കൊച്ചി: ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത, നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നായികയായ അല്‍ഫോണ്‍സ എന്ന കഥാപാത്രം അവതരിപ്പിച്ച മമിത ബൈജുവിന്റെ പ്രകടനവും കൈയ്യടി നേടിയിരിക്കുകയാണ്.
ഇപ്പോഴിതാ ചിത്രത്തിലെ അല്‍ഫോണ്‍സ ഒരു തേപ്പുകാരിയാണോ എന്ന ചര്‍ച്ചകളില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മമിത. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന്റെ ”ചോയിച്ച് ചോയിച്ച് പോകാം” എന്ന പരിപാടിക്കിടെയായിരുന്നു മമിത മനസ്സു തുറന്നത്.
‘അല്‍ഫോണ്‍സ ഒരു തേപ്പുകാരിയല്ല. അത് ഓരോരുത്തരുടെയും കാഴ്ചപ്പാട് അനുസരിച്ചിരിക്കും. ഇതുപോലെ അനുഭവമുള്ള പെണ്‍കുട്ടിയ്ക്ക് അത് കാണുമ്പോള്‍ അവള്‍ക്ക് അതിന്റെ വിഷമം മനസ്സിലാകും. അല്‍ഫോണ്‍സ എന്ന പെണ്‍കുട്ടി പണത്തിനോട് ആര്‍ത്തിയുള്ള ലാവിഷായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയല്ല. അവള്‍ക്ക് എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെടണം. കുടുംബത്തെ സെറ്റില്‍ ചെയ്യണം. തുച്ഛമായ സാലറിയ്ക്കാണ് അവള്‍ നഴ്‌സിംഗ് ജോലിയെടുക്കുന്നത്. രണ്ടുപേര്‍ക്കും അവരവരുടേതായ പ്രശ്‌നങ്ങളുണ്ട്. നായകനായ ആന്റണിയാണെങ്കില്‍ ജോലിക്കായി കഷ്ടപ്പെടുന്നു. ആ ഘട്ടത്തിലും അല്‍ഫോണ്‍സ മാക്‌സിമം പുഷ് ചെയ്യുന്നുണ്ട്. അല്‍ഫോണ്‍സയെ സംബന്ധിച്ചിടത്തോളം ആന്റണി ഉഴപ്പിനടക്കുകയാണോ എന്ന ടെന്‍ഷനാണ്. അതൊക്കെയാണ് എനിക്ക് ഇക്കാര്യത്തില്‍ തോന്നിയത്’, മമിത പറയുന്നു.
വരത്തന്‍, സര്‍വ്വോപരി പാലാക്കാരന്‍, ഹണിബീ ടൂ, ഖോ ഖോ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച മമിത നായികയായെത്തിയ ചിത്രം കൂടിയാണ് ഓപ്പറേഷന്‍ ജാവ.
വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വി.സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മിച്ച ചിത്രമാണ് ഓപ്പറേഷന്‍ ജാവ.
വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ക്യാമറ ഫായിസ് സിദ്ദീഖും എഡിറ്റിംഗ് നിഷാദ് യൂസഫും നിര്‍വഹിച്ചിരിക്കുന്നു. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Operation Java Actress About Her Character