ന്യൂദല്‍ഹി: ഇസ്രാഈലില്‍ നിന്ന് ഇന്ത്യന്‍ പൗരന്‍മാരെ ഒഴിപ്പിക്കുന്ന ‘ഓപ്പറേഷന്‍ അജയ്’ ദൗത്യത്തിന് തുടക്കം. ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം ഇസ്രാഈലിലെ ടെല്‍ അവീവില്‍ നിന്ന് ഇന്ന് രാത്രി തിരിക്കും. 230 പൗരന്മാരടങ്ങുന്ന സംഘമാണ് ഇസ്രാഈലില്‍ നിന്ന് ദല്‍ഹിയിലേക്ക് യാത്ര തിരിക്കുന്നത്.
ആദ്യ സംഘത്തിലൂടെ തിരികെയെത്തുന്നത് ഭൂരിപക്ഷവും വിദ്യാര്‍ത്ഥികളാണ്. ഇന്ത്യയിലേക്കുള്ള മടക്കയാത്ര സൗജന്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പണം കൊടുക്കണം എന്നുള്ള രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മന്ത്രാലയം അറിയിച്ചു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കരിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ദല്‍ഹിയില്‍ നടന്നു. ഇസ്രാഈലില്‍ നിന്നുള്ള ഇന്ത്യന്‍ അംബാസിഡര്‍മാര്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു. തിരികെ വരാന്‍ ആഗ്രഹിക്കുന്നവരുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ദല്‍ഹിയില്‍ പുരോഗമിക്കുകയാണ്.
സ്വകാര്യ കമ്പനിയായ എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ വ്യോമസേനയുടെയും വിമാനങ്ങള്‍ ഓപ്പറേഷന്‍ അജയ്ക്ക് വേണ്ടി ഉപയോഗിക്കും. നിര്‍ബന്ധിതമായുള്ള ഒഴിപ്പിക്കല്‍ അല്ല, താല്പര്യ പ്രകാരം മാത്രമേ പൗരന്മാരെ തിരികെ എത്തിക്കുകയുള്ളു. ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം 11.30ന് തിരിക്കുമെന്നും അടുത്ത ദിവസങ്ങളിലായി ഒന്നിലധികം വിമാനം വഴി 3000 ത്തോളം ആളുകളെ തിരികെയെത്തിക്കാനുള്ള പ്രയത്‌നത്തിലാണെന്നും എസ്. ജയശങ്കര്‍ പറഞ്ഞു.
ഫലസ്തീന്‍ എംബസിയില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ചു ഫലസ്തീനില്‍ 20 ഇന്ത്യക്കാര്‍ ഉണ്ട്. അവരെയും തിരികെയെത്തിക്കാനുള്ള നടപടികള്‍ക്ക് ചര്‍ച്ചയില്‍ തീരുമാനമായി.
ദൗത്യത്തിന് കാര്യമായ വെല്ലുവിളികള്‍ ഒന്നും തന്നെയില്ല. മുന്‍ കാലങ്ങളില്‍ ഇന്ത്യ നടത്തിയ യുക്രെയിനില്‍ നിന്നുള്ള ഓപ്പറേഷന്‍ ഗംഗ, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഓപ്പറേഷന്‍ ദേവിശക്തി എന്നിവ നേരിട്ടത് പോലുള്ള പ്രയാസങ്ങള്‍ നിലവിലില്ല. ഫ്രാന്‍സ്, ബെല്‍ജിയം പോലുള്ള രാജ്യങ്ങളുടെ രക്ഷദൗത്യം വിജയകരമായിരുന്നു. ഇസ്രാഈലുമായി ഇന്ത്യക്കുള്ള അടുപ്പത്തിന്റെ അടിസ്ഥാനത്തിലും വിമാന യാത്രക്കുള്ള അന്തരീക്ഷമുള്ളതുകൊണ്ടും ദൗത്യം പൂര്‍ണ്ണമായി വിജയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സംസ്ഥാനത്ത് നിന്നുള്ള ഏഴായിരത്തോളം പേര്‍ ഇസ്രാഈലില്‍ ഉണ്ടെന്നും അവരുടെ സുരക്ഷക്കായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്. ജയശങ്കറിന് കത്തയച്ചിരുന്നു.
ഇസ്രാഈലില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് വിവരങ്ങളും സഹായങ്ങളും നല്‍കാന്‍ വിദേശകാര്യ മന്ത്രാലയം ദല്‍ഹിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ഹെല്‍പ് ലൈനുകളും, കൂടാതെ ടെല്‍ അവീലിലും റാമല്ലയിലും അടിയന്തിര ഹെല്‍പ് ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്
Content Highlight: ‘Operation Ajay’, first batch of Indians to fly back from Israel tonight