ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതി എം.എല്‍.എമാരെ പണം വാഗ്ദാനം ചെയ്ത് പാര്‍ട്ടി മാറ്റാന്‍ ബി.ജെ.പിയുടെ ശ്രമം. എം.എല്‍.എമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
ഫരീദബാദില്‍ നിന്നുള്ള സന്യാസിയായ സതീഷ് വര്‍മ എന്ന രാമ ചന്ദ്ര ഭാരതി, ഹൈദരബാദ് സ്വദേശിയായ ബിസിനസുകാരന്‍ നന്ദകുമാര്‍, തിരുപ്പതിയില്‍ നിന്നുള്ള സന്യാസിയായ സിംഹയാജി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കേന്ദ്ര മന്ത്രി ജി. കിഷന്‍ റെഡ്ഡിയുമായി അടുത്ത ബന്ധമുള്ളയാളാണ് നന്ദകുമാറെന്നാണ് പുറത്തുവരുന്ന വിവരം.
തന്തൂര്‍ എം.എല്‍.എ രോഹിത് റെഡ്ഡിയുടെ അസീസ് നഗറിലുള്ള ഫാം ഹൗസില്‍ വെച്ച് ഡീല്‍ നടത്താനായിരുന്നു ശ്രമം. എം.എല്‍.എമാര്‍ തന്നെ ഇതേ കുറിച്ച് പൊലീസിന് വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൈക്കൂലിയും മറ്റും നല്‍കി തങ്ങളെ വശത്താക്കി പാര്‍ട്ടി മാറ്റുന്നതിനായിരുന്നു അറസ്റ്റിലായവരുടെ ശ്രമമെന്നാണ് എം.എല്‍.എമാര്‍ പൊലീസിന് നല്‍കിയ മൊഴി.
രോഹിത് റെഡ്ഡിയെ കൂടാതെ അച്ചംപേട്ട് എം.എല്‍.എ ഗുവ്വാല ബലരാജ്, കൊല്ലപ്പൂര്‍ എം.എല്‍.എ ഹര്‍ഷവര്‍ധന്‍ റെഡ്ഡി, പിനാപക എം.എല്‍.എ റെഗ്ഗ കാന്ത റാവോ എന്നിവരെ ലക്ഷ്യം വെച്ചായിരുന്നു കുതിരക്കച്ചവടത്തിന് ശ്രമം നടന്നത്.
‘ബി.ജെ.പിയില്‍ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടാണ് ഇപ്പോള്‍ അറസ്റ്റിലായവര്‍ തങ്ങളെ പരിചയപ്പെട്ടതെന്നാണ് എം.എല്‍.എമാര്‍ അറിയിച്ചിരിക്കുന്നത്. ടി.ആര്‍.എസില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേരണമെന്നായിരുന്നു ഇവര്‍ മുന്നോട്ടുവെച്ച് ആവശ്യം. ഇതിന് വേണ്ടി പണവും കരാറുകളും വന്‍ സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ഇതേ കുറിച്ച് എം.എല്‍.എമാര്‍ തന്നെ ഞങ്ങള്‍ക്ക് വിവരം നല്‍കുകയായിരുന്നു,’ പൊലീസ് മേധാവി സ്റ്റീഫന്‍ രവീന്ദ്ര പറഞ്ഞതായി തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
നന്ദകുമാറാണ് തെലങ്കാനയില്‍ ഓപ്പറേഷന്‍ താമരക്കുള്ള പ്രധാന ചരടുവലികള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എത്ര കോടിയുടെ ഡീല്‍ നടത്താനായിരുന്നു ശ്രമമെന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.
അതേസമയം പ്രധാന എം.എല്‍.എക്ക് 100 കോടിയും മറ്റുള്ളവര്‍ക്ക് 50 കോടി വീതവുമാണ് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങളെന്ന് എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
2019 മുതല്‍ തെലങ്കാനയില്‍ ടി.ആര്‍.എസ് എം.എല്‍.എമാരെ കൂറ് മാറ്റി തങ്ങള്‍ക്കൊപ്പം നിര്‍ത്തി സംസ്ഥാനത്തെ ഭരണം പിടിച്ചെടുക്കാനുള്ള ഓപ്പറേഷന്‍ താമര ശ്രമങ്ങള്‍ ബി.ജെ.പി നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടി.ആര്‍.എസിന്റെ 18 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ബി.ജെ.പി നേതാവ് ഓഗസ്റ്റില്‍ പറഞ്ഞിരുന്നു.
മഹാരാഷ്ട്രയില്‍ ഓപ്പറേഷന്‍ താമരയിലൂടെയാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുണ്ടായിരുന്ന മഹാ വികാസ് അഘാഡി സഖ്യത്തെ പുറത്താക്കി ശിവസേന നേതാവായ ഏക്‌നാഥ് ഷിന്‍ഡെയിലൂടെ ബി.ജെ.പി അധികാരം പിടിച്ചെടുത്തത്. അടുത്ത കാലത്തായി ഡല്‍ഹിയിലും പഞ്ചാബിലും ഓപ്പറേഷന്‍ താമരക്കുള്ള ശ്രമം നടക്കുന്നതായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു.
അതേസമയം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഒക്ടോബര്‍ അഞ്ചിനാണ് ഭാരത് രാഷ്ട്രസമിതി എന്ന ദേശീയ പാര്‍ട്ടി രൂപീകരിച്ചത്. സമീപകാലത്ത് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പരസ്യമായ നിലപാടെടുത്ത കെ.സി.ആറും ടി.ആര്‍.എസും ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് ബി.ജെ.പിയെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
Content Highlight: Operation Lotus attempt in Telangana, agents arrested by police