1967ല്‍ ഹസന്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ഗയാ ലാല്‍ കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി യുണൈറ്റഡ് ഫ്രണ്ടിനൊപ്പം ചേര്‍ന്നു. ദിവസങ്ങള്‍ക്കകം ഗയാ ലാല്‍ കോണ്‍ഗ്രസിലേക്ക് തിരികെ എത്തി. വീണ്ടും യുണൈറ്റഡ് ഫ്രണ്ടിലേക്ക് മടങ്ങി. രണ്ടാഴ്ചക്കിടെ മൂന്ന് തവണയാണ് ഗയാ ലാല്‍ മറുകണ്ടം ചാടിക്കളിച്ചത്.
ആദ്യത്തെ തവണ ഗയാ ലാല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി വന്നപ്പോള്‍ പത്രസമ്മേളനം നടത്തി കോണ്‍ഗ്രസ് നേതാവ് രാവോ ബിരേന്ദ്ര സിംഗ് പറഞ്ഞു ‘ഗയാ റാം ഇപ്പോള്‍ ആയാ റാം ആയെന്ന്,” ഇതോടെ കൂറുമാറ്റങ്ങള്‍ക്ക് ഇന്ത്യയില്‍ ‘ആയ റാം ഗയാ റാം’ എന്ന പ്രയോഗം ഉപയോഗിക്കാന്‍ തുടങ്ങി. തീര്‍ന്നില്ല, 1985ലെ കൂറുമാറ്റ നിരോധന നിയമത്തിനും ഇത് വഴിവെച്ചു.
പക്ഷേ ഇന്ത്യയില്‍ പിന്നെയും കൂറുമാറ്റങ്ങള്‍ ഉണ്ടായി. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറിയതിന് പിന്നാലെ കൂറുമാറ്റവും അട്ടിമറികളും, കുതിരകച്ചവടവും, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വാഭാവികമായി മാറി. ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമരയ്ക്ക് കീഴില്‍ ഗയാ ലാലിനെപ്പോലുള്ളവരുടെ എണ്ണം കോണ്‍ഗ്രസില്‍ പെരുകി.
സ്വാതന്ത്ര്യം നേടി 74 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം റിസോര്‍ട്ട് രാഷ്ട്രീയമെന്ന നെറികെട്ട, ഉളുപ്പില്ലാത്ത, കുതിരക്കച്ചവടത്തിന്റെ അനന്ത സാധ്യതകള്‍ തേടി ഭയാനകമായി മുന്നോട്ട് പോകുകയാണ്. നിരാശാജനകമെന്ന് പറയട്ടെ കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ അത് ഒട്ടും അതിശയോക്തിയില്ലാത്ത, അത്യന്തം സ്വാഭാവികമായ ഒരു വാര്‍ത്തയായിരിക്കുന്നു.
ജവഹര്‍ലാല്‍ നെഹ്റു
പണ്ട് ഹരിയാനയില്‍ ഗയാ ലാലെന്ന ഒരൊറ്റ കോണ്‍ഗ്രസ് എം.എല്‍.എ യുണൈറ്റഡ് ഫ്രണ്ടിലേക്ക് പോയപ്പോഴുള്ള ജനരോഷമോ, രാഷ്ട്രീയ നീതിയുമായോ ധാര്‍മ്മികതയുമായോ ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും ഇന്ന് ഉയരുന്നില്ല.
പുതിയ ട്രെന്‍ഡുകള്‍ പ്രകാരം അധികം ആരും അറിയാത്തിടത്തെ ഒരു ആഢംബര റിസോര്‍ട്ടില്‍ മൊബൈല്‍ ഫോണുള്‍പ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങളൊക്കെ വിലക്കി അതീവ രഹസ്യമായാണ് താമസക്കാരെ കൊണ്ടുവരിക. പതിറ്റാണ്ടുകള്‍ ഇന്ത്യയെ നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബി.ജെ.പി റാഞ്ചിയെടുത്ത ജനപ്രതിനിധികളോ അല്ലെങ്കില്‍ ബി.ജെ.പി കൊത്തിക്കൊണ്ടു പോകാതിരിക്കാന്‍ കോണ്‍ഗ്രസ് ഒളിപ്പിച്ചുവെക്കുന്ന എം.എല്‍.എമാരോ ആയിരിക്കും റിസോര്‍ട്ടിലെ താമസക്കാര്‍.
രാജ്യത്തെ എല്ലാ സംവിധാനങ്ങളും വിലയ്‌ക്കെടുത്ത ബി.ജെ.പിക്ക് ഈ എം.എല്‍.എമാരെ വിലയ്ക്കു വാങ്ങുന്നത് വളരെ എളുപ്പവുമായി. കുതിരക്കച്ചവടം നടന്നില്ലെങ്കില്‍ ഭീഷണി, ലൈംഗിക ആരോപണങ്ങള്‍, ഇന്‍കം ടാക്‌സ് റെയ്ഡ് തുടങ്ങി അനേകം ചാണക്യ തന്ത്രങ്ങള്‍ ബി.ജെ.പിയുടെ കയ്യിലുണ്ട്.
”വര്‍ഷങ്ങള്‍ കടന്നു പോകുന്നതല്ല സമയം അളക്കാനുള്ള മാനദണ്ഡം. ഒരാള്‍ എന്ത് ചെയ്യുന്നു, എന്ത് നല്‍കുന്നു, എന്ത് നേടുന്നു എന്നതാണ്” എന്ന് ഒരിക്കല്‍ നെഹ്റു പറഞ്ഞിരുന്നു. അത്തരത്തില്‍ ആലോചിക്കുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ചുരുങ്ങിയ കാലയളവില്‍ ബി.ജെ.പിക്ക് കീഴില്‍ ഒരുപാട് നഷ്ടപ്പെട്ടിരിക്കുന്നു, കോണ്‍ഗ്രസാകട്ടെ നിലനില്‍പ്പ് തന്നെ പരുങ്ങിയ നിലയില്‍ എത്തിയിരിക്കുന്നു.
സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും
ഇപ്പോഴിതാ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ കഷ്ടിച്ച് ഒരുമാസം ബാക്കി നില്‍ക്കെ പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ നാരായണസാമി സര്‍ക്കാരിനെതിരെ അവിശ്വാസം പാസായിരിക്കുകയാണ്. റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ പേരില്‍ പുതുച്ചേരി ചര്‍ച്ചചെയ്യപ്പെട്ടില്ലെങ്കിലും കുതിരക്കച്ചടവത്തിന്റെയും രാഷ്ട്രീയ ലാഭത്തിന്റെയും അധികാരക്കൊതിയുടെയുമെല്ലാം സമവാക്യങ്ങള്‍ തന്നെയാണ് പുതുച്ചേരിയിലും ആവര്‍ത്തിക്കപ്പെടുന്നത്.
ഒരു മാസത്തിനിടെ നാല് എം.എല്‍.എമാരാണ് പുതുച്ചേരിയില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. 30 അംഗ നിയമസഭയില്‍ പതിനഞ്ച് എം.എല്‍.എമാര്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. രണ്ട് പേര്‍ ഡി.എം.കെയ്ക്കും. അവസാനമായി കോണ്‍ഗ്രസ് എം.എല്‍.എ ജോണ്‍കുമാര്‍ രാജിവെച്ചതോടെ സര്‍ക്കാരിന് മുന്നില്‍ രാജിയല്ലാതെ മറ്റുമാര്‍ഗങ്ങള്‍ ഇല്ലാതാകുകയാണ്. ഫലത്തില്‍ അവസാനകാലത്ത് അഞ്ചു വര്‍ഷം ഭരിച്ച സര്‍ക്കാരിന് വലിയൊരു പ്രഹരമേല്‍പ്പിക്കാന്‍ കുതിരക്കച്ചവടത്തില്‍ അഗ്രഗണ്യരായ ബി.ജെ.പി സാധിക്കുകയും ചെയ്തു.
നാരായണസാമി
എന്തൊരു നാണക്കേടാണ് കോണ്‍ഗ്രസിനിത്. രാഹുലിന്റെ തെരഞ്ഞെടുപ്പിനായുള്ള പ്രചരണങ്ങള്‍ക്ക് ഒരുക്കം നടക്കുന്നതിനിടെ സ്വന്തം പാര്‍ട്ടിയിലെ എം.എല്‍.എമാര്‍ ഒന്നൊന്നായി കൊഴിഞ്ഞു പോകുന്നു. പക്ഷേ ഇതിലും വലിയ നാണക്കേടുകള്‍ക്കും അട്ടിമറികള്‍ക്കും അനായാസം ബി.ജെ.പിക്ക് മുന്നില്‍ വഴങ്ങിക്കൊടുത്തവരാണെന്നിരിക്കെ ഇപ്പോഴും ഭരണത്തിലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഇതിനുമപ്പുറത്ത് എന്തു സംഭവിക്കുമെന്നതിനെക്കുറിച്ച് ആശങ്കപ്പെടാനേ അവര്‍ക്ക് സാധിക്കുകയുള്ളൂ. അത്രയേറെ അധഃപതിച്ചിരിക്കുന്നു ബി.ജെ.പിക്ക് കീഴില്‍ ഇന്ത്യ.
ഓപ്പറേഷന്‍ താമരയില്‍ ചളിക്കുണ്ടിലായ കോണ്‍ഗ്രസ്
ബി.ജെ.പി ഭരണത്തില്‍ അരുണാചല്‍ പ്രദേശില്‍ നിന്ന് ആരംഭിച്ചതാണ് കോണ്‍ഗ്രസിന്റെ നാണക്കേട്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ 60 അംഗ നിയമസഭയില്‍ 44 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് പിന്നീടങ്ങോട്ട് നേരിടേണ്ടി വന്നത് അവിചാരിതമായ രാഷ്ട്രീയ നീക്കങ്ങളായിരുന്നു.
ഉള്‍പ്പാര്‍ട്ടി പോരില്‍ നിന്ന് തന്നെയാണ് അരുണാചലില്‍ രാഷ്ട്രീയ പ്രതിസന്ധി ആരംഭിക്കുന്നത്. 2014ല്‍ മന്ത്രിസഭ പുനസംഘടിപ്പിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി നബാം തുക്കി ആരോഗ്യമന്ത്രി കലിഖോ പുള്ളിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ഇടത്തു നിന്നും പ്രശ്‌നങ്ങളും ആരംഭിച്ചു.
പിന്നീടങ്ങോട്ട് സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും തമ്മിലുള്ള പോര്, ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര്, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തമ്മിലുള്ള ഭിന്നത, വിമത ഗ്രൂപ്പുകള്‍, രാഷ്ട്രപതി ഭരണം, കലിഖോ പുള്ളിന്റെ ആത്മഹത്യ തുടങ്ങി അസാധാരണ അട്ടിമറി നീക്കങ്ങളാണ് അരുണാചലില്‍ അരങ്ങേറിയത്.
ഖലികോ പുള്ളിനെ മുഖ്യമന്ത്രി നബാം തുക്കി മന്ത്രിസഭയില്‍ നിന്നൊഴിവാക്കിയപ്പോള്‍ ഖലികോ പുള്‍ മുഖ്യമന്ത്രിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ചു. പുള്ളിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. ഈ ഘട്ടത്തില്‍ ബി.ജെ.പി ജ്യോതി പ്രസാദ് രാജ്‌ഖോയെ ഗവര്‍ണറായി അരുണാചലില്‍ നിയമിച്ചു.
ഖലികോ പുള്ളിന്‍റെ സംസ്കാര ചടങ്ങുകള്‍
ഇതിനിടെ കോണ്‍ഗ്രസില്‍ വിമത ഗ്രൂപ്പുകളും പിറന്നു. സ്പീക്കര്‍ നബാം റെബിയ 21 വിമത എം.എല്‍.എമാരില്‍ 14 പേരെ അയോഗ്യരാക്കി. സ്പീക്കറുമായി വിയോജിപ്പുള്ള ഡെപ്യൂട്ടി സ്പീക്കറാകട്ടെ ഇതിനെ എതിര്‍ക്കുകയും ചെയ്തു. ഇതിനിടെ പുതിയ ഗവര്‍ണര്‍ നിയമസഭയുടെ ആറാം സെഷന്‍ ഡിസംബര്‍ പതിനാറിന് നടക്കണമെന്ന് പറഞ്ഞു. പക്ഷേ തുക്കി ഗവണ്‍മെന്റ് ഇത് നടക്കില്ലെന്ന് പറഞ്ഞ് സഭ അടച്ചുപൂട്ടി. തുക്കിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് ഡെപ്യൂട്ടി സ്പീക്കറും പറഞ്ഞു.
സഭ തുക്കി സര്‍ക്കാര്‍ പൂട്ടിയിട്ടപ്പോള്‍ ഒരു കമ്മ്യൂണിറ്റി ഹാളില്‍ നിയമസഭ ചേര്‍ന്ന കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പ് പ്രതിപക്ഷ സഹായത്തോടെ ഖലികോ പുള്ളിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ഇതിനിടയില്‍ ഹൈക്കോടതി പതിനാല് എം.എല്‍.എമാരെ അയോഗ്യരാക്കിയ നബാം തുക്കി സര്‍ക്കാരിന്റെ തീരുമാനത്തിന് സ്റ്റേയും ഏര്‍പ്പെടുത്തി.
അരുണാചലിലെ വിമത എം.എല്‍.എമാര്‍ ചേര്‍ന്ന് ഖലികോ പുള്ളിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുക മാത്രമായിരുന്നില്ല ചെയ്തത്. സ്പീക്കറെ അയോഗ്യനാക്കുകയും ചെയ്തു. പക്ഷേ സ്പീക്കര്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് കേസ് വിട്ടു. ഇതിനിടെ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ പോയി.
നബാം തുക്കി രാഷ്ട്രപതി ഭരണത്തിനെതിരെ ഹരജിയും സമര്‍പ്പിച്ചു. കേസില്‍ വാദം കേട്ട സുപ്രീം കോടതി ഖലികോ സര്‍ക്കാര്‍ അധികാരത്തിലേറിയത് ശരിയായ രീതിയിലല്ലെന്നും ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പറഞ്ഞു. നബാം തുക്കി സര്‍ക്കാരിനെ പുനഃസ്ഥാപിച്ച സുപ്രീം കോടതി വിശ്വാസവോട്ടെടുപ്പ് നടത്താനും പറഞ്ഞു.
പെമ ഖണ്ഡു സ്ഥാനമേറ്റപ്പോള്‍
വിശ്വാസ വോട്ടെടുപ്പിന് സമയം നീട്ടി നല്‍കണമെന്ന് നബാം തുക്കി സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ നിഷേധിച്ചു. ഒടുവില്‍ 2015 ജൂലായ് പതിനാറിന് നബാം തുക്കി രാജിവെച്ചു. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാന്‍ രണ്ട് തവണ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ഡോര്‍ജീ ഖണ്ഡുവിന്റെ മകനായ പെമ ഖണ്ഡുവിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തി. താന്‍ കോണ്‍ഗ്രസിനു വേണ്ടി എല്ലാം ത്യജിക്കുന്നുവെന്ന് നബാം തുക്കി പറഞ്ഞു.
പെമ ഖണ്ഡവും, തുക്കിയും ഒരു വേദിയില്‍ എത്തി സത്യ പ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. പക്ഷേ കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്താനായില്ല.സെപ്തംബറില്‍ ഖണ്ഡു പാര്‍ട്ടിയിലെ 43 എം.എല്‍.എമാരെയും കൊണ്ട് ബി.ജെ.പിയുടെ സഖ്യകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശിലേക്ക് പോയി.
ബി.ജെ.പിയുടെ പിന്തുണയില്‍ ഭരണത്തിലേറി. നബാം തുക്കി മാത്രമാണ് ഖണ്ഡുവിനൊപ്പം പോകാതെ നിന്ന ഏക കോണ്‍ഗ്രസുകാരന്‍. പിന്നീട് ഇവരിലും വിമത ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു.
കോണ്‍ഗ്രസിലെ അട്ടിമറി നീക്കങ്ങളും പടലപിണക്കങ്ങളും സംഘടനാ നേതൃത്വത്തിലെ പ്രശ്നങ്ങളുമെല്ലാം അരുണാചലില്‍ കോണ്‍ഗ്രസിനെ ചതിച്ചിരുന്നു. പക്ഷേ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തിയും, കോടികള്‍ മുടക്കിയും,അധികാരത്തിന്റെ ഗര്‍വ് ഉപയോഗിച്ച് സ്വന്തം ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് മാത്രം തുള്ളുന്ന ഗവര്‍ണര്‍മാരിലൂടെ ബി.ജെ.പി നടത്തിയ നീക്കങ്ങള്‍ അതിലേറെ നാണം കെട്ടതായിരുന്നു ഒരു ജനാധിപത്യ രാജ്യത്ത്.
അമിത് ഷായും മോദിയും
ഭരണഘടനാ ബെഞ്ച് വിശേഷിപ്പിച്ചതു പോലെ രാഷ്ട്രീയ സര്‍ക്കസില്‍ കോണ്‍ഗ്രസിന് അടിപതറി. 2019ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതില്‍ നിന്നെല്ലാം നേട്ടമുണ്ടാക്കിയ ബി.ജെ.പി 60ല്‍ 41സീറ്റും നേടി 2019ല്‍ വീണ്ടും ഭരണം പിടിച്ചെടുത്തു.
ഗോവയിലെ നാല്‍പതംഗ നിയമസഭയില്‍ 2017ല്‍ പതിനേഴ് സീറ്റ് നേടിയാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. നാല് എം.എല്‍.എമാരുടെ പിന്തുണ കൂടിയുണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഭരണം ലഭിക്കുമായിരുന്നു. പതിമൂന്ന് സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. പക്ഷേ അവിടെയും കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ കോണ്‍ഗ്രസിനായില്ല. ഗോവ ഫോര്‍വാര്‍ഡ് പാര്‍ട്ടിയുമായും എം.ജി.പി പാര്‍ട്ടിയുമായും സഖ്യത്തിലെത്തിയ ബി.ജെ.പി അധികാരത്തില്‍ വന്നു.
പിന്നീട് കോണ്‍ഗ്രസിന്റെ പതിനഞ്ച് എം.എല്‍.എമാരില്‍ പത്തു പേരും ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതേസമയം കോണ്‍ഗ്രസിന് ഇരട്ട പ്രഹരമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് പിന്തുണയുള്ള സര്‍ക്കാരും വീണും.
2017ല്‍ തന്നെ നടന്ന തെരഞ്ഞെടുപ്പില്‍ മണിപ്പൂരിലും കോണ്‍ഗ്രസിന് കാലുകുത്താനായില്ല. കോണ്‍ഗ്രസില്‍ നിന്ന് പോയ എന്‍.ബിരണ്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയായിരുന്നു ബി.ജെ.പിയുടെ പ്രചരണം. തകൃതിയായി പ്രചരണം നടത്തിയിട്ടും ബി.ജെ.പിക്ക് 21 സീറ്റേ തികയ്ക്കാന്‍ കഴിഞ്ഞുള്ളൂ.
പക്ഷേ പ്രാദേശിക പാര്‍ട്ടികളേയും കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയ ഒരു എം.എല്‍.എയേയും കൂട്ടി ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചു. അങ്ങിനെ ചരിത്രത്തിലാധ്യമായി ബി.ജെ.പി മണിപൂരില്‍ അധികാരം പിടിച്ചെടുത്തു.മേഘാലയിലും അട്ടിമറി നീക്കങ്ങളിലൂടെ ബി.ജെ.പി തന്നെ അധികാരത്തിലെത്തി. ഇവിടെയെല്ലാം പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യത്തിന് ബി.ജെ.പിയെ സഹായിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ മുന്‍ നേതാക്കളുമുണ്ടായിരുന്നു.
കര്‍ണാടകയില്‍ 2018ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 105 എം.എല്‍.എമാരുമായി ബി.ജെ.പി എറ്റവും വലിയ ഒറ്റകക്ഷിയായി. 225 അംഗ അസംബ്ലിയില്‍ പക്ഷേ കോണ്‍ഗ്രസ് ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി. 78 സീറ്റ് നേടിയ കോണ്‍ഗ്രസ് 34 സീറ്റ് നേടിയ ജെ.ഡി.എസുമായി കൈകോര്‍ത്തു. 2014നു ശേഷം കോണ്‍ഗ്രസിന്റെ മികച്ച ഒരു രാഷ്ട്രീയ നീക്കമായിരുന്നു അത്. ജെ.ഡി.എസിന് മുഖ്യമന്ത്രി പദവി നല്‍കിയാണ് കോണ്‍ഗ്രസ് ബി.ജെ.പിക്ക് തിരിച്ചടി നല്‍കിയത്.
പക്ഷേ അധികം നീണ്ടുനിന്നില്ല കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന്റെ ആയുസ്. 17 കോണ്‍ഗ്രസ് എം.എല്‍.എമാരും ജെ.ഡി.എസ് എം.എല്‍.എമാരും രാജിവെച്ചു. ഇതാകട്ടെ ബി.ജെ.പിയുടെ യെദിയൂരപ്പയ്ക്ക് അനായാസമായി അധികാരത്തിലേക്കുള്ള വഴിയൊരുക്കുകയും ചെയ്തു.
രാഷ്ട്രീയ പ്രതിസന്ധിയുടെ ഘട്ടത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും, ജെ.ഡി.എസുമെല്ലാം തങ്ങളുടെ എം.എല്‍.എമാരെ ബെംഗളുരുവിലെ പല റിസോര്‍ട്ടുകളിലായി പാര്‍പ്പിച്ചു. ഏത് നിമിഷവും ഏത് എം.എല്‍.എമാരും വിറ്റുപോയേക്കാമെന്ന ഭയം എല്ലാവര്‍ക്കുമുണ്ടായിരുന്നു. പക്ഷേ എം.എല്‍.എമാരെ ചാക്കിട്ട് പിടിച്ച് ബി.ജെ.പി തന്നെ അധികാരമുറപ്പുച്ചു.
പിന്നീട് മധ്യപ്രദേശിലായിരുന്നു കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിന് പിന്നാലെ 22 ഓളം കോണ്‍ഗ്രസ് എം.എല്‍.മാര്‍ രാജിവെച്ചു. സിന്ധ്യയും വിമത കോണ്‍ഗ്രസ് എം.എല്‍.എമാരു റിസോട്ടിലേക്ക് മാറി. മറുവശത്ത് മുഖ്യമന്ത്രി കമല്‍ നാഥിനൊപ്പമുള്ള എം.എല്‍.എമാരെ കോണ്‍ഗ്രസും രഹസ്യമാക്കി റിസോര്‍ട്ടിലേക്ക് മാറ്റി. ഭരണം നിലനിര്‍ത്താന്‍ പതിനെട്ടടവും പയറ്റിയിട്ടും കോണ്‍ഗ്രസിന് പിടിച്ചു നില്‍ക്കാനായില്ല.
കമല്‍ നാഥ്
നേരം വെളുക്കുന്നതിന് മുന്‍പ് ബി.ജെ.പിയുടെ ശിവരാജ് സിംഗ് ചൗഹാന് വഴിമാറികൊടുക്കേണ്ടി വന്നു കോണ്‍ഗ്രസിന്. 2015 ലെ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മോദിയോട് ഇടഞ്ഞ് ആര്‍.ജെ.ഡിക്ക് ഒപ്പം നിന്ന നിതീഷ് കുമാര്‍ അവസാന നിമിഷം ഒറ്റുകാരനായി ബി.ജെ.പിയിലേക്ക് തന്നെ പോയി. 2020 ലെ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ ജെ.ഡി.യുവിനേക്കാള്‍ സീറ്റുകള്‍ സ്വന്തമാക്കി ബി.ജെ.പി. അതൃപ്തികള്‍ പലകുറി പരസ്യമായിട്ടും ഇപ്പോഴും ബി.ജെ.പിക്കൊപ്പം ത്ന്നെ നിതീഷ് കുമാര്‍ നില്‍ക്കുന്നു. ഇതിനിടെ മഹാരാഷ്ട്രയില്‍ മാത്രമാണ് ശിവസേനയുമായി ഇടഞ്ഞ് ബി.ജെ.പിക്ക് അടിപതറിയത്.
മധ്യപ്രദേശിന് പിന്നാലെ ഇപ്പോള്‍ പുതുച്ചേരിയിലും കോണ്‍ഗ്രസ് മറ്റൊരു അട്ടിമറി നീക്കം നേരിടുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ബി.ജെ.പി വലിയ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയതുകൊണ്ട് മാത്രം ഭരണത്തിന് നേതൃത്വം നല്‍കാന്‍ കഴിയുന്ന ജനാധിപത്യമല്ല ഇന്ന് ഇന്ത്യയിലുള്ളത്.
ജോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലെത്തിയപ്പോള്‍
അതിന് കോടികളുടെ കുതിരക്കച്ചവടത്തിന്റെ സമവാക്യം കൂടിയറിയണമെന്നുണ്ട്. അഴിമതിയില്‍ കൂപ്പുകുത്തി അധികാരത്തില്‍ നിന്ന് പുറത്തു പോയ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ പലരും ജനാധിപത്യത്തെ മൊത്തക്കച്ചവടം ചെയ്യാനിരിക്കുന്ന ബി.ജെ.പിയുടെ ദല്ലാളായ അമിത് ഷാ വന്നു വാങ്ങാന്‍ കാത്തുനില്‍ക്കുന്നവരാണെന്ന് ജനങ്ങള്‍ കുറ്റം പറഞ്ഞാല്‍ പോലും നിഷേധിക്കാന്‍ കഴിയാത്തിടത്ത് എത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍.
വിറ്റുപോകാന്‍ തയ്യാറല്ലാത്തവെര ഭീഷണിപ്പെടുത്തിയും വിരട്ടിയും കാര്യങ്ങള്‍ നേടാന്‍ ഇ.ഡിയും സി.ബി.ഐ.യും എന്‍ഫോഴ്‌സ്‌മെന്റുമൊക്കെ ബി.ജെ.പിയുടെ കയ്യിലുണ്ട്.
ഈ ആറുവര്‍ഷ കാലയളവില്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് പോയത് അത്രയധികം എം.എല്‍.എ മാരും എം.പിമാരുമാണ്. ബി.ജെ.പി പാര്‍ട്ടി നേതൃയോഗം വിളിക്കുന്ന ലാഘവത്തില്‍ സംസ്ഥാനങ്ങളിലെ ഭരണവും മുഖ്യമന്ത്രിമാരെയും മാറ്റുമ്പോള്‍ ആരു നയിക്കണമെന്ന തീരുമാനം പോലും എടുക്കാനാകാതെ അങ്കലാപ്പിലായിരുന്നു കോണ്‍ഗ്രസ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Operation Kamala and BJP’s horse trade in States