നീതിന്യായവ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് കൂടുതല്‍ വിവരങ്ങള്‍ പറയാതിരിക്കുന്നത്; ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ പൂര്‍ണരൂപം
Supreme Court
നീതിന്യായവ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് കൂടുതല്‍ വിവരങ്ങള്‍ പറയാതിരിക്കുന്നത്; ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ പൂര്‍ണരൂപം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th January 2018, 3:43 pm

ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ്,

വളരെയധികം വേദനയോടെയും ആശങ്കയോടെയുമാണ് ഇത്തരമൊരു കത്ത് ഞങ്ങള്‍ എഴുതുന്നത്. ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റെ ഭരണപരമായ പ്രവര്‍ത്തനത്തെയും നീതിന്യായ വ്യവസ്ഥയുടെ പൊതുവിലുള്ള പ്രവര്‍ത്തനത്തെയും ഹൈക്കോടതികളുടെ സ്വാതന്ത്ര്യത്തെയും വിപരീതമായി ബാധിക്കുന്ന ചില ജുഡീഷ്യല്‍ ഉത്തരവുകള്‍ ഈ കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായി എന്നത് ഉയര്‍ത്തിക്കാട്ടാനാണ് ഈ കത്തിലൂടെ ലക്ഷ്യമിടുന്നത്.

കല്‍ക്കത്ത, ബോംബെ, മദ്രാസ് ഹൈക്കോടതികള്‍ സ്ഥാപിച്ച ദിവസം മുതല്‍ ജുഡീഷ്യല്‍ അഡ്മിനിസ്‌ട്രേഷന്റെ കാര്യത്തില്‍ പരമ്പരാഗതമായ ചില രീതികളും നടപ്പുകളും സ്ഥാപിതമായിരുന്നു. മേല്‍പ്പറഞ്ഞ ഹൈക്കോടതികള്‍ രൂപീകരിക്കപ്പെട്ട് ഏതാണ്ട് ഒരുനൂറ്റാണ്ടിനുശേഷം സ്ഥാപിതമായ ഈ കോടതി വന്നശേഷവും ഈ പരമ്പരാഗതമായ രീതികള്‍ തന്നെയാണ് പിന്തുടരുന്നത്. ആംഗ്ലോസാക്‌സന്‍ നീതിന്യായവ്യവസ്ഥയില്‍ വേരൂന്നിയതാണ് ഈ രീതികള്‍.

കാര്യങ്ങള്‍ തീരുമാനിക്കാനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിനാണെന്നാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട തത്വങ്ങളില്‍ ഒന്ന്. സമയക്രമവും, കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടന്നുപോകാനാവശ്യമായ കോടതികളുടെ എണ്ണവും ഏതെങ്കിലും ഒരു കേസ് അല്ലെങ്കില്‍ ഒരു വിഭാഗം കേസുകള്‍ ഏത് ബെഞ്ചിന് വിടണമെന്നത് സംബന്ധിച്ചുള്ള ശരിയായ നടപടിക്രമങ്ങള്‍ ചെയ്യുക എന്നത്  അദ്ദേഹത്തിനുള വിശേഷാധികാരങ്ങളാണ്. കോടതി നടപടികള്‍ അച്ചടക്കത്തോടെയും കാര്യക്ഷമതയോടെയും നടന്നുപോകുന്നതിനുവേണ്ടിയാണ് ഈ സമ്പ്രദായങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. അല്ലാതെ സഹപ്രവര്‍ത്തകര്‍ക്കുമേല്‍ ചീഫ് ജസ്റ്റിസിന് ഏതെങ്കിലും തരത്തിലുള്ള നിയമപരമായതോ അല്ലെങ്കില്‍ വസ്തുതാപരമായതോ ആയ മേധാവിത്വം അംഗീകരിക്കുന്നതിനല്ല. ഈ രാജ്യത്തെ നിയമാവലി പ്രകാരം ചീഫ് ജസ്റ്റിസ് തുല്യന്മമാരില്‍ ഒന്നാമനാണ്. അതില്‍ കൂടുതലായോ കുറവോ ഒന്നുമില്ല. കോടതി കാര്യങ്ങള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസിനെ നയിക്കാന്‍ കാലഘട്ടത്തിന് അനുസൃതമായ സമ്പ്രദായങ്ങളുണ്ട്. അത് ബെഞ്ചിലെ അംഗസംഖ്യയുടെ കാര്യത്തിലായാലും ഒരു പ്ര്‌ത്യേക കേസ് ഏത് ബെഞ്ച് കൈകാര്യം ചെയ്യണമെന്ന കാര്യത്തിലായാലും.

അനുയോജ്യമായ ഒരു ബെഞ്ച് കേള്‍ക്കുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ട ഒരു വിഷയം സ്വയം അപഹരിച്ച് കൈകാര്യം ചെയ്യാനുള്ള അധികാരം ഈ കോടതി ഉള്‍പ്പെടെയുള്ള ഒന്നിലേറെ അംഗങ്ങളുളള ജുഡീഷ്യല്‍ ബോഡിയിലെ അംഗത്തിനും സാധിക്കില്ലയെന്നതാണ് മേല്‍പ്പറഞ്ഞ തത്വങ്ങള്‍ അര്‍ത്ഥമാക്കുന്നത്.

മുകളില്‍ പറഞ്ഞിരിക്കുന്ന രണ്ട് നിയമങ്ങളില്‍ നിന്നും ഏതെങ്കിലും തരത്തില്‍ വ്യതിചലിച്ചാല്‍ അത് നിയമവ്യവസ്ഥയുടെ വിശ്വാസ്യതയില്‍ സംശയം സൃഷ്ടിക്കുന്നതിലേക്ക് നയിക്കും.

മേല്‍പ്പറഞ്ഞ രണ്ട് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതില്‍ അടുത്തിടെ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്. ദേശീയ തലത്തിലും ജുഡീഷ്യറിയെ സംബന്ധിച്ചും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന കേസുകള്‍ യാതൊരു യുക്തിയുമില്ലാതെ സെലക്ടീവായി ചില ബെഞ്ചുകള്‍ക്ക് ചീഫ് ജസ്റ്റിസ് നല്‍കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ഇത് എന്തുവിലകൊടുത്തും തടയേണ്ട ഒന്നാണ്.

നീതിന്യായവ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ പറയാതിരിക്കുന്നത്. എന്നാല്‍ ഇത്തരം വ്യതിയാനങ്ങള്‍ നീതിന്യായ വ്യവസ്ഥയെ ഇതിനകം തന്നെ ഒരു പരിധി വരെ തകരാറിലാക്കിയിട്ടുണ്ട്.

മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍, വലിയ പൊതുതാല്‍പ്പര്യമുള്ള വിഷയമായതിനാല്‍ ഹൈക്കോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ (Memorandum of Procedure) സംബന്ധിച്ച അന്തിമ തീരുമാനത്തില്‍ കൂടുതല്‍ കാലതാമസം പാടില്ല എന്ന ആര്‍.പി ലുത്ര v/s യൂണിയന്‍ ഓഫ് ഇന്ത്യ കേസിലെ 2017 ഒക്ടോബര്‍ 27-ലെ ഉത്തരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍പെടുത്തുന്നതാണ് അഭികാമ്യമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സുപ്രീംകോടതി അഡ്വക്കറ്റ്സ്-ഓണ്‍-റെക്കോര്‍ഡ് അസോസിയേഷന്‍ ആന്‍ഡ് അനദര്‍ v/s യൂണിയന്‍ ഓഫ് ഇന്ത്യ [(2016) 5 SEC 1] പ്രകാരം ഹൈക്കോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നത് ഈ കോടതിയുടെ ഭരണഘടനാ ബെഞ്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണ്. എന്നിട്ടും മറ്റേതെങ്കിലും ബെഞ്ചിന് ഇതില്‍ ഇടപെടാന്‍ കഴിയുന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ കഴിയുന്നില്ല.

ഭരണഘടനാ ബെഞ്ചിന്റെ തീരുമാനത്തെ തുടര്‍ന്ന് നിങ്ങളടക്കം കോളീജിയത്തിലെ അഞ്ചു ജഡ്ജിമാര്‍ ചര്‍ച്ച ചെയ്ത് ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച ധാരണാപത്രം തയ്യാറാക്കുകയും, മാര്‍ച്ച് 2017 ല്‍ അന്നത്തെ ചീഫ് ജസ്റ്റിസിന് അയയ്ക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചില്ല. ഈ സാഹചര്യത്തില്‍ സുപ്രീം കോടതി അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ വിഷയത്തിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം മെമ്മോറാണ്ടം ഓഫ് പ്രൊസീജിയര്‍ കൊളീജിയം അംഗീകരിച്ചതായി കണക്കാക്കേണ്ടതാണ്. അതുകൊണ്ടുതന്നെ മെമ്മോറാണ്ടം ഓഫ് പ്രോസീജിയറിന് അന്തിമ അംഗീകാരം നല്‍കുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകേണ്ട സാഹചര്യമില്ല.

ജുലൈ 4 2017ന് എഴു ജഡ്ജുമാര്‍ അടങ്ങുന്ന ഒരു ബെഞ്ച് ജസറ്റിസ് സി.എസ് കര്‍ണന്റെ കാര്യത്തില്‍ തീരുമാനമെടുത്തു. ഈ തീരുമാനത്തില്‍ ജഡ്ജുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് നടപടിക്രമം പുനപരിശോധിക്കേണ്ടതുണ്ടെന്നും അതുമായി ബന്ധപ്പെട്ട് തെറ്റു തിരുത്തലുകള്‍ക്കായി കുറ്റവിചാരണമല്ലാതെ മറ്റൊരു മാര്‍ഗ്ഗം സജ്ജീകരിക്കേണ്ടതുണ്ടെന്നും ഞങ്ങളില്‍ 2 പേര്‍ നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഏഴു ജഡ്ജുമാരില്‍ മെമ്മോറാണ്ടം ഓഫ് പ്രൊസീജിയറുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളൊന്നും മുന്നോട്ടുവെച്ചില്ല.

മെമ്മോറാണ്ടം ഓഫ് പ്രോസീജിയറുമായി ബന്ധപ്പെട്ട ഏതു വിഷയവും സമ്പൂര്‍ണ്ണകോടതിയുടെ ആഭിമുഖ്യത്തില്‍ ചീഫ് ജസ്റ്റീസ് കോണ്‍ഫറന്‍സുകളില്‍ ചര്‍ച്ചചെയ്യേണ്ടതാണ്. ഗൗരവമുള്ള ഇത്തരം വിഷയം കൈകാര്യം ചെയ്യേണ്ടത് ഭരണഘടന ബെഞ്ചല്ലാതെ മറ്റാരുമല്ല.

മുകളില്‍ പറഞ്ഞ സംഭവവികാസങ്ങള്‍ വളരെ ഗൗരവമായി വേണം കാണാന്‍. ഈ സാഹചര്യത്തില്‍ തെറ്റു തിരുത്തുകയെന്നതും ശരിയായ പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കുകയെന്നതും ബഹുമാനപ്പെട്ട ഇന്ത്യന്‍ ചീഫ് ജസ്റ്റീസിന്റെ ഉത്തരവാദിത്തമാണ്. മറ്റു അംഗങ്ങളുമായും, ആവശ്യമുണ്ടെങ്കില്‍ മറ്റു ജഡ്ജുമാരുമായും ചര്‍ച്ചചെയ്ത് വേണം ഇതു തീരുമാനിക്കാന്‍.

മുകളില്‍ പരാമര്‍ശിച്ച 27 ഒക്ടോബര്‍ 2017 ല്‍ ആര്‍.പി ലോധര്‍ vs യൂണിയന്‍ ഓഫ് ഉത്തരവ് പ്രകാരം ഉയരുന്ന പ്രശ്‌നങ്ങള്‍ ശരിയായ രീതിയില്‍ പരിഹരിച്ചു കഴിഞ്ഞാല്‍ സമാനമായ രീതിയില്‍ തെറ്റുതിരുത്തേണ്ടതായി ഈ കോടതി പുറപ്പെടുവിച്ചിട്ടുള്ള മറ്റ് ഉത്തരവുകള്‍ ഞങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് അത്യാവശ്യമായി വരികയാണെങ്കില്‍ അത് ചെയ്യുന്നതായിരിക്കും.

വിശ്വാസ്യതയോടെ,

ജെ. ചലമേശ്വര്‍
രഞ്ജന്‍ ഗോഗോയ്
മദം ബി ലോകൂര്‍
കുര്യന്‍ ജോസഫ്