സഖാവ് പിണറായീ, ആ വെട്ടിയത് നിങ്ങളാണ്
political killing in kasargod
സഖാവ് പിണറായീ, ആ വെട്ടിയത് നിങ്ങളാണ്
ബഷീര്‍ വള്ളിക്കുന്ന്
Tuesday, 19th February 2019, 11:48 pm

കാസര്‍ക്കോട്ടെ ഇരട്ടക്കൊലപാതകങ്ങളില്‍ സി.പി.ഐ.എമ്മിന് പങ്കില്ല എന്ന കോറസ് ഏറെ കേട്ടുകഴിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊന്നതില്‍ സി.പി.ഐ.എം പ്രാദേശിക നേതൃത്വത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അതവരുടെ മാത്രം പിഴവാണ്, പാര്‍ട്ടിക്ക് അതില്‍ പങ്കില്ല എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചു.

ആ കോറസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഴുവന്‍ ഏറ്റുപാടുകയാണ്. മുമ്പ് നടന്ന എണ്ണമറ്റ കൊലപാതകങ്ങളും സി.പി.ഐ.എം നേതൃത്വം പറഞ്ഞത് ഇതേ കാര്യങ്ങളാണ്. പാര്‍ട്ടിക്ക് പങ്കില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരെങ്കിലും പ്രതികളായിട്ടുണ്ടെങ്കില്‍ അതവരുടെ കുറ്റകൃത്യം. നിയമം നിയമത്തിന്റെ വഴി സ്വീകരിക്കട്ടെ, ജനാധിപത്യ നിയമ സംവിധാനങ്ങളില്‍ പൂര്‍ണ വിശ്വാസമുള്ള പാര്‍ട്ടിയാണ് സി.പി.ഐ.എം, സമാധാനമാണ് ഞങ്ങളുടെ ലക്ഷ്യം.

ശരി, സമ്മതിച്ചു. സമാധാനമാണ് നിങ്ങളുടെ ലക്ഷ്യം. ഈ കൊലകളില്‍ നിങ്ങള്‍ക്ക് പങ്കില്ല. പക്ഷേ, നാളെ മുതല്‍ സംഭവിക്കാന്‍ പോകുന്നത് എന്താണ്?- സഖാവ് പിണറായി മുതല്‍ താഴോട്ട് സര്‍ക്കാരിന്റെ മുഴുവന്‍ മെഷിനറിയും പാര്‍ട്ടി സെക്രട്ടറി മുതല്‍ താഴോട്ട് പാര്‍ട്ടിയുടെ മുഴുവന്‍ മെഷിനറിയും അറസ്റ്റിലായ ആ പ്രാദേശിക നേതാവിന്റെ പിറകിലുണ്ടാകും.

അയാള്‍ക്ക് ജയിലില്‍ സൗകര്യങ്ങളൊരുക്കാന്‍, അയാളെ ജയിലില്‍ സന്ദര്‍ശിക്കാന്‍, കൃത്യമായ ഇടവേളകളില്‍ അയാളെ പരോളിലിറക്കാന്‍, അയാളുടെ കുടുംബത്തിന് ചിലവിനു കൊടുക്കാന്‍, വിദ്യാഭ്യാസം നടത്താന്‍, മകളുണ്ടെങ്കില്‍ കല്യാണം കഴിച്ചു കൊടുക്കാന്‍. അയാള്‍ വീട്ടിലുണ്ടായിരുന്നതിനേക്കാള്‍ ഭംഗിയായി അയാളുടെ വീട്ടുകാര്യങ്ങള്‍ നടത്താന്‍. എല്ലാത്തിനും പാര്‍ട്ടിയുണ്ടാകും. അച്ഛന്‍ ഗള്‍ഫില്‍ പോയ വീടിന്റെ അവസ്ഥയായിരിക്കും അയാളുടെ വീട്ടുകാര്‍ക്ക്. കാശും പത്രാസും പറന്നുവരും. വരില്ലേ, നമ്മളത് കണ്ടിട്ടില്ലേ. എത്രയെത്ര കേസുകളില്‍, എത്രയെത്ര കൊലക്കേസ് പ്രതികളുടെ നാള്‍വഴികളില്‍.

നൂറ്റൊന്ന് ശതമാനം ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ഒന്നുണ്ട്, എത്ര പേരെ വെട്ടിക്കൊന്നാലും പാര്‍ട്ടി സഹായത്തിനുണ്ടാകും എന്ന ഉറച്ച വിശ്വാസം അണികള്‍ക്കുള്ളപ്പോള്‍ ഇത്തരം കൊലകള്‍ അവസാനിക്കാന്‍ പോകുന്നില്ല. ഒറ്റ വെട്ടിനാണ് കൃപേഷിന്റെ തലച്ചോര്‍ പുറത്തെടുത്തത്. അത്രമാത്രം വിദഗ്ധരായ കൊലയാളികളാണ് സി.പി.ഐ.എമ്മിന് അവരുടെ പാര്‍ട്ടി കേന്ദ്രങ്ങളിലുള്ളത്.

അവര്‍ ഇനിയും കൊല്ലും. ഒറ്റ വെട്ടിന് തലച്ചോര്‍ പിളര്‍ത്തി പുറത്തെടുക്കും. അതിനുള്ള പരിശീലനമൊക്കെ അവര്‍ക്ക് കിട്ടിയിട്ടുണ്ട്. പാര്‍ട്ടി പിറകിലുണ്ടെന്ന വിശ്വാസത്തിന്റെ ബലത്തിലുള്ള വെട്ടാണത്. എന്തിനും എപ്പോഴും തയ്യാറുള്ള ഒരു ഗുണ്ടാസംഘം. ഉത്തരവിട്ടാല്‍ അത് അക്ഷരംപ്രതി നടപ്പിലാക്കാന്‍ കെല്‍പ്പുള്ള ചോരപ്പട.

പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും വര്‍ഗ്ഗീയ വികാരം ആളിക്കത്തിച്ചതിന്റെ പേരിലുള്ള വംശീയ ലഹളകള്‍ക്കും മോദിയും യോഗിയുമടക്കമുള്ള സംഘപരിവാരത്തിന്റെ തലപ്പത്തുള്ള നേതാക്കളാണ് കാരണക്കാരെന്നത് പോലെ തന്നെ, കേരളത്തിലെ ഇത്തരം കൊലപാതകങ്ങള്‍ക്ക് ധാര്‍മ്മിക പിന്തുണ കൊടുക്കുന്ന പാര്‍ട്ടിയും പാര്‍ട്ടി തലപ്പത്തുള്ളവരുമാണ് ഒന്നാം പ്രതികളെന്ന് തിരിച്ചറിയാന്‍ വലിയ ലോജിക്കോന്നും വേണ്ടതില്ല.

അതുകൊണ്ടാണ് പറയുന്നത് ഇതൊരു പ്രാദേശിക നേതാവിന്റെ മാത്രം ചെയ്ത്തല്ല, അയാളെ വളര്‍ത്തിയ, അയാള്‍ക്കിതിന് ആത്മവിശ്വാസം കൊടുത്ത പാര്‍ട്ടിയുടെ ചെയ്ത്താണ്. ആ പാര്‍ട്ടിയുടെ തലപ്പത്തുള്ളവരുടെ ചെയ്ത്താണ്. പിണറായിയുടെ ചെയ്ത്താണ്. കോടിയേരിയുടെ ചെയ്ത്താണ്. ജയരാജന്റെ ചെയ്ത്താണ്. നിങ്ങളോരോരുത്തരുമാണ് ആ വെട്ടുകള്‍ വെട്ടിയത്.

കൃപേഷിന്റെ അച്ഛന്‍ സി.പി.ഐ.എം അനുഭാവിയാണ്. സി.പി.ഐ.എമ്മിന് വേണ്ടി മുഷ്ടി ചുരുട്ടി ഏറെ മുദ്രാവാക്യങ്ങള്‍ വിളിച്ച ഒരു പ്രവര്‍ത്തകന്‍. “ഒറ്റ മോനായിരുന്നു, ഏക ആശ്രയമായിരുന്നു” എന്നാണ് ആ അച്ഛന്‍ പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞത്. അയാള്‍ താമസിക്കുന്ന ആ വീട് കണ്ടാല്‍, ഒരു ചെറിയ കാറ്റിന് പോലും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത ആ കൂര കണ്ടാല്‍, അതില്‍ കഴിയുന്ന കൃപേഷിന്റെ സഹോദരിമാരുടെ പൊട്ടിക്കരച്ചിലുകള്‍ കേട്ടാല്‍ ഹൃദയം നുറുങ്ങാത്ത ആരെങ്കിലുമുണ്ടെങ്കില്‍ അതീ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയ പാര്‍ട്ടി മെഷിനറി മാത്രമാണ്.

കൊല്ലപ്പെട്ട രണ്ട് പേരും കൊലക്കേസ് പ്രതികളാണെന്നും അവര്‍ കൊല്ലപ്പെടേണ്ടവര്‍ തന്നെയാണെന്നും മറ്റൊരു കോറസും സമാന്തരമായി പ്രചരിക്കുന്നുണ്ട്. ഒരു സാധാരണ അടിപ്പിടിക്കേസില്‍ കൊലക്കുറ്റം ചുമത്തപ്പെട്ടവരാണ് കൃപേഷും ശരത് ലാലും. ആ കേസ് അതിന്റെ വഴിക്ക് നടക്കുന്നുണ്ട്. അത് നോക്കാന്‍ ഇവിടെ കോടതിയും നിയമവാഴ്ചയുണ്ട്. ആ കേസ് അന്വേഷിക്കുന്ന പൊലീസ് വകുപ്പിന്റെ തലപ്പത്തുള്ളത് നരേന്ദ്ര മോദിയല്ല, പിണറായി വിജയനാണ്. കേസുകള്‍ കെട്ടിച്ചമക്കാനും ആ കേസുകളില്‍ വധശിക്ഷ വിധിക്കാനും പിന്നെ ആ വിധി നടപ്പാക്കാനും സി.പി.ഐ.എമ്മിന്റെ ഗുണ്ടാസംഘത്തിന് ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ അവകാശങ്ങളില്ല.

പൊലീസ് കസ്റ്റഡിയില്‍ എടുത്ത പെരിയ ലോക്കല്‍ കമ്മറ്റിയംഗം പീതാംബരനെ പാര്‍ട്ടി പുറത്താക്കിയതായുള്ള വാര്‍ത്ത കണ്ടു. ജനവികാരം ഇളകിമറിയുമ്പോഴുള്ള ഒരു നടപടിയാണിത്. അയാളെ “അകത്താക്കിയതിന്റെ” വാര്‍ത്തകള്‍ പിന്നീട് വന്നോളും. വിവാദമൊന്ന് കെട്ടടങ്ങേണ്ട താമസമേയുള്ളൂ.

എസ്.എഫ്.ഐ പ്രവര്‍ത്തകനായ മഹാരാജാസിലെ അഭിമന്യുവിന്റെ കൊലക്കെതിരെ ഉച്ചത്തില്‍ ശബ്ദിച്ചവരും “നാന്‍ പെറ്റ മകനേ” എന്ന ആ അമ്മയുടെ വിലാപത്തെ ഹൃദയം നുറുക്കുന്ന അലിവോടെ തിരിച്ചറിഞ്ഞവരും സി.പി.ഐ.എമ്മിനോടൊപ്പം നിന്നവരുമാണ് കേരളീയര്‍. അതേ സി.പി.ഐ.എം അതിനേക്കാള്‍ പരിതാപകരമായ ഒരു ജീവിത സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഒരു കുടുംബത്തിന്റെ പ്രതീക്ഷയെ തലച്ചോര്‍ വെട്ടിയെടുത്ത് ഉന്മൂലനം ചെയ്യുമ്പോള്‍ അറിയാതെ ചോദിച്ചു പോകുകയാണ്, നാം ഏത് പക്ഷത്താണ്, ഏത് ചേരിയിലാണ് നില്‍ക്കേണ്ടത് എന്ന്.

സംഘപരിവാറിന്റെ കടന്നു വരവിനെ തടുക്കാന്‍ പിണറായി സഖാവ് അധികാരത്തില്‍ വരണമെന്ന് കരുതുകയും അതിനായി പിന്തുണ കൊടുക്കുകയും ചെയ്ത പതിനായിരങ്ങളില്‍ ഒരാളാണ് ഈ ലേഖകനും. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രിം കോടതി വിധിക്ക് അനുകൂലമായി പിണറായി സഖാവും ഇടതുപക്ഷവും എടുത്തിട്ടുള്ള നിലപാടുകള്‍ക്കും നവോത്ഥാന മതിലിനും ഒപ്പം നിന്നിട്ടുമുണ്ട്. പക്ഷേ, പച്ച മനുഷ്യരെ വെട്ടിവീഴ്ത്തുന്ന, ഈ പ്രാകൃത രാഷ്ട്രീയത്തെ ഒരിഞ്ച് പിന്തുണക്കാന്‍, അതിനോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍, അതേത് സംഘപരിവാറിന്റെ രാഷ്ട്രീയ പ്രതിരോധ തിയറി അവലംബമാക്കിയാലും സാധിക്കാത്ത കാര്യമാണ്.

സഖാവ് ടി.പി ചന്ദ്രശേഖരനെ അമ്പത്തൊന്ന് വെട്ട് വെട്ടി പീസ് പീസാക്കി കൊന്ന് തള്ളിയപ്പോള്‍, അത് കേരളക്കരയില്‍ അന്നോളമുണ്ടായിട്ടില്ലാത്ത വന്‍ പ്രതിഷേധത്തിനും ജനവികാരത്തിനും പാത്രമായപ്പോള്‍ നാം കരുതി, സി.പി.ഐ.എം ഇനിയീ പണി നിര്‍ത്തുമെന്ന്. കൊലപാതക പരമ്പരകളിലെ അവസാനത്തേതാകും ഇതെന്ന്. അതുണ്ടായില്ല.

പിന്നെയും നിരവധി വെട്ടുകള്‍ നടന്നു, കൊലകള്‍ നടന്നു. അവസാനം അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.ഐ.എം സംസ്ഥാന നേതാവ് പി. ജയരാജന്റെ മേല്‍ കൊലക്കുറ്റം ചുമത്തി സി.ബി. ഐ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ആശ്വസിച്ചു, ഇനിയെങ്കിലും അവര്‍ പിന്മാറുമെന്ന്. കാരണം ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സംസ്ഥാന നേതാവിലേക്ക് അന്വേഷണം എത്തുന്നത്.

ചാവേറുകളിലേക്കും വാടകഗുണ്ടകളിലേക്കും മാത്രം കേസന്വേഷണം എത്തുകയും യഥാര്‍ത്ഥ ആസൂത്രകര്‍ തിരശ്ശീലയ്ക്ക് വെളിയിലേക്ക് ഒരിക്കല്‍ പോലും എത്താതിരിക്കുകയും ചെയ്യുന്ന പതിവിനു വിപരീതമായി ഒരു കേസന്വേഷണത്തിന്റെ വാര്‍ത്ത വന്നപ്പോള്‍ തീര്‍ച്ചയായും പ്രതീക്ഷയുണ്ടായിരുന്നു. ഇനിയെങ്കിലും ഈ ചോരക്കളികള്‍ നില്‍ക്കുമെന്ന്. എവിടെ? ആ വാര്‍ത്തയെത്തി വെറും രണ്ടേ രണ്ട് ദിവസം കഴിയുന്നതിന് മുമ്പാണ് ഈ ഇരട്ടക്കൊല നടത്തിയത്. പ്രതീക്ഷകള്‍ നശിച്ചിട്ടുണ്ട്. ത്രിപുരയിലേയും ബംഗാളിലേയും അതേ വഴിയിലേക്കാണ് കേരളത്തിലെ സി.പി.ഐ.എമ്മും പോയിക്കൊണ്ടിരിക്കുന്നത്. ഒരു കറുത്ത നാളെയെക്കുറിച്ച് നെടുനിശ്വാസം മാത്രമേ ജനാധിപത്യ വിശ്വാസികളില്‍ നിന്ന് ഇപ്പോള്‍ ഉയരുന്നുള്ളൂ.