| Sunday, 29th December 2024, 5:05 pm

'ദല്‍ഹി തെരഞ്ഞെടുപ്പില്‍ ഓപ്പറേഷന്‍ താമര'; വോട്ടര്‍ പട്ടികയില്‍ ബി.ജെ.പി കൃത്രിമം കാണിക്കുന്നു: കെജ്‌രിവാൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പ് ബി.ജെ.പി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാൾ.

വോട്ടര്‍ പട്ടികയില്‍ ബി.ജെ.പി കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കെജ്‌രിവാൾ പറയുന്നത്. ഈ നടപടി ജനാധിപത്യത്തിന് എതിരാണെന്നും കെജ്‌രിവാൾ പറഞ്ഞു.

ഈ നടപടി ഓപ്പറേഷന്‍ താമരയുടെ ഭാഗമാണെന്നും കെജ്‌രിവാൾ പറഞ്ഞു. ഡിസംബര്‍ 15 മുതല്‍ ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കെജ്‌രിവാൾ ആരോപിച്ചു. വിശ്വാസയോഗ്യമായ ഒരു സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ തന്നെ ബി.ജെ.പി ദല്‍ഹിയില്‍ പരാജയം സമ്മതിച്ചുവെന്നും കെജ്‌രിവാൾ പറഞ്ഞു.

എന്ത് വിലകൊടുത്തും തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. ഇതിനായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടെ ബി.ജെ.പി കൃത്രിമം കാണിക്കുകയാണെന്നും കെജ്‌രിവാൾ പറഞ്ഞു. ഓപ്പറേഷന്‍ താമര രൂപകല്‍പന ചെയ്തിരിക്കുന്നത് തന്നെ ദല്‍ഹി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്നും കെജ്‌രിവാൾ കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 20നും ഒക്ടോബര്‍ 20നും ഇടയിലായി നടന്ന അവലോകനത്തിന് ശേഷം പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ 106,873 വോട്ടര്‍മാരാണ് ഉള്ളത്. എന്നാല്‍ കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ബി.ജെ.പി 5000 വോട്ടുകള്‍ വെട്ടിക്കളയാനും പുതുതായി 7500 വോട്ടുകള്‍ ഉള്‍പ്പെടുത്താനും അപേക്ഷ നല്‍കിയതായി കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.

അതായത് 12 ശതമാനം വോട്ടുകളില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെജ്‌രിവാൾ ന്യൂഡല്‍ഹി ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ക്ക് കത്തെഴുതിയിട്ടുണ്ട്.

അടുത്തിടെ ന്യൂദല്‍ഹി നിയോജക മണ്ഡലത്തില്‍ ബി.ജെ.പി നേതാക്കള്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന് മുഖ്യമന്ത്രി അതിഷി ആരോപിച്ചിരുന്നു.

മുന്‍ എം.പിയായ പര്‍വേഷ് സാഹിബ് സിങ് വര്‍മ തന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തുവെന്നാണ് അതിഷി ആരോപിച്ചത്. ഇതിനുപിന്നാലെയാണ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: ‘Operation Lotus in Delhi Elections’; BJP tampering with voter list: Kejriwal

We use cookies to give you the best possible experience. Learn more