പനാജി: ഗോവയില്‍ ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ ബി.ജെ.പി ഒഴികെയുള്ള പാര്‍ട്ടികളുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ്.
ഫെബ്രുവരി 14ന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം മാര്‍ച്ച് 10 നാണ് പ്രഖ്യാപിക്കുന്നത്.
ഭൂരിപക്ഷം നേടാന്‍ ആവശ്യമായ 21ല്‍ താഴെ സീറ്റാണ് പാര്‍ട്ടിക്ക് കിട്ടുന്നതെങ്കില്‍ ആം ആദ്മി പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണ തേടാന്‍ തയ്യാറാണെന്ന് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഗോവ ഡെസ്‌ക് ഇന്‍ചാര്‍ജ് ദിനേഷ് ഗുണ്ടു റാവു ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് മുമ്പ് ഗോവയിലെ ഏറ്റവും പഴയ പ്രാദേശിക സംഘടനയായ എം.ജി.പിയുമായി സഖ്യമുണ്ടാക്കിയിരുന്നു.
കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ അന്നുതന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുമെന്ന് ഗുണ്ടു റാവു പറഞ്ഞു.
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 17 സീറ്റുകള്‍ നേടിയപ്പോള്‍ ബി.ജെ.പി 13 സീറ്റുകള്‍ നേടിയിരുന്നു.
എന്നാല്‍, മറ്റ് ചില പാര്‍ട്ടികളുമായും സ്വതന്ത്രന്മാരുമായും പെട്ടെന്ന് സഖ്യമുണ്ടാക്കി ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടതോടെ സഭയിലെ അംഗബലം രണ്ടായി ചുരുങ്ങി.
Content HIghlights: ‘Open to post-poll alliance with non-BJP parties’: Congress extends olive braches to AAP, Trinamool ahead of Goa results