തിരുവനന്തപുരം: കേരളാ പൊലീസിന്റെ ഓപ്പറേഷന്‍ ആഗില്‍ ഇതുവരെ 2000ത്തിലേറെ പേര്‍ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. പദ്ധതി ആരംഭിച്ച് മണിക്കൂറുകളേ ആയിട്ടുള്ളുവെങ്കിലും എല്ലാ ജില്ലകളിലും കര്‍ശന പരിശോധനയാണ് നടന്നു കൊണ്ടിരിക്കുന്നത്. നിലവില്‍ തിരുവനന്തപുരം- 297, കോട്ടയം- 112, എറണാകുളം- 156, തൃശൂര്‍- 272, പാലക്കാട്- 137, മലപ്പുറം- 159, കോഴിക്കോട്- 216, വയനാട്- 109, കണ്ണൂര്‍- 227, കാസര്‍കോഡ്- 85 പേരാണ് അറസ്റ്റിലായത്. ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത് തിരുവനന്തപുരത്താണ്.
ഓരോരുത്തരുടെയും കേസിന്റെ സ്വഭാവമനുസരിച്ചായിരിക്കും നടപടിയുണ്ടാകുകയെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ വ്യക്തമാക്കി. ജാമ്യമില്ലാ കേസുകളാണെങ്കില്‍ ജയിലിലേക്ക് മാറ്റുമെന്നും സൂചിപ്പിച്ചു. വടക്കന്‍ മേഖലയില്‍ പദ്ധതി തുടക്കം കുറിച്ചിട്ട് കുറച്ചു നാളുകളായെന്നും ഇത് തുടര്‍ന്ന് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ അറസ്റ്റ് ചെയ്തതില്‍ 151 സി.ആര്‍.പി.സി പ്രകാരമുള്ള കേസുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ 6 പേര്‍ പിടികിട്ടാപ്പുള്ളിയാണെന്നും കമ്മീഷണര്‍ ഉന്നയിക്കുന്നു. കണ്ണൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുണ്ടകളെയും ക്രിമിനലുകളെയും പിടികൂടാനുള്ള കേരളാപൊലീസിന്റെ പദ്ധതിയാണ് ഓപ്പറേഷന്‍ ആഗ് (accilerated action against anti- socials and gundas). സാമൂഹ്യവിരുദ്ധരെയും പിടികിട്ടാപ്പുള്ളികളെയും അമര്‍ച്ച ചെയ്യാനുള്ള പദ്ധതിയാണിതെന്നാണ് കേരളാ പൊലീസിന്റെ അവകാശ വാദം.
കാപ്പ ചുമത്തിയതിനു ശേഷം ഒളിവില്‍ പോയവര്‍, വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികള്‍, ലഹരിവില്‍പ്പനക്കാര്‍, പൊലീസ് അന്വേഷണ ലിസ്റ്റിലുള്ളവര്‍ തുടങ്ങി നിരവധിപ്പേരെയാണ് ഓപ്പറേഷന്‍ ആഗിലൂടെ പിടികൂടാന്‍ നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ വീടുകളും വാഹനങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.
കേരളത്തിലെ എല്ലാ ജില്ലകളിലെയും സിറ്റി പൊലീസ് കമ്മീഷണര്‍മാരുടെയും വാര്‍ത്താ സമ്മേളനം വരും സമയങ്ങളില്‍ ഉണ്ടായിരിക്കും.
Content Highlight: Operation Ag; So far more than 2000 people, most in the capital