മഹാസഖ്യത്തോടൊപ്പം; നിലപാട് വ്യക്തമാക്കി ബി.ജെ.പി വിട്ട മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ; 'രാഹുല്‍ പ്രധാനമന്ത്രി കസേരയിലിരിക്കും'
national news
മഹാസഖ്യത്തോടൊപ്പം; നിലപാട് വ്യക്തമാക്കി ബി.ജെ.പി വിട്ട മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ; 'രാഹുല്‍ പ്രധാനമന്ത്രി കസേരയിലിരിക്കും'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th December 2018, 10:35 am

പാറ്റ്‌ന: ബീഹാറില്‍ മഹാസഖ്യത്തോടൊപ്പം ചേരാന്‍ തീരുമാനിച്ചതായി ബി.ജെ.പിയില്‍ നിന്നും രാജിവെച്ച കേന്ദ്രമന്ത്രിയും ആര്‍.എല്‍.എസ്.പി തലവനുമായ ഉപേന്ദ്ര കുശ്വാഹ.

യു.പി.എ പ്രതിനിധികളുമായി ആര്‍.എല്‍.എസ്.പി നേതാക്കള്‍ സംസാരിച്ചുകഴിഞ്ഞെന്നും ഉടന്‍ തന്നെ പത്രസമ്മേളനം വിളിച്ച് പ്രഖ്യാപനം നടത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച സ്ഥാപകന്‍ ജിതന്‍ രാം മജി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. പ്രതിപക്ഷത്തു നിന്നും ശരദ് യാദവും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

മൂന്ന് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയില്‍ നിന്ന് ഭരണം പിടിച്ചെടുത്ത കോണ്‍ഗ്രസ് നേതൃത്വത്തേയും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും അദ്ദേഹം അഭിനന്ദിച്ചു. പക്വതയും പാകവും വന്ന ഒരു നേതാവായി രാഹുല്‍ മാറിക്കഴിഞ്ഞെന്നും നരേന്ദ്രമോദി ഇപ്പോള്‍ ഇരിക്കുന്ന പ്രധാനമന്ത്രി കസേരിയില്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഇരിക്കുമെന്നും ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.

ബി.ജെ.പിയിലെ നേതാക്കളെല്ലാം അഹങ്കാരവും ധാര്‍ഷ്ട്യമുള്ളവരുമാണ്. പ്രത്യേകിച്ച് നിതീഷ് കുമാര്‍. അവരുടെയെല്ലാം സമീപനം കൊണ്ടുകൂടിയാണ് എന്‍.ഡി.എയില്‍ നിന്നും വിട്ടുപോരാന്‍ തീരുമാനിച്ചതെന്നും എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.

രാം വിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടി(എല്‍.ജെ.പി)യും അധികം വൈകാതെ എന്‍.ഡി.എ വിടുമെന്നും ഉപേന്ദ്ര കുശ്വാഹ പറഞ്ഞു. “” ഞങ്ങള്‍ മാത്രമല്ല മറ്റുള്ളവരും ബി.ജെ.പിയുടെ നയങ്ങളില്‍ അസംതൃപ്തരാണ്. അധികം വൈകാതെ തന്നെ എല്‍.ജെ.പിയും ബി.ജെ.പിയില്‍ നിന്ന് പുറത്തുവരും. ചെറിയ പാര്‍ട്ടികളെ ഇല്ലാതാക്കാമെന്നാണ് ബി.ജെ.പിയിലെ ചില നേതാക്കള്‍ കരുതിയിരിക്കുന്നത്. എന്നാല്‍ അത് നടക്കില്ല. എല്‍.ജെ.പിയ്ക്കും ബി.ജെ.പിയുടെ ഉള്ളിലിരിപ്പ് ബോധ്യപ്പെട്ടുകഴിഞ്ഞു. ഒട്ടും വൈകാതെ തന്നെ ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ച് അവര്‍ പുറത്തുവരും- ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.

ബീഹാറിലെ സീറ്റ് ഷെയറിങ് അറിയാന്‍ വേണ്ടി കാത്തിരിക്കുകയാണ് എല്‍.ജെ.പി ആറ് സീറ്റില്‍ കുറവ് മാത്രമാണ് ലഭിക്കുന്നതെങ്കില്‍ എന്‍.ഡി.എയുമായുള്ള സഖ്യം എല്‍.ജെ.പി ഉപേക്ഷിക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.


സിറിയയില്‍ നിന്നും മുഴുവന്‍ യു.എസ് സൈന്യത്തേയും പിന്‍വലിക്കുമെന്ന് ട്രംപ്; ഇനി അവിടെ ഒന്നും ചെയ്യാനില്ലെന്ന് വിശദീകരണം


മോദി സര്‍ക്കാരിന്റെ കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണത്തേയും ഉപേന്ദ്ര കുശ്വാഹ കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. ബി.ജെ.പി അധികാരത്തിലെത്തുമ്പോള്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ രാജ്യത്തെ ജനങ്ങളെ മുഴുവന്‍ നിരാശയിലാക്കിയാണ് അവര്‍ ഭരണം ഒഴിയുന്നത്. കര്‍ഷകര്‍ മുന്‍പെങ്ങും ഇല്ലാത്ത രീതിയില്‍ പ്രതിസന്ധി അഭിമുഖീകരിച്ചു. യുവാക്കള്‍ക്ക് തൊഴിലില്ല. അത്തരത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍. ഇതില്‍ നിന്നെല്ലാം ഒരു മാറ്റം കൂടിയേ തിരൂ. – ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.

ആര്‍.എസ്.എസിന്റെ രാമക്ഷേത്ര കാമ്പയിനേയും ഉപേന്ദ്ര കുശ്വാഹ പരിഹസിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് ആര്‍.എസ്.എസിന്റേതെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 11 നാണ് കേന്ദ്ര മാനവശേഷി വികസന സഹമന്ത്രിയായ ഉപേന്ദ്ര കുശ്വാഹ രാജിവെച്ചത്. ബിഹാറിലെ ലോക്‌സഭാ സീറ്റ് വിഭജനത്തെ സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു രാജി. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എല്‍.എസ്.പി ബിഹാറില്‍ 3 സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യു എന്‍.ഡി.എയിലേക്ക് തിരിച്ചെത്തിയതോടെ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2 സീറ്റുകള്‍ മാത്രമേ നല്‍കുകയുള്ളുവെന്നാണ് ബി.ജെ.പി നേതൃത്വം അറിയിച്ചിരിക്കുന്നത്. ഇതാണ് എന്‍.ഡി.എ വിടാന്‍ ആര്‍.എല്‍.എസ്.പിയെ പ്രേരിപ്പിച്ചത്.