Kerala News
ചര്‍ച്ച പരാജയം; അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ സമരം തുടരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 24, 03:59 pm
Monday, 24th June 2019, 9:29 pm

തിരുവനന്തപുരം: സമരത്തിനെ തുടര്‍ന്ന് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുടമകളും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയമായി.

അന്യായമായ രീതിയിലാണ് പരിശോധന നടത്തുന്നതെന്നും പരിശോധന നിര്‍ത്തുന്നത് വരെ സമരം തുടരുമെന്നും ബസുടമകള്‍ പറഞ്ഞു. കല്ലട ബസുമായി ബന്ധപ്പെട്ട് ഉണ്ടായ പരാതികളെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ആരംഭിച്ചത്.

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്ന പേരിലുള്ള പരിശോധനയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് അന്യായമായി പിഴ ഈടാക്കുന്നുവെന്ന് ബസുടമസ്ഥര്‍ ആരോപിച്ചു.

പരിശോധന നിര്‍ത്തിവെക്കണമെന്ന് ബസ് ഉടമകള്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടെങ്കിലും പരിശോധന തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് നിര്‍ത്തിവെയ്ക്കാനാകില്ലെന്നും മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു.

യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ പരിശോധന നടത്താമെന്ന് മന്ത്രി പറഞ്ഞെങ്കിലും വാഗ്ദാനം ബസ് ഉടമകള്‍ അംഗീകരിച്ചില്ല. ഇതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

DoolNews Video