| Sunday, 24th June 2018, 11:51 pm

ഫോര്‍മാലിന്‍ കലര്‍ന്ന 6000 കിലോ ചെമ്മീന്‍ പിടിച്ചെടുത്തു; സംസ്ഥാനത്ത് മത്സ്യം പരിശോധന കര്‍ശനമാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ഓപറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാംഘട്ട പരിശോധനയില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം പിടിച്ചെടുത്തു. പാലക്കാട് വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ നിന്നാണ് മാരക വിഷമായ ഫോമാലിന്‍ കലര്‍ന്ന 6000 കിലോഗ്രാം ചെമ്മീന്‍ പിടിച്ചെടുത്തത്.

ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ ലോഡുകളിലായിരുന്നു രാസവസ്തു സാന്നിധ്യം കണ്ടെത്തിയത്. സംശയം തോന്നിയ 45 മത്സ്യ ലോറികളിലാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉയോഗിച്ചുള്ള പരിശോധന നടത്തിയത്.

രാസസാന്നിധ്യം വ്യക്തമായതോടെ മല്‍സ്യം എറണാകുളത്തെ ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്കയച്ചു. ജോയിന്റ് ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ നേതൃത്വത്തില്‍ കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്റലിജെന്റ്‌സും പാലക്കാട് ജില്ലാ സ്‌ക്വാഡും ഉള്‍പ്പെട്ട സംയുക്ത സംഘമാണ് പരിശോധന നടത്തിയത്.


Also Read  തുര്‍ക്കി തെരഞ്ഞെടുപ്പ്; എര്‍ദോഗാന്‍ മുന്നില്‍


സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കെത്തുന്ന മല്‍സ്യ ലോഡുകള്‍ കര്‍ശന പരിശോധയ്ക്ക് ശേഷം മാത്രമേ കടത്തി വിടാന്‍ പാടുള്ളു എന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.

മത്സ്യ ലോറികള്‍ക്ക് പുറമേ പാലുമായെത്തിയ ടാങ്കറുകളും പരിശോധിച്ചു. വിശദമായ പരിശോധനയ്ക്ക് വേണ്ടി ഇവ ഭക്ഷ്യസുരക്ഷാ ലാബില്‍ അയച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച സംസ്ഥാനത്തെത്തിയ 12,000 കിലോഗ്രാം മത്സ്യത്തില്‍ മായം കലര്‍ന്നെന്ന് കണ്ടെത്തിയിരുന്നു.

ഏതെങ്കിലും ഉല്‍പന്നത്തില്‍ മായം കലര്‍ന്നതായി കണ്ടെത്തിയാല്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ അത് നിരോധിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എംജി രാജമാണിക്യം എല്ലാ ജില്ലകളിലേയും അസി. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

മത്സ്യത്തില്‍ രാസവസ്തുക്കള്‍ കണ്ടെത്താന്‍ മാര്‍ക്കറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും രാജമാണിക്യം പറഞ്ഞു

We use cookies to give you the best possible experience. Learn more