പൊന്നാനി ഹാര്‍ബറിനടുത്തെ ചരിത്രപ്രാധാന്യമുള്ള പാണ്ടികശാല പൊളിച്ചുനീക്കുന്നതില്‍ ആശങ്കയറിയിച്ച് സാംസ്‌ക്കാരിക-ടൂറിസം വകുപ്പുകള്‍ക്ക് തുറന്ന കത്ത്
Kerala News
പൊന്നാനി ഹാര്‍ബറിനടുത്തെ ചരിത്രപ്രാധാന്യമുള്ള പാണ്ടികശാല പൊളിച്ചുനീക്കുന്നതില്‍ ആശങ്കയറിയിച്ച് സാംസ്‌ക്കാരിക-ടൂറിസം വകുപ്പുകള്‍ക്ക് തുറന്ന കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th December 2024, 8:08 pm

കൊച്ചി: പൊന്നാനി ഹാര്‍ബറിനോടടുത്ത് നൂറ്റാണ്ടുകളോളം പഴക്കമുള്ള പാണ്ടികശാല ഗോഡൗണിന്റെ നിലവിലെ സ്ഥിതിയില്‍ ആശങ്കയറിച്ച് സംസ്ഥാന സാംസ്‌ക്കാരിക-ടൂറിസം വകുപ്പുകള്‍ക്ക് ഡോക്യുമെന്ററി ഫോട്ടോഗ്രാഫര്‍ കെ.ആര്‍. സുനിലിന്റെ തുറന്ന കത്ത്. ചരിത്രവുമായി ബന്ധപ്പെട്ട അവശേഷിപ്പുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് കെ.ആര്‍. സുനിലിന്റെ കത്ത്.

കടല്‍ സഞ്ചാരങ്ങളുടെയും കച്ചവടങ്ങളുടെയും കടല്‍ വഴിയെത്തിയ ബന്ധങ്ങളുടെയും അവശേഷിപ്പായ പൊന്നാനി ഹാര്‍ബറിനടുത്താണ് നൂറ്റാണ്ടോളം പഴക്കമുള്ള പാണ്ടികശാല സ്ഥിതി ചെയ്യുന്നത്. വേരുകള്‍ ആഴ്ന്നിറങ്ങിയ പാണ്ടികശാല നിരവധി ചരിത്രങ്ങളുടെ അവശേഷിപ്പാണെന്നും പോസ്റ്റില്‍ പറയുന്നു.

ഇത്രയും ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തെ സ്ഥലത്തിന്റെ ഇപ്പോഴത്തെ ഉടമസ്ഥര്‍ ചുറ്റുമുള്ള മരങ്ങളെല്ലാം വെട്ടിമാറ്റി ചരിത്രസ്മാരകത്തിന്റെ പകുതിയോളം പൊളിച്ചുമാറ്റിയതായി കെ.ആര്‍.സുനില്‍ പറയുന്നു.

കേരളത്തിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള തുറമുഖ നഗരത്തിന്റെ പ്രതീകങ്ങളിലൊന്ന് ദിവസങ്ങള്‍ക്കകം പൊളിച്ചുനീക്കപ്പെടുമെന്നും ഉടമസ്ഥര്‍ പകുതിയോളം ഇതുവരെ പൊളിച്ചുമാറ്റിയതായും കെ.ആര്‍.സുനില്‍ ആശങ്കയറിച്ചു.

ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി സഞ്ചാരികള്‍ എത്തുന്ന നാടായ കേരളത്തില്‍ അഭിമാനത്തോടെ അവതരിപ്പിക്കാന്‍ കഴിയുന്ന ഇടങ്ങള്‍ തകര്‍ക്കപ്പെടുന്നുവെന്നും ഇത് സംരക്ഷിക്കേണ്ടത് ബന്ധപ്പെട്ട വകുപ്പുകളാണെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

തദ്ദേശീയ സ്മാരകങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ബാധ്യതയുള്ള സാംസ്‌ക്കാരിക വകുപ്പിന് ഇതില്‍ ഉത്തരലവാദിത്തമുണ്ടെന്നും ഇത്തരം ചരിത്രാവശേഷിപ്പുകള്‍ യാതൊരു വിലയും കല്‍പിക്കാതെ തകര്‍ക്കപ്പെടുന്ന സാഹചര്യമുണ്ടാക്കരുതെന്നും കെ.ആര്‍. സുനില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

2016ലെ കൊച്ചി ബിനാലയെില്‍ കെ.ആര്‍ സുനില്‍ പ്രദര്‍ശിപ്പിച്ച പ്രധാന ചിത്രങ്ങളിലൊന്ന് പൊന്നാനിയിലെ പാണ്ടികശാലയുടെ ചിത്രമായിരുന്നു.

കൊച്ചി ബിനാലെയിലും മട്ടാഞ്ചേരി ഉരു ആര്‍ട്ട് ഹാര്‍ബറിലും വിദേശരാജ്യങ്ങളിലും കടലുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന നിരവധി മനുഷ്യരുടെ ജീവിത കഥകള്‍ ഫോട്ടോഗ്രാഫി സീരീസുകളായി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും കെ.ആര്‍. സുനില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ചരിത്രപരമായ അവശേഷിപ്പുകളെ എന്തു വിലകൊടുത്തും സംരക്ഷിക്കുന്ന രീതിയാണ് പുറം രാജ്യങ്ങള്‍ക്കെന്നും നമ്മുടെ നാട്ടില്‍ ചരിത്ര സ്മാരകങ്ങളായി സംരക്ഷിക്കേണ്ട പല ഇടങ്ങള്‍ക്കും എന്ത് പ്രാധാന്യമാണ് ലഭിക്കുന്നതെന്നും പൊന്നാനി പാണ്ടികശാലയുടെ ചിത്രങ്ങള്‍ കാണിച്ചുകൊണ്ട് കെ.ആര്‍ സുനില്‍ ചോദിക്കുന്നുണ്ട്.

Content Highlight: Open letter to Culture and Tourism Departments expressing concern over demolition of historic Pandikashala near Ponnani Harbor