| Saturday, 2nd May 2020, 10:05 pm

'ദല്‍ഹി അടച്ചിടേണ്ട', കൊവിഡ് പ്രതിരോധത്തിന് സജ്ജമാണെന്ന് അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ്-19 നിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹി മുഴുവനായും റെഡ്‌സോണായി പ്രഖ്യാപിച്ച കേന്ദ്ര നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ഇന്ത്യാ ടുഡേയുടെ ഇ-അജണ്ട ആജ്തക്കിലാണ് കെജ്‌രിവാളിന്റെ പ്രതികരണം.

‘ നിര്‍ഭാഗ്യവശാല്‍ ദല്‍ഹി മുഴുവനായും റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗവ്യാപനം നടക്കുന്ന പ്രദേശങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണങ്ങള്‍ വെക്കുമെന്നും മറ്റു ദല്‍ഹി ഭാഗങ്ങള്‍ തുറന്നു പ്രവര്‍ത്തിനാനാവുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു,’ കെജ്‌രിവാള്‍ പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്രവുമായി സംസാരിച്ചു വരികയാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡിനെ പ്രതിരോധിക്കാന്‍ ദല്‍ഹി സജ്ജമാണെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

‘ ഇന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ പറ്റും കൊവിഡ് കേസുകള്‍ കൂടിയാലും ദല്‍ഹി സര്‍ക്കാര്‍ ആ സാഹചര്യത്തെ നേരിടാന്‍ സജ്ജമാണെന്ന്. ഞങ്ങളുടെ ആരോഗ്യമേഖല സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ബിസിനസ് ആവശ്യങ്ങള്‍ക്കായി ദല്‍ഹി തുറക്കണം. ഇത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ജോലി നല്‍കുകയും നാട്ടിലേക്ക് തിരിച്ചു പോവുന്നതിനെതിരെ അവര്‍ തീരുമാനം എടുക്കാനും കാരണമാവും,’ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ഒപ്പം മരണനിരക്ക് കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പരമാവധി നടത്തുന്ന പരിശോധനയിലൂടെ ഇത് സാധ്യമാവുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയിലെ 11 ജില്ലകളും മെയ് 17 വരെ റെഡ്‌സോണിലാണ്. 3738 പേര്‍ക്കാണ് ദല്‍ഹിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 61 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more