കോഴിക്കോട്: ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം.
എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നും അനുശാസിക്കുകയും തന്റെ മതദര്‍ശനത്തെ ‘ഏകമതം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത ശ്രീനാരായണ ഗുരുവിന് ഇന്നും എന്നും നവോത്ഥാന കേരളത്തിലുള്ള സ്ഥാനം ഒരു തര്‍ക്കത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ളതല്ലെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ പറഞ്ഞു. കേരളത്തെ ഭ്രാന്താലയമാക്കി തിരിച്ചുകൊണ്ടുവരാനുള്ള സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളവും വളവും കൊടുക്കുന്ന വെള്ളാപ്പള്ളി നടേശന്റെ ഇടുങ്ങിയ മനസിനെ പുച്ഛിക്കാതിരിക്കാനുമാവില്ലെന്നും ജനയുഗം പുറഞ്ഞു.
ഗുരുവിന്റെ കാഴ്ചപ്പാടുകളെയാകമാനം തീണ്ടാപാടകലെയാക്കാനും ഗുരു കരുത്തുപകര്‍ന്ന ഒരു സംഘടിത സംവിധാനത്തെ കേവലം കുടുംബസ്വത്തെന്നപോലെ കൈപ്പിടിയിലാക്കുവാനും വിധം ഇടുങ്ങിയ മനസ്സ് പരുവപ്പെടുത്തിയത് നവോത്ഥാന കേരളത്തിന് മാനക്കേടാണെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞു.
ശ്രീനാരായണ ഗുരുവിനോടുള്ള കേരളനാടിന്റെ അടങ്ങാത്ത ആദരവും കടപ്പാടുമാണ്, ജനങ്ങളുടെ നികുതിപ്പണം വിനിയോഗിച്ച് സ്ഥാപിച്ച ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന്റെ സ്മാരകമാകണമെന്ന തീരുമാനത്തിനു പിന്നിലെന്നും പത്രം ചൂണ്ടികാട്ടി. അതിനെ നയിക്കാന്‍ മുസ്ലിം നാമധാരിയായ ഒരാളെ നിയോഗിച്ചതില്‍, രാജ്യത്ത് വര്‍ഗീയ വിഷംപകര്‍ന്നാടുന്ന ബി.ജെ.പിയുടെ സംസ്ഥാന നേതാവോ സംഘപരിവാര്‍ ചിന്താഗതി പ്രചരിപ്പിക്കുന്ന പ്രതിപക്ഷനേതാവോ വിമര്‍ശിക്കുന്നതിനെ ആരും ആ അര്‍ത്ഥത്തിലേ കാണൂ. എന്നാല്‍ ഗുരുദേവന്‍ ആദ്യ അധ്യക്ഷനായി രൂപംകൊടുത്ത ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റെ ജനറല്‍ സെക്രട്ടറി, അവരുടെ നിലവാരത്തിലേക്ക് തരംതാഴ്ന്നത് ശ്രീനാരായണ ഗുരുവിനെ സ്മരിക്കുന്ന കേരളവാസികള്‍ക്കാകെ അപമാനമാണെന്ന് പറയാതിരിക്കാനാവില്ലെന്നും ജനയുഗം പറഞ്ഞു.
ജന്മംകൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി ഒരിക്കലും ശ്രീനാരായണ ഗുരു അംഗീകരിച്ചിരുന്നില്ല. ജാതിലക്ഷണം, ജാതിനിര്‍ണ്ണയം പോലുള്ള ഗുരുവിന്റെ ജാതിസങ്കല്പം വ്യക്തമാക്കുന്ന കൃതികളെ പുതിയതലമുറയ്ക്ക് മുന്നില്‍ വെറും കടലാസുകെട്ടായി ചിത്രീകരിക്കാനാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി ഈവിധം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും പത്രം ആരോപിച്ചു.
നവോത്ഥാന കേരളത്തിനും മലയാളികള്‍ക്കാകെയും ഇതിന് ഐക്യം നേരാനാവില്ല. ഗുരുദേവന്റെ പേരിലുള്ള സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായി മലബാറുകാരനായ പ്രവാസിയെ നിയമിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ വാശികാണിച്ചെന്നാണ് ഗുരുദേവ ദര്‍ശനം പോലും മറന്ന് വെള്ളാപ്പള്ളി പറഞ്ഞുവച്ചിരിക്കുന്നത്. ഇതേ വര്‍ഗീയ നിലപാടുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റും പ്രതിപക്ഷനേതാവും കൊല്ലത്തെ പാര്‍ലമെന്റംഗവുമെല്ലാം രംഗത്തുവന്നത് തീര്‍ത്തും രാഷ്ട്രീയവും ജാതിബോധവും ഉള്ളില്‍വച്ചുതന്നെയാണെന്നും ജനയുഗം പറഞ്ഞു.
ജാതിയോ മതമോ നോക്കാതെ വി.സിയെ നിയമിച്ച സര്‍ക്കാര്‍ നടപടി, കേരളത്തിലെ മതേതര ചിന്തയ്ക്ക് മുറിവേല്‍പ്പിച്ചുവെന്ന വെള്ളാപ്പള്ളിയുടെ അതേ വര്‍ഗീയ മനസ്സോടെ ഇങ്ങനെ ആവര്‍ത്തിക്കപ്പെടുന്നത് കേരളത്തെ വീണ്ടും എങ്ങോട്ടടുപ്പിക്കാനുള്ള ലക്ഷ്യംവച്ചാണെന്ന് മനസിലാക്കുവാനും പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതുമില്ല. ഗുരുവിന് വേണ്ടി ഉചിതമായ സ്മാരകങ്ങളുണ്ടാവുകയെന്നത് ഓരോ മലയാളിയുടെയും ആഗ്രഹമാണെന്നും ജനയുഗം ചൂണ്ടികാട്ടി.
ജനയുഗത്തിന്റെ എഡിറ്റോറിയല്‍ പൂര്‍ണരൂപം,
എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നും അനുശാസിക്കുകയും തന്റെ മതദര്‍ശനത്തെ ‘ഏകമതം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത ശ്രീനാരായണ ഗുരുവിന് ഇന്നും എന്നും നവോത്ഥാന കേരളത്തിലുള്ള സ്ഥാനം ഒരു തര്‍ക്കത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ളതല്ല. കേരളത്തെ ഭ്രാന്താലയമാക്കി തിരിച്ചുകൊണ്ടുവരാനുള്ള സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളവും വളവും കൊടുക്കുന്ന വെള്ളാപ്പള്ളി നടേശന്റെ ഇടുങ്ങിയ മനസിനെ പുച്ഛിക്കാതിരിക്കാനുമാവില്ല.
ഗുരുവിന്റെ കാഴ്ചപ്പാടുകളെയാകമാനം തീണ്ടാപാടകലെയാക്കാനും ഗുരു കരുത്തുപകര്‍ന്ന ഒരു സംഘടിത സംവിധാനത്തെ കേവലം കുടുംബസ്വത്തെന്നപോലെ കൈപ്പിടിയിലാക്കുവാനും വിധം ഇടുങ്ങിയ മനസ്സ് പരുവപ്പെടുത്തിയത് നവോത്ഥാന കേരളത്തിന് മാനക്കേടാണ്. ശ്രീനാരായണ ഗുരുവിനോടുള്ള കേരളനാടിന്റെ അടങ്ങാത്ത ആദരവും കടപ്പാടുമാണ്, ജനങ്ങളുടെ നികുതിപ്പണം വിനിയോഗിച്ച് സ്ഥാപിച്ച ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന്റെ സ്മാരകമാകണമെന്ന തീരുമാനത്തിനു പിന്നില്‍. അതിനെ നയിക്കാന്‍ മുസ്ലിം നാമധാരിയായ ഒരാളെ നിയോഗിച്ചതില്‍, രാജ്യത്ത് വര്‍ഗീയ വിഷംപകര്‍ന്നാടുന്ന ബിജെപിയുടെ സംസ്ഥാന നേതാവോ സംഘപരിവാര്‍ ചിന്താഗതി പ്രചരിപ്പിക്കുന്ന പ്രതിപക്ഷനേതാവോ വിമര്‍ശിക്കുന്നതിനെ ആരും ആ അര്‍ത്ഥത്തിലേ കാണൂ. എന്നാല്‍ ഗുരുദേവന്‍ ആദ്യ അധ്യക്ഷനായി രൂപംകൊടുത്ത ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റെ ജനറല്‍ സെക്രട്ടറി, അവരുടെ നിലവാരത്തിലേക്ക് തരംതാഴ്ന്നത് ശ്രീനാരായണ ഗുരുവിനെ സ്മരിക്കുന്ന കേരളവാസികള്‍ക്കാകെ അപമാനമാണെന്ന് പറയാതിരിക്കാനാവില്ല.
ജന്മംകൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി ഒരിക്കലും ശ്രീനാരായണ ഗുരു അംഗീകരിച്ചിരുന്നില്ല. ജാതിലക്ഷണം, ജാതിനിര്‍ണ്ണയം പോലുള്ള ഗുരുവിന്റെ ജാതിസങ്കല്പം വ്യക്തമാക്കുന്ന കൃതികളെ പുതിയതലമുറയ്ക്ക് മുന്നില്‍ വെറും കടലാസുകെട്ടായി ചിത്രീകരിക്കാനാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി ഈവിധം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നവോത്ഥാന കേരളത്തിനും മലയാളികള്‍ക്കാകെയും ഇതിന് ഐക്യംനേരാനാവില്ല. ഗുരുദേവന്റെ പേരിലുള്ള സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായി മലബാറുകാരനായ പ്രവാസിയെ നിയമിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ വാശികാണിച്ചെന്നാണ് ഗുരുദേവ ദര്‍ശനം പോലും മറന്ന് വെള്ളാപ്പള്ളി പറഞ്ഞുവച്ചിരിക്കുന്നത്. ഇതേ വര്‍ഗീയ നിലപാടുമായി ബിജെപി സംസ്ഥാന പ്രസിഡന്റും പ്രതിപക്ഷനേതാവും കൊല്ലത്തെ പാര്‍ലമെന്റംഗവുമെല്ലാം രംഗത്തുവന്നത് തീര്‍ത്തും രാഷ്ട്രീയവും ജാതിബോധവും ഉള്ളില്‍വച്ചുതന്നെയാണ്. ജാതിയോ മതമോ നോക്കാതെ വിസിയെ നിയമിച്ച സര്‍ക്കാര്‍ നടപടി, കേരളത്തിലെ മതേതര ചിന്തയ്ക്ക് മുറിവേല്‍പ്പിച്ചുവെന്ന വെള്ളാപ്പള്ളിയുടെ അതേ വര്‍ഗീയ മനസ്സോടെ ഇങ്ങനെ ആവര്‍ത്തിക്കപ്പെടുന്നത് കേരളത്തെ വീണ്ടും എങ്ങോട്ടടുപ്പിക്കാനുള്ള ലക്ഷ്യംവച്ചാണെന്ന് മനസിലാക്കുവാനും പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതുമില്ല. ഗുരുവിന് വേണ്ടി ഉചിതമായ സ്മാരകങ്ങളുണ്ടാവുകയെന്നത് ഓരോ മലയാളിയുടെയും ആഗ്രഹമാണ്.
കേരളീയ നവോത്ഥാനത്തിന്റെ കെടാവിളക്കായ ശ്രീനാരായണഗുരു, അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവാണെന്നത് വിസ്മരിക്കാനാവുന്നതല്ല. കേരളത്തില്‍ ഒരു ഓപ്പണ്‍ സര്‍വകലാശാല എന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനത്തിന് ശ്രീനാരായണ ഗുരുവിന്റെ വിദ്യാഭ്യാസ ചിന്തകള്‍ ഒരു കരുത്തുമാണ്. സ്വാഭാവികമായും അത്തരമൊരു സംരംഭത്തിന് ഗുരുസ്മരണയുടെ വലയമല്ലാതെ മറ്റൊന്നിനും ശക്തിപകരാനാവില്ലെന്ന് തീര്‍ത്തുപറയാം. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ ഓപ്പണ്‍ സര്‍വകലാശാല നിലവില്‍ വന്നു. കേരളത്തില്‍ നിലകൊള്ളുന്ന നാല് സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ സൗകര്യങ്ങള്‍ സംയോജിപ്പിച്ചാണ് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ആരംഭിച്ചിരിക്കുന്നത്. ഏത് പ്രായത്തിലുള്ളവര്‍ക്കും ഇവിടെ പഠിക്കാനും കോഴ്‌സ് പൂര്‍ത്തിയാക്കാതെ ഇടയ്ക്ക് പഠനം നിര്‍ത്തുന്നവര്‍ക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുമെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ദേശീയ അന്തര്‍ദേശീയ രംഗത്തെ പ്രഗത്ഭരായ അധ്യാപകരടക്കം ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നുവെന്ന പ്രത്യേകത ഈഘട്ടത്തില്‍ ശ്രദ്ധേയമാണ്. ഇവരാരും ഒരുപക്ഷെ ശ്രീനാരായണ ദര്‍ശനങ്ങളില്‍ പാണ്ഡിത്യമുള്ളവരായിരിക്കണമെന്നില്ല. ഇവരുടെ സാന്നിധ്യവും സഹകരണവും ഉദ്ദേശിക്കുന്നത് പരമ്പരാഗത കോഴ്‌സുകള്‍ക്ക് പുറമേ നൈപുണ്യ വികസന കോഴ്‌സുകളും അതിന്റെ സാധ്യതകളും വിദ്യാഭ്യാസം ഉന്നംവച്ചെത്തുന്നവരുടെ ഉയര്‍ച്ചക്കുവേണ്ടിയാണ്. അനാവശ്യമായ വിചാരവികാര പ്രകടനങ്ങളും വിലകുറഞ്ഞ അഭിപ്രായങ്ങളും വിഷംനിറഞ്ഞ വര്‍ഗീയ പ്രചാരണവും ശ്രീനാരായണ ഗുരുവിന്റെ നാമത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ ഉയര്‍ത്തുന്നത് ജനങ്ങള്‍ തള്ളിക്കളയണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക