| Thursday, 6th June 2024, 9:00 am

തോറ്റമ്പിയതിന് പുതിയ കാപ്‌സ്യൂള്‍; ഇന്ത്യാമുന്നണിക്കനുകൂലമായി വിദേശ ഇടപെടലുണ്ടായതായി ഓപ്പണ്‍ എ.ഐ. കണ്ടെത്തിയെന്ന് അര്‍ണാബിന്റെ വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ കനത്ത തിരിച്ചടിയെ പ്രതിരോധിക്കാന്‍ അര്‍ണാബ് ഗ്വാസാമിയുടെ വീഡിയോ പ്രചരിപ്പിച്ച് സംഘപരിവാര്‍ കേന്ദ്രങ്ങള്‍. 2024ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യമുന്നണിക്ക് അനുകലൂമായി വിദേശ ഇടപെടലുകളുണ്ടായതായി ചാറ്റ് ജി.പി.ടി കമ്പനിയായ ഓപ്പണ്‍ എ.ഐ. തന്നോട് വെളിപ്പെടുത്തിയെന്ന് പറയുന്ന അര്‍ണാബിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.

ജൂണ്‍ 1ന് പ്രസിദ്ധീകരിച്ച വീഡിയോയാണ് വാട്‌സ് ആപ്പ് വഴിയും മറ്റു സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയും വ്യാപകമായി പ്രചരിക്കുന്നത്.

ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിദേശ ശക്തികളുടെ ഇടപെടലുകളുണ്ടായി എന്ന് സമര്‍ത്ഥിക്കുന്നതാണ് വീഡിയോ. ഇക്കാര്യം ചാറ്റ് ജി.പി.ടി കമ്പനിയായ ഓപ്പണ്‍ എ.ഐ. തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും അര്‍ണാബ് പറയുന്നു. ഇന്ത്യ മുന്നണിക്കും, പ്രത്യേകിച്ച് കോണ്‍ഗ്രസിന് വേണ്ടിയുമാണ് അത്തരം ഇടപെടലുകളുണ്ടായത് എന്നും വീഡിയോയില്‍ പറയുന്നു.

ഇസ്രഈലില്‍ നിന്നുള്ള കമ്പനികളടക്കം കോണ്‍ഗ്രസിന് വേണ്ടി പണം മുടക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് മറുപടി പറയണമെന്നും അര്‍ണാബ് ആവശ്യപ്പെടുന്നുണ്ട്. വലിയ തോതിലുള്ള പണത്തിന്റെ കൈമാറ്റം ഇതുവഴി നടന്നിട്ടുണ്ടെന്നും എന്തിനാണ് വിദേശ കമ്പനികള്‍ കോണ്‍ഗ്രസിന് പണം നല്‍കിയത് എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അര്‍ണാബ് പരയുന്നു.

എന്ത് കൊണ്ടാണ് വിദേശ ശക്തികള്‍ നരേന്ദ്രമോദി സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കുന്നത് എന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും വീഡിയോയില്‍ അര്‍ണാബ് പറയുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നതിനെ വിദേശകമ്പനികളും വിദേശ ശക്തികളും ഭയപ്പെടുന്നതെന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു.

ഇത്തരം ഇടപെടലുകള്‍ ബി.ജെ.പി അനുകൂല പ്രചാരണങ്ങളെ തടസ്സപ്പെടുത്തിയെന്നും ഓപ്പണ്‍ എ.ഐ.സമ്മതിച്ചതായി അര്‍ണാബ് പറയുന്നുണ്ട്. ഇതൊന്നും റിപ്പബ്ലിക് ടി.വിയുടെ കണ്ടെത്തലുകള്‍ അല്ലെന്നും ഓപ്പണ്‍ എ.ഐ. വെളിപ്പെടുത്തിയതാണെന്നും അദ്ദേഹം പറയുന്നു.

ജൂണ്‍ 1ന് റിപ്പബ്ലിക് ടി.വിയുടെ യുട്യൂബില്‍ അപ്ലോഡ് ചെയ്ത 49 മിനുട്ട് ദൈര്‍ഘ്യമുള്ള ചര്‍ച്ചയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെട്ടിയെടുത്ത 3 മിനുട്ട് ദൈര്‍ഘ്യമുള്ള ക്ലിപ്പാണ് സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നത്. കേന്ദ്രമന്ത്രിയും തിരുവനന്തപുരത്ത് പരാജയപ്പെട്ട ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും നരേന്ദ്രമോദിക്കും ഏല്‍ക്കേണ്ടി വന്ന കനത്ത തിരിച്ചടിയെ പ്രതിരോധിക്കാനായി ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയാണ് ബി.ജെ.പി അനുകൂലികള്‍ ഇപ്പോള്‍ ചെയ്യുന്നത്.

content highlights: Open A.I said that there was foreign intervention in favor of India. Arnab’s video that he found

We use cookies to give you the best possible experience. Learn more