| Friday, 19th June 2020, 7:19 pm

താങ്കള്‍ ഏതെങ്കിലും അംഗനവാടി കണ്ടിട്ടുണ്ടോ?; ശ്രീനിവാസന് അംഗനവാടി അധ്യാപികയുടെ തുറന്നകത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അംഗനവാടി ജീവനക്കാരെ അപമാനിച്ച നടന്‍ ശ്രീനിവാസന്  കോഴിക്കോട്ടെ അംഗനവാടി അധ്യാപിക ലക്ഷ്മി ദാമോദറിന്റെ തുറന്ന കത്ത്. കേരളത്തിലെ ഏതെങ്കിലും അംഗനാവടി താങ്കള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന് ലക്ഷ്മി ശ്രീനിവാസനോട് ചോദിച്ചു.

‘ക്യാമറയുടെ മുമ്പില്‍ എന്തും പറയാനുള്ള ഊര്‍ജ്ജം നല്ലതാണ്. പക്ഷെ കാര്യങ്ങള്‍ പഠിക്കണം എന്നിട്ടേ പറയാന്‍ പാടുള്ളു. കൃത്യമായി ട്രെയിനിംഗ് കിട്ടിയ, ജീവനക്കാരാണ് അംഗനവാടിയിലെന്ന് മനസ്സിലാക്കാതെയുള്ള താങ്കളുടെ ഈ അഭിപ്രായം പിന്‍വലിക്കണം’, കത്തില്‍ പറയുന്നു.

ജപ്പാനില്‍ സൈക്യാട്രിയും സൈക്കോളജിയും കഴിഞ്ഞവരാണ് കിന്റര്‍ ഗാര്‍ഡനില്‍ ക്ലാസെടുക്കുകയെന്നും എന്നാല്‍ ഇവിടെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നും അപ്പോള്‍ കുട്ടികള്‍ക്കും അത്രയേ നിലവാരം ഉണ്ടാകുള്ളൂവെന്നുമായിരുന്നു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞത്.

ശ്രീനിവാസന്റെ പ്രസ്താവനയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു.

പരാമര്‍ശം സാംസ്‌ക്കാരിക കേരളത്തിന് യോജിക്കാത്തതാണെന്ന് കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. ശ്രീനിവാസന്‍ പരാമര്‍ശം പിന്‍വലിക്കണമെന്നും ഷാഹിദാ കമാല്‍ ആവശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ്ണരൂപം:

ബഹുമാനപ്പെട്ട ശ്രീനിവാസന്‍,
താങ്കള്‍ അങ്കണവാടി ജീവനക്കാരെ കുറിച്ചു പറഞ്ഞല്ലോ!

. കേരളത്തിലെ ഏതെങ്കിലും ഒരു അങ്കണവാടി താങ്കള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ??

അങ്കണവാടിയില്‍ നടക്കുന്ന പ്രവര്‍ത്തനം എന്തെന്നറിയുമോ??

താങ്കളുടെ മക്കള്‍ പഠിച്ചത് അങ്കണവാടിയിലാവില്ല എന്നും അറിയാം. അങ്കണവാടിയില്‍ ജീവനക്കാര്‍ ചെയ്യുന്ന ജോലി എന്തെല്ലാം എന്ന് താങ്കള്‍ക്കറിയാമോ..?

അങ്കണവാടി ജീവനക്കാരെ നിങ്ങള്‍ സംബോധന ചെയ്ത ആ ഒരു രീതിയുണ്ടല്ലോ, വളരെ മോശമായിപ്പായി. സ്ത്രീപക്ഷ സിനിമയെടുത്ത് സ്ത്രീകളോട് ബഹുമാനം ഉള്ള തിരക്കഥയെഴുതുന്ന താങ്കള്‍ ഇത്രമോശമായി സംസാരിച്ചതില്‍ നിന്നും മനസ്സിലായി താങ്കളാരാണ് എന്ന്….

വളരെ മോശമായ ഈ പ്രസ്ഥാവന നിങ്ങള്‍ ഇറക്കിയത് കേരളത്തിലെ സാധാരണക്കാരന്റെ മക്കള്‍ പഠിക്കുന്ന സ്ഥാപനത്തെ കുറിച്ചാണ്. അങ്കണവാടി ജീവനക്കാര്‍ ഉപയോഗിക്കുന്ന Smart Phone (ICDS CAS) താങ്കള്‍ ഒന്നു കാണണം. അലഞ്ഞു നടക്കുന്നവളുമാരല്ല അത് കൈകാര്യം ചെയ്യുന്നത്.

ഗവണ്‍മെന്റ് കൃത്യമായി ട്രൈനിംഗ് നല്കിയ ജീവനക്കാരണ്.ഇന്ത്യയില്‍ പൊതുമേഖലയില്‍ ആദ്യമായാണ് ഇത്തരം ഒരു ആപ്ലിക്കേഷന്‍ കീഴ്ജീവനക്കാര്‍ ഉപയോഗിക്കുന്നതെന്നും ഒന്ന് താങ്കള്‍ അറിയണം.. ക്യാമറയുടെ മുമ്പില്‍ എന്തും പറയാനുള്ള ഊര്‍ജ്ജം നല്ലതാണ്. പക്ഷെ കാര്യങ്ങള്‍ പഠിക്കണം എന്നിട്ടേ പറയാന്‍ പാടുള്ളു.

കൃത്യമായി ട്രൈനിംഗ് കിട്ടിയ, ജീവനക്കാരാണ് അങ്കണവാടിയിലെന്ന് മനസ്സിലാക്കതെയുള്ള താങ്കളുടെ ഈ അഭിപ്രായം പിന്‍വലിക്കണം….
അനൗപചാരിക വിദ്യാഭ്യാസമാണ് ഒരു കുട്ടിയുടെ അടിത്തറയിടുന്നത്. അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുന്ന സ്ഥാപനങ്ങളാണ് അങ്കണവാടികള്‍.

83% തലച്ചോറിന്റെ വളര്‍ച്ച നടക്കുന്ന കാലഘട്ടത്തിന്റെ പ്രാധാന്യവും കുട്ടികളുടെ മനശാസ്ത്രവും അടിസ്ഥാനപരമായി ജീവനക്കാര്‍ക്ക് ഗവണ്‍മെന്റ് ട്രൈനിംഗ് പിരീടില്‍ നല്കുന്നു എന്നതുകൂടെ അറിയുക…….

ലക്ഷ്മി ദാമോദര്‍, കുറ്റ്യാടി
C. NO.89
കുന്നുമ്മല്‍ 1CDS,
കോഴിക്കോട്:, കേരള,

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more