പഞ്ചാബില്‍ പുത്തന്‍ രാഷ്ട്രീയ സമവാക്യങ്ങള്‍; അമരീന്ദറിന്റെ പാര്‍ട്ടിയുമായി സഖ്യത്തിന് ബി.ജെ.പി
national news
പഞ്ചാബില്‍ പുത്തന്‍ രാഷ്ട്രീയ സമവാക്യങ്ങള്‍; അമരീന്ദറിന്റെ പാര്‍ട്ടിയുമായി സഖ്യത്തിന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th October 2021, 9:45 pm

ന്യൂദല്‍ഹി: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും ബി.ജെ.പിയും തമ്മിലുള്ള സഖ്യത്തിന് ധാരണയായെന്ന് റിപ്പോര്‍ട്ട്. അമരീന്ദര്‍ സിംഗിനെ ഒരു ദേശസ്‌നേഹിയായി പ്രഖ്യാപിക്കുന്നതായും രാജ്യതാല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്നവരുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്നും ബി.ജെ.പി അറിയിച്ചു.

അമരീന്ദര്‍ സിംഗ് രാജവംശ രാഷ്ട്രീയത്തില്‍ നിന്ന് ദേശീയതയിലേക്ക് നീങ്ങുകയാണെന്ന് പഞ്ചാബിന്റെ ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതം പറഞ്ഞു.

കര്‍ഷകരുടെ പ്രശ്നം അവരുടെ താല്‍പ്പര്യാര്‍ത്ഥം പരിഹരിക്കപ്പെട്ടാല്‍ ബി.ജെ.പിയുമായി സംഖ്യമുണ്ടാക്കന്‍ തയ്യാറാണെന്ന് അമരീന്ദര്‍ സിംഗ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോഴത്തെ പ്രശംസ.

‘അദ്ദേഹം കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചു. ഞങ്ങള്‍ അതിന് പ്രതിജ്ഞാബദ്ധരാണ്, കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കും. സമയം വരുമ്പോള്‍ ഇരുവരും ഒരുമിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും,’ ഗൗതം പറഞ്ഞു.

അതേസമയം, പുതിയ പാര്‍ട്ടി രൂപീകരിച്ച് കര്‍ഷക സമരത്തിന് പരിഹാരം കാണുമെന്നും അമരീന്ദര്‍ സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ ബി.ജെ.പിയുമായി സഹകരിക്കുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദര്‍ സിംഗ് അറിയിച്ചു.

ഇരുപത് എം.എല്‍.എമാരുടെ പിന്തുണയാണ് അമരീന്ദര്‍ സിംഗ് അവകാശപ്പെടുന്നത്.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു അമരീന്ദര്‍ സിംഗിനോട് കോണ്‍ഗ്രസ് നേതൃത്വം രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. ഇതോടെ ഇനിയും അപമാനം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.

അമരീന്ദര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഇതിനിടയില്‍ ശക്തിപ്പെട്ടിരുന്നെങ്കിലും ബി.ജെ.പിയിലേക്ക് ഇല്ലെന്ന് അമരീന്ദര്‍ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ തുടരില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

താന്‍ ഇതുവരെ കോണ്‍ഗ്രസുകാരനാണെന്നും പക്ഷേ കോണ്‍ഗ്രസില്‍ തുടരില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിനിടയില്‍ അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  BJP open to alliance with ‘patriot Amarinder Singh’