ഓപ്പണ്‍ എ.ഐക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരനായ ഇന്ത്യന്‍ വംശജന്‍ മരിച്ച നിലയില്‍
World News
ഓപ്പണ്‍ എ.ഐക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരനായ ഇന്ത്യന്‍ വംശജന്‍ മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th December 2024, 1:06 pm

സാന്‍ഫ്രാന്‍സിസ്‌കോ: ഓപ്പണ്‍ എ.ഐയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ ഇന്ത്യന്‍ വംശജനായ സുചിര്‍ ബാലാജിയെ മരിച്ച നിലയില്‍ കണ്ടെത്തി. സാന്‍ഫ്രാന്‍സിസ്‌കോയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് മുന്‍ ഓപ്പണ്‍ എ.ഐ ജീവനക്കാരനായ സുചിര്‍ ബാലാജിയുടെ മൃതദേഹം കണ്ടെത്തിയത്.

ഓപ്പണ്‍ എ.ഐയിലെ റിസര്‍ച്ചറായി ജോലി ചെയ്തിരുന്ന സുചിര്‍ ബാലാജി, കമ്പനി അവരുടെ ചാറ്റ് ബോട്ടായ ചാറ്റ് ജി.പി.ടിയുടെ നിര്‍മാണത്തിനിടെ പകര്‍പ്പവകാശ നിയമം ലംഘിച്ചു എന്നാരോപിച്ചിരുന്നു. നാല് വര്‍ഷത്തോളം ഓപ്പണ്‍ എ.ഐയില്‍ ജോലി ചെയ്ത ബാലാജി ചാറ്റ് ജി.പി.ടി വികസിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

തുടക്കത്തില്‍, കമ്പനി പകര്‍പ്പവകാശമുള്ള മെറ്റീരിയല്‍ ഉള്‍പ്പെടെയുള്ള മറ്റ് ഓണ്‍ലൈന്‍ ഡാറ്റകള്‍ ഉപയോഗിക്കുന്നത് അനുവദനീയമാണെന്ന് സുചിര്‍ ബാലാജി വിശ്വസിച്ചിരുന്നു. പിന്നീട് 2022ന്റെ അവസാനത്തോടെ ചാറ്റ് ജി.പി.ടി പുറത്തിറങ്ങിയ ശേഷമാണ് ഇത്തരത്തില്‍ പകര്‍പ്പവകാശമുള്ള ഉള്ളടക്കങ്ങളെ ആശ്രയിക്കുന്നതിന്റെ ധാര്‍മികവും നിയമപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സുചിര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്.

തുടര്‍ന്ന് 2023 ഓഗസ്റ്റില്‍, ബാലാജി ഓപ്പണ്‍ എ.ഐയില്‍ നിന്ന് രാജിവെക്കുകയും തന്റെ ആശങ്കകളെക്കുറിച്ച് പരസ്യമായി സംസാരിക്കുകയും ചെയ്തിരുന്നു. കമ്പനി അതിന്റെ ജനറേറ്റീവ് എ.ഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിന് പകര്‍പ്പവകാശമുള്ള കണ്ടന്റുകള്‍ നിയമവിരുദ്ധമായി ഉപയോഗിച്ചതായി അദ്ദേഹം ആരോപിച്ചു.

ഓപ്പണ്‍ എ.ഐയ്ക്കെതിരെ എഴുത്തുകാരും പ്രോഗ്രാമര്‍മാരും പത്രപ്രവര്‍ത്തകരും തങ്ങളുടെ അനുവാദമില്ലാതെ കണ്ടന്റുകള്‍ ഉപയോഗിച്ച് എന്നാരോപിച്ച് കേസ് ഫയല്‍ ചെയ്ത അവസരത്തിലായുരുന്നു ബാലാജിയുടെയും വെളിപ്പെടുത്തല്‍.

അതേസമയം സുചിറിന്റെ മരണം സാന്‍ഫ്രാന്‍സിസ്‌കോ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മരണകാരണം വ്യക്തമാക്കിയിട്ടില്ല. പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകം നടന്നതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല.

Content Highlight: OpenAI whistleblower Suchir Balaji found dead in San Francisco apartment