിക്കപ്പെടുന്നത്.
കാട്ടില്‍ നിന്നും ഏറെ അകലെ താമസിക്കുന്നവരുടെ ഊര്‍ജോപഭോഗത്തിന് വേണ്ടിയാണ് കാട് വിഭവമായി സംരക്ഷിക്കപ്പെടുന്നത്. ആ യാഥാര്‍ത്ഥ്യം മനസ്സിലാക്കാനുള്ള ശേഷി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കാണിച്ചിട്ടില്ല. അതിന് പകരം അവര്‍ പറഞ്ഞത് അത്യന്തം അപകടകരമായ പശ്ചിമഘട്ട വികസന പദ്ധതി എന്ന പരിപാടിയെക്കുറിച്ചാണ്. പശ്ചിമഘട്ട മേഖലയുടെ വികസനം മന്ദഗതിയിലായതിനാല്‍ അതിന്റെ വേഗം കൂട്ടാന്‍ പ്രസ്തുത മേഖലയിലെ എം.പിമാര്‍ക്ക് നിശ്ചിതതുക ഫണ്ടായി അനുവദിക്കണമെന്നതാണ് പണ്ടേ നിലവിലുള്ള പശ്ചിമഘട്ട വികസന പരിപാടിയുടെ ലക്ഷ്യമായി പറയപ്പെട്ടിട്ടുള്ളത്.
വികസനത്തിനും വളര്‍ച്ചയ്ക്കുമായിരുന്നു അതിന്റെ ഊന്നല്‍. വലിയ തോതില്‍ ഫണ്ട് ചെലവഴിക്കുകയും എങ്ങുമെത്താതെപോവുകയും ചെയ്ത ഒരു പരിപാടിയാണത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കിട്ടുന്ന കാര്യമായതിനാല്‍ പ്രസ്തുത മേഖലയിലെ എം.പിമാര്‍ക്കെല്ലാം പരിപാടിയോട് വലിയ താത്പര്യമായിരുന്നു. പരിപാടിയുടെ തുടക്കകാലത്ത്, തങ്ങളുടെ പ്രദേശം കൂടി പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെടുത്തി കിട്ടുമോ എന്ന് അന്വേഷിച്ചു നടക്കുകയായിരുന്നു പല എം.പിമാരും. അവര്‍ തന്നെയാണ്, ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വന്നശേഷം തങ്ങളുടെ പ്രദേശത്തെ എങ്ങനെയെങ്കിലും പശ്ചിമഘട്ടത്തില്‍ നിന്ന് പുറത്താക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ എന്നന്വേഷിക്കുന്നത്. ഫണ്ട് കിട്ടുന്നതിനായി മാത്രം പരിഗണിക്കപ്പെട്ടിരുന്ന ഈ പരിപാടിയിലേക്ക് ആയിരം കോടി രൂപ പ്ലാനിംഗ് ബോര്‍ഡ് നല്‍കണമെന്നും കസ്തൂരിരംഗന്‍ പറഞ്ഞിട്ടുണ്ട് സമാനമായ വികസന സങ്കല്‍പ്പം തന്നെയാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയിലൂടെയും പ്രതിഫലിച്ചിരിക്കുന്നത്.
ഗ്രാമസഭകളെ എങ്ങനെ വിശ്വസിക്കും?
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തീരുമാനങ്ങളെടുക്കാനുള്ള അധികാരം ഗ്രാമസഭയില്‍ നിക്ഷിപ്തമാക്കി എന്ന് പറയുമ്പോള്‍ വ്യാപകമായി ഉന്നയിക്കപ്പെടാറുള്ള സംശയമാണ് ഗ്രാമസഭകള്‍ക്ക് അതിനുള്ള പ്രാപ്തിയുണ്ടോ എന്നത്. ഒരു ഗ്രാമസഭ കാട് വേണ്ട എന്ന് തീരുമാനിച്ചാല്‍ എന്തുചെയ്യും എന്നാണ് പലരുടെയും സംശയം. ഇതേ സംശയം തന്നെയാണ് പണ്ട് ബ്രിട്ടീഷുകാരും ചോദിച്ചിരുന്നതെന്ന് നമ്മള്‍ ഓര്‍ക്കുന്നത് നല്ലതാണ്. സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഇന്ത്യക്കാരെ എങ്ങനെ ഭരണമേല്‍പ്പിക്കും? അവര്‍ക്ക് ഭരിക്കാനറിയുമോ? അതുകൊണ്ട് ഞങ്ങള്‍ തന്നെ ഭരണം തുടരുന്നതല്ലേ നല്ലത്?
കാടെല്ലാം വെട്ടിവെളുപ്പിച്ച് കപ്പലുണ്ടാക്കാന്‍ കൊണ്ടുപോവുകയും സ്വഭാവികമരങ്ങള്‍ വെട്ടിമാറ്റി തേയിലയും തേക്കും പ്ലാന്റ് ചെയ്യുകയും ചെയ്ത ബ്രിട്ടീഷുകാരുതന്നെയാണ് ഇന്ത്യക്കാര്‍ക്ക് ഭരിക്കാനുള്ള വിവരമുണ്ടോ എന്ന് സന്ദേഹിച്ചിരുന്നത്. അന്ന് ബ്രിട്ടീഷുകാര്‍ പറഞ്ഞിരുന്ന ന്യായമാണ് ഗ്രാമസഭകള്‍ക്ക്, ജനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് പറയുമ്പോള്‍ നമ്മുടെ ഭരണകൂടങ്ങളും ഇന്ന് പറയുന്നത്.
ജനങ്ങളെ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണച്ചുമതല ഏല്‍പ്പിച്ചാല്‍ അവര്‍ അത് നശിപ്പിക്കുമെന്ന് പറയാന്‍ ഭരണകൂടങ്ങള്‍ക്ക് എന്ത് ധാര്‍മികതയാണുള്ളത്? പരിസ്ഥിതി എങ്ങനെയാണ് സംരക്ഷിക്കപ്പെടേണ്ടത് എന്നതിനെക്കുറിച്ച് അറിവും പ്രായോഗികജ്ഞാനവുമുള്ളവരാണ് സാധാരണ ജനങ്ങളെന്ന് ഭരണകൂടങ്ങള്‍ക്ക് നന്നായറിയാം. എന്നിട്ടും ജനങ്ങളെ അവിശ്വസിക്കുന്നതിന് പിന്നില്‍, ജനങ്ങള്‍ക്ക് അധികാരം നല്‍കുന്നതിലുള്ള അധികാരിവര്‍ഗത്തിന്റെ ഭയമാണ് നിഴലിക്കുന്നത്.
അവര്‍ തന്നെയാണ് ഗ്രാമസഭകളെ ആനുകൂല്യവിതരണത്തിനുള്ള സംവിധാനമാക്കി മാറ്റിയത്. അതിനപ്പുറം ജനങ്ങള്‍ക്ക് അവരുടെ തീരുമാനങ്ങളെടുക്കാന്‍ കഴിയുന്ന ഇടങ്ങളായി ഗ്രാമസഭകളെ മാറ്റിത്തീര്‍ക്കേണ്ടതുണ്ട്. ഗ്രാമസഭകളെയും, ജനങ്ങളെയും ഇത്തരത്തില്‍ അവിശ്വസിക്കുന്നത് ആ സാധ്യതയെ അടച്ചുകളയും.
ഏതാണ് ശാസ്ത്രീയ റിപ്പോര്‍ട്ട്?
ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ ഏതാണ് ശാസ്ത്രീയം എന്ന സംശയവും സാധരണയായി ഉന്നയിക്കപ്പെടാറുണ്ട്. ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍തന്നെ അതിനുത്തരം നല്‍കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഒരു ശാസ്ത്രീയ രേഖ തയ്യാറാക്കപ്പെടുന്നത് പാറപോലെ ഉറച്ച വസ്തുതകളില്‍ നിന്നുകൊണ്ടാണ്. ആ വസ്തുതകളെ വിശകലനം ചെയ്തും വ്യാഖ്യാനിച്ചും നിഗമനങ്ങളിലേക്കെത്തുന്ന കൃത്യമായ ഒരു നിര്‍ദ്ധാരണരീതി ശാസ്ത്രത്തിനുണ്ട്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വായിച്ചാല്‍ നിങ്ങള്‍ക്ക് അത് കാണാന്‍ കഴിയും. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആദ്യം പറയുന്ന വസ്തുതകളും ഒടുവില്‍ എത്തിച്ചേരുന്ന തീര്‍പ്പുകളും തമ്മില്‍ ഒരു കാര്യകാരണ ബന്ധം നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അതിന്റെ കാര്യമായ അഭാവമുണ്ട്. മോരും മുതിരയും പോലെ റിപ്പോര്‍ട്ട് ആദ്യം പറഞ്ഞതും രണ്ടാമത് പറഞ്ഞതുമായ കാര്യങ്ങള്‍ വേര്‍പിരിഞ്ഞ് കിടക്കുന്നത് കാണാം. അതുകൊണ്ടാണ് ഇന്ത്യയിലെ ശാസ്ത്രസമൂഹം ഒന്നാകെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനേക്കാള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ വിലമതിക്കുന്നത്.
ഡോ. ടി.വി സജീവ്
കടപ്പാട്- ചന്ദ്രിക ആഴ്ചപതിപ്പ്