ന്യൂദല്‍ഹി: ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, കര്‍ണാടക, ബീഹാര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ദല്‍ഹിയിലും ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമര നീക്കം നടക്കുന്നുണ്ടെന്ന് സംശയം. ദല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്തതോടെയാണ് ബി.ജെ.പിയുടെ അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന സംശയം ബലപ്പെട്ടത്.
ദല്‍ഹി ഉപമുഖ്യമന്ത്രിക്കെതിരായ കേസുകളുമായി ഇ.ഡി രംഗത്തെത്തിയത് ആം ആദ്മിയെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മനീഷ് സിസോദിയയ്ക്ക് ആം ആദ്മി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ കേസുകള്‍ പിന്‍വലിക്കാമെന്ന തരത്തിലുള്ള വാഗ്ദാനങ്ങള്‍ ലഭിച്ചതായി നേരത്തെ ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു.
ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് കൈക്കൂലി നല്‍കി പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത് എന്നായിരുന്നു കെജ്‌രിവാള്‍ പ്രതികരിച്ചത്. ആം ആദ്മി വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ 20കോടി രൂപയാണ് ഓരോ പ്രവര്‍ത്തകനും ബി.ജെ.പി വാഗ്ദാനം ചെയ്തതെന്നും കൂടുതല്‍ പ്രവര്‍ത്തകരെ കൊണ്ടുവരികയാണെങ്കില്‍ 25കോടി രൂപയും ഇവര്‍ക്ക് ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആം ആദ്മി എം.എല്‍.എ വെളിപ്പെടുത്തിയിരുന്നു.
അജയ് ദത്ത്, സഞ്ജീവ് ഝാ, സോമ്‌നാഥ് ഭാരത്, കുല്‍ദീപ് സിങ് തുടങ്ങിയവരാണ് തങ്ങളെ സമീപിച്ചതെന്നും ആം ആദ്മി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
നേരത്തെ സമാനമായ പ്രതികരണവുമായി മനീഷ് സിസോദിയയും രംഗത്തെത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചാല്‍ തനിക്കെതിരെയുള്ള കേസുകള്‍ ഒഴിവാക്കാമെന്ന് ബി.ജെ.പിയില്‍ നിന്നും വാഗ്ദാനം ലഭിച്ചുവെന്നും ആം ആദ്മി പാര്‍ട്ടിയെ തകര്‍ത്ത് ബി.ജെ.പിയില്‍ ചേരണമെന്നും സന്ദേശത്തില്‍ പറഞ്ഞതായി സിസോദിയ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ബി.ജെ.പിയില്‍ നിന്ന് ഒരു സന്ദേശം ലഭിച്ചിട്ടുണ്ട്. ആം ആദ്മിയെ തകര്‍ത്ത് ബി.ജെ.പിയില്‍ ചേരൂ, സി.ബി.ഐ, ഇ.ഡി കേസുകളെല്ലാം തീര്‍പ്പാക്കിത്തരാം എന്ന്.
ബി.ജെ.പിയോടുള്ള എന്റെ മറുപടി- ഞാനൊരു രജപുത്രനാണ്. മഹാറാണ പ്രതാപിന്റെ പിന്‍ഗാമിയാണ്. ഞാന്‍ എന്റെ തല മുറിച്ചുമാറ്റാം. പക്ഷേ അഴിമതിക്കാരുടെ മുന്നില്‍ തലകുനിക്കില്ല. എനിക്കെതിരെയുള്ള എല്ലാ കേസുകളും തെറ്റാണ്. നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ നിങ്ങള്‍ ചെയ്യൂ,’ എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
Content Highlight: Operation lotus in delhi claims aam admi party, can’t reach mlas from aam admi party