ഓപ്പറേഷന്‍ ജാവ 75 ദിവസത്തിനു ശേഷം ഷേണായി തിയേറ്ററില്‍ നിന്നും പി.വി.ആറില്‍ നിന്നും മാറുകയാണെന്ന് അറിയിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. സിനിമയുടെ തുടക്കം മുതലുണ്ടായിരുന്ന ചര്‍ച്ചകളും ടെന്‍ഷനും പലരില്‍ നിന്നും കേട്ട അധിക്ഷേപങ്ങളും പിന്നീട് അവസാനം നേടാനായ വിജയവുമെല്ലാം സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
സിനിമാ ഗ്രൂപ്പുകളില്‍ ഓപ്പറേഷന്‍ ജാവയുടെ ആശയത്തെ കുറിച്ച് പറയുമ്പോള്‍ മോശമായ പല കമന്റുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തരുണ്‍ പറയുന്നു. പിന്നീട് പത്തെങ്കില്‍ പത്ത് ദിവസം തിയേറ്ററില്‍ ഓടട്ടേയെന്ന് കരുതിയാണ് ചിത്രം തിയേറ്ററില്‍ ഇറക്കിയതെന്നും അദ്ദേഹം പറയുന്നു.
‘ഞാനും എന്റെ സംവിധാന സഹായികളും പലവട്ടം പല ഗ്രൂപ്പുകളില്‍ ജാവയുടെ നല്ല വശങ്ങള്‍ അറിയിക്കാന്‍ പല പല പോസ്റ്റുകള്‍ ഇടുമ്പോള്‍ ഈ ‘ചവറൊക്കെ’ വല്ല ഒ.ടി.ടിയിലും ഇറക്കികൂടെ, ഈ സീരിയല്‍ നടന്മാരെ വെച്ച് പടം ചെയ്യാന്‍ ഏത് മണ്ടന്‍ പ്രൊഡ്യൂസര്‍ ആണെടാ…എന്നെല്ലാം കമന്റുകള്‍ വന്ന് കൊണ്ടേ ഇരുന്നു, ചിലര്‍ നന്നായി സപ്പോര്‍ട്ട് ചെയുകയും ചെയ്തിരുന്നു,
പക്ഷെ ആ ഡാര്‍ക്ക് ചോദ്യങ്ങള്‍ ഞങ്ങളെ വല്ലാതെ വേട്ടയാടിയിരുന്നു, മനസ് ചത്ത് മുരടിച്ചു ഞങ്ങള്‍ തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. ഒരു 10 ദിവസമെങ്കില്‍ 10 ദിവസം തിയേറ്ററില്‍ ഓടട്ടെ, തീയേറ്ററില്‍ നമ്മള്‍ ചെയ്ത് വെച്ചിരിക്കുന്നത് ഒന്ന് കാണാമല്ലോ എന്ന് മാത്രമായി ചിന്ത,’ തരുണ്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
പിന്നീട് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ട്രെന്റിംഗായെങ്കിലും തിയേറ്ററില്‍ ഇറങ്ങുമ്പോള്‍ ആശങ്കയുണ്ടായിരുന്നെന്നും സംവിധായകന്‍ പറയുന്നു. എന്നാല്‍ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ ഏറെ സന്തോഷം തോന്നിയെന്നും തരുണ്‍ പറയുന്നു. പിന്നീട് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ വന്ന ദിവസങ്ങളില്‍ തിയേറ്ററില്‍ ആളുകളുടെ വരവ് കുറഞ്ഞതിനെ കുറിച്ചും തരുണ്‍ കുറിപ്പില്‍ പങ്കുവെയ്ക്കുന്നുണ്ട്. പിന്നീടും ജാവ കാണാന്‍ പ്രേക്ഷകരെത്തിയതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.
‘നിരന്തരം ഹൗസ് ഫുള്‍ ഷോകള്‍, തിയേറ്ററുകളുടെ എണ്ണം കൂടുന്നു, വിളികള്‍, ഓഫറുകള്‍, അങ്ങനെ അങ്ങനെ കേട്ട് മാത്രം ശീലമുള്ള കാഴ്ചകള്‍ കണ്‍മുന്നില്‍. പക്ഷെ അഹങ്കാരം ഒരു ആഴ്ച മാത്രമേ നീണ്ടു നിന്നുള്ളു, ലാലേട്ടന്റെ ദൃശ്യം ഒ.ടി.ടിയില്‍ വന്നതോടെ ആ മൂന്നു ദിവസങ്ങള്‍ നന്നായി ആളുകള്‍ കുറഞ്ഞു, കളക്ഷന്‍ നേരെ പകുതിയായി. പക്ഷെ അവിടെയും ജീവനുള്ള ജാവ പിടിച്ചു കയറി.
ഹൗസ് ഫുള്‍ അല്ലേലും വീണ്ടും തീയേറ്ററില്‍ ആളുകള്‍ വന്നു, പ്രധാന സെന്ററുകളില്‍ ഹൗസ് ഫുള്‍ ബോര്‍ഡ് വീണ്ടും തൂങ്ങി. ചെറിയ ചെറിയ തിരക്കില്‍ ജാവ ഷോകള്‍ നടന്നു പോയി,’ തരുണ്‍ പറയുന്നു.
മലയാളസിനിമയെ പിടിച്ചു നിര്‍ത്തിയത് ഞങ്ങള്‍ ആണെന്ന് ഒന്നും പറയുന്നില്ല, അങ്ങനെ പറയാനും പാടില്ല എന്ന് വിശ്വസിക്കുന്നു. സത്യത്തില്‍ മലയാള സിനിമയാണ് ഞങ്ങളെ പിടിച്ചു നിര്‍ത്തിയത് എന്ന് വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. ഓപ്പറേഷന്‍ ജാവ ഉടന്‍ തന്നെ ഒ.ടി.ടിയിലെത്തുമെന്നും തരുണ്‍ പറയുന്നു.
വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി.സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മിച്ച ചിത്രമാണ് ഓപ്പറേഷന്‍ ജാവ. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ക്യാമറ ഫായിസ് സിദ്ദീഖും എഡിറ്റിംഗ് നിഷാദ് യൂസഫും നിര്‍വഹിച്ചിരിക്കുന്നു. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക