സ്വര്‍ഗത്തിലേക്കുള്ള കണക്കെടുപ്പ് നടക്കുമ്പോള്‍ ജീവനക്കാരോട് കാണിച്ച അനീതിയും എണ്ണപ്പെടും; മീഡിയവണ്‍ മാനേജ്‌മെന്റിന് ജീവനക്കാരന്റെ തുറന്ന കത്ത്
Daily News
സ്വര്‍ഗത്തിലേക്കുള്ള കണക്കെടുപ്പ് നടക്കുമ്പോള്‍ ജീവനക്കാരോട് കാണിച്ച അനീതിയും എണ്ണപ്പെടും; മീഡിയവണ്‍ മാനേജ്‌മെന്റിന് ജീവനക്കാരന്റെ തുറന്ന കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th October 2016, 2:38 pm

മീഡിയവണ്‍ ചാനല്‍ മാനേജ്‌മെന്റിന് തുറന്ന കത്തുമായി ജീവനക്കാരന്‍. ചാനലില്‍ നിന്നും പിരിച്ചുവിടല്‍ ഭീഷണി നേരിടുന്ന ജീവനക്കാരിലൊരാളായ അഫ്‌സല്‍ മാനേജ്‌മെന്റിന്റെ തെറ്റായ നടപടികള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്.


 

കോഴിക്കോട്:  ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള മീഡിയവണ്‍ ചാനല്‍ മാനേജ്‌മെന്റിന് തുറന്ന കത്തുമായി ജീവനക്കാരന്‍. ചാനലില്‍ നിന്നും പിരിച്ചുവിടല്‍ ഭീഷണി നേരിടുന്ന ജീവനക്കാരിലൊരാളായ അഫ്‌സല്‍ മാനേജ്‌മെന്റിന്റെ തെറ്റായ നടപടികള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്.

2015 മുതല്‍ ചാനലില്‍ വിഷ്വല്‍ എഡിറ്ററായി ജോലിചെയ്യുകയാണ് അഫ്‌സല്‍. അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് പിരിച്ചു വിടല്‍ നടപടിയെന്ന് പോസ്റ്റില്‍ പറയുന്നു.

മീഡിയാവണ്‍ മാനേജ്‌മെന്റിനോട് പുറത്താക്കല്‍ ഭീഷണി നേരിടുന്ന ഒരു ജീവനക്കാരന്‍

പതിനൊന്ന് വര്‍ഷം കൈരളി / പീപ്പിള്‍ ചാനലില്‍ വിഷ്വല്‍ എഡിറ്ററായി ജോലി ചെയ്തതിന് ശേഷം 2015 ജൂലായിലാണ് മീഡിയാ വണില്‍ ഞാന്‍ ജോയിന്‍ ചെയ്യുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ ചാനലാണെന്ന പൂര്‍ണ ബോധ്യത്തോടെത്തന്നെയാണ് ഇവിടെ ജോലി ചെയ്യാനുള്ള തീരുമാനം എടുക്കുന്നത്. മതപരമായ വിലക്കുകളെക്കുറിച്ചും സ്ഥാപനത്തിനകത്തെ ജനാധിപത്യത്തെക്കുറിച്ചും ഉള്ള സംശയങ്ങള്‍ സുഹൃത്തുക്കളില്‍ പലരും പ്രകടിപ്പിച്ചിരുന്നുവെങ്കിലും രണ്ട് കാരണങ്ങളാണ് മീഡിയാ വണ്‍ എന്ന തീരുമാനമെടുക്കാന്‍ കാരണമായത്.

തീര്‍ച്ചയായും അതിലൊന്ന് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് മാധ്യമം എന്ന സ്ഥാപനം എടുത്തിട്ടുള്ള ആര്‍ജ്ജവമുള്ള നിലപാടുകള്‍ തന്നെയായിരുന്നു. മാധ്യമം ആഴ്ചപ്പതിപ്പും മാധ്യമം പത്രവും അരികുവത്കരിക്കപ്പെട്ടവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി നിലകൊണ്ടിട്ടുള്ളതിന്റെ ചരിത്രം എല്ലാ കേരളീയരേയും പോലെ എനിക്കും അറിയാവുന്നതാണ്. ജനകീയ മനുഷ്യാവകാശപ്പോരാട്ടങ്ങളില്‍ ജമാ അത്തെ ഇസ്ലാമിയും യുവജന സംഘടനകളും മാധ്യമവും അമ്പരപ്പിക്കുന്ന, ഒരു പക്ഷേ മറ്റ് മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങള്‍ക്ക് കഴിയാത്ത വിധം നിലപാടെടുത്തിട്ടുണ്ട് എന്നറിയാം. നേര്, നന്മ എന്ന ടാഗ് ലൈനോട് കൂടി തുടങ്ങിയ മീഡിയ വണ്‍ ചാനലിന് വ്യത്യസ്തമായ ഒരു നിലപാടെടുക്കുക സാധ്യമല്ലല്ലോ?( എന്നായിരുന്നു പ്രതീക്ഷ ) .

രണ്ടാമത്തെ കാരണം സാമ്പത്തികമാണ്. ജോലി ചെയ്തിരുന്ന സ്ഥാപനത്തേക്കാള്‍ മികച്ച പ്രതിഫലം തന്നെയാണ് കഴിഞ്ഞ പതിനാല് മാസവും എനിക്ക് ലഭിച്ചത്. ജോലി ചെയ്തിരുന്ന കൈരളി ചാനലിലേതുപോലെത്തന്നെ സ്വതന്ത്രമായ വര്‍ക്കിങ്ങ് അറ്റമോസ്ഫിയറാണ് മീഡിയാ വണ്ണിലേതെന്ന് സുഹൃത്തുക്കള്‍ വഴി എനിക്ക് അറിയാന്‍ കഴിഞ്ഞിരുന്നു.

മീഡിയാവണ്‍ ഒരു സ്വകാര്യ സ്ഥാപനമാണ് എന്നറിയാം. കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കെടുക്കുന്ന തൊഴിലാളികളെ ഏത് സമയത്തും ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള അധികാരം സ്വകാര്യ സ്ഥാപനങ്ങള്‍ക്കുണ്ട് എന്നും അറിയാം. ഈ വിവരം കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ തന്നെയാണ് എന്റെ കൈവശമുള്ളത്. എങ്കിലും ചില കാര്യങ്ങള്‍ ചോദിക്കുകയും പറയുകയും ചെയ്യുകയാണ്.

media

 

• നാല്‍പതോളം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിക്കുമ്പോള്‍ അത് ജനാധിപത്യപരമായ മര്യാദകളോടെ ജീവനക്കാരെ നേരിട്ടറിയിക്കാനുള്ള മിനിമം ഉത്തരവാദിത്തം എന്തുകൊണ്ടാണ് മാനേജ്‌മെന്റ് കാണിക്കാത്തത്?

• ഡിസംബര്‍ മാസം വരെ സ്ഥാപനത്തില്‍ തുടരാമെന്നും അതിനുള്ളില്‍ മറ്റു ജോലികള്‍ കണ്ടെത്തിക്കൊള്ളണമെന്നും അതാണ് ഞങ്ങള്‍ക്കുള്ള നഷ്ടപരിഹാരമെന്നുമാണ് പിരിച്ചുവിടലിനെക്കുറിച്ച് അന്വേഷിച്ച സഹപ്രവര്‍ത്തകരോട് എച്ച്. ആര്‍. ഡിപ്പാര്‍ട്ട്‌മെന്റിലുള്ളവര്‍ പറഞ്ഞത്. പിരിച്ചു വിടലിനും ഇല്ലേ സാര്‍ മനുഷ്യത്വപരമായ രീതികള്‍?

• മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന ഞങ്ങളില്‍ പലരും മീഡിയാവണ്ണില്‍ എത്തിയത് മാനേജ്‌മെന്റ് വിളിച്ചിട്ടാണ് എന്ന് ഓര്‍മയുണ്ടാവും എന്നു കരുതുന്നു. അത്രയ്‌ക്കൊന്നും ഊഷ്മളമായിട്ടല്ലെങ്കിലും ഇപ്പോള്‍ നിങ്ങളെ സ്ഥാപനത്തിന് ആവശ്യമില്ല എന്ന് ഒരു മീറ്റിങ്ങെങ്കിലും വിളിച്ച് പറയാമായിരുന്നില്ലേ?

• ന്യൂസ് ചാനല്‍ ലൈസന്‍സില്‍, ന്യൂസ് ചാനല്‍ തന്നെയായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ എങ്ങനെയാണ് പെട്ടെന്ന് ജീവനക്കാര്‍ക്കിടയില്‍ ന്യൂസ് / പ്രോഗ്രാം എന്ന വേര്‍തിരിവ് കൊണ്ടുവരാന്‍ കഴിഞ്ഞത്? മീഡിയാവണ്‍ ഗള്‍ഫ് എന്ന ചാനല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന കാരണം എങ്ങനെയാണ് ന്യൂസ് ചാനല്‍ ജീവനക്കാരായ ഞങ്ങള്‍ നാല്‍പ്പത് പേരുടെ പിരിച്ചുവിടലിനുള്ള കാരണമാവുന്നത്?

• കറണ്ട് അഫയേഴ്‌സ് പ്രൊഡ്യൂസര്‍മാര്‍ / ജേണലിസ്റ്റുകള്‍ ന്യൂസ് ചാനലിന്റെ ഭാഗമായിത്തന്നെ ഇപ്പോഴും ഒരു ഭീഷണിയുമില്ലാതെ സേഫ് സോണില്‍ തുടരുമ്പോള്‍ അവരുടെ പ്രോഗ്രാമുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ടെക്‌നിക്കല്‍ ജീവനക്കാര്‍ ( വിഷ്വല്‍ എഡിറ്റര്‍മാരും ക്യാമറാമാന്‍മാരും) മാത്രം ഡേഞ്ചര്‍ സോണിലാവുന്ന റിയാലിറ്റി ഷോ നിങ്ങളെങ്ങനെയാണ് സംവിധാനം ചെയ്തത്?

• മനുഷ്യാവകാശങ്ങളെയും അവകാശലംഘനങ്ങളേയും കുറിച്ച് എത്രയോ വാര്‍ത്തകളും പ്രോഗ്രാമുകളും ഞങ്ങള്‍ ഷൂട്ട് ചെയ്യുകയും എഡിറ്റുചെയ്യുകയും ചെയ്തിരിക്കുന്നു! മനുഷ്യനന്മയെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചും എത്രയെത്ര പരിപാടികള്‍ ചെയ്തിരിക്കുന്നു! ചിലതിനൊക്കെ അവാര്‍ഡുകളും കിട്ടിയിട്ടുണ്ടല്ലോ! ഓണ്‍ എയറിലെ നേരിന്റേയും നന്മയുടേയും ഒരു ശതമാനമെങ്കിലും ഓഫ് സ്‌ക്രീനില്‍ കാണിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവത്തത് എന്തുകൊണ്ടാണ്?

• ആറു മാസം മുന്‍പു തന്നെ സമ്പൂര്‍ണ്ണ ന്യൂസ് ചാനലായി മീഡിയാവണ്‍ മാറുകയാണെന്ന് പരസ്യം കൊടുത്തിരുന്നല്ലോ? ന്യൂസ് ചാനലാവുന്നതിന്റെ ഭാഗമായി ന്യൂസ് പ്രോഗ്രാമുകള്‍ അല്ലാത്ത ഭൂരിഭാഗം പ്രോഗ്രാമുകളും ഒഴിവാക്കുകയും ചെയ്തു, ശരിയാണ്. അതിനും ശേഷം വെറും നാല് മാസം മുന്‍പാണല്ലോ വേതന വര്‍ധനയും പ്രമോഷനും സ്ഥാപനം ജീവനക്കാര്‍ക്ക് നല്‍കിയത്. അതില്‍ ഇപ്പോള്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നവരും ഉണ്ടെന്ന് അറിയാമല്ലോ? അതില്‍ത്തന്നെ സ്ഥിര നിയമനം ലഭിച്ചവരും ഉണ്ട്. പിന്നെ എന്തിനാണ് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടവരെല്ലാം കരാര്‍ തൊഴിലാളികളാണെന്നും അവരുടെ കോണ്‍ട്രാക്ട് ഡിസംബറില്‍ അവസാനിക്കുമെന്നും പ്രോഗ്രാമുകള്‍ നിര്‍ത്തിയതുകൊണ്ട് ,ചെയ്യാന്‍ ജോലി ഇല്ലാതായവരെയാണ് പിരിച്ചുവിടാന്‍ തീരുമാനിക്കുന്നത് എന്നൊക്കെയുള്ള കള്ളങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നത്?

• മാധ്യമ പ്രവര്‍ത്തകരെല്ലാം ഇന്ന് കടുത്ത തൊഴില്‍ ചൂഷണത്തെ നേരിടുന്ന അവസ്ഥയുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് , കഴിഞ്ഞ ദിവസം മാധ്യമം സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ ആയിരുന്നല്ലോ എന്ന് അത്ഭുതത്തോടെ ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. സത്യമാണല്ലോ!

പല തരം കള്ളങ്ങളും വസ്തുതാ വിരുദ്ധമായ കാര്യങ്ങളും പിരിച്ചുവിടലിനെ ന്യായീകരിക്കാനായി ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ ഓണ്‍ലൈന്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുന്നതിനാലാണ് ഫേസ് ബുക്ക് വഴി ഇങ്ങനെയൊരു കുറിപ്പ് എഴുതിയത്. പ്രിന്റിലും ഓണ്‍ലൈനിലും ഓണ്‍ എയറിലും ധാരാളം മാധ്യമങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. ഇവിടങ്ങളിലൊക്കെ തൊഴിലെടുക്കുന്ന ഭൂരിപക്ഷം പേരുടേയും ജീവിതാവസ്ഥയും തൊഴില്‍ സുരക്ഷയില്ലായ്മയും അതീവ ദയനീയവുമാണ്. ആത്മകഥകളെ വാര്‍ത്തയാക്കാനുള്ള ധൈര്യമൊന്നും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇനിയും കിട്ടിയിട്ടില്ല. “പരലോകത്തെ” ?? സ്വര്‍ഗ്ഗീയ സുഖങ്ങള്‍ക്ക് വേണ്ടി ??കണക്കെടുപ്പ് നടത്തുമ്പോള്‍?? ഭൂമിയില്‍ ചാനല്‍ ജീവനക്കാരോട് കാണിച്ച അനീതിയും എണ്ണപ്പെടും എന്ന് എല്ലാവരും ഓര്‍ക്കുമല്ലോ?