ബി.ജെ.പിക്ക് മാത്രം ലാഭമുണ്ടായ മൂന്ന് വര്‍ഷങ്ങള്‍, അരങ്ങൊരുങ്ങുന്നത് ലോകസഭ തെരഞ്ഞെടുപ്പിന്
Opinion
ബി.ജെ.പിക്ക് മാത്രം ലാഭമുണ്ടായ മൂന്ന് വര്‍ഷങ്ങള്‍, അരങ്ങൊരുങ്ങുന്നത് ലോകസഭ തെരഞ്ഞെടുപ്പിന്
ശ്രീജിത്ത് ദിവാകരന്‍
Tuesday, 19th June 2018, 7:23 pm

ജമ്മുകാശ്മീര്‍ സംസ്ഥാനം നിലവില്‍ വന്നതിന് ശേഷം ആദ്യമായി ബി.ജെ.പിക്ക്, അഥവാ ആര്‍.എസ്.എസ് രാഷ്ട്രീയത്തിന് ഭരണം നല്‍കുന്നതിനുള്ള അവസരം നല്‍കിയെന്ന ചീത്തപ്പേരുമായാണ് മെഹ്ബൂബ മുഫ്ത്തിയുടെ പി.ഡി.പിയുടെ മൂന്ന് വര്‍ഷത്തെ ഭരണം അവസാനിച്ചത്. ആറുവര്‍ഷമാണ് ജമ്മുകാശ്മീര്‍ മന്ത്രിസഭ മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ പി.ഡി.പിയുടെ നയത്തെ കുറ്റം പറഞ്ഞ് ബി.ജെ.പി പിന്തുണ പിന്‍വലിക്കുന്നതിന് ഒരേയൊരു അര്‍ത്ഥമേയുള്ളൂ, ലോക്‌സഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനവും ആഭ്യന്തരസുരക്ഷയും മുന്‍പുള്ളതിനേക്കാള്‍ വഷളായി എന്നും വിഭാഗീയത വളരെയധികം വര്‍ഷിച്ചുവെന്നുമാണ് ഈ മൂന്നരവര്‍ഷത്തെ പി.ഡി.പി-ബി.ജെ.പി ഭരണത്തിന്റെ ബാക്കിപത്രം.

2014 ഡിസംബര്‍ അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ആള്‍ പാര്‍ട്ടീസ് ഹൂറിയത്ത് കോണ്‍ഫറന്‍സ് അടക്കമുള്ള സ്വതന്ത്രകാശ്മീര്‍ വാദികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ സാധാരണ തെരഞ്ഞെടുപ്പ് ബഹിഷ്‌കരത്തിനുണ്ടാകേണ്ട പ്രതികരണം ഇല്ലാതെയാണ് കാശ്മീര്‍ താഴ്വര തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. ജമ്മുകാശ്മീരിലെ 87 അംഗ നിയമസഭയില്‍ 46 സീറ്റുകളും കാശ്മീരില്‍ നിന്നാണ്. നാല് സീറ്റുകള്‍ ലേ-ലഡാക്ക് ഭാഗത്തുനിന്നും. അവശേഷിച്ച മുപ്പത്തിയേഴ് സീറ്റുകളാണ് ജമ്മു മേഖലയില്‍ നിന്നുള്ളത്. ഇതില്‍ കാശ്മീരില്‍ നിന്നുള്ള 46 സീറ്റുകളിലോ ലേ-ലഡാക്ക് ഭാഗത്തുനിന്നുള്ള നാല് സീറ്റുകളിലോ പതിവ് പോലെ ബി.ജെ.പിക്ക് ഒരു സീറ്റുപോലും പിടിക്കാനായില്ല.

പക്ഷേ ജമ്മുവിലെ 37 മണ്ഡലങ്ങളില്‍ നിന്ന് 25 സീറ്റുകള്‍ ബി.ജെ.പി നേടി. ജമ്മു അതിര്‍ത്തി ഭാഗമായ പൂഞ്ചും റജൗരിയുമെല്ലാം പി.ഡി.പി നിലനിര്‍ത്തിയെങ്കിലും. അഥവാ പ്രശ്ന ബാധിതമായ കാശ്മീരും കാര്‍ഗില്‍-ലഡാക്-ലേ മേഖലയും പൂര്‍ണ്ണമായും നിരാകരിച്ച ബി.ജെ.പിയെ ഭരണത്തിന് വേണ്ടി കാശ്മീരിന്റെ വോട്ടു വാങ്ങി ജയിച്ച പി.ഡി.പി കൂട്ടുപിടിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനമടക്കം 11 മന്ത്രി സ്ഥാനങ്ങള്‍ നല്‍കി. രണ്ട് നാമനിര്‍ദ്ദേശം ചെയ്യുന്ന എം.എല്‍.എമാരില്‍ ഒന്ന് ബി.ജെ.പിക്ക് നല്‍കി. എം.എല്‍.എസിമാരില്‍ പകുതിയും ബി.ജെ.പിക്ക് നല്‍കി.

പി.ഡി.പി തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പറഞ്ഞുകൊണ്ടിരുന്നതും പിന്നീട് ദല്‍ഹിലും ശ്രീനഗറിലും ആവര്‍ത്തിച്ചുകൊണ്ടിരുന്നതും ഒരേയൊരു കാര്യമാണ്- കാശ്മീര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തും. എല്ലാവരും എന്നതിന് പാകിസ്താനെന്നും ഹൂറിയത്ത് കോണ്‍ഫെറന്‍സ് എന്നും കൂടി അര്‍ത്ഥമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള മെഹ്ബൂബയുടെ ആവശ്യങ്ങളെ പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാറും ബി.ജെ.പി നേതൃത്വവും പുച്ഛിച്ച് തള്ളി. ഒരുതരത്തിലുള്ള ചര്‍ച്ചയും ഇക്കാര്യത്തില്‍ മുന്നോട്ട് പോയില്ല എന്ന് മാത്രമല്ല, കാശ്മീരിനോടുള്ള ബി.ജെ.പി നിലപാടുകള്‍ കാശ്മീര്‍ താഴ്വരയിലെ തീവ്രവാദം പതിന്മടങ്ങായി വര്‍ധിപ്പിച്ചു, പ്രത്യേകിച്ചും തെക്കന്‍ കാശ്മീരില്‍. പി.ഡി.പിയെ ഇത് രണ്ട് തരത്തിലാണ് ബാധിച്ചത്. ഒന്ന് സംസ്ഥാനഭരണത്തിന് ഈ തീവ്രവാദം കടുത്ത തലവേദനയായി. രണ്ട്-തെക്കന്‍ കാശ്മീര്‍ പി.ഡി.പിയുടെ വോട്ട് ബാങ്കായിരുന്നു, നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്ന് മെഹ്ബൂബ മുഫ്തി പിടിച്ചെടുത്ത സ്ഥലം. ഇവിടെ പി.ഡി.പിയുടെ സാന്നിധ്യവും സ്വാധീനവും വളരെയധികം കുറയാനും ഇതിനിടയാക്കി.

കാശ്മിര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഉപായം പ്രദേശികമോ അതിര്‍ത്തിക്കപ്പുറത്തുനിന്നോ തീവ്രവാദത്തെ സഹായിക്കുന്ന ആരെയും കൊന്നു തള്ളുക എന്നതാണെന്ന് ബി.ജെ.പി നേതാക്കള്‍ പരസ്യമായി പ്രഖ്യാപനം നടത്തി.

തീവ്രവാദികളെന്ന പേരില്‍ നാട്ടുകാരെ പട്ടാളം വെടിവെച്ചു കൊല്ലുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ചെറിയ പ്രകോപനങ്ങള്‍ക്ക് വരെ വിദ്യാര്‍ത്ഥികള്‍ കല്ലുകളുമായി തെരുവിലിറങ്ങി. പെല്ലെറ്റ് തോക്കുകളുമായി തെരുവിലിറങ്ങിയ അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ സാധാരണമനുഷ്യരുടെ കണ്ണുകളിലും മുഖത്തും മുതുകിലുമെല്ലാം പെല്ലെറ്റുകള്‍ തുളഞ്ഞു കയറിയ നൂറകണക്കിന് മനുഷ്യര്‍ ആശുപത്രിയിലായി. ഗാസിയിലും മറ്റും ഇസ്രാഈലി സേന ഫലസ്തീന്‍ ജനതയെ ആക്രമിക്കുന്ന തരത്തിലാണ് ഇന്ത്യ കാശ്മീര്‍ ജനതയുടെ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കിയത് എന്ന ആരോപണമുയര്‍ന്നു. എന്നാല്‍ ഇതിനെയെല്ലാം തൃണവല്‍ഗണിച്ച കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം 5000 പെല്ലെറ്റ് തോക്കുകള്‍ കൂടെ വാങ്ങാന്‍ സി.ആര്‍.എസ്.എഫിന് അനുമതി നല്‍കി.

2017 ഏപ്രില്‍ ഒന്‍പതിന് ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയത് തിരികെ പോവുകയായിരുന്ന ഫറൂഖ് അഹ്മദ് ദാര്‍ എന്ന യുവാവിനെ പിടികൂടിയ കരസേന അവരുടെ ജീപ്പിന് മുന്നില്‍ അയാളെ കെട്ടിയിട്ട് പോളിങ് ബൂത്തിന് ചുറ്റും വണ്ടിയോടിച്ചു. അതിന് നേതൃത്വം നല്‍കിയ മേജര്‍ ലീതുള്‍ ഗൊഗോയ് ആകട്ടെ പട്ടാള സമൂഹത്തിനിടയിലും സുരക്ഷ ഉദ്യോഗസ്ഥര്‍ക്കിടയിലും വീരപുരുഷനായാണ് ചിത്രീകരിക്കപ്പെട്ടത്.

 

കഠ്വ സംഭവത്തില്‍ പ്രതികള്‍ക്ക് വേണ്ടി ബി.ജെ.പി മന്ത്രിമാര്‍ നേരിട്ട് രംഗത്തിറങ്ങിയപ്പോഴും പി.ഡി.പിയുടെ രാഷ്ട്രീയ മുഖത്തിനാണ് അടിയേറ്റത്. രണ്ട് മന്ത്രിമാരുടെ നേതൃത്വത്തിലും കാര്‍മ്മികത്വത്തിലും പ്രതികള്‍ക്ക് വേണ്ടി ബി.ജെ.പി ദേശീയ പതാകയുമായി തെരുവിലറങ്ങിയത് രാജ്യത്തിന് മുഴുവന്‍ നാണക്കേടായി. ജമ്മു-കാശ്മീര്‍ എന്നിങ്ങനെയും ഹിന്ദു-മുസ്ലീം എന്നിങ്ങനെയും സംസ്ഥാനത്ത് ജനങ്ങള്‍ രണ്ടായി തിരിഞ്ഞത് പൂര്‍ണ്ണമായും ബാധിക്കുന്നത് പി.ഡി.പിയെ മാത്രമാണ്.

മന്ത്രിമാരെ മാറ്റി മുഖം രക്ഷിക്കാന്‍ മെഹ്ബൂബ ശ്രമിച്ചുവെങ്കിലും നാണക്കേടും കളങ്കവും മായാത്തതായിരുന്നു. അവസാനം റംസാന്‍ കാലത്ത് പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ കുറച്ചു കാലം കൂടി തുടരണമെന്ന ജമ്മുകാശമീര്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഒരു ചര്‍ച്ചപോലുമില്ലാതെ തള്ളിയാണ് പെരുന്നാളിന്റെ അടുത്ത ദിവസം വെടിനിര്‍ത്തലവസാനിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചത്.

എന്തായാലും ഒരു കാര്യം ഉറപ്പാണ്. ജമ്മുകാശ്മീര്‍ മന്ത്രിസഭയില്‍ നിന്നുള്ള ബി.ജെ.പിയുടെ പിന്‍മാറ്റം വിനാശകരമായ പ്രചരണങ്ങളുടെയും പ്രവര്‍ത്തനങ്ങളുടേയും തുടക്കമാണ്. അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പദ്ധതികള്‍ ഒരുപക്ഷേ കശ്മീരില്‍ നിന്നുമായിക്കും ആരംഭിക്കുന്നത്. ജമ്മുകശ്മീരില്‍ സമാധാനം കൊണ്ടുവരുന്നതിനുള്ള ആഗ്രഹത്തിന്റെ പുറത്താണ് ഭരണത്തില്‍ പങ്കാളികളായതെന്നാണ് ബി.ജെ.പി പറയുന്നത്. പിന്‍വാങ്ങാനുള്ള കാരണമായി പറയുന്നത് ഭീകരവാദവും തീവ്രവാദവും കാശ്മീരില്‍ വര്‍ധിച്ചിരിക്കുന്നു, ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്നും. അഥവാ ഭരണത്തിന്റെ ഭാഗമായി നിന്ന ഈ വര്‍ഷങ്ങളില്‍ ജമ്മുകശ്മീരില്‍ നടന്ന എല്ലാ പ്രശ്നങ്ങളില്‍ നിന്നും ബി.ജെ.പി കൈകഴുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളികളെന്ന നിലയിലും കേന്ദ്രസര്‍ക്കാര്‍ ഭരണത്തിലൂടെ കാശ്മീരില്‍ നിരന്തരം ഇടപെട്ടിരുന്ന പാര്‍ട്ടി എന്ന നിലയിലും.

കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമാണ് കശ്മീരില്‍ സാധാരണക്കാരും പട്ടാളക്കാരും ഏറ്റവുമധികം കൊല്ലപ്പെട്ട സമീപകാലം. ഏറ്റവുമധികം ചെറുപ്പക്കാര്‍ തീവ്രവാദത്തിലേയ്ക്ക് തിരിഞ്ഞ കാലം, ഏറ്റവുമധികം സ്്ക്കൂള്‍ കുട്ടികള്‍ തെരുവിലിറങ്ങിയ കാലം, ഏറ്റവും കൂടുതല്‍ നാട്ടുകാര്‍ സുരക്ഷാസേനയാല്‍ വേട്ടയാടപ്പെട്ട കാലം, ഏറ്റവുമധികം മനുഷ്യര്‍ക്ക് പെല്ലെറ്റുകളേറ്റ് കാഴ്ച പോയ കാലം, തെരുവുകള്‍ ഒരു ദിനം പോലും ഒഴിയാതെ യുദ്ധക്കളമായ കാലം എന്നിങ്ങനെ വഷളായ ആഭ്യന്തര നിലയെ നമുക്ക് എങ്ങനെവേണമെങ്കിലും വിശേഷിപ്പിക്കാം. ഇക്കാലത്ത് ഒന്നൊഴിയാതുള്ള ദിവസങ്ങളില്‍ ബി.ജെ.പിയുടെ പിന്തുണക്കാരും ദേശീയ വാദികളുമായ പത്രപ്രവര്‍ത്തകരും വിശകലനവിദഗ്ധരും കശ്മീരിനെ തീവ്രവാദികളുടെ ആസ്ഥാനമെന്ന് ചൂണ്ടിക്കാണിച്ച് വെറുപ്പ് പ്രസരിക്കുകയും ചെയ്തുവെന്നു കൂടി പറഞ്ഞുവേണം ഇക്കാലത്തെ അടയാളപ്പെടുത്താന്‍.

രാഷ്ട്രപതിഭരണമെന്നത് ബി.ജെ.പി ആഗ്രഹിക്കുന്ന കാര്യമാണ്. ലോകസഭ തെരഞ്ഞെടുപ്പാകുമ്പോഴേയ്ക്കും കശ്മീരിനെ യുദ്ധക്കളമാക്കാനുള്ള നടപടികള്‍ ഇക്കാലത്ത് പൂര്‍ത്തിയാകും. കശ്മീര്‍ അടുത്ത തെരഞ്ഞെടുപ്പിലെ ഒരു വലിയ വിഷയമായി മാറുകയും ചെയ്യും. രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം നാഷണന്‍ കോണ്‍ഫറന്‍സ് എന്ന പി.ഡി.പിയുടെ നിതാന്ത ശത്രു പാര്‍ട്ടി തത്കാലം സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുക എന്നതാണ്. പി.ഡി.പിയെ പിന്തുണയ്ക്കുക വഴി കശ്മീര്‍ വാലിയുടെ നീരസത്തിന് ഇരയാവുക എന്ന രാഷ്ട്രീയ ആത്മഹത്യക്ക് അവര്‍ ഒരുങ്ങുമോ എന്ന് പറയാനാകില്ല. കശ്മീരിന്റെ ദുരിതകാലം അവസാനിക്കുകയല്ല, അത് ഒരു വഴിത്തിരിവ് പിന്നിടുകയാണ് എന്നു മാത്രമേ ഈ അവിശുദ്ധ സഖ്യത്തിന്റെ പതനത്തിന് അര്‍ത്ഥമുള്ളൂ.

ശ്രീജിത്ത് ദിവാകരന്‍
മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.