| Monday, 16th July 2018, 7:28 pm

വര്‍ഗീയവാദികള്‍ മീശപിരിക്കുമ്പോള്‍

ഒ.കെ ജോണി

“മീശ” എന്ന നോവലിനെ മുന്‍നിര്‍ത്തി എസ് ഹരീഷ് എന്ന എഴുത്തുകാരനെതിരെ തീവ്രഹിന്ദുത്വവാദികളുടെ ആക്രണം തുടരുന്ന പശ്ചാത്തലത്തില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഒ.കെ ജോണി എഴുതുന്നു

രാഷ്ട്രീയമണ്ഡലത്തില്‍ ആധിപത്യത്തിനായി ഒളിഞ്ഞും തെളിഞ്ഞും മത്സരിക്കുന്ന കേരളത്തിലെ ജാതി-മതസംഘടനകളും വര്‍ഗീയവാദികളും നിര്‍ലജ്ജം അവരുടെ വിഷദംഷ്ട്രകള്‍ പുറത്തുകാണിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ഭരണഘടന പൗരന് നല്‍കുന്ന സ്വാതന്ത്ര്യങ്ങളെയും ഭരണഘടനയെത്തന്നെയും വെല്ലുവിളിക്കുന്ന ഈ ജനാധിപത്യവിരുദ്ധ സംഘടനകള്‍ കേരളത്തെ അതിവേഗം മധ്യകാലത്തിന്റെ കിരാത സംസ്‌കാരത്തിലേക്കും അന്ധകാരത്തിലേക്കും വലിച്ചിഴക്കുവാനാണ് ഉത്സാഹിക്കുന്നത്.

പരസ്പരം പോരടിക്കുന്ന മതങ്ങളും വര്‍ഗ്ഗീയ സംഘടനകളും, മതേതരവാദികളായ വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ ഒറ്റക്കെട്ടാണെന്നതാണ് കൗതുകകരമായ സംഗതി. അവര്‍ തമ്മില്‍ നടക്കുന്നത് ഒരു സൗഹൃദമത്സരമാണ്.

ന്യൂനപക്ഷ വര്‍ഗീയതകളെച്ചൂണ്ടി ഭൂരിപക്ഷ വര്‍ഗീയതയും, ഭൂരിപക്ഷ വര്‍ഗീയതയെച്ചൂണ്ടി ന്യൂനപക്ഷ വര്‍ഗീയതകളും അവരവരുടെ ശക്തി വര്‍ധിപ്പിക്കുവാന്‍ നടത്തുന്ന ഈ മത്സരക്കളി ഇന്ത്യയുടെ മതേതര ജനാധിപത്യം എന്ന മഹത്തായ ഭരണഘടനാ സങ്കല്‍പ്പത്തെ അട്ടിമറിക്കുവാനുള്ള ബൃഹദ്പദ്ധതിയുടെ ഭാഗമാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. ഈ അട്ടിമറിസാധ്യതയെ പ്രതിരോധിക്കുവാനിടയുള്ളവരെ നിശബ്ദരാക്കുകയാണ് എല്ലാ വര്‍ഗ്ഗീയതകളുടെയും ഒന്നാമത്തെ അജണ്ട.

ALSO READ: തീവ്രമായ ജാതീയത ക്രൈസ്തവതയില്‍ ഒളിഞ്ഞുകിടപ്പുണ്ട്; ഞാന്‍ അതനുഭവിച്ചിട്ടുമുണ്ട്

ഇസ്‌ലാമിക-ക്രിസ്ത്യന്‍-ഹൈന്ദവ മതമൗലികവാദികളുടെ ആക്രമണത്തിനിരയാവുന്നത് ആരെല്ലാമാണെന്ന് നോക്കിയാല്‍ ഇക്കാര്യം വ്യക്തമാവും. മാരകമായ ഈ വര്‍ഗ്ഗീയോന്മാദം സമൂഹത്തിന്റെ സമസ്ത മേഖലകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

സാംസ്‌കാരിക രംഗത്തും അക്കാദമിക് മേഖലയിലുമെല്ലാം വര്‍ഗ്ഗീയതയുടെ വിത്തുകള്‍ വിതയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കേരളത്തിലെ പ്രൊഫസറുടെ കൈവെട്ടിയവരും ധബോല്‍ക്കറെയും കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും വധിച്ചവരും, ബൈബിളിനെ ആധാരമാക്കിയുള്ള ഒരു ചിത്രത്തിന്റെ പേരില്‍ മലയാള മനോരമയ്ക്ക് മുന്നില്‍ പ്രകടനം നടത്തിയവരും ക്രിസ്തുവിന്റെ പേരില്‍ മുംബൈയിലെ ഒരു പള്ളിയില്‍ നടക്കുന്ന തട്ടിപ്പ് തുറന്നുകാണിച്ച യുക്തിവാദിയായ സനല്‍ ഇടമറുകിനെ വേട്ടയാടുന്നവരും മതനിന്ദയാരോപിച്ച് എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരെയും യുക്തിചിന്തകരെയും അക്കാദമിക് പണ്ഡിതന്മാരെയും ചരിത്രകാരന്മാരെയും വേട്ടയാടുന്നവരുടെയുമെല്ലാം ലക്ഷ്യം ഒന്നുതന്നെ.

അവരവരുടെ മതത്തിന്റെ അപ്രമാദിത്വം സ്ഥാപിക്കുകയെന്നതാണത്. ഈ വര്‍ഗീയഭ്രാന്തുകളോട് ഭരണകൂടങ്ങളും സൗമനസ്യം കാണിക്കുന്നുവെന്നതാണ് ഭയാനകം.

വര്‍ഗ്ഗീയധ്രുവീകരണമാണ് നടേ പറഞ്ഞ സകല മതസംഘടനകളുടെയും ലക്ഷ്യം. അതിനായി സ്വീകരിക്കുന്ന പല മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും പുതിയതാണ് സൈബര്‍ യുദ്ധം. സാമൂഹിക മാധ്യമങ്ങളിലൂടെ മതവികാരവും വര്‍ഗീയതയും ഇളക്കിവിടുന്ന വിദ്വേഷപ്രചരണത്തില്‍ സംഘപരിവാരം മാത്രമല്ല വ്യാപൃതരായിട്ടുള്ളതെങ്കിലും അക്കാര്യത്തിലിപ്പോള്‍ അവര്‍ക്കാണ് മേല്‍ക്കൈയുള്ളത്. ഇതിനായി അവര്‍ക്ക് രാജ്യമെമ്പാടും പതിനായിരക്കണക്കിന് സന്നദ്ധസേവകരുമുണ്ട്. കേരളത്തിലെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും സംഘപരിവാരത്തിന്റെ ഈ ഇന്റര്‍നെറ്റ് സേനയില്‍ സ്വയംസേവകരായുണ്ട്.

മതവികാരം ഇളക്കിവിടാന്‍ പറ്റിയ പഴുതുകള്‍ കണ്ടെത്തുകയാണ് അവരുടെ ജോലി. സാമൂഹിക സാക്ഷരതയോ ജനാധിപത്യബോധമോ ഇല്ലാത്ത ഇക്കൂട്ടരാണ് സാംസ്‌കാരികമേഖലയില്‍ തങ്ങളുടെ വര്‍ഗീയ അജണ്ടകള്‍ക്കായി സാമൂഹികമാധ്യമങ്ങളില്‍ ഉന്മാദികളായി പ്രത്യക്ഷപ്പെടുന്നത്. അത്തരം വിദ്വേഷപ്രചരണത്തിന്റെ കേരളത്തിലെ ഏറ്റവും പുതിയ ഉദാഹരണമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരണമാരംഭിച്ച ഒരു നോവലിനും നോവലിസ്റ്റിനുമെതിരെ ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍.

ALSO READ: നരേന്ദ്രമോദിയുടെ ദുര്‍ഭരണത്തിന്റെ നാലരവര്‍ഷങ്ങള്‍

സമകാലിക ജീവിതത്തെ അതിന്റെ സങ്കീര്‍ണ്ണതകളോടെയും സരളതയോടെയും ആവിഷ്‌കരിക്കുന്ന പുതിയ തലമുറയിലെ ശ്രദ്ധേയരായ കഥയെഴുത്തുകാരിലൊരാളായ എസ്. ഹരീഷിന്റെ “മീശ” എന്ന നോവലിനെ മുന്‍നിര്‍ത്തിയാണ് തീവ്രഹിന്ദുത്വയുടെ പ്രചാരകര്‍ സാമൂഹിക മാധ്യമങ്ങളില്‍ കൊലവിളിയുയര്‍ത്തുന്നത്. നോവലിലെ ഒരു കഥാപാത്രത്തിന്റെ സാന്ദര്‍ഭിക പരാമര്‍ശം അടര്‍ത്തിയെടുത്ത് നോവലിസ്റ്റും മാതൃഭൂമിയും ഹിന്ദുക്കളെ ആക്ഷേപിച്ചുവെന്ന് വാദിക്കുന്ന ഒരു കുറിപ്പാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സാമാന്യമായ സാഹിത്യപരിചയമോ സാക്ഷരതയോപോലുമുള്ള ആരും നോവലുകളിലെ കഥാപാത്രങ്ങളെല്ലാം നോവലിസ്റ്റിന്റെ അഭിപ്രായമാണ് സംഭാഷണങ്ങളിലൂടെ ആവിഷ്‌കരിക്കുന്നതെന്ന് പറയാനിടയില്ല.

വിവിധതരക്കാരായ അനവധി മനുഷ്യരെ പ്രത്യക്ഷപ്പെടുത്തുന്ന ഒരു നോവലില്‍, ഏതെങ്കിലുമൊരു കഥാപാത്രം പറയുന്ന കാര്യങ്ങളെ ഒരു കല്‍പ്പിതകഥയിലെ കഥാപാത്രത്തിന്റെ തോന്നലായി മാത്രമേ സാമാന്യബുദ്ധിയും സാക്ഷരതയുമുള്ള ആരും കാണുകയുള്ളൂ. എന്നാല്‍, തീണ്ടാരിക്കാലത്ത് ക്ഷേത്രപ്രവേശനം പാടില്ലെന്ന നാട്ടുനടപ്പിനെ മുന്‍നിര്‍ത്തി ഒരു കഥാപാത്രം പറയുന്ന നിര്‍ദ്ദോഷവും സ്വാഭാവികവുമായൊരു സംഭാഷണം ഹിന്ദുവിരുദ്ധമാണെന്ന പ്രചരണത്തിനുപിന്നില്‍ വലിയ ഗൂഢതാല്‍പ്പര്യങ്ങളുണ്ട്.

തങ്ങളുടെ വര്‍ഗീയ അജണ്ടകള്‍ക്ക് കൂട്ടുനില്‍ക്കാന്‍ മടിക്കുന്ന, മതേതരജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുന്ന മാതൃഭൂമി പോലൊരു മുഖ്യധാരാ മാധ്യമത്തെ പ്രതിക്കൂട്ടിലാക്കുവാനുള്ള തീര്‍ത്തും പരിഹാസ്യവും ദുര്‍ബ്ബലവുമായൊരു ശ്രമമായിട്ടേ ഹരീഷിന്റെ നോവലിനെതിരെയുള്ള ആക്രോശത്തെ കാണാനാവൂ.

സാഹിത്യപരിചയമുള്ള മലയാളികള്‍ വര്‍ഗീയവിഷം നിറഞ്ഞ ആ ദുര്‍വ്യാഖ്യാനത്തെ പുച്ഛിച്ച് തള്ളുകയേയുള്ളൂ. സാഹിത്യകൃതിയെ വിമര്‍ശിക്കാന്‍ സാഹിത്യപരിചയമുള്ളവര്‍ക്ക് അവകാശമുണ്ടെന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍, വര്‍ഗ്ഗീയോന്മാദികള്‍ സാഹിത്യനിരൂപണം ഏറ്റെടുക്കുന്നതാണിവിടെ കാണുന്നത്. അതത്ര അഭിലഷണീയമായ സംഗതിയല്ല. ഹരീഷിന്റേത് ഒരു പ്രബന്ധമല്ലെന്നും നോവലാണെന്നും വേര്‍തിരിച്ചറിയാന്‍മാത്രം സാക്ഷരതയുള്ള കേരളത്തിലെ പൊതുസമൂഹത്തില്‍, ഭാഗ്യവശാല്‍ ഇത്തരം നിരക്ഷരരുടെ ദുഷ്ടലാക്കുകള്‍ ഫലിക്കുകയില്ല.

ALSO READ: നിരോധിച്ച് ഇരവാദത്തിന് അവസരമൊരുക്കരുത്, രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമവരെ

കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ഇടം കണ്ടെത്താനും ഭൂരിപക്ഷവര്‍ഗ്ഗീയതക്ക് സാധൂകരണം നല്‍കുവാനുമുള്ള സംഘപരിവാരത്തിന്റെ പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പി. പരമേശ്വരനാണ്. അത് പക്ഷെ, ഒരു സംവാദത്തിന്റെ രൂപത്തിലായിരുന്നു. കമലാസുരയ്യയായി മാറിയ മാധവിക്കുട്ടിയെ മുന്‍നിര്‍ത്തി ആരംഭിച്ച ആ വിവാദത്തെ സാംസ്‌കാരിക കേരളം തിരസ്‌കരിക്കുകയായിരുന്നു. ആ വിവാദം അവസാനിപ്പിച്ചുകൊണ്ട് പരമേശ്വര്‍ജി പറഞ്ഞത്, കേരളം ഈ വിഷയത്തോട് എങ്ങനെ പ്രതികരിക്കുമെന്നറിയാനുള്ള ഒരു ശ്രമമായിരുന്നു തന്റേതെന്നാണ്. താന്‍ ഉദ്ദേശിച്ച ഫലം കണ്ടുവെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്.

ഹരീഷിനെതിരെ ഹിന്ദുത്വവാദികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന സന്ദേശം

ആ വിവാദത്തിന്റെ ചുവടുപിടിച്ചാണ് മാധവിക്കുട്ടിക്കെതിരെയും പില്‍ക്കാലത്ത് എം.ടി. വാസുദേവന്‍ നായര്‍ക്കും അദ്ദേഹത്തിന്റെ രണ്ടാമൂഴം എന്ന നോവലിനുമെതിരെയും സംഘപരിവാര ഭക്തരും ജന്മഭൂമിയും ശകാരവര്‍ഷം നടത്തിയത്. അതിന്റെ തുടര്‍ച്ചയായിട്ടായിരിക്കാം, ഹൈന്ദവസംസ്‌കാരത്തിന്റെ സംരക്ഷകരായി സ്വയം ഭാവിക്കുന്ന ചില “അജ്ഞാതര്‍” എഴുത്തുകാരനായ ഹരീഷിനെതിരെ സംസ്‌കാരശൂന്യമായ പ്രസ്താവനകളുമായി രംഗത്തുവന്നിരിക്കുന്നത്. പി.പരമേശ്വരനെപ്പോലെ പണ്ഡിതനായ ഒരു വിമര്‍ശകന്റെ മാന്യമായ സ്വരത്തിലല്ല സംഘപരിവാരത്തിന്റെ സൈബര്‍ പോരാളികളുടെ പ്രതികരണം.

ALSO READ: മഠങ്ങള്‍ അധോലോക കേന്ദ്രങ്ങള്‍; പൊതു സമൂഹത്തിലുള്ളതിനേക്കാള്‍ പത്തിരട്ടി പുരുഷാധിപത്യമുണ്ട് സഭയില്‍ – സിസ്റ്റര്‍ ജെസ്മി സംസാരിക്കുന്നു

എസ്.ഹരീഷിനെതിരെ നടക്കുന്ന പ്രചരണങ്ങളുടെ സ്വരം ഭീഷണിയുടേതാണ്. ഹീനമായ വ്യക്തിഹത്യയിലൂടെ ഒരെഴുത്തുകാരനെ നിശബ്ദനാക്കുവാന്‍ നടത്തുന്ന ഈ പ്രാകൃത യുദ്ധം സാംസ്‌കാരിക കേരളത്തെ ലജ്ജിപ്പിക്കുന്നതാണ്. പൊതുസംവാദങ്ങളില്‍ തന്റെ പക്ഷപാതിത്വം യുക്തിഭദ്രമായി അവതരിപ്പിക്കുന്ന പി.പരമേശ്വരനെപ്പോലുള്ള ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പണ്ഡിതരായ വക്താക്കള്‍, വര്‍ഗ്ഗീയതയെ വിളിച്ചുണര്‍ത്തുന്ന ഇത്തരം കുത്സിതപ്രവൃത്തികളെ അപലപിക്കുവാന്‍ മുന്നോട്ടുവരുമെന്നാണ് സാംസ്‌കാരിക കേരളം പ്രതീക്ഷിക്കുന്നത്. സംവാദങ്ങള്‍ സംസ്‌കാരരാഹിത്യത്തിന്റെ പ്രതിഫലനമാകാതിരിക്കണമെന്ന ജാഗ്രതയാണ് മഹത്തായ ഭാരതീയ പാരമ്പര്യം.

ഒ.കെ ജോണി

We use cookies to give you the best possible experience. Learn more