| Thursday, 5th November 2015, 5:11 pm

ദ ഗ്രേറ്റ് ലിറ്റില്‍മാന്‍ ഒരു ഫാസിസ്റ്റാണ് അഥവാ 'ദി ഗ്രേറ്റ് ഡിക്ടേറ്ററെ' വീണ്ടും കണ്ടുമുട്ടുമ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

1940 ലാണ് ചാള്‍സ് ചാപ്ലിന്റെ ആദ്യ ശബ്ദ ചലച്ചിത്രമായ The Great Dictator എന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ സിനിമ (satirial political comedy drama film) പുറത്ത് വരുന്നത്. അതുവരെ ശബ്ദത്തിന്റെ ഉപയോഗത്തില്‍ വിമുഖത പുലര്‍ത്തിയ ചലച്ചിത്രകാരന്‍ ഈ ചിത്രത്തിലാണ് സംഭാഷണങ്ങള്‍ ഉപയോഗിക്കുന്നത്. 1929 ല്‍ മോഷന്‍ പിക്‌ച്ചേഴ്‌സ് മാഗസിന് നല്‍കിയ അഭിമുഖത്തിലൊന്നില്‍ സംഭാഷണങ്ങള്‍ ദൃശ്യത്തിന്റെ മനോഹാരിതക്ക് മങ്ങലേല്‍പ്പിക്കുന്നതെങ്ങനെയെന്ന് ചാപ്ലിന്‍ വിശദമാക്കുന്നുണ്ട്.



ചിഹ്നങ്ങളുടെ ചക്രവാളമാവാനുളള കഴിവാണ് ഓരോ പാഠത്തെയും ക്ലാസിക് ആക്കുന്നത്. എഴുതപ്പെട്ട കാലത്തിന്റെ സങ്കീര്‍ണ്ണതകളും വൈരുദ്ധ്യങ്ങളും മാത്രമല്ല വായിക്കപ്പെടുന്ന കാലത്തിന്റെ സങ്കീര്‍ണ്ണതകള്‍ കൂടി ഒരു പാഠത്തെ നിലനില്‍ക്കാന്‍ പ്രാപ്തമാക്കുന്നു. പുനര്‍വായനകളില്‍ തെളിയുന്ന മൗനങ്ങളും നിശ്ശബ്ദതകളും മറ്റുത്തരങ്ങളിലക്ക് നീങ്ങുന്നത് കാണാം.


ഒപ്പീനിയന്‍ | റഫീഖ് ഇബ്രാഹീം

അന്തിമമായി ഉത്തരം കണ്ടെത്താവുന്ന ഒന്നല്ല ഒരു പാഠവും (Text). അതല്ലെങ്കില്‍ സങ്കീര്‍ണ്ണമായ പാഠപരതയാണ് ഓരോ കലാസൃഷ്ടിയെയും നിലനിര്‍ത്തുന്നത്. മാറിവരുന്ന സാമൂഹ്യസാഹചര്യങ്ങളോട് വിനിമയത്തിന് ശേഷിയില്ലാത്ത തരത്തില്‍ സൂചക- സൂചിത ബന്ധം രേഖീയമായി   ഒരുതരത്തിലേക്കല്ല നീങ്ങുന്നത്. Galaxy of Signs  എന്ന് റൊളാങ്ങ് ബാര്‍ത്.

ചിഹ്നങ്ങളുടെ ചക്രവാളമാവാനുളള കഴിവാണ് ഓരോ പാഠത്തെയും ക്ലാസിക് ആക്കുന്നത്. എഴുതപ്പെട്ട കാലത്തിന്റെ സങ്കീര്‍ണ്ണതകളും വൈരുദ്ധ്യങ്ങളും മാത്രമല്ല വായിക്കപ്പെടുന്ന കാലത്തിന്റെ സങ്കീര്‍ണ്ണതകള്‍ കൂടി ഒരു പാഠത്തെ നിലനില്‍ക്കാന്‍ പ്രാപ്തമാക്കുന്നു. പുനര്‍വായനകളില്‍ തെളിയുന്ന മൗനങ്ങളും നിശ്ശബ്ദതകളും മറ്റുത്തരങ്ങളിലക്ക് നീങ്ങുന്നത് കാണാം.

എഴുതപ്പെട്ട കാലത്തിന്റെ വലിച്ചിലുകള്‍  (Tension) മാത്രമല്ല വായിക്കപ്പെടുന്ന കാലത്തിന്റെ സംഭ്രമങ്ങളും  പാഠത്തില്‍ പ്രവര്‍ത്തിക്കും. വാക്ക് അതില്‍തന്നെ സ്വയം പൂര്‍ണ്ണമല്ലെന്ന് ചുരുക്കം. വായനക്കാരന്‍/കാരി എന്ന കര്‍തൃത്വവുമായുള്ള സംവാദശേഷിയിലൂടെയാണ് പാഠം കാലത്തെ അതിജീവിക്കുന്നത്. അന്നാകരനീന ഉള്‍ക്കിടിലത്തോടെയല്ലാതെ ഇന്നും വായിച്ചുപോകാന്‍ കഴിയാത്തത്, സുന്ദരികളും സുന്ദരന്മാരും പഴയകഥയെന്ന് എഴുതിത്തള്ളാനാവാത്തത് ഇതിനാലാണ്. ഭാഷ തരുന്ന അനന്തസാധ്യതകള്‍.

ഭാഷയുടെ ഈ ധ്വനന ശേഷിയെ ഉടച്ചുകളയുന്ന, ഒരു നിഘണ്ടുവില്ലെന്ന പോലെ അന്തിമ ഉത്തരം കാഴ്ചക്കാരിലെത്തിക്കുന്ന ദൃശ്യത്തിന് ഈ അതിജീവനസാധ്യത ചുരുങ്ങുകയാണ് പതിവ്. കുറസവയുടെ ചിത്രങ്ങള്‍ ആ കാലഘട്ടത്തിന്റേതാവും. Author Theoryയെയോ ഫ്രഞ്ച് ന്യൂവേവിനെയോ കുറിച്ചറിയാതെ ഗൊദാര്‍ദ് ദഹിക്കാത്തതിന്റെ കാരണങ്ങളിലൊന്നാണിത്.

അമ്മ അറിയാന്‍ എന്ന ചിത്രത്തില്‍ നിന്ന്‌

എഴുപതുകളുടെ ഗൃഹാതുരതയെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞുകൊണ്ട് നിങ്ങളൊന്ന് “അമ്മ അറിയാന്‍” കണ്ടുനോക്കൂ. വിരസമായ ആഖ്യാനം കൊണ്ട്  അത് നിങ്ങളെ മുഷിപ്പിച്ചുകളയും. നിര്‍മ്മിക്കപ്പെട്ട കാലത്തിന്റെ ചരിത്രത്തോട് ചേര്‍ന്നാണ് ദൃശ്യം പ്രവര്‍ത്തിക്കുക. ഭാഷയുടെ സങ്കീര്‍ണ്ണവും അമൂര്‍ത്തവുമായ ധ്വനനശേഷിയെ മൂര്‍ത്തയാഥാര്‍ത്ഥ്യമാക്കി ദൃശ്യവത്ക്കരിക്കുമ്പോള്‍ പ്രാഥമികമായി നഷ്ടമാവുന്നത് അതിന്റെ പാഠപരതയാണ്.

മാസ്റ്റേഴ്‌സ് ക്ലാസിക്കുകള്‍ അക്കാദമിക്ക് താല്‍പര്യത്തില്‍ മാത്രമൊതുങ്ങുന്നതും ദസ്തയേവ്കി കൂടുതല്‍ ദാഹത്തില്‍ വായിക്കപ്പെടുന്നതും കാലത്തിനോട് വിനിമയത്തിലേര്‍പ്പെടാന്‍  പാഠത്തിനുള്ള കഴിവും ദൃശ്യത്തിനുള്ള കഴിവുകേടും മൂലമാണ്. മൂര്‍ത്തമായ ദൃശ്യാവിഷ്‌കാരങ്ങളെ പുനര്‍കാഴ്ചക്ക് വിധേയമാക്കുമ്പോള്‍ സംഭവിക്കുന്നതെന്താണ്. ബോക്‌സോഫീസില്‍ സമ്പൂര്‍ണ്ണ വിജയം കൈവരിച്ച ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ സിനിമയെ ലാവണ്യവാദപരവും സൗന്ദര്യശാസ്ത്രപരവുമായ  താല്‍പര്യങ്ങള്‍ക്ക് പുറത്ത് നിന്ന് പുനര്‍വായിക്കാനുള്ള ശ്രമങ്ങള്‍ നിശ്ചയമായും രണ്ട് പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. മുന്‍പേ പറഞ്ഞ ദൃശ്യങ്ങളുടെ മൂര്‍ത്ത സ്വഭാവം കാരണം അടഞ്ഞ് പോവാന്‍ സാധ്യതയുള്ള അനന്തപാഠങ്ങള്‍, മറ്റൊന്ന് ചരിത്രം ചാക്രികതകളും ആവര്‍ത്തനങ്ങളുമാണെന്ന ധാരണകളോട് അറിയാതെയെങ്കിലും ചേര്‍ന്ന് നിന്നു പോവാനുള്ള സമ്മര്‍ദ്ദം. ഈ ഒരു പ്രതിസന്ധികള്‍ക്കിടയില്‍ നിന്ന്‌കൊണ്ട് ചാപ്ലിന്റെ ദ ഗ്രേറ്റ് ഡിക്‌ടേറ്റര്‍ പുനര്‍വായനക്കെടുക്കുകയാണിവിടെ.

1940 ലാണ് ചാള്‍സ്  ചാപ്ലിന്റെ ആദ്യ ശബ്ദ ചലച്ചിത്രമായ The Great Dictator എന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ സിനിമ (satirial political comedy drama film)  പുറത്ത് വരുന്നത്. അതുവരെ ശബ്ദത്തിന്റെ ഉപയോഗത്തില്‍ വിമുഖത പുലര്‍ത്തിയ ചലച്ചിത്രകാരന്‍ ഈ ചിത്രത്തിലാണ് സംഭാഷണങ്ങള്‍ ഉപയോഗിക്കുന്നത്. 1929 ല്‍ മോഷന്‍ പിക്‌ച്ചേഴ്‌സ് മാഗസിന് നല്‍കിയ അഭിമുഖത്തിലൊന്നില്‍ സംഭാഷണങ്ങള്‍ ദൃശ്യത്തിന്റെ മനോഹാരിതക്ക് മങ്ങലേല്‍പ്പിക്കുന്നതെങ്ങനെയെന്ന് ചാപ്ലിന്‍ വിശദമാക്കുന്നുണ്ട്. ഗ്രേറ്റ് ഡിക്ടറ്ററിലെത്തുമ്പോഴാകട്ടെ താന്‍ കൈകാര്യം ചെയ്യുന്ന പൊള്ളുന്ന പ്രമേയത്തിന്റെ സമ്മര്‍ദ്ദം മൂലമാവാം അദ്ദേഹം  സംഭാഷണം ഉപയോഗിക്കാന്‍  തയ്യാറായത്. ഇതിന്റെ ഏറ്റവും രാഷ്ട്രീയ ശേഷിയുള്ള ഉപയോഗം ഡിക്‌ടേറ്ററിലെ  പ്രഭാഷണ രംഗങ്ങളില്‍ കാണാം. ദൃശ്യവും സംഭാഷണവും പരസ്പരം പരിപ്പിച്ചുകൊണ്ട് അസ്ത്രം പോലെ മുന്‍പോട്ട് കുത്തിക്കുന്ന അനുഭവങ്ങളാവുന്നുണ്ട് ഇവ.

1940 ലോക രാഷ്ട്രീയത്തിലെ പ്രക്ഷുബ്ധതകളുടെ പരമകോടിയായിരുന്നു. രണ്ടാം ലോകമഹായുദ്ധം ഔപചാരികമായി ആരംഭിച്ചു കഴിഞ്ഞു പുറകിലേക്ക് ഇരുപത് വര്‍ഷമെങ്കിലും പഴക്കമുള്ള ഫാസിസം അതിന്റെ സംഹാരശേഷി പുറത്തെടുത്തു തുടങ്ങി. ബ്രിട്ടന്‍ യുദ്ധത്തില്‍ ആ വര്‍ഷം ഔദ്യോഗികമായി കക്ഷി ചേര്‍ന്നു ഹോളോകാസ്റ്റിനും ഫൈനല്‍ സൊല്യൂഷനുമായുള്ള അരങ്ങ് ഒരുക്കപ്പെട്ടുകഴിഞ്ഞിരുന്നു. ജൂത വിദ്വേഷത്തിലധിഷ്ഠിതമായി നാസി ദേശീയത “ഫ്യൂറര്‍” എന്ന ഏക ഛത്രാധിപതിയെ തങ്ങളുടെ  പ്രതിപുരുഷനായി അവരോധിച്ചിരുന്നു. ഇറ്റലിയിലും ജപ്പാനിലുമടക്കം ഫാസിസ്റ്റ് ശക്തികള്‍ തങ്ങളുടെ  തേര്‍വാഴ്ച അതിന്റെ പരമ്യത്തിലെത്തിച്ച ഘട്ടത്തിലാണ് ചാപ്ലിന്‍ The grate Dictator ഉമായി വരുന്നത്.


പ്രെപ്പഗാന്‍ഡ സിനിമകളുടെ പുഷ്‌കലകാലമായിരുന്നു അത്. ഹിറ്റ്‌ലറെയും  മുസോളിനിയെയും  രക്ഷാപുരുഷന്മാരായി അവതരിപ്പിച്ചുകൊണ്ടിറങ്ങുന്ന  പണം വാരും ചിത്രങ്ങള്‍. ചലച്ചിത്രമെങ്ങനെ പൊതുബോധനിര്‍മ്മിതിക്ക് ഉത്തമ വഴിയാക്കാമെന്ന് ഫാസിസത്തിന് നന്നായറിയാമായിരുന്നു. രാഷ്ട്രീയ കാര്യത്തില്‍  താല്‍പര്യമുളള ഒരു മധ്യവര്‍ഗ്ഗത്തിലേക്ക് തങ്ങളുടെ ആശയങ്ങളെ ഭൗതിക ശക്തിയാക്കി പ്രക്ഷേപിക്കുവാന്‍ ഫാസിസം സിനിമയെ ചെറുതല്ലാത്തവിധത്തില്‍ ഉപയോഗിച്ചുപോന്നു.


പ്രെപ്പഗാന്‍ഡ സിനിമകളുടെ പുഷ്‌കലകാലമായിരുന്നു അത്. ഹിറ്റ്‌ലറെയും  മുസോളിനിയെയും  രക്ഷാപുരുഷന്മാരായി അവതരിപ്പിച്ചുകൊണ്ടിറങ്ങുന്ന  പണം വാരും ചിത്രങ്ങള്‍. ചലച്ചിത്രമെങ്ങനെ പൊതുബോധനിര്‍മ്മിതിക്ക് ഉത്തമ വഴിയാക്കാമെന്ന് ഫാസിസത്തിന് നന്നായറിയാമായിരുന്നു. രാഷ്ട്രീയ കാര്യത്തില്‍  താല്‍പര്യമുളള ഒരു മധ്യവര്‍ഗ്ഗത്തിലേക്ക് തങ്ങളുടെ ആശയങ്ങളെ ഭൗതിക ശക്തിയാക്കി പ്രക്ഷേപിക്കുവാന്‍ ഫാസിസം സിനിമയെ ചെറുതല്ലാത്തവിധത്തില്‍ ഉപയോഗിച്ചുപോന്നു. ഹിറ്റ്‌ലറുടെ താല്‍പര്യങ്ങള്‍  ഒന്നൊന്നായി നാസി സിനിമകള്‍ അപദാനങ്ങളാക്കി അവതരിപ്പിച്ചു. തീവ്രദേശീയതയുടെ വിഷവിത്തുകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ നല്ല വേരോട്ടമുണ്ടായി.

സിനിമയുടെ തുടക്കത്തില്‍ ഹിങ്കലും ജൂതനായ ബാര്‍ബറും തമ്മില്‍ ഏതെങ്കിലും തരത്തില്‍ സാദൃശ്യങ്ങള്‍  അനുഭവപ്പെടുകയാണെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണെന്ന ടൈറ്റില്‍ കാര്‍ഡ് കാട്ടുന്നുണ്ട്. ലോക സിനിമചിത്രത്തില്‍ത്തന്നെ ഈ മുന്നറിയിപ്പിനെ  ഇത്രത്തോളം ഹാസ്യാത്മകമാക്കിയ മറ്റൊരു സന്ദര്‍ഭമുണ്ടാവാന്‍  സാധ്യതയില്ല. ആരെക്കുറിച്ചാണ് പറയുന്നതെന്നും എന്താണ് ചര്‍ച്ചാവിഷയമെന്നും സുവ്യക്തമായ ഒന്നിലേക്കുള്ള പ്രാഥമിക പടവ് പോലും ചിരിയുണര്‍ത്തുന്നതാണ്. സമാനമായിരുന്ന ഈയടുത്ത കാലത്ത് ഹിറ്റ്‌ലറുടേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചില സ്വഭാവ സവിശഷതകള്‍ ഹിറ്റ്‌ലറുടെ 18 ഓളം സ്വഭാവ സവിശേഷതകള്‍ അക്കമിട്ട്  നിരത്തുന്ന പോസ്റ്റിന്റെ തുടക്കത്തില്‍ ഈ പോസ്റ്റ് ഹിറ്റലര്‍ എന്ന ഏകാധിപതിയെക്കുറിച്ച് മാത്രമാണെന്നും  ഇന്ന് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെങ്കിലുമായി  ഈ സ്വഭാവ സവിശേഷതകള്‍ക്ക് സാമ്യത തോന്നുകയാണെങ്കില്‍ അത് തികച്ചും യാദൃശ്ചികം  മാത്രമാണെന്നും  മുന്നറിയിപ്പ് തരുന്നു. ഓരോ സ്വഭാവസവിശേഷതയെയും സമകാലിക ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയുമായി ചേര്‍ത്ത് വെച്ചാല്‍  യാതൊരു പ്രയാസവുമില്ലാതെ ചിത്രം വ്യക്തമാവും.

“അധര്‍മ്മങ്ങള്‍ക്കും വിഡ്ഢിത്തരങ്ങള്‍ക്കും ശിക്ഷ വിധിക്കുന്ന  കവിത” എന്നാണ് ഡോ. ജോണ്‍സണ്‍ ആക്ഷേപഹാസ്യത്തെ നിര്‍വചിക്കുന്നത്. ആക്രമണമില്ലാതെ സറ്റയറില്ല. രൂക്ഷമായ  പരിഹാസമാണ് സറ്റയറിന്റെ ഭാവതലം. പൊതുബോധത്തിന്റെ നിര്‍മ്മാണഘടകങ്ങളെ, ആ ഘടകങ്ങളില്‍ നിലീനമായ സവിശേഷതകളെ സാമാന്യവത്ക്കരിച്ച് ഹാസ്യം ഉണര്‍ത്തുകയാണ് സറ്റയറുകള്‍ പൊതുവില്‍ ചെയ്യുക. താരതമ്യം ഇതില്‍ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ്. കാലിക സംഭവങ്ങളെ ഭൂതകാലസംഭവങ്ങളുമായി താരതമ്യം ചെയ്ത് രണ്ടിന്റെയും വഴികളെ വെളിച്ചത്ത് കൊണ്ടുവരല്‍ സറ്റയറിസ്റ്റുകളുടെ ടൂളുകളിലൊന്നാണ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍  ഹിറ്റ്‌ലറിനെക്കുറിച്ച്  ഇന്നൊരു ആക്ഷേപഹാസ്യ സിനിമയുടെ സാധ്യതകള്‍ ഏറെയാണല്ലോ.

എന്തുകൊണ്ടായിരിക്കാം ഏകാധിപതികളായ നേതാക്കന്മാരുടെയെല്ലാം സ്വഭാവ സവിശേഷതകള്‍ക്ക് ചില സാമാന്യതകള്‍ കാണാന്‍ കഴിയുന്നത്. ചരിത്രത്തിന്റെ ആവര്‍ത്തനമെന്ന കേവലവാദം തള്ളിക്കളയേണ്ടതാണ്. ജര്‍മ്മനിയിലോ ഇറ്റലിയിലോ ഒന്നാം ലോക മഹായുദ്ധാനന്തരം സംജാതമായ സാമൂഹ്യ സവിശേഷതകള്‍ക്ക് സമാനമായൊരു ഘട്ടമാണ് നിലവിലുള്ളതെന്ന് കരുതി ക്ലാസ്സിക്കലായ  ഒരു ഫാസിസ്റ്റ് ഭരണകൂടത്തെക്കുറിച്ചുള്ള സങ്കല്‍പം മുന്‍നിര്‍ത്തി സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെ ഫാസിസം എന്ന് വിളിക്കുന്നതിനോട് താത്വികമായി വിയോജിപ്പ് പുലര്‍ത്തേണ്ടതുണ്ട്.  ഒരു ഫാസിസ്റ്റ് സാധ്യത നിലനില്‍ക്കുന്നു എന്നേ പറയാനാവൂ. അതാവട്ടെ നാസികള്‍ മുന്‍പോട്ട് വെച്ച തരത്തില്‍ തീവ്രദേശീയതയിലും ഭൂതകാല – പാരമ്പര്യരതിയിലും അപര വിദ്വേഷത്തിലും അധിഷ്ഠിതമാണ് താനും. ഇത് നിലനില്‍ക്കെത്തന്നെ ക്ലാസിക്കല്‍ ഫാസിസം ആവര്‍ത്തിക്കപ്പെടാം എന്ന വാദത്തിന് സാധുതകളില്ല. ചരിത്രത്തില്‍ ഫോട്ടോസ്റ്റാറ്റ് കോപ്പികളില്ല.  ഫാസിസത്തെക്കുറിച്ചുള്ള വിശാലചര്‍ച്ചയില്‍ പ്രാഥമിക ഉപാദാനമായി സ്വീകരിക്കാവുന്ന  ഒന്നാണ് ചാപ്ലിന്റെ ഗ്രേറ്റ് ഡിക്‌ടേറ്റര്‍.

അപരവത്ക്കരണത്തിന്റെ ഫാസിസ്റ്റ് സാധ്യതകള്‍

വംശത്തിന്റെ പരിശുദ്ധി വാദമാണ് ഫാസിസത്തിന്റെ പ്രാഥമിക അടിത്തറ. ഇതര ജനവിഭാഗങ്ങളുടെ യജമാനരായിരിക്കാനുള്ള ശേഷിയാണ് പരിശുദ്ധിക്കടിസ്ഥാനം. അപരത്തിന് മുകളിലുള്ള പൂര്‍ണ്ണമായ ആധിപത്യത്തിലൂടെ ഉറയ്ക്കപ്പെടുന്ന ഒന്നാണത്. The  Dialetics of Enlightenmentല്‍ അഡോണോയും ഹോര്‍ഖൈമറും പില്‍ക്കാലത്ത് ലെവിനാസും ഊന്നുന്ന ആശയങ്ങളില്‍ പ്രഥമം, ആധുനിക മനുഷ്യാവസ്ഥ എങ്ങനെ അപരത്തിനുമുകളില്‍ ആത്മതത്വതത്തിന്റെ ഹിംസ പ്രയോഗിക്കുന്നു എന്നതാണ്.

യാഥാര്‍ത്ഥ്യത്തെ വിരുദ്ധ ദ്വന്ദങ്ങളാക്കി വകതിരിച്ചെടുത്ത് കൊണ്ടാണ് പാശ്ചാത്യാധുനികത പ്രകാശനം നേടിയത്. സത്യം/അസത്യം, നന്മ/തിന്മ, വസ്തുനിഷ്ഠം/ആത്മനിഷ്ഠം, പരുഷന്‍/സ്ത്രീ എന്നിങ്ങനെ അസംഖ്യം പിളര്‍പ്പുകള്‍. ഇതിലാദ്യത്തേത് ഉദാത്തവും രണ്ടാമത്തേത് ആദ്യത്തതാല്‍ നിര്‍ണ്ണയിക്കപ്പെടുന്നതുമായാണ് മനസ്സിലാക്കപ്പെട്ടത്.

അടുത്തപേജില്‍ തുടരുന്നു


കാര്‍ട്ടീഷ്യന്‍ ദ്വൈത്വചിന്തയില്‍ ഈ വിപരീതങ്ങളിലൂടെയേ (Binary opposites)  യാഥാര്‍ത്ഥ്യത്തെ ക്രമപ്പെടുത്തി  മനസ്സിലാക്കല്‍ സാധ്യമാകൂ. ആധുനിക ലോകാവസ്ഥയുടെ അടിസ്ഥാനം തന്നെ ഈ ദ്വൈത്വവത്ക്കരണമാണ്. ആത്മം/ അപരം എന്നതിനെ അഡോണോ വേര്‍തിരിക്കുന്നു. സൂക്ഷ്മസ്ഥാനം തൊട്ട് മഹാസ്ഥൂലം വരെ പ്രവര്‍ത്തിക്കുന്ന ഈ വിപരീതങ്ങളാണ് കിഴക്കിനെ പടിഞ്ഞാറിന്റെ അപരമാക്കിയത്. സ്ത്രീ ലോകങ്ങള്‍ രണ്ടാം തരമാക്കിയത്. വികാരങ്ങള്‍ക്ക് വില കുറച്ചത്.


കാര്‍ട്ടീഷ്യന്‍ ദ്വൈത്വചിന്തയില്‍ ഈ വിപരീതങ്ങളിലൂടെയേ (Binary opposites)  യാഥാര്‍ത്ഥ്യത്തെ ക്രമപ്പെടുത്തി  മനസ്സിലാക്കല്‍ സാധ്യമാകൂ. ആധുനിക ലോകാവസ്ഥയുടെ അടിസ്ഥാനം തന്നെ ഈ ദ്വൈത്വവത്ക്കരണമാണ്. ആത്മം/ അപരം എന്നതിനെ അഡോണോ വേര്‍തിരിക്കുന്നു. സൂക്ഷ്മസ്ഥാനം തൊട്ട് മഹാസ്ഥൂലം വരെ പ്രവര്‍ത്തിക്കുന്ന ഈ വിപരീതങ്ങളാണ് കിഴക്കിനെ പടിഞ്ഞാറിന്റെ അപരമാക്കിയത്. സ്ത്രീ ലോകങ്ങള്‍ രണ്ടാം തരമാക്കിയത്. വികാരങ്ങള്‍ക്ക് വില കുറച്ചത്.

സൂക്ഷ്മസ്ഥാനമായ  വ്യക്തിബോധം മുതല്‍ മഹാസ്ഥൂലമായ ഭരണകൂട നിര്‍മ്മിതിവരെ ഈ ആത്മ/അപര ദ്വന്ദം പ്രവര്‍ത്തിക്കുന്നത് കാണാം. ആധുനികതയുടെ വ്യതിചലനങ്ങളല്ല സ്വാഭാവികമായി അതെത്തിച്ചേര്‍ന്ന സ്ഥലമാണ് ഫാസിസമെന്ന ലെവിനാസന്റെ വാദം ഈ ദ്വന്ദത്തെ മുന്‍നിര്‍ത്തിയാണ്. ഏതാത്മകവും ഉദ്ഗ്രഥിതവുമായ വ്യക്തിയായാണ് ആധുനികത മനുഷ്യനെ സങ്കല്‍പ്പിച്ചത്.

ആധുനികതയാണ് മനുഷ്യന് നിര്‍വണശേഷി (Agency) നല്‍കിയത്. ആധുനികതക്ക് മുന്‍പ് മനുഷ്യന് പ്രവര്‍ത്തനശേഷി സ്വയമുണ്ടായിരുന്നില്ല. അര്‍ദ്ധഗോത്രസ്വഭാവത്തിലും ഫ്യൂഡല്‍ ഉത്പാദനബന്ധങ്ങളിലും  നിലനിന്ന ആധുനികപൂര്‍വ്വ മനുഷ്യാവസ്ഥയില്‍ വ്യക്തികള്‍ എന്ത് ചെയ്യണമെന്ന് വ്യവസ്ഥിതിയാണ് തീരുമാനിച്ചിരുന്നതെങ്കില്‍ ആധുനികത അഭാജ്യമായ ഏകാത്മക സത്തയായ മനുഷ്യന് പ്രവര്‍ത്തനശേഷി നല്‍കി. മനുഷ്യന്‍ കര്‍ത്താവായെന്ന് ചുരുക്കം.

ഈ മനുഷ്യനെക്കുറിച്ചുള്ള ചില സവിശേഷധാരണകളും ആധുനികത സൃഷ്ടിച്ചു. സ്വയം പൂര്‍ണ്ണമാണത്, അഭാജ്യമാണത് ഉദ്ഗ്രഥിതമാണത്. വിഭജിക്കാന്‍ കഴിയാത്ത ഈ  ഏകാത്മക സത്തക്ക് നിലവില്‍ വരണമെങ്കില്‍ തന്റെ ഉള്ളില്‍ തന്നെയുള്ള അപരത്തെ ഇല്ലായ്മ ചെയ്യേണ്ടിയിരുന്നു.  ധാരാളം ഭിന്ന ഘടകങ്ങള്‍  കലങ്ങി മറിഞ്ഞുനില്‍ക്കുന്ന ഒരു ഓളപ്പരപ്പിനെ ഇതിലേതെങ്കിലും ഒന്നിനെ മുന്‍നിര്‍ത്തി നിര്‍വചിക്കേണ്ടി വന്നു. ഒന്നുകില്‍ നിങ്ങള്‍ക്ക് പുരുഷനാവാം, അല്ലെങ്കില്‍ സ്ത്രീ, വ്യക്തികളുടെ ഉള്ളില്‍ നിലീനമായിരിക്കുന്ന  അപര സവിശേഷതകളെയെല്ലാം പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്താണ് ആധുനിക വ്യകതി കര്‍ത്താവായത്. “ഐ” എന്നതിലൊരു വലിയ വയലന്‍സുണ്ടെന്ന് അഡോണോ.

പാശ്ചാത്യാധുനികതയില്‍ ഇന്‍ഹെറന്റിലി ഫാസിസമുണ്ട്.  ആണാവാന്‍ വേണ്ടി എന്നിലെ പെണ്‍മയെ കുടഞ്ഞ് കളയുന്നതിന് സമാനമാണ് വംശശുദ്ധിക്കായി രാഷ്ട്രം അപരത്തെ ഇല്ലായ്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഏത് സാംസ്‌കാരിക മൂലധനമാണോ രാഷ്ട്രത്തിന്റെ നിര്‍മ്മാണയുക്തിക്കുതകിയ പ്രത്യയശാസ്ത്ര ഏകകം, ആ സാംസ്‌കാരികത പിന്‍പറ്റാത്തവരാണ് രാഷ്ട്രയുക്തിയില്‍ അപരം. അപരം  നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുന്നതിലൂടെ മാത്രമേ രാഷ്ട്രം പുരോഗതിയിലേക്കെത്തുകയുള്ളൂ എന്ന മിഥ്യയിലാണ് ഫാസിസം ഭരണകൂടരൂപം പ്രാപിക്കുന്നത്. അവിടം ഹിംസ പ്രത്യക്ഷത്തിലാണെന്ന് മാത്രം.  ആധുനികതയുടെ സ്ഥാപനങ്ങളിലോരോന്നിലും ഈ അപരയുക്തി പ്രവര്‍ത്തിക്കുന്നത് കാണാം. പ്രത്യക്ഷഹിംസയിലെക്കെത്താത്ത രീതിയില്‍ അത് ദമനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് മാത്രം. ഒരു ഫാസിസ്റ്റ് പൊട്ടന്‍ഷ്യല്‍ ആധുനിക ബോധ്യങ്ങള്‍ക്കെല്ലാത്തിനുമകത്ത് നിലീനമാണ്.

അതിനാലാവാം ആധുനികതക്കകത്തും അതിന് ശേഷവുമുയര്‍ന്ന എല്ലാ വിമര്‍ശനങ്ങളിലും ഈ ഉദ്ഗ്രഥിത വ്യക്തി സങ്കല്‍പ്പത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ കാണുന്നത.് നിഷേയും ഫ്രോയ്ഡും മാര്‍ക്‌സും ആധുനികതക്കകത്തും ഫ്രാങ്ക് ഫര്‍ട്ട് ചിന്തകരും ഉത്തരഘടനാവാദികളും ആധുനികതക്ക് ശേഷവും വ്യക്തിബോധത്തിലാണ് തങ്ങളുടെ വിമര്‍ശന സങ്കല്‍പങ്ങള്‍ ഊന്നുന്നത.് ഫാസിസ്റ്റ് വിരുദ്ധത പ്രമേയമായ ഗ്രേറ്റ് ഡിക്‌ടേറ്റര്‍ മാത്രമല്ല, യൂറോപ്യന്‍ ആധുനികതയുടെ യാന്ത്രികതയെ നിര്‍വചിക്കുന്ന മോഡേണ്‍ ടൈംസും ആ അര്‍ത്ഥത്തില്‍ ഫാസിസത്തനെതിരെയാണ് നീങ്ങുന്നത്.

സ്ലാവോയ് സിസെക്കിന്റെ  “വിപരീതാത്മകമായ നിര്‍ണ്ണയനം”(oppositional determination) എന്ന പരികല്‍പനയെ വിശദമാക്കുമ്പോള്‍ സിസെക്  ഗ്രേറ്റ് ഡിക്‌ടേറ്ററിനെ ഉദാഹരണമായെടുക്കുന്നത് വി.സി. ശ്രീജന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ശ്രീജന്‍ വി.സി

“പാവപ്പെട്ട ക്ഷുരകന്റെ നിഴല്‍ പോലിരിക്കുന്ന ഇരട്ടയാണ് ഏകാധിപതിയായ ഹിങ്കല്‍. സിനിമയിലെ പാവപ്പെട്ട ക്ഷുരകനെ ഒരു ജൂതന്‍ എന്ന നിലയിലല്ല, രാഷ്ട്രീയമായ കലക്കങ്ങളില്‍ നിന്ന് മാറി ശാന്തമായ ജീവിതമാഗ്രഹിക്കുന്ന കൊച്ചു മനുഷ്യനായാണ് ചാപ്ലിന്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരം പാവം മനുഷ്യരുടെ സാധാരണ ജീവിതം തകിടം മറിയുമ്പോള്‍ പുറത്തുവരുന്ന ക്ഷുഭിതനായ മറുവശമാണ്  നാസിസം എന്ന് സിസെക് വ്യക്തമാക്കുന്നത്” ( ശ്രീജന്‍ വി.സി., 2014)

മുന്‍പേ പറഞ്ഞ പാശ്ചാത്യ ഭൗതികതയുടെ യുക്തിയാണ് ഈ ഇരട്ടകളായി പ്രവര്‍ത്തിക്കുന്നത്. ആത്മാപര വിപരീതങ്ങള്‍. സി.വി. കൃതികളില്‍ ഉഗ്രഹരിപഞ്ചാനനും ശാന്തഹരിപഞ്ചാനനുമായി ഇവര്‍ മറ്റൊരു തലത്തില്‍ പ്രത്യക്ഷപ്പെടുന്നത് കാണാം.

ഓപ്പോസിഷന്‍ ഡിറ്റര്‍മിനേഷന്‍ എന്ന സിസെക്കിയന്‍ പരികല്‍പനയെ മുന്‍നിര്‍ത്തിയാല്‍ അപരം വിശദീകരിക്കപ്പെടുന്നതിലൂടെയാണ് ആത്മം നിര്‍വചിക്കപ്പെടുന്നതെന്ന് കാണാം. ജൂതനായ ക്ഷുരകന്റെ ജീവിത പീഡകളാണ് ഹിങ്കലെന്ന ഏകാധിപതിയുടെ നിര്‍ണ്ണയന ഘടകമാകുന്നത്. സ്വയം നിര്‍വചിക്കാനായി ജൂതരെന്ന അപരത്വത്തെ നിരന്തരായി വിശദീകരിക്കാന്‍ ആഹ്വാനം  ചെയ്യുന്നുണ്ട് ഹിങ്കല്‍.

ജൂതതെരുവുകളിലെ  കച്ചവട സ്ഥാപനങ്ങളിലെല്ലാം “JEW” വെന്ന് പെയിന്റ് ചെയ്ത് ഈ അപരത്വം മുദ്രണം ചെയ്യുന്നു ഹിങ്കലിന്റെ പട്ടാളക്കാര്‍. സിനിമയില്‍ അത് മായ്ക്കാന്‍ ക്ഷുരകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആ മുദ്രണം അയാളെ ഒരിക്കലും വിട്ടുപോകുന്നില്ല. തങ്ങളുടെ വംശത്തിന് നിതാന്ത ശത്രുവായി, എതിരാളികളായി, അപരമായി ഒരു ജനസമൂഹം മുദ്രയടിക്കപ്പെടുകയാണ്.


പാശ്ചാത്യനാഗരികതയുടെ അടിസ്ഥാനത്തെ വിമര്‍ശിക്കാത്ത ഫാസിസ്റ്റ് വിരുദ്ധതക്ക്  രാഷ്ട്രീയ വിമോചനശേഷി കുറവായിരിക്കും. ജനാധിപത്യം ഒരു ബദലാണ്. പക്ഷേ കേവല ഭൂരിപക്ഷത്താല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ഒന്നായി ജനാധിപത്യം മനസ്സിലാക്കപ്പെടുന്നിടത്തോളം കാലം ഒരു പടവപ്പുറത്ത് സമാഗാധിപത്യം നിലയുറപ്പിക്കുന്നുണ്ട്. അപരത്തെക്കുറിച്ചുള്ള ഒരു കരുതലാണ് ജനാധിപത്യം എന്ന് (concern for the other) റസല്‍. ഹിറ്റ്‌ലറും തിരഞ്ഞെടുപ്പില്‍ ജയിച്ചുവന്ന ഭരണാധികാരിയാണ്.


അഡോണോയും ഹോര്‍ഖൈമറും ചേര്‍ന്നെഴുതിയ ഡയലക്ടിക് ഓഫ് എന്‍ലൈറ്റന്‍മെന്റിലെ “യഹൂദ വിദ്വേഷത്തിന്റെ മൂലകങ്ങള്‍” എന്ന അധ്യായത്തില്‍ ആന്റി സെമറ്റിസത്തെ ആഴത്തില്‍ പരിശോധിക്കുന്നുണ്ട്. അടിസ്ഥാനമില്ലാത്തതും പലപ്പോഴും ചരിത്രവിരുദ്ധവുമായ (ബോള്‍ഷെവിക് വിപ്ലവത്തിന് വണ്ടി ധനസഹായം ചെയ്ത് സഹായിക്കുന്നത് യഹൂദ ബാങ്കര്‍മാരാണെന്ന പ്രചരണം ഇതിനുദാഹരണമാണ്) വാര്‍ത്തകള്‍ ആവര്‍ത്തിച്ചുറപ്പിച്ച് വെറുക്കപ്പെട്ടവരായി ഒരു ജനതയെപ്രതിഷ്ഠിക്കുന്നു. ഈ വെറുക്കപ്പെട്ട ജനസമൂഹം രാഷ്ട്രത്തിന്റെ അപരമാകുന്നു. അവര്‍ക്ക് മുകളിലുള്ള വിജയം രാഷ്ട്രത്തിന്റെ വിജയമാകുന്നു. ബീഫ് കഴിക്കുന്നവരെല്ലാം പാക്കിസ്ഥാനിലേക്ക് പോകണമെന്ന ആക്രോശത്തിന്റെ വേരുകള്‍ നീളുന്നതെങ്ങോട്ടെന്ന് വ്യക്തം.

പാശ്ചാത്യാധുനികതയുടെ  കൂറ്റന്‍ യന്ത്രങ്ങള്‍ സൃഷ്ടിച്ച ഫാസിസ്റ്റ് പൊട്ടന്‍ഷ്യലിനെതിരെയാണ് ചാപ്ലിന്‍ നീങ്ങുന്നത്. അതാണ് ഗ്രേറ്റ് ഡിക്‌ടേറ്ററിനെ മറ്റു ഫാസിസ്റ്റ് വിരുദ്ധ ചിത്രങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നത്. ജൂതനായ ക്ഷുരകനും അഡ്‌നോയ്ഡ് ഹിങ്കലും എന്ന വിപരീതം മുതല്‍ ജൂതരും  നാസികളുമെന്ന രാഷ്ട്രവിപരീതം വരെ നീളുന്ന രാഷ്ട്രീയമാണ് ചിത്രം പറയുന്നത്. പ്രത്യക്ഷത്തിലുള്ള ആക്ഷേപഹാസ്യത്തിനപ്പുറത്ത് ആഴത്തിലുള്ള പ്രത്യയ ശാസ്ത്ര വിമര്‍ശനം സിനിമയില്‍ നിന്ന് സാധ്യമാണ്.

പാശ്ചാത്യനാഗരികതയുടെ അടിസ്ഥാനത്തെ വിമര്‍ശിക്കാത്ത ഫാസിസ്റ്റ് വിരുദ്ധതക്ക്  രാഷ്ട്രീയ വിമോചനശേഷി കുറവായിരിക്കും. ജനാധിപത്യം ഒരു ബദലാണ്. പക്ഷേ കേവല ഭൂരിപക്ഷത്താല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ഒന്നായി ജനാധിപത്യം മനസ്സിലാക്കപ്പെടുന്നിടത്തോളം കാലം ഒരു പടവപ്പുറത്ത് സമാഗാധിപത്യം നിലയുറപ്പിക്കുന്നുണ്ട്. അപരത്തെക്കുറിച്ചുള്ള ഒരു കരുതലാണ് ജനാധിപത്യം എന്ന് (concern for the other) റസല്‍. ഹിറ്റ്‌ലറും തിരഞ്ഞെടുപ്പില്‍ ജയിച്ചുവന്ന ഭരണാധികാരിയാണ്.

ബി. രാജീവന്‍

അഭാജ്യമായ, സത്തയായി വ്യക്തി മനസ്സിലാക്കപ്പെടുമ്പോള്‍ തനിക്ക് പുറത്തുള്ള ലോകത്തോട് (Objective world) പുലര്‍ത്തേണ്ട വിനിമയങ്ങളില്‍ ഹിംസയുടെ ബീജങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടാവും. മനുഷ്യന്‍ സാമൂഹ്യബന്ധങ്ങളുടെ സമുച്ചയമാണെന്ന് മാര്‍ക്‌സ് ആവര്‍ത്തിക്കുന്നത് വ്യക്തി/ സമൂഹം എന്ന വിപരീത കല്‍പനയെ മറികടക്കാന്‍ വേണ്ടിയാണ്.

ആധുനികനായ വ്യക്തി അടിസ്ഥാനപരമായി ഫാസിസ്റ്റാണ്. അതുകൊണ്ട് തന്നെയാണ് തന്റെ പ്രസംഗത്തില്‍ ക്ഷുരകന്‍ പറയുന്ന വാക്കുകള്‍ തന്നെ ഹിങ്കല്‍ തന്റെ പെറ്റിബൂര്‍ഷ്വ മാനസികാവസ്ഥയില്‍ പറയുമായിരുന്നതെന്ന് ഡിസെക്  നിരീക്ഷിച്ചത് (വി.സി. ശ്രീജന്‍  ഈ നിരീക്ഷണത്തോട് വിയോജിക്കുന്നുവെങ്കിലും). അധികാരം കൈയ്യിലുള്ള ഹിങ്കലും അധികാരത്തിന് പുറത്തുള്ള ക്ഷുരകനും ആധുനിക വ്യക്തികളാണ്. സത്താപരമായി നിര്‍വചിക്കപ്പെടുന്ന ആധുനിക വ്യകതിക്കു  രാഷ്ട്രീയാധികാരവും സാഹചര്യങ്ങളുടെ പ്രലോഭനവും ചേര്‍ന്നാല്‍ സ്വേച്ഛാധികാരിയാവാം. പ്രശ്‌നം പാശ്ചാത്യനാഗരികതയുടെ വേരുകളില്‍തന്നെയണെന്ന് ചുരുക്കം.

ഇതിനെ മറികടക്കാനുള്ള രാഷ്ട്രീയായുധമായി ചാപ്ലിന്‍ ചൂണ്ടിക്കാണിക്കുന്നത്. സ്‌നേഹം, കരുണ, ആര്‍ദ്രത പോലുള്ള, ആധുനികത ക്ഷുദ്രമെന്ന് വിളിച്ച മാനുഷിക വികാരങ്ങളെയാണ്. ഹെന്നയോടുള്ള ഒടുങ്ങാത്ത സ്‌നേഹമാണ് ക്ഷുരകന്റെ  അവസാന പ്രഭാഷണത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്. അപരത്തോടുള്ള സ്‌നേഹം  (Self as the host of the other  എന്ന് ലെവിനാസ്) മാണ് വിമോചനശേഷി കൈക്കൊള്ളേണ്ടത്.

ചാള്‍സ് ചാപ്ലിന്‍

സ്‌നേഹത്തിലൂടെയാണ് വ്യക്തിത്വത്തിന്റെ ശക്തികള്‍ വ്യക്തിബോധത്തിന്റെ ഇടുങ്ങിയ ഭിത്തികളെ ഭേദിക്കുന്നതെന്ന് ബി. രാജീവന്‍ സ്വയം ആതിഥേയനാവുന്ന അതിഥിയുടെ ദു:ഖങ്ങളെയും വ്യാകുലതകളെയും തന്നിലേക്ക് കണ്ണിചേരുന്ന പരാനുവര്‍ത്തന  (Becoming)  പ്രക്രിയയിലാണ് ഫാസിസം സിനിമയില്‍ തോല്‍പ്പിക്കപ്പെടുന്നത്. ചരിത്രത്തില്‍ പക്ഷേ സംഘടിതമായ സൈനിക ശക്തിക്ക് മുന്‍പില്‍ ആത്മഹത്യയില്‍  അഭയം പ്രാപിക്കുകയായിരുന്നു.

സൈനിക ശേഷിക്ക് മുന്‍പില്‍ പരാജയപ്പെട്ട ഫാസിസം എന്നത് കേവലം മിത്ത് മാത്രമാണ്. ഉയിര്‍ത്തെഴുന്നേല്‍ക്കാനുളള ഏത് സാധ്യതയിലും അത് പുതു ജീവിതം തേടാന്‍ ശ്രമിക്കാം. പണ്ടെങ്ങോ മരണമടഞ്ഞ ഹിറ്റ്‌ലറുടെ സ്വഭാവസവിശേതകള്‍ അതേപടി ആവര്‍ത്തിക്കുന്ന  സമകാലിക ഭരണാധികാരിയെന്ന ഫേസ് ബുക്ക് പോസ്റ്റ് നോക്കൂ. ഹിറ്റ്‌ലര്‍ മരിച്ചിട്ടില്ലെന്ന് വ്യക്തമാവും.

ചോദ്യം ചെയ്യേണ്ടത് എതിര്‍ത്തു തോല്‍പ്പിക്കേണ്ടത് ഉദ്ഗ്രഥിത വ്യക്തിത്വം എന്ന ബോധത്തെയാണ് ഓരോ വ്യക്തികളും ബഹുലതയാണെന്ന് മനസ്സിലാക്കപ്പെടാത്തിടത്തോളം അപരത്തെ ആത്മത്തിലേക്ക് ചേര്‍ത്ത് വെക്കാന്‍ ശ്രമിക്കാത്തിടത്തോളം കാലം ഫാസിസം അതിന്റെ വസൂരിവിത്തുമായി പതിയിരിക്കും. തിരുവാതിര ഞാറ്റുവേലക്ക് പൊട്ടിമുളക്കാനായി ഗ്രേറ്റ് ഡിക്റ്റര്‍ അതാണ് പറയുന്നത്.

അടുത്തപേജില്‍ തുടരുന്നു


ഒരു വശത്ത് സര്‍വ്വശക്തനും മറുവശത്ത് അഗിനിഗൂഢമായ ശരാശരിക്കാരനും. ഈ ശരാശരി മനുഷ്യന്‍ പലപ്പോഴും നിര്‍മ്മിതിയാവും, രാഷ്ട്രത്തിലെ  എല്ലാവരുടെയും പ്രാതിനിധ്യം അവകാശപ്പെടാന്‍ കഴിയുന്ന ഒരാളെന്ന മിത്ത് അയാള്‍ക്ക് കൂടെയുണ്ടാകും. നരേന്ദ്രമോഡിയെക്കുറിച്ചുയര്‍ന്നിരുന്ന ചായക്കടക്കാരന്‍ എന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാലറിയാം ദ ഗ്രേറ്റ് ലിറ്റില്‍മാന്‍ രൂപപ്പെടുന്നതെങ്ങനെയെന്ന്.


“മഹാനായ ചെറിയ മനുഷ്യന്‍”  (The Great little man) എന്ന ബിംബം

രാഷ്ട്രം നേരിടുന്ന സാമ്പത്തികവും ധാര്‍മ്മികവുമായ പ്രതിസന്ധികളുടെ പരിഹാരമാര്‍ഗ്ഗമായി സര്‍വ്വാധികാരിയായ ഒരു ഏകനേതാവ് ഉയര്‍ന്നു വരുന്നതാണ് ഫാസിസത്തിന്റെ പ്രാഥമിക പടവ്. ഒന്നാം ലോകമഹായുദ്ധത്തില്‍ നേരിട്ട പരാജയം സൃഷ്ടിച്ച അപമാനവും സാമ്പത്തിക മാന്ദ്യവും മറികടക്കാന്‍ ശേഷിയുള്ള നേതൃബിംബമായി ഹിറ്റ്‌ലര്‍ ഉയര്‍ത്തിക്കാണിക്കപ്പെടുകയായിരുന്നു. ഈ നേതൃബിംബത്തിനുണ്ടായിരിക്കേണ്ട ഒരു സവിശേഷത അഡോണോ വ്യക്തമാക്കുന്നുണ്ട്. “മഹാനായ ചെറിയ മനുഷ്യന്‍” എന്ന രൂപത്തിലാണയാള്‍ പ്രത്യക്ഷപ്പെടുക.

ഒരു വശത്ത് സര്‍വ്വശക്തനും മറുവശത്ത് അഗിനിഗൂഢമായ ശരാശരിക്കാരനും. ഈ ശരാശരി മനുഷ്യന്‍ പലപ്പോഴും നിര്‍മ്മിതിയാവും, രാഷ്ട്രത്തിലെ  എല്ലാവരുടെയും പ്രാതിനിധ്യം അവകാശപ്പെടാന്‍ കഴിയുന്ന ഒരാളെന്ന മിത്ത് അയാള്‍ക്ക് കൂടെയുണ്ടാകും. നരേന്ദ്രമോഡിയെക്കുറിച്ചുയര്‍ന്നിരുന്ന ചായക്കടക്കാരന്‍ എന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാലറിയാം ദ ഗ്രേറ്റ് ലിറ്റില്‍മാന്‍ രൂപപ്പെടുന്നതെങ്ങനെയെന്ന്.

ഈ നേതൃബിംബത്തിന്റെ പ്രകാശന രൂപമാണ്  അഡ്‌നോയ്ഡ് ഹിങ്കലായി ചാപ്ലിന്‍ അനശ്വരമാക്കിയത്. ഈ ബിംബത്തിന് പുറകില്‍  ജനത ആള്‍ക്കൂട്ടമായി മാറും. ഹിങ്കലിന്റെ ആദ്യ പ്രഭാഷണം ശ്രദ്ധിച്ചാലറിയാം. അയാള്‍ക്ക് മുന്‍പിലും പിറകിലുമായി അച്ചടക്കത്തോടെയിരിക്കുന്ന ആള്‍ക്കൂട്ടം.

പ്രസംഗത്തിനിടയില്‍ അയാളുടെ ഓരോ കൈയ്യാംഗ്യവുമായാണ് ജനങ്ങളെ നിയന്ത്രിക്കുന്നത്. തന്റെ പ്രഭാഷണത്തിന് ആള്‍ക്കൂട്ടം എവിടെ എത്രനേരം കരഘോഷം മുഴക്കണമെന്ന് അയാള്‍ തീരുമാനിക്കും. ഒരു കൈയാംഗ്യം കൊണ്ട് ആള്‍ക്കൂട്ടത്തെ നിശബ്ദരാക്കാനും കൈയടിപ്പിക്കാനും കഴിയുന്ന ഏകബിംബം. പ്രഭാഷണാരംഭത്തില്‍ ഹിങ്കലിന്റെ പുറകില്‍ നിന്നാണ് കാമറ ആരംഭിക്കുന്നത്. തനിക്ക് മുന്‍പില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ ഹിങ്കല്‍ അഭിസംബോധന ചെയ്യുകയാണ്. വലതുകൈ ആകാശത്തിലേക്കുയര്‍ത്തി ഇടതുകൈ എളിയില്‍  കുത്തി സവിശേഷമായ ആ നില്‍പില്‍ കാമറ എങ്ങനെയാണ് സര്‍വ്വാധികാരിയായ ഏക നേതാവ് ഉയര്‍ന്ന് നില്‍ക്കുന്നത് എന്ന് കാട്ടിത്തരും. തനിക്ക് മുന്‍പില്‍ മൈക്കുകളും അതിനു പുറകില്‍ പ്രാണികളെപ്പോലെ ജനക്കൂട്ടവും, അയാളുടെ മുട്ടോളമുയരമേ ജനത്തിനുള്ളൂ.

ബെര്‍ട്രണ്ട് റസ്സല്‍

ആക്രോശത്തോളമുയര്‍ന്ന ശബ്ദമാണയാള്‍ക്കുള്ളത്, തന്റെ രാഷ്ട്രത്തിന്റെ വിമോചന സ്വപ്നങ്ങളെക്കുറിച്ചാണയാള്‍ വാചാലനാകുന്നത്. പ്രസംഗത്തിനിടയില്‍ ചിരിയുണര്‍ത്താന്‍ കാരണമായ നിരവധി രംഗങ്ങളുണ്ടെങ്കിലും ആള്‍ക്കൂട്ടം നിശബ്ദരായി അയാളെ ശ്രവിക്കുന്നേയുള്ളൂ. ആരാധനയോളമുയര്‍ന്ന മുഖഭാവമാണ് ശ്രോതാക്കളില്‍.

സംസാരത്തില്‍ ആസക്തി കൂടിയവരാണ് ഫാസിസ്റ്റ് നേതാക്കളെന്ന് അഡോണോ വിശദമാക്കുന്നുണ്ട്. ഹിറ്റ്‌ലര്‍ മികച്ച പ്രാസംഗികന്‍ കൂടിയായിരുന്നു. നിരന്തരം റേഡിയോ പ്രക്ഷേപണങ്ങളിലൂടെ  ഹിറ്റ്‌ലര്‍ ജനങ്ങളെ സ്വയം കേള്‍പ്പിച്ചിരുന്നു. നരേന്ദ്ര മോഡി നിരന്തരം ചെയ്യാന്‍ ശ്രമിക്കുന്നതും ഇത്തരമൊരു വദന- സ്വഭാവ- മാതൃക (oral- character type)  യാവാനാണ്.

റേഡിയോ പ്രക്ഷേപണങ്ങളിലൂടെയും  ടെലിവിഷനിലൂടെയും തന്റെ ശബ്ദം നിരന്തരം ജനങ്ങളിലെത്തുക. ഏകപക്ഷീയമായ ഒരു നിസംഗകേള്‍വി സ്ഥാനമായി ആള്‍ക്കൂട്ടം മാറുകയാണ് ചെയ്യുക. സംവാദങ്ങളിലോ ചര്‍ച്ചകളിലോ  നേതാവ് പൊതുവില്‍ പങ്കെടുക്കാറില്ല. അഥവാ പങ്കെടുത്താല്‍ തന്നെ അയാള്‍ പുലര്‍ത്തുന്ന അസഹിഷ്ണുത വെളിവാകുകയും ചെയ്യും.

നേതൃബിംബത്തെ ആത്മരതിയില്‍ അഭിരമിക്കുന്ന ഒരാളായി ചാപ്ലിന്‍ ചിത്രീകരിക്കുന്നത് കാണാം. ആദ്യ പ്രഭാഷണത്തിന് ശേഷം പുറത്തിറങ്ങുന്ന ഹിങ്കല്‍ തനിക്കായി കാത്തുനില്‍ക്കുന്ന സ്ത്രീകളും കുട്ടികളും സമ്മാനിക്കുന്ന പൂവുകള്‍ സ്വീകരിച്ചതിന് ശേഷമുള്ള ഷോട്ട്, അമ്മ തന്റെ  കൈക്കുഞ്ഞിനെ ഹിങ്കലിന് നീട്ടുമ്പോള്‍ കുഞ്ഞിനെയെടുത്ത് അയാള്‍ ആദ്യം ശബ്ദിക്കുന്നത് “ക്യാമറ” എന്നാണ്. സമീപസ്ഥരായ കാമറമാന്‍മാര്‍ ഓടിയെത്തുകയും ഹിങ്കല്‍  കുഞ്ഞിനെയെടുത്ത് നില്‍ക്കുന്ന ദൃശ്യം പകര്‍ത്തുകയും ചെയ്യുന്നു. കുഞ്ഞ് അയാളുടെ മുഖത്തേക്ക് തന്നെയാണ് നോക്കുന്നതെങ്കിലും  അയാളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി പോലും വിടരുന്നില്ല. ചിരിക്കാനുളള അയാളുടെ ശ്രമങ്ങള്‍ അസാധാരണമായ ഏതോ ഭാവചേഷ്ടയില്‍ അവസാനിക്കുന്നു.

സമാനമായ മറ്റ് രംഗങ്ങളാണ്  ഓഫീസ് മുറിക്ക് തൊട്ടടുത്ത് ഹിങ്കല്‍ കുടിയിരുത്തുന്ന ശില്‍പിയും ചിത്രകാരനുമായുള്ള വിനിമയങ്ങളും തന്റെ തിരക്കുകള്‍ക്കിടയില്‍ ലഭിക്കുന്ന ഇത്തിരി സമയത്ത് അയാള്‍ ഇവരുടെ സങ്കേതത്തിലെത്തുന്നു. അയാള്‍ക്കായി കാത്തിരിക്കുന്ന കലാകാരന്മാര്‍ കിട്ടുന്ന  സെക്കന്റുകളില്‍ അയാളെ ക്യാന്‍വാസിലും ശില്‍പ്പത്തിലും ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്നു. സെക്കന്റുകള്‍ മാത്രമേ അയാള്‍ക്കവിടെ മോഡലായിരിക്കാന്‍ കഴിയുന്നുള്ളൂ. ഈ രംഗം നിരന്തരം ആവര്‍ത്തിക്കപ്പെടുന്നു. തന്റെ ഛായാ ചിത്രത്തോട് നേതാവ് പുലര്‍ത്തുന്ന അസാധാരണമായ ഈ ഭ്രമം ഹിറ്റ്‌ലറില്‍ മാത്രമൊതുങ്ങുന്ന ഒന്നല്ലെന്ന് നമുക്കിന്ന് വ്യക്തമാണല്ലോ.


രണ്ട് വിരുദ്ധ ലോകങ്ങളാണ് സിനിമയുടെ ആഖ്യാനതന്ത്രത്തെ  ബലപ്പെടുത്തുന്നത്. ജൂതനായ ക്ഷുരകന്റെയും ഹന്നയുടെയും നിഷ്‌കളങ്ക ലോകവും അഡ്‌നോയ്ഡ് ഹിങ്കലിന്റെ അധികാരത്തിന്റെ ലോകവും. ക്ഷുരകന്റെ ലോകം ചെറുതും സ്‌നേഹവാത്സല്യങ്ങളാല്‍ നിറഞ്ഞതുമാണ്. അലക്കുകാരിയായ ഹന്നയും അവളുടെ കുടുംബവുമാണ് ക്ഷുരകന്റെ പുറം ലോകം. ഹന്നയാകട്ടെ സ്വന്തം ശരീരത്തേക്കാള്‍ സുന്ദരമാക്കാന്‍ ശ്രമിക്കുന്നത് മുഷിഞ്ഞ വിഴുപ്പുകളെയാണ്.


അച്ചടക്ക സമൂഹവും ഏകനേതാവും

രണ്ട് വിരുദ്ധ ലോകങ്ങളാണ് സിനിമയുടെ ആഖ്യാനതന്ത്രത്തെ  ബലപ്പെടുത്തുന്നത്. ജൂതനായ ക്ഷുരകന്റെയും ഹന്നയുടെയും നിഷ്‌കളങ്ക ലോകവും അഡ്‌നോയ്ഡ് ഹിങ്കലിന്റെ അധികാരത്തിന്റെ ലോകവും. ക്ഷുരകന്റെ ലോകം ചെറുതും സ്‌നേഹവാത്സല്യങ്ങളാല്‍ നിറഞ്ഞതുമാണ്. അലക്കുകാരിയായ ഹന്നയും അവളുടെ കുടുംബവുമാണ് ക്ഷുരകന്റെ പുറം ലോകം. ഹന്നയാകട്ടെ സ്വന്തം ശരീരത്തേക്കാള്‍ സുന്ദരമാക്കാന്‍ ശ്രമിക്കുന്നത് മുഷിഞ്ഞ വിഴുപ്പുകളെയാണ്.

രാഷ്ട്രീയമായ കലക്കങ്ങളെക്കുറിച്ച് ക്ഷുരകന്‍ അധികം  അറിയുന്നില്ല. അയാളുടെ ചെറിയ ലോകത്ത് അത്തരം വലുപ്പങ്ങള്‍ക്ക് സ്ഥാനമില്ല. ഹന്നയും അയാളും തമ്മില്‍ രൂപപ്പെടുന്ന സവിശേഷമായ ബന്ധമാണ് രാഷ്ട്രീയാധികാരത്തിനെതിരെയുള്ള അയാളുടെ ഏക ആയുധം. എതിര്‍ലോകമാകട്ടെ ആയുധത്തിന്റെയും ഹിംസയുടെയും വെറുപ്പിന്റെയും ഭരണകൂടാധികാരത്തിന്റെതാണ്. ഭരണകൂടാധികാരം സിവിലിയന്‍മാരുടെ സ്വാധീകാരത്തിലേക്ക് കടന്ന് വരുന്നതോടെയാണ് ക്രമം തെറ്റുന്നത്.

യൂറോപ്യന്‍ ആധുനികതയുടെ വൈരുദ്ധ്യങ്ങളിലാണ് സിനിമയുടെ രാഷ്ട്രീയം നില്‍ക്കുന്നത്. വിപരീത ദ്വന്ദങ്ങളില്‍ ഹിങ്കലിന്റെ ലോകമാണ് ആധുനികതയുടെ ദേശരാഷ്ട്ര സങ്കല്‍പം. അയാളത്  സാധ്യമാക്കുന്നതാവട്ടെ പ്രജകളില്‍ നിന്ന് പൗരനിലേക്ക് മാറിയ വ്യക്തികളെ വീണ്ടും പ്രജകളാക്കിക്കൊണ്ടാണ്. ജനം  അയാള്‍ക്ക് മുന്‍പില്‍ (പലപ്പോഴും പുറകില്‍) ആള്‍ക്കൂട്ടമായി മാറുകയാണ്. ആള്‍ക്കൂട്ട മന:ശാസ്ത്രത്തില്‍ അയാള്‍  ആരാധനാ ബിംബവുമാണ്.

സിസെക്

ഹിറ്റ്‌ലര്‍ അക്കാലത്ത് ലോകമൊട്ടുക്ക് തന്നെ ആരാധിക്കപ്പെട്ടിരുന്നല്ലോ. പലപ്പോഴും അയഥാര്‍ത്ഥമായ ഭീതി വിതച്ച് അവയില്‍ നിന്നും ജനതയെ രക്ഷിക്കാന്‍ കഴിവുള്ള അവതാരമായോ  അതിഭൗതികശക്തിയായോ നേതാവുയരുന്നു. സിവില്‍ സമൂഹത്തെ അച്ചടക്കവത്ക്കരിച്ചുകൊണ്ടാണ് നേതാവ് ഭരണകൂടാധികാരം ഫാസിസത്തിലേക്ക് നീക്കുന്നത്. ഈ അച്ചടക്കവത്ക്കരണമാണ് ഹിങ്കലിന്റെ ലോകത്തില്‍ ഒന്നടങ്കം കാണുന്നത്. ക്ഷുരകന്റെ ജീവിതം പോലെ ചിതറിയതോ  ക്രമമില്ലാത്തതോ അല്ല അത്. തന്റെ ചുറ്റും എല്ലായ്‌പ്പോഴുമുള്ള പട്ടാളക്കാരെപ്പോലെ അയാളുടെ ലോകവും യൂണിഫോം ധരിച്ച സയുക്തികതയുടെതാണ്.

ഈ ഇരുലോകങ്ങളും തമ്മിലിടയുമ്പോഴാട്ടെ ഭരണകൂടാധികാരത്തിന് മേല്‍ സ്‌നേഹമെന്ന ജൈവാധികാരം വിജയം വരിക്കുകയാണ്. ഹിങ്കലിന്റെ ആദ്യ പ്രസംഗവും  ക്ഷുരകന്റെ അവസാന പ്രസംഗവുമാണ് സിനിമയുടെ കാതലെന്ന് പറയാം.  ക്ഷുരകന്‍ തന്റെ പ്രസംഗത്തില്‍ മുറുകെപിടിക്കുന്നത് ആധുനികതയുടെ തന്നെ മൂല്യങ്ങളാണ് എന്നതാണ് വൈരുദ്ധ്യം.

സാര്‍വ്വലൗകികതയിലേക്ക് കുതിക്കാനാണ് അയാള്‍ ആഹ്വാനം ചെയ്യുന്നത്. ആധുനികതയെ ഏകപക്ഷീയമായി വിമര്‍ശിച്ചുകൊണ്ടോ തള്ളിക്കളഞ്ഞുകൊണ്ടോ വിമോചനം സാധ്യമല്ല എന്ന് തന്നെയാണ് സിനിമ പറഞ്ഞുവെക്കുന്നത്.  ഭൂഗോളത്തെ ഒറ്റക്ക് കൈയിലേറ്റി അമ്മാനമാടുന്ന ഹിങ്കലിന്റെ ദൃശ്യത്തിനും ക്ഷുരകന്റെ അവസാന പ്രസംഗത്തിനും പശ്ചാത്തലമാകുന്നത് റിച്ചാര്‍ഡ് വാഗ്നറുടെ സംഗീതമാണ്.

ബലൂണ്‍ തകരുമ്പോള്‍ പൊടുന്നനെ അവസാനിക്കുന്ന മ്യൂസിക് ക്ഷുരകന്റെ അവസാന പ്രസംഗത്തിലാണ് പൂര്‍ത്തിയാവുന്നത്. ഹിറ്റ്‌ലറിനും ചാപ്ലിനും ഒരുപോലെ വാഗ്നറുടെ സംഗീതം ഇഷ്ടമായിരുന്നത്രേ.  ആധുനികത നല്‍കിയ  വലിയ കുതിപ്പുകളെ കാലത്തിനനുസരിച്ച് സ്വാംശീകരിച്ച് ആധിപത്യങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് സ്‌നേഹം ഉയര്‍ത്തപ്പെടുമ്പോഴാണ് ഫാസിസം തോറ്റ് പിന്മാറുക.

ആത്മത്തെ ആതിഥേയവല്‍ക്കരിക്കുക എന്ന ലെവിനാസിന്റെ ആശയത്തിന്റെ പ്രസക്തി ഇവിടെയാണ്. വിരുദ്ധലോകങ്ങളാക്കി  പിളര്‍ത്തി ഒന്ന് മറ്റൊന്നിന്റെ അപരമാക്കുന്ന ഫാസിസ്റ്റ് തന്ത്രം തോല്‍പ്പിക്കപ്പെടേണ്ടത് പരസംക്രമത്തിന്റെ ഒടുങ്ങാത്ത അലകള്‍ കൊണ്ടാവണം. അപരം നിലനില്‍ക്കുമ്പോഴേ ആത്മമുളളൂ എന്ന തത്വത്തിലാണ് രാഷ്ട്രീയ വിമോചനം. കൂടിച്ചേര്‍ന്ന് ഒരോളപ്പരപ്പായ, സാമൂഹ്യബന്ധങ്ങളുടെ ആകെത്തുകയായ മനുഷ്യനെ നിയതത്വങ്ങളിലേക്ക് ചുരുക്കുന്ന ബോധ്യങ്ങള്‍ മുതല്‍ വംശശുദ്ധിക്കായി ന്യനപക്ഷങ്ങളെ അപരവത്ക്കരിച്ച് ഇല്ലായ്മ ചെയ്യാനുള്ള രാഷ്ട്രീയാഹ്വാനം വരെ ചോദ്യം ചെയ്യപ്പെടേണ്ടത് ഒന്നാവലിലൂടേയാണ്. പരത്തെ ആഹത്തിലേക്ക് സംക്രമിക്കുന്നതിലൂടെയാണ്.

സഹായക ഗ്രന്ഥങ്ങള്‍

1. സുനില്‍ പി. ഇളയിടം, വീണ്ടെടുപ്പുകള്‍.
2. ശ്രീജന്‍ വി.സി., വിമര്‍ശനാത്മക സിദ്ധാന്തം.
3. ശ്രീജന്‍ വി.സി., സ്ലാവോയ് സിസെകിന്റെ പ്രത്യയശാസ്ത്രസങ്കല്‍പം
4. രാജീവന്‍ ബി., വാക്കുകളും വസ്തുക്കളും
5. Samuel Moyn, Origins of the other.

We use cookies to give you the best possible experience. Learn more