| Saturday, 16th July 2022, 8:32 pm

മൊറോക്കോയില്‍ ഇസ്രഈലി വാര്‍ത്താ ചാനല്‍; പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റബാത്: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ ഇസ്രഈലി വാര്‍ത്താ ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇസ്രഈലില്‍ നിന്നുള്ള i24ന്യൂസ് ചാനലിനെതിരെയാണ് മൊറോക്കോയിലെ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധമുയരുന്നത്.

ഇസ്രഈലും മൊറോക്കോയും തമ്മിലുള്ള ബന്ധത്തിന്റെ നോര്‍മലൈസേഷനിലേക്കുള്ള അടുത്ത ചുവടായാണ് ഇസ്രഈലി വാര്‍ത്താ ചാനല്‍ രാജ്യത്ത് പ്രവര്‍ത്തനമാരംഭിക്കുന്നത് എന്നും അത് 2020 മുതല്‍ നടക്കുന്ന, ഇസ്രഈലും അറബ് രാജ്യങ്ങളും തമ്മിലുള്ള വിപുലമായ അനുരഞ്ജന നീക്കങ്ങളുടെ ഭാഗമാണെന്നുമാണ് മൊറോക്കോയിലെ മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

മൊറോക്കോയിലെ റബാതിലും കാസബ്ലാന്‍കയിലുമായിരുന്നു i24ന്യൂസ് ഓഫീസുകള്‍ ആരംഭിച്ചത്. മൊറോക്കില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യത്തെ ഇസ്രഈലി മാധ്യമ സ്ഥാപനം കൂടിയാണ് i24ന്യൂസ്.

അതേസമയം, i24ന്യൂസിന്റെ ഉടമസ്ഥനും ഡയറക്ടറും മൊറോക്കന്‍ വേരുകളുള്ളവരാണ്.

മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ട് പ്രകാരം മൊറോക്കോയുടെ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പിന്തുണയോട് കൂടിയാണ് വാര്‍ത്താ ചാനല്‍ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഇക്കഴിഞ്ഞ മേയ് 30നാണ് ചാനലിന്റെ ഉടമസ്ഥന്‍ പാട്രിക് ഡ്രാഹി ഇസ്രഈലില്‍ നിന്നും മൊറോക്കയില്‍ നിന്നുമുള്ള 500ഓളം മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മൊറോക്കന്‍ തലസ്ഥാനമായ റബാതില്‍ വെച്ച് നടന്ന ചടങ്ങില്‍ ചാനല്‍ ലോഞ്ച് ചെയ്തത്.

2013 ജൂലൈ 17നായിരുന്നു i24ന്യൂസ് ഇസ്രഈലില്‍ പ്രക്ഷേപണമാരംഭിച്ചത്. ഇസ്രഈലിലെ തുറമുഖ നഗരമായ ജാഫ കേന്ദ്രീകരിച്ചാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്.

ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക് എന്നീ ഭാഷകളിലാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്. ഇസ്രഈലിന് പുറമെ ഫ്രാന്‍സിലും അമേരിക്കയിലും യു.എ.ഇയിലും ചാനലിന് ഓഫീസുകളുണ്ട്.

Content Highlight: Opening of Israeli news channel in Morocco sparks backlash from journalists itself 

We use cookies to give you the best possible experience. Learn more