| Wednesday, 17th July 2019, 11:32 am

ഓപ്പറേഷന്‍ താമര പൊളിഞ്ഞു; കര്‍ണാടകയില്‍ സത്യം ജയിച്ചുവെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: കര്‍ണാടകയിലെ വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി ഉത്തരവില്‍ പ്രതികരണവുമായി സംസ്ഥാന കോണ്‍ഗ്രസ്. ഓപ്പറേഷന്‍ താമര പൊളിഞ്ഞെന്നും സത്യം ജയിച്ചുവെന്നും കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

സ്പീക്കറുടെ അധികാര പരിധിയില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും അനുയോജ്യമായ സമയത്തിനുള്ളില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നുമായിരുന്നു സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയത്.

അതേസമയം, രാജിവെച്ച 15 വിമത എം.എല്‍.എമാര്‍ സഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് കുമാരസ്വാമി സര്‍ക്കാറിന് നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജിക്കത്തുകളുടെ കാര്യത്തില്‍ സ്പീക്കര്‍ എങ്ങനെ തീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കാന്‍ കോടതിക്കു കഴിയില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അയോഗ്യര്‍ ആക്കണം എന്ന അപേക്ഷയില്‍ തീരുമാനം ആദ്യ ഉണ്ടാകണമോ എന്ന കാര്യത്തില്‍ സ്പീക്കര്‍ക്ക് ഭരണഘടനാ പരമായ എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടോയെന്ന് പരിശോധിക്കാന്‍ മാത്രമേ കോടതിക്കു കഴിയുകയുള്ളൂവെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കിയിരുന്നു.

‘ഞങ്ങള്‍ക്ക് സ്പീക്കറെ തളയ്ക്കാനാവില്ല.’ എന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ അയോഗ്യത സംബന്ധിച്ച കാര്യം സ്പീക്കറുടെ പരിഗണനയില്‍ ഉണ്ടായിരുന്നപ്പോള്‍ ഒരു എം.എല്‍.എക്ക് രാജിവയ്ക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെന്ന് വിമത എം.എല്‍.എമാര്‍ക്കുവേണ്ടി ഹാജരായ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടിയിരുന്നു. പി.സി ജോര്‍ജ് കേസായിരുന്നു റോത്തഗി ചൂണ്ടിക്കാട്ടിയത്.

അയോഗ്യത സംബന്ധിച്ച ആവശ്യം നിലനില്‍ക്കുന്നു എന്ന കാരണത്താല്‍ സ്പീക്കര്‍ക്ക് രാജി കത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ല എന്ന് പറയാന്‍ കഴിയില്ലയെന്നും റോത്തഗി പറഞ്ഞിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more