| Monday, 25th November 2019, 9:06 am

രാജ്യം വെളിയിട വിസര്‍ജന മുക്തമായില്ല; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തെറ്റെന്നു തെളിയിച്ച് എന്‍.എസ്.ഒ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ 95 ശതമാനം വീടുകളിലും കക്കൂസുകളായെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം തള്ളി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍.എസ്.ഒ) സര്‍വേ. സ്വച്ഛ് ഭാരത് പദ്ധതിയുടെ കീഴില്‍ ഇന്ത്യ വെളിയിട വിസര്‍ജന മുക്തമായെന്ന (ഒ.ഡി.എഫ്) പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനാണ് ഇതോടെ തിരിച്ചടിയേറ്റത്.

ശനിയാഴ്ച പുറത്തുവിട്ട സര്‍വേയില്‍ 71 ശതമാനം വീടുകളില്‍ മാത്രമാണ് കക്കൂസുകള്‍ എത്തിയതെന്നു പറയുന്നുണ്ട്. എന്നാല്‍ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തിക്ക് പ്രധാനമന്ത്രി രാജ്യത്തെ ഒ.ഡി.എഫായി പ്രഖ്യാപിച്ചിരുന്നു.

2018 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് സര്‍വേ നടത്തിയത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളെ സര്‍വേയ്ക്കു മുന്‍പുതന്നെ ഒ.ഡി.എഫായി പ്രഖ്യാപിച്ചിരുന്നു. ഈ സംസ്ഥാനങ്ങളിലാണു പ്രധാനമായും സര്‍വേ നടന്നത്.

ഇവിടങ്ങളില്‍ 100 ശതമാനവും കക്കൂസുകളെത്തിയെന്നും അവ പൂര്‍ണമായും ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്രം അവകാശപ്പെട്ടിരുന്നു. പിന്നീട് സര്‍വേ കാലയളവില്‍ ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളെയും ഒ.ഡി.എഫായി പ്രഖ്യാപിച്ചു.

എന്നാല്‍ ജാര്‍ഖണ്ഡിലെ ഗ്രാമീണ മേഖലയില്‍ ആകെ 42 ശതമാനത്തില്‍ മാത്രമാണ് കക്കൂസുകളെത്തിയതെന്ന് സര്‍വേയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലാവട്ടെ അത് 37 ആണ്. രാജസ്ഥാനില്‍ 34 ആണെന്നും കണ്ടെത്തിയിരുന്നു.

രണ്ടുവര്‍ഷം മുന്‍പുതന്നെ ഒ.ഡി.എഫായി പ്രഖ്യാപിച്ച ഗുജറാത്തില്‍ കാല്‍ഭാഗത്തോളം വീടുകളില്‍ കക്കൂസുകളില്ല. 2017 ഒക്ടോബറിലാണ് ഗുജറാത്തിനെ ഒ.ഡി.എഫായി പ്രഖ്യാപിച്ചത്.

കര്‍ണാടകയില്‍ 30 ശതമാനം, മധ്യപ്രദേശില്‍ 29, ആന്ധ്രാപ്രദേശില്‍ 22, മഹാരാഷ്ട്രയില്‍ 22 എന്നിങ്ങനെയാണ് ബാക്കിയുള്ള ‘ഒ.ഡി.എഫ് സംസ്ഥാന’ങ്ങളില്‍ ഇനിയും കക്കൂസ് ലഭിക്കേണ്ടുന്ന കണക്കുകള്‍.

2018 ഒക്ടോബറില്‍ സ്വച്ഛ് ഭാരത് അഭിയാന്‍ (ഗ്രാമീണ്‍) പദ്ധതിയുടെ കീഴില്‍ 25 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒ.ഡി.എഫായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും 28.7 ശതമാനം വീടുകളിലും കക്കൂസുകള്‍ ലഭിക്കാനുണ്ടെന്നാണ് എന്‍.എസ്.ഒ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം 2012 ആകെ കക്കൂസുകള്‍ ഉണ്ടായിരുന്നത് 40 ശതമാനം വീടുകളില്‍ മാത്രമായിരുന്നു. ഇതാണ് ഇപ്പോള്‍ 71 ശതമാനത്തിലെത്തിയത്. ഇപ്പോള്‍ കക്കൂസുകള്‍ ഉള്ളതില്‍ 3.5 ശതമാനം ഉപയോഗിക്കുന്നില്ലെന്നും സര്‍വേയില്‍ പറയുന്നു.

സര്‍വേയില്‍ പറയുന്ന മറ്റൊരു വെല്ലുവിളി മാലിന്യ നിര്‍മാര്‍ജനമാണ്. ഗ്രാമീണ മേഖലയിലെ വീടുകളിലുള്ള അമ്പതു ശതമാനത്തോളം കക്കൂസുകള്‍ മാത്രമാണ് സെപ്റ്റിക് ടാങ്കുകള്‍ ഉപയോഗിച്ചു നിര്‍മിച്ചതെന്നും 21 ശതമാനത്തിലുള്ളത് ഒരു കുഴി മാത്രമാണെന്നും സര്‍വേയില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more