ഫ്യൂഡല്‍ ബാധകള്‍ വിട്ടുമാറാത്ത ഡിപ്പാര്‍ട്ട്‌മെന്റ് യജമാനന്മാര്‍
Opinion
ഫ്യൂഡല്‍ ബാധകള്‍ വിട്ടുമാറാത്ത ഡിപ്പാര്‍ട്ട്‌മെന്റ് യജമാനന്മാര്‍
ബവേഷ് പി കെ
Tuesday, 24th September 2019, 3:47 pm

‘ഒരു എഴുത്തുകാരനാകണമെന്ന് ഞാന്‍ എപ്പോഴും മോഹിച്ചിരുന്നു; കാള്‍ സാഗനെപ്പോലെ ഒരു ശാസ്ത്രലേഖകന്‍. അവസാനം എനിക്ക് എഴുതാന്‍ കഴിഞ്ഞത് ഈ കത്ത് മാത്രവും.’

നാം മറന്നിരിക്കാനിടയില്ലാത്ത ഒരു ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങളാണിത്. പുതിയ കാലത്തിന്റെ സാഹിത്യ സൃഷ്ടി ആത്മഹത്യാക്കുറിപ്പാണെന്ന് നമ്മുടെ വലിയ സാഹിത്യകാരന്മാരിലൊരാളെക്കൊണ്ട് പറയിപ്പിച്ച, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യാകുറിപ്പ്. കാള്‍ സാഗനെപ്പോലെ ശാസ്ത്രലേഖകനാകാന്‍ കൊതിച്ച, ശാസ്ത്രത്തെയും നക്ഷത്രങ്ങളെയും പ്രകൃതിയേയും മനുഷ്യനെയും സ്‌നേഹിച്ച, ഒടുവില്‍ ദളിതനായതിന്റെ പേരില്‍ ജീവിതം സ്വയം തീര്‍ക്കേണ്ടിവന്ന രോഹിത് വെമുല, ഇന്ത്യന്‍ കാമ്പസുകളിലെ ജാത്യാധിഷ്ഠിത വിവേചനങ്ങളുടെ വര്‍ത്തമാനകാല അനുഭവമാണ്. അതുണ്ടാക്കിയ പൊള്ളലും രോഷവും ഇന്നും കെട്ടടങ്ങിയിട്ടില്ല. ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന ദളിത് പീഡനങ്ങളോടുള്ള ഞെട്ടിക്കുന്ന പ്രതികരണ സന്ദര്‍ഭമായിരുന്നു രോഹിത് വെമുലയുടെ ആത്മഹത്യ. രാഷ്ട്രീയ രക്തസാക്ഷിത്വം എന്നുറച്ചു വിളിക്കാന്‍ പറ്റുന്ന രോഹിത്തിന്റെ  മരണം, വാസ്തവത്തില്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ വ്യവഹാരത്തിനു നേരെയുയര്‍ന്ന ഏറ്റവും വലിയ കുറ്റപത്രമായിരുന്നു.

അതിനു ശേഷവും എത്ര ഉദാഹരണങ്ങള്‍, 2018 സെപ്തംബറില്‍ ഒരു ദളിത് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലിലെ ഗ്ലാസ്സ് പൊട്ടിച്ചു എന്ന് കള്ളക്കേസ് ഉണ്ടാക്കി പുറത്താക്കിയതും, ഇതിനെതിരെ പ്രതികരിച്ച പ്രസാദ് പന്ന്യന്‍ എന്ന അക്കാഡമീഷ്യനെ വേട്ടയാടിയതും കേരളത്തില്‍ തന്നെയാണ്, കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍. Topiwala നാഷണല്‍ മെഡിക്കല്‍ കോളേജിലെ പായല്‍ തദ്വി എന്ന വിദ്യാര്‍ത്ഥിനി സഹവിദ്യാര്‍ത്ഥികളുടെ ജാതി അധിക്ഷേപത്തില്‍ മനംനൊന്ത് ജീവനൊടുക്കിയത് 2019 ലാണ്.  ഇങ്ങനെ ജാത്യാധിക്ഷേപത്തിന്റെ ഇരകളായി സര്‍വ്വകലാശാലകളില്‍ നിന്നും ജീവിതത്തില്‍ നിന്നും എന്നെന്നേക്കുമായി ഇറങ്ങിപ്പോകേണ്ടി വന്ന ദളിത് വിദ്യാര്‍ത്ഥികള്‍ നിരവധിയാണ്. ഒരു പക്ഷേ, വര്‍ത്തമാനകാല ഇന്ത്യന്‍ കാമ്പസുകള്‍ നേരിടുന്ന കടുത്ത രാഷ്ട്രീയ പ്രശ്‌നം ഈ കാസ്റ്റ് ബെയ്‌സ്ഡ് ഡിസ്‌ക്രിമിനേഷനാകും. ആധുനിക ജനാധിപത്യ സമൂഹം എന്ന നിലയില്‍ നാം കടുത്ത ജാഗ്രത പുലര്‍ത്തേണ്ട, ഒട്ടും നിസംഗരായിക്കൂടാത്ത സവിശേഷ രാഷ്ട്രീയ പ്രശ്‌നം.

പ്രസാദ് പന്ന്യന്‍

സാമൂഹികമായി പുറം തള്ളപ്പെട്ടവര്‍, ചരിത്രത്തില്‍ ഇടം കിട്ടാത്തവര്‍, ദൃശ്യതയില്ലാത്തവര്‍, അരികുവത്ക്കരിക്കപ്പെട്ടവര്‍,  ഭൂരിഭാഗം വരുന്ന ആ സമൂഹത്തിന്റെ പ്രതിനിധികള്‍ സര്‍വ്വകലാശാലകളിലേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി എത്തിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല.  ഭരണഘടന അനുശാസിക്കുന്ന അവകാശമാണതെങ്കിലും ഓട്ടമത്സരത്തില്‍ പാതിയില്‍ വീണു പോകുന്നവരാണ് ഇപ്പോഴുമേറേ.  ഇത്തരം കടമ്പകള്‍ തന്റെ  ഇച്ഛാശക്തി കൊണ്ട് മാത്രം  മറികടന്നെത്തുന്നവരെ, സംരക്ഷിക്കേണ്ടത് ആധുനിക പൊളിറ്റിക്കല്‍ സൊസൈറ്റിയുടെ ഉത്തരവാദിത്തമാണ്.

മണ്‍മറഞ്ഞു പോയ ഫ്യൂഡല്‍ മാടമ്പി ബോധം മനസ്സില്‍ കൊണ്ടുനടക്കുന്ന അധ്യാപക അധികാരിത്വമാണ് വാസ്തവത്തില്‍ ഏറ്റവും വലിയ ശത്രു (ഇത് ഏതെങ്കിലും വ്യക്തിയെ മുന്‍നിര്‍ത്തിയുള്ള വിശകലനമല്ല, ‘ഗുരു’ എന്ന കടലെടുക്കേണ്ട ജനാധിപത്യവിരുദ്ധ, ആധുനിക വിരുദ്ധ അവബോധത്തെയാണ് ഉന്നമിടുന്നത്)  ഇന്നും അക്കാദമിക അന്തരീക്ഷം ‘ജാത്യാധിക്ഷേപ’ മെന്ന പരാതിയാല്‍  കലുഷിതമാക്കിക്കൊണ്ടിരിക്കുന്നതില് പ്രഥമ പങ്ക് ആ അവബോധത്തിനാണ്. സര്‍വ്വകലാശാലകള്‍ അറിവുല്പാദന കേന്ദ്രങ്ങളാണ്. അതോടൊപ്പം ജനാധിപത്യത്തിന്റെ ഇടങ്ങളുമാണ്. എന്നാല്‍ പരമമായ ഈ ലക്ഷ്യങ്ങളില്‍ നിന്ന് സര്‍വ്വകലാശാലകളെ പിറകോട്ടടിപ്പിക്കുന്നതില്‍ പ്രഥമ പങ്ക് ഫ്യൂഡല്‍ ഗൃഹാതുരബോധം കൊണ്ടു നടക്കുന്ന അധ്യാപകരുടെതാണ്. അക്കാദമികമായി മികച്ച പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിനുതന്നെ മാതൃകയാകാന്‍ കഴിയുന്ന നിരവധി വിദ്യാര്‍ത്ഥികളാണ് സര്‍വ്വകലാശാലകളിലെ ഈ തീണ്ടാപ്പാലകളില്‍ തട്ടിവീഴുന്നത്. വഴി നടക്കാന്‍, അറിവ് നേടാന്‍, ആരാധന നടത്താന്‍ സര്‍വ്വോപരി ജീവിക്കാന്‍ വേണ്ടി ദളിതര്‍ നടത്തിയ സമരങ്ങള്‍ സമാനതകളില്ലാത്തവയാണ്.  ഇന്നും പ്രത്യക്ഷമായല്ലെങ്കില്‍, പരോക്ഷമായെങ്കിലും നിരന്തരം ആ സമരം തുടരേണ്ട ഗതികേടിലാണ് ദളിത് വിദ്യാര്‍ത്ഥികള്‍.

അത്തരമൊരു സമരമുഖത്താണ് കേരളത്തിലെ പ്രധാന സര്‍വ്വകലാശാലകളില്‍ ഒന്നായ കാലിക്കറ്റ് സര്‍വ്വകലാശാലയും. നവോത്ഥാനാനന്തര കേരളീയ പൊതുസമൂഹത്തിന് നേര്‍ക്കുള്ള അവജ്ഞ നിറഞ്ഞ പരിഹാസമാണ് ഇവിടുത്തെ ചില അദ്ധ്യാപകരില്‍ നിന്നുമുണ്ടാകുന്നത്. മലയാളം, ബോട്ടണി എന്നീ പഠനവിഭാഗത്തിലെ ഗവേഷകര്‍ ദളിത് പീഡനമുള്‍പ്പടെയുള്ള പരാതിയുമായി രംഗത്ത് വന്നിരിക്കുന്നു. പല സ്വാധീനങ്ങളിലൂടെ അധ്യാപകര്‍ തങ്ങളുടെ നില സുരക്ഷിതമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സര്‍വ്വകലാശാലയില്‍ ഇത് ആദ്യമായിട്ടല്ല ദളിത് പീഡനം ആരോപിച്ച് പരാതി ഉയരുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍വ്വകലാശാല തയ്യാറായിട്ടില്ലായിരുന്നു. അതു കൊണ്ടു തന്നെ ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന കാഴ്ചയാണ് നമുക്ക് കാണുവാന്‍ വേണ്ടി സാധിക്കുന്നത്.

ഇപ്പോള്‍ ആരോപണവിധേയനായ വകുപ്പദ്ധ്യക്ഷന്‍ തന്റെ കൂടെ ഗവേഷണം നടത്തിയ ശോഭിത് പി.കെ എന്ന, ദളിത് ഗവേഷകനെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ഒടുവില്‍ ഈ അദ്ധ്യാപകന്റെ സൂപ്പര്‍ വൈസേഷന്‍ മാറ്റി മറ്റേതെങ്കിലും അദ്ധ്യാപകരുടെ കൂടെ ഗവേഷണം നടത്താന്‍ സൗകര്യം ചെയ്തുതരണമെന്ന് ശോഭിത് സര്‍വ്വകലാശാലയോട് ആവശ്യപ്പെടുകയും ചെയ്തിടത്തു നിന്നാണ് നിലവിലെ പ്രശ്‌നങ്ങളുടെ തുടക്കം. ആ ഗവേഷകന്റെ ജീവിതപങ്കാളിയാണ് ഇപ്പോഴത്തെ പരാതിക്കാരി. വ്യക്തി വൈരാഗ്യം ഉള്ളില്‍ സൂക്ഷിച്ചുകൊണ്ട് നിരന്തരം വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുകയാണ് ഇവിടങ്ങളില്‍ ചെയ്യുന്നതെന്ന് പുതിയ പരാതി തെളിവ് തരും.

ശോഭിതിന്റെ പങ്കാളിയായ, പി. സിന്ധുവിന്റെ പരാതി വളരെ ഗൗരവമുള്ളതാണ്.  30.8.2019 ന് ഗവേഷണപ്രബന്ധവും അനുബന്ധരേഖകളും റിസര്‍ച്ച് ഗൈഡിന്റെ അനുമതിയോടെയും ഒപ്പോടും കൂടി ഡിപ്പാര്‍ട്ട്‌മെന്റില്‍ സമര്‍പ്പിച്ചതാണ്. എന്നാല്‍ 5.9.2019 വരെയും സിന്ധുവിന്റെ തിസീസ് ഫോര്‍വേഡ് ചെയ്യാന്‍ വകുപ്പദ്ധ്യക്ഷന്  തയ്യാറായില്ല, എന്നാല്‍ 04.09.2019 നും 5. 09. 2019 ന് രാവിലെയും സമര്‍പ്പിച്ച സിന്ധുവിന്റെ മൂന്നു സുഹൃത്തുക്കളുടെ തിസീസ് അന്നന്നുതന്നെ വകുപ്പദ്ധ്യക്ഷന്‍ ഒപ്പിട്ട് ഫോര്‍വേര്‍ഡ് ചെയ്യുകയും ചെയ്തു. തന്റെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കുമില്ലാത്ത സാങ്കേതിക തടസം സിന്ധുവിന്റെ കാര്യത്തില്‍ മാത്രം വകുപ്പദ്ധ്യക്ഷന്‍ തോന്നുന്നത്  എന്തുകൊണ്ടാണ് എന്നിടത്താണ് ശോഭിതിന്റെയും, സിന്ധുവിന്റെയും ജാതിപദവി സാന്നിധ്യമാകുന്നത്. ശോഭിത്ത് പി.കെ. എന്ന ദളിത്ഗവേഷകനെ മാനസികമായി പീഡിപ്പിച്ച് തന്റെ കൂടെ റിസര്‍ച്ച് ചെയ്യുന്നതില്‍നിന്നും പുറംതള്ളിയ അതേ അദ്ധ്യാപകന്‍ ശോഭിത്തിന്റെ ജീവിത പങ്കാളിയും ദളിത് ഭാഗക്കാരിയുമായ സിന്ധുവിന്റെ ഗവേഷണ പ്രബന്ധം അന്യായമായി തടഞ്ഞുവെക്കുന്നു. ഇത് ഈ അധ്യാപകന്റെ ദളിത് വിരുദ്ധത, മനുഷ്യത്വവിരുദ്ധത എന്നിവയ്ക്കുള്ള തെളിവായി ഞങ്ങള്‍ മനസിലാക്കുന്നു.

അല്പം രൂക്ഷമാണ് ബോട്ടണി വിഭാഗത്തില്‍ നിന്നുയര്‍ന്ന പരാതികള്‍. നാല് ഗവേഷകരാണ് തങ്ങളുടെ റിസര്‍ച്ച് ഗൈഡിനെതിരെ ജാതി അധിക്ഷേപം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് പരാതി നല്‍കിയിരിക്കുന്നത്.  ദളിത് വിഭാഗത്തില്‍പ്പെട്ട അരുണ്‍ ടി. റാം എന്ന ഗവേഷകനോട് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആയതുകൊണ്ട് ജോലി കിട്ടുമെന്നുള്ള അഹങ്കാരം വേണ്ട എന്നും, ഈ ജാതിക്കാരില്‍ പലരും ഇപ്പോഴും തൂപ്പുപണിക്ക് പോകുന്നവരാണെന്നും പി.എച്ച്.ഡി. കിട്ടിയതുകൊണ്ട് മാറ്റമുണ്ടാകില്ല എന്നുമാണ് ഗൈഡ് പറഞ്ഞതെന്ന് അദ്ദേഹം തന്റെ പരാതിയില്‍ പറയുന്നു. ശാസ്ത്രഗവേഷണമേഖലയിലേക്ക്, തന്റെ പരിമിതമായ ജീവിത സാഹചര്യങ്ങളോട് പലമട്ടില്‍ പൊരുതിക്കേറി വന്ന ഒരു ഗവേഷകനോട് ഈ 2019 ലും ഒരു റിസര്‍ച്ച് ഗൈഡിന് ഇങ്ങനെയൊക്കെ പറയാന്‍ സാധിക്കുന്നു എന്നത് ഞെട്ടലുളവാക്കുന്നതാണ്.  സംഭാഷണങ്ങളിലൂടെ ഗൈഡ് നിരന്തരം തങ്ങളെ അപമാനിക്കുന്നതായി പരാതിക്കാര്‍ പറയുന്നു.  തന്റെ കൂടെ റിസര്‍ച്ച് ചെയ്യുന്ന നാല് പേരെയും വിശ്വാസമില്ല എന്നും ഗൈഡ് പറഞ്ഞിട്ടുണ്ട്. മലയാള വിഭാഗത്തിലെ സിന്ധുവിനോട് വകുപ്പദ്ധ്യക്ഷന്‍ പറഞ്ഞതും രേഖകള്‍ വിശദമായി പരിശോധിക്കണം; വിശ്വാസമില്ല എന്നാണ്.  ഈ അവിശ്വാസ്യത എങ്ങനെ ഉണ്ടാകുന്നതാണെന്ന ആലോചന ചെന്നെത്തുന്നത് ഉന്നതവിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന ജാതിവിവേചനങ്ങളില്‍ തന്നെയാണ്.

ബോട്ടണി വിഭാഗത്തിലെ ഗവേഷകരോട് ഗെയ്ഡ് നടത്തിയ അധിക്ഷേപങ്ങള്‍ ഈയൊരു ലേഖനത്തിന്റെ പരിധിയലൊതുങ്ങുന്നതല്ല. സ്ത്രീഗവേഷകയോട്, വൈവാഹിക ജീവിതത്തെ സംബന്ധിച്ചും, ഫാമിലി പ്ലാനിങ്ങിനെക്കുറിച്ച് പോലും നിര്‍ബന്ധിത നിയന്ത്രണം വെക്കാന്‍ കഴിയുന്ന അധികാരം ഗെയ്ഡ് കാണിച്ചു പോന്നത്രേ.’ എപ്പോള്‍ ഗര്‍ഭിണിയാവണം, ഗര്‍ഭിണിയാവരുത് ‘ തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളില്‍ പോലും നിര്‍ബന്ധപൂര്‍വ്വം ഗെയ്ഡ് ഇടപെട്ടു പോന്നു. ഈ വിഷയം സംസാരിക്കാന്‍ ചെന്ന സംഘടന ഭാരവാഹികള്‍ക്കെതിരെ കള്ള കേസ് കൊടുത്ത് പ്രതികരണങ്ങളെ പോലും ഇല്ലാതാക്കാനുള്ള ശ്രമമാണ് ഈ അധ്യാപികയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. മാനവിക – ഭാഷാ ഗവേഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ശാസ്ത്ര വിഷയങ്ങളില്‍ ഗെയ്ഡിന്റെ സമ്പൂര്‍ണ പിന്തുണ ഗവേഷണത്തിനാവശ്യമാണ്. ഈ സ്‌പേസ് സൂപ്പര്‍വൈസര്‍ തന്റെ അധികാരത്തിനുപയോഗിക്കുന്നതായാണ് കാണാനാവുക. സ്വതവേ കടുത്ത സമ്മര്‍ദ്ദമുള്ള ശാസ്ത്രഗവേഷകര്‍ക്ക് മേല്‍ ഇത്തരം ഇരട്ടി ഭാരം കയറ്റി വെക്കാനും, അപമാനിതരാക്കാനും പ്രഫസര്‍മാര്‍ക്ക് ആരാണ് അധികാരം നല്‍കിയിട്ടുള്ളത്.

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് പുറത്തുവരുന്ന ജാതികേന്ദ്രിത പീഡകളെക്കുറിച്ചുള്ള പരാതി ഐസ് ബര്‍ഗിന്റെ മുകളറ്റം മാത്രമാണ്. കേരളത്തിലെ സര്‍വ്വകലാശാലകളിലെ വിവിധപഠനവകുപ്പുകളില്‍  സമാനമോ, ഇതിലും രൂക്ഷമോ ആയ സംഭവപരമ്പരകളുണ്ട്. നാലഞ്ച് വര്‍ഷം നീണ്ട തങ്ങളുടെ ഗവേഷണപ്രയത്‌നം വെറുതെയാവുമെന്ന ഭയം കൊണ്ട് ഭൂരിഭാഗം പേരും മിണ്ടാതെ സഹിക്കുകയാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഗവേഷക വിദ്യാര്‍ത്ഥി സംഘടന AKRSA ഗവേഷണ രംഗത്തെ കാസ്റ്റ് ബെയ്‌സ്ഡ് ഡിസ്‌ക്രിമിനേഷനോട് ശക്തമായി പ്രതികരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാന തലത്തില്‍ തന്നെ, പഠന വകുപ്പുകള്‍ കേന്ദ്രീകരിച്ചു കൊണ്ട് വിപുല കാമ്പയിനിങ്ങായി ഈ വിഷയം AKRSA ഏറ്റെടുത്തു കഴിഞ്ഞു.

അക്കാദമികരംഗത്തെ ഇത്തരം ജാതിവിവേചനങ്ങള്‍ക്കെതിരെ പൊതുസമൂഹവും പ്രതികരിച്ചേ മതിയാകൂ. തങ്ങളുടെ ഗവേഷണ വിഷയങ്ങളില്‍ മൗലികമായി ഇടപെടാന്‍ ശേഷിയുള്ള മിടുക്കരായ ഗവേഷകരെ ജാതി വിവേചനത്തിന്റെ പുറംപോക്കുകളിലേക്ക് ആട്ടിയോടിക്കുകയാണ് സര്‍വ്വകലാശാലകളിലെ ഈ ഉന്നതാധികാരികള്‍ ചെയ്യുന്നത്. ഏകലവ്യന്റെ പെരുവിരല്‍ നമ്മുടെ അക്കാദമിക രംഗത്തെ സവര്‍ണ്ണ യജമാന്മാരെ നിരന്തരം ഭയപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നുണ്ട്. കീഴടക്കപ്പെട്ട ജനതയുടെ ഉയിര്‍പ്പിന്റെ ജ്ഞാനപരിസരങ്ങളായി സര്‍വ്വകലാശാലകള്‍ മാറേണ്ടതുണ്ട്. ഇനിയും ഒരു വിദ്യാര്‍ത്ഥിയോട് അവള്‍/അവന്‍ ദളിതായതുകൊണ്ട് ഗയ്ഡിന് അവിശ്വാസ്യത തോന്നരുത്. അതിന് പൊതുസമൂഹത്തിന്റെ ശക്തമായി പിന്തുണ ഞങ്ങളഭ്യര്‍ത്ഥിക്കുന്നു. മറ്റൊരു രോഹിത് വെമുല ഇനിയുണ്ടാവാതിരിക്കാന്‍ ജാഗ്രതയോടെയിരിക്കാം, നമ്മുടെ കാലത്തോട് നാം ചെയ്യേണ്ട ഏറ്റവും വലിയ കടമകളിലൊന്ന് അതു തന്നെയാണ്.

ബവേഷ് പി കെ
സെക്രട്ടറി AKRSA( All kerala Research Scholars Association) കാലിക്കറ്റ് സര്‍വ്വകലാശാല