'വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കലാണ് ഞങ്ങളുടെ ജോലി; അതിനിയും തുടരും'; എം.എം മണിക്ക് തുറന്ന കത്തുമായി പത്രപ്രവര്‍ത്തക യൂണിയന്‍ പാലക്കാട് ജില്ലാ കമ്മിറ്റി
Kerala
'വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കലാണ് ഞങ്ങളുടെ ജോലി; അതിനിയും തുടരും'; എം.എം മണിക്ക് തുറന്ന കത്തുമായി പത്രപ്രവര്‍ത്തക യൂണിയന്‍ പാലക്കാട് ജില്ലാ കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th April 2017, 5:53 pm

പാലക്കാട്: മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ച വൈദ്യുതവകുപ്പ് മന്ത്രി എം.എം മണിക്ക് തുറന്ന കത്തുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യൂ.ജെ) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തുറന്ന കത്ത്. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ അടച്ചാക്ഷേപിച്ച് മണി നടത്തിയ പരാമര്‍ശങ്ങളില്‍ ജില്ലാകമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു എന്ന് കത്തില്‍ പറയുന്നു.

വാര്‍ത്തകള്‍ പുറം ലോകത്തെത്തിക്കാന്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ ആഭാസന്‍മാരായി ചിത്രീകരിക്കുന്ന പരാമര്‍ശം  പിന്‍വലിക്കണമെന്ന് മണിയോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.


Also Read: ആരെ ഊളമ്പാറയിലേക്ക് അയച്ചാലും മണിയെ അയക്കരുത്, അവിടുള്ളവര്‍ ഓടിപ്പോകും: പരിഹാസവുമായി തിരുവഞ്ചൂര്‍


മണിയുടേത് ഒറ്റപ്പെട്ട പരാമര്‍ശമായി കാണുന്നില്ല. സമീപകാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ നടക്കുന്ന സംഘടിതമായ നീക്കങ്ങളുടെ തുടര്‍ച്ചയായേ അങ്ങേയറ്റം നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകളെ കാണാനാവൂവെന്നും കത്തില്‍ പറയുന്നു.

മുന്നാറിലെ കയ്യേറ്റങ്ങളെ പൊതുജന സമക്ഷം എത്തിക്കന്നതില്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ രാവും പകലുമില്ലാതെ നടത്തുന്ന പോരാട്ടം ആര്‍ക്കും അംഗീകരിക്കാതിരിക്കാന്‍ ആവില്ല. ആ പോരാട്ടത്തില്‍ സ്ഥാപിത താല്‍പര്യക്കാരായ ആരുടേയെങ്കിലുമൊക്കെ മുഖംമൂടി അഴിഞ്ഞു വീണിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.


Don”t Miss: മുഖ്യമന്ത്രിയുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ക്കെല്ലാം സഭയില്‍ നാക്കുപിഴ; പ്രക്ഷുബ്ധമായ ആദ്യദിനത്തിലും സഭയില്‍ ചിരിയുടെ ചാറ്റല്‍ മഴ


വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കലാണ് ഞങ്ങളുടെ ജോലിയെന്നും അതിനിയും തുടരുമെന്നും പറയുന്ന കത്തില്‍ താങ്കളെ പോലെയുള്ള ഭരണാധികാരികളോട് മുട്ടു വിറയ്ക്കാതെ ഏറ്റുമുട്ടിയ ചരിത്രമാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളതെന്നും മണിയെ ഓര്‍മ്മിപ്പിക്കുന്നു. തങ്ങളുടെ മനോവീര്യം തകര്‍ക്കാനാണ് മന്ത്രി ശ്രമിക്കുന്നതെങ്കില്‍ അതില്‍ അദ്ദേഹം ദയനീയമായി പരാജയപ്പെടുമെന്ന് കൂടി ഓര്‍മ്മിപ്പിച്ചാണ് കത്ത് അവസാനിക്കുന്നത്.

തുറന്ന കത്തിന്റെ പൂര്‍ണ്ണരൂപം:

ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രി എം.എം.മണിക്ക് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തുറന്ന കത്ത്
—— —- —- —- —- —- —- —- —–
സര്‍…
കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ അടച്ചാക്ഷേപിച്ച് അങ്ങ് നടത്തിയ പരാമര്‍ശങ്ങളില്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ പാലക്കാട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു. മുന്നാറിലെ കയ്യേറ്റങ്ങളെക്കുറിച്ചും ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ പുറംലോകത്തെ അറിയിക്കാന്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ ആഭാസന്മാരായി ചിത്രീകരിച്ചു കൊണ്ടുള്ള പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നു. താങ്കളുടേത് ഒറ്റപ്പെട്ട പരാമര്‍ശമായി കാണുന്നില്ല. സമീപകാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ നടക്കുന്ന സംഘടിതമായ നീക്കങ്ങളുടെ തുടര്‍ച്ചയായേ അങ്ങേയറ്റം നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകളെ കാണാനാവൂ. സമൂഹത്തിന്റെ മറ്റേതു മേഖലയിലുമുള്ള തൊഴിലാളികളെപ്പോലെ ജോലി ചെയ്താണ് മാധ്യമ പ്രവര്‍ത്തകരും ജീവിക്കുന്നത്. മുന്നാറിലെ കയ്യേറ്റങ്ങളെ പൊതുജന സമക്ഷം എത്തിക്കന്നതില്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ രാവും പകലുമില്ലാതെ നടത്തുന്ന പോരാട്ടം ആര്‍ക്കും അംഗീകരിക്കാതിരിക്കാന്‍ ആവില്ല. ആ പോരാട്ടത്തില്‍ സ്ഥാപിതതാല്‍പര്യക്കാരായ ആരുടേയെങ്കിലുമൊക്കെ മുഖംമൂടി അഴിഞ്ഞു വീണിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കലാണ് ഞങ്ങളുടെ ജോലി. അതിനിയും തുടരും.
ബഹുമാനപ്പെട്ട മന്ത്രീ….
താങ്കളെപ്പോലുള്ള ഭരണാധികാരികളോട് മുട്ടു വിറയ്ക്കാതെ ഏറ്റുമുട്ടിയ ചരിത്രമാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ളത്. ഭീഷണിപ്പെടുത്തിയും കയ്യൂക്ക് കാണിച്ചും ആഭാസകരമായ പ്രസ്താവനകള്‍ ഇറക്കിയും ഞങ്ങളുടെ മനോവീര്യം തകര്‍ക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ താങ്കള്‍ ദയനീയമായി പരാജയപ്പെടുമെന്ന് വിനയത്തോടെ ഓര്‍മ്മിപ്പിക്കുന്നു.
സ്‌നേഹാദരങ്ങളോടെ…
കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ പാലക്കാട് ജില്ലാ കമ്മിറ്റി.അരുണ്‍ ശ്രിധര്‍( പ്രസിഡന്റ്), സി.അര്‍.ദിനേഷ് ( സെക്രട്ടറി)