ചണ്ഡിഗഢ്: പഞ്ചാബിലെ ആപ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി കോടികള്‍ വാഗ്ധാനം ചെയ്‌തെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും പഞ്ചാബ് ധനമന്ത്രിയുമായ ഹര്‍പാല്‍ സിങ് ചീമ. ഭഗവന്ത് മാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പത്ത് ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 20 മുതല്‍ 25 കോടി രൂപവരെ വാഗ്ദാനം ചെയ്‌തെന്ന് ഹര്‍പാല്‍ സിങ് ചീമ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ‘ഓപറേഷന്‍ താമര’ പദ്ധതിയുടെ ഭാഗമായിരുന്നു നീക്കമെന്നും ഹര്‍പാല്‍ സിങ് ചീമ പറഞ്ഞു. എന്നാല്‍ ഏതൊക്കെ എം.എല്‍.എമാരെയാണ് ബി.ജെ.പി ബന്ധപ്പെട്ടതെന്ന് ഹര്‍പാല്‍ സിങ് ചീമ പുറത്തുവിട്ടിട്ടില്ല. ആവശ്യം വരുമ്പോള്‍ ഇതിന്റെ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ബി.ജെ.പിയുടെ പേരില്‍ ചിലര്‍ ടെലിഫോണില്‍ എം.എല്‍.എമാരെ ബന്ധപ്പെടുകയായിരുന്നു. പണവും മന്ത്രിപദവും വാഗ്ദാനം ചെയ്തു. ബി.ജെ.പി കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയവരാണിവര്‍.
ദല്‍ഹിയിലും സമാന രീതിയില്‍ എം.എല്‍.എമാരെ വലയിലാക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടു. ദല്‍ഹിയിലെ വലിയ നേതാക്കളെ കാണാന്‍ അവസരമൊരുക്കാമെന്നും കൂടുതല്‍ എം.എല്‍.എമാര്‍ വന്നാല്‍ 25 കോടി എന്ന തുക വര്‍ധിപ്പിക്കാമെന്നും അവര്‍ പറഞ്ഞു. ആവശ്യമായ സമയത്ത് ഇതിന്റെ തെളിവ് പുറത്തുവിടാന്‍ തയ്യാറാണ്,’ ഹര്‍പാല്‍ സിങ് ചീമ പറഞ്ഞു.
അതേസമയം, ഗുജറാത്തിലെ പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് ഗുജറാത്ത് പൊലീസ് അന്യായമായി റെയ്ഡ് നടത്തുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. അടുത്ത ദിവസങ്ങളിലായി രണ്ട് തവണയാണ് ആപ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയത്.
പാര്‍ട്ടിക്ക് ഗുജറാത്തിലെ ജനങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന ജനപ്രീതിയോടുള്ള ഭയമാണ് ബി.ജെ.പിക്കെന്നും ഇതാണ് റെയ്ഡിനും മറ്റ് നടപടികള്‍ക്കുമുള്ള കാരണമെന്നും ആം ആദ്മി പറഞ്ഞു. എന്ത് തടസങ്ങള്‍ നേരിട്ടാലും സംസ്ഥാനത്തെ നമ്പര്‍ വണ്‍ പാര്‍ട്ടിയായി തന്നെ ആം ആദ്മി തുടരുമെന്നും പാര്‍ട്ടി പറഞ്ഞു.
‘ബി.ജെ.പി ഭയം കൊണ്ട് ചെയ്യുന്നതാണ് എല്ലാം. അനധികൃതമായി പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്ത ബി.ജെ.പി ഇന്നും പാര്‍ട്ടിയുടെ ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെയൊക്കെ പിന്നിലെ ആകെയുള്ള കാരണം ഭയമാണ്. അവര്‍ക്ക് എ.എ.പി വളരുന്നതിലുള്ള ഭയമാണ്,’ ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ് പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ എ.എ.പിക്ക് കാലുറപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഇതാണ് ബി.ജെ.പിയെ ആകുലപ്പെടുത്തുന്നതെന്നുമാണ് എ.എ.പി പറയുന്നത്.
CONTENT HIGHLIGHTS: BJP offers app MLAs 25 crores to topple Punjab government